Saturday 25 June 2022 02:33 PM IST

‘മഴ വരും മുൻപേ വയറിങും എർത്തിങ്ങും പരിശോധിപ്പിക്കണം; ഭിത്തിയിലെ നനവ് ഷോക്കേൽക്കാൻ കാരണമാകും’; മഴക്കാലത്ത് വേണം ചില മുൻകരുതലുകൾ

Rakhy Raz

Sub Editor

raining667887elecc

മഴക്കാലം ശക്തിയാകും മുൻപേ ചില മുൻകരുതലുകൾ എടുത്താൽ ജോൺസൺ മാഷിന്റെ പാട്ടും കേട്ട്, കട്ടൻ ചായയും കുടിച്ച് മഴ ആസ്വദിക്കാം..

മഴയും ജോൺസൺ മാഷും കട്ടൻ ചായയും ചേരുന്നൊരു മഴക്കാലം മലയാളിക്ക് എന്തൊരു പ്രിയമാണ്. പക്ഷേ, പറയുന്നത്ര റൊമാൻറിക് ആയി മഴക്കാലം കടന്നുകിട്ടുക പ്രയാസമാണ്. മഴക്കാലം വീടിനും വീട്ടുകാർക്കും തലവേദനയാകാതിരിക്കാൻ വഴിയൊന്നേയുള്ളൂ. കൃത്യമായ മുൻകരുതലെടുത്ത്  മഴക്കാലത്തെ നേരിടാൻ ഒരുങ്ങുക.  

മഴക്കാലം ശക്തി പ്രാപിക്കും മുൻപേ കാര്യങ്ങൾ ചിട്ടയോടെ നീക്കിയാൽ ജോൺസൺ മാഷിന്റെ പാട്ടും കേട്ട്, കട്ടൻ ചായയും കുടിച്ച് മഴ ആസ്വദിക്കാം.

വീടിന് നൽകാം കുട

വേനൽക്കാലമാണ് വീടിന് മഴക്കരുതൽ നൽകേണ്ട കാലം. മഴക്കാലത്തെ ഓർമിപ്പിച്ചെത്തുന്ന വേനൽമഴ തയാറെടുപ്പുകൾക്കുള്ള മുന്നറിയിപ്പാണ്. പുതിയതായി ചോർച്ചകൾ രൂപപ്പെട്ടിട്ടുണ്ടോ, മുൻപ് പരിഹരിച്ചവ വീണ്ടും വരുന്നുണ്ടോ എന്നെല്ലാം വേനൽ മഴയെത്തുമ്പോൾ മനസ്സിലാക്കാം. മേൽക്കൂരയിലെ വെള്ളപ്പാത്തികൾ ഇലയും പൂക്കളും മറ്റും വീണ് അടഞ്ഞു പോയിട്ടുണ്ടാകാം. അവ മഴയെത്തും  മുൻപേ തന്നെ വൃത്തിയാക്കണം. ഇല്ലെങ്കിൽ വെള്ളം കെട്ടി നിൽക്കാനും അവ ചുവരിലൂടെ ഇറങ്ങാനും ഇടയാകും. മഴവെള്ളം പറമ്പിൽ തന്നെ താഴാനുള്ള ക്രമീകരണങ്ങളും ചെയ്യാം.  

കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ ചെടികൾ വളർന്നു നിൽക്കുന്നത് പലപ്പോഴും വീട്ടുകാർ അറിയില്ല. മഴ വരും മുൻപ് വീടിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി നിരീക്ഷിക്കണം. പുരപ്പുറത്ത് ചെടികൾ വളർന്നു നിൽക്കുന്നുവെങ്കിൽ അവ നീക്കം ചെയ്യണം. വിത്തും മറ്റും പാറി വീണു കിടക്കുന്നത് മഴക്കാലത്ത് തളിരിട്ട് വളരും എന്നതിനാൽ മേൽക്കൂര, സൺ ഷെയ്ഡ് എന്നിവ നേരത്തേ അടിച്ചുവാരണം. ഇപ്പോൾ മിക്ക വീടുകളിലും ഒരു മുറിയെങ്കിലും എസി ആയിരിക്കും. സ്പ്ലിറ്റ് യൂണിറ്റുകളാണ് ഇന്ന് എസി. അകത്തും പുറത്തും ഓരോ യൂണിറ്റ് ആണ് അവയ്ക്കുള്ളത്.  ഇവ തമ്മിൽ ബന്ധിപ്പിക്കാനായി ചുവരിലൂടെ ദ്വാരം ഉണ്ടാക്കാറുണ്ട്. ഈ ദ്വാരം പല വീടുകളിലും വേണ്ടവിധം അടച്ചിട്ടുണ്ടാകില്ല. ഇതു ചെയ്തില്ലെങ്കിൽ നല്ല മഴയത്ത് വെള്ളവും ഈർപ്പവും മുറിക്കുള്ളിലേക്ക് എത്താൻ സാധ്യതയുണ്ട്.

കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച മേൽക്കൂരകളിൽ  വേനൽക്കാലത്ത് വിള്ളലുകൾ  (പ്ലാസ്റ്ററിങ് ക്രാക്ക്സ്)  വീണിട്ടുണ്ടാകും. മഴ തുടങ്ങും മുൻപേ മേൽക്കൂരകളിലും ചുവരുകളിലും ഉള്ള ഇത്തരം വിള്ളലുകൾ കണ്ടെത്തി അടയ്ക്കണം. ഇതിനായി ഇപ്പോൾ പലതരം ബ്രഷ് കോട്ട് ആപ്ലിക്കേഷനുകൾ ലഭ്യമാണ്. സിലിക്കൺ പെയിന്റും ഇത്തരം വിള്ളലുകൾക്ക് വളരെ ഫലപ്രദമാണ്.

മേൽക്കൂരകളിൽ പടർന്ന പായലുകൾ മഴക്കാലത്ത് അപകടകാരിയാകും. അതിനാൽ മഴയ്ക്കു മുൻപു തന്നെ അവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷം ഏതെങ്കിലും കെമിക്കൽ ആപ്ലിക്കന്റ് ബ്രഷ് കോട്ട് ചെയ്തിട്ടാൽ പായലും പൂപ്പലും പിടിക്കുന്നത് ഒരു പരിധി വരെ തടയാനാകും.

മറ്റൊരു പ്രധാന മഴക്കാല പ്രശ്നം വീടിന് ഉപയോഗിച്ചിരിക്കുന്ന മരം കൊണ്ടുള്ള വാതിലുകൾ, ജനൽ പാളികൾ എന്നിവ ചീർക്കുന്നതാണ്. അത് സ്വാഭാവികമായ കാര്യമാണ്. മഴയ്ക്ക് മുൻപ് ഏതെങ്കിലും വിധത്തിലുള്ള ഓയിൽ ട്രീറ്റ്മെന്റ് നൽകിയാൽ മതിയാകും. ഓയിൽ ട്രീറ്റ്മെന്റ് നൽകുന്ന വുഡ് കോട്ട്സ് വിപണിയിൽ ലഭ്യമാണ്.

ഇരുമ്പ് ജനാലകളുടെ ജോയിന്റുകളിലൂടെ വെള്ളം അ കത്തേക്ക് കടക്കാനിടയുണ്ട്. ഇത് തുരുമ്പ് പിടിക്കാൻ കാരണമാകും. ഇതു തടയാൻ മഴയ്ക്കു മുൻപ് അവയുടെ ജോയിന്റുകളും മറ്റും കൃത്യമാണോ എന്നു പരിശോധിക്കുക. പെയിന്റ് ചെയ്ത് സംരക്ഷിക്കുക. പുതിയ വീടു പണിയുന്നവരാണെങ്കിൽ യുപിവിസി ജനാലകൾ ഉപയോഗിച്ചാൽ ഇത്തരം  പ്രശ്നങ്ങൾ വരാതെ തടയാനാകും.

ddrain-copy ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വളർത്തു മൃഗങ്ങൾക്കും വേണം കരുതൽ

മഴക്കാലത്തെ തണുപ്പും ഈർപ്പവും വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. പൂച്ചകളിൽ പാൻലൂക്കോപീനിയ, ടോക്സോ പ്ലാസ്മോസിസ്, ഹെർപിസ് എന്നീ രോഗങ്ങൾ മഴക്കാലത്ത് കൂടുതലായി കാണാറുണ്ട്

പ്രാവുകളിൽ പോക്സ്, പരാമിക്സോ, സാൽമൊണെല്ല തുടങ്ങിയ രോഗങ്ങൾ, പൂപ്പൽ ബാധകൾ മഴക്കാലത്ത് കൂടുതലായി കാണാം.

മുയലുകൾക്കു മഴക്കാലമായാൽ പാസ്റ്ററല്ല, കോക്സിഡിയ, വയറിളക്കം, ഫംഗസ് രോഗങ്ങൾ എന്നിവ ബാധിക്കാറുണ്ട്.

മഴക്കാലത്ത് നായ്ക്കളുടെ ചർമത്തിൽ നനവ് നിന്നാൽ മലസീസിയ എന്ന പൂപ്പൽ രോഗ ബാധ, ചെവിപഴുപ്പ്, ഫിയോഡെർമ എന്ന ത്വക്‌രോഗം, മഴവെള്ളത്തിൽ നടക്കുമ്പോൾ കാൽപാദത്തിൽ  പോഡോ ഡെർമാറ്റൈറ്റിസ്  (വളംകടിക്ക് സമാനമായ രോഗം), നഖങ്ങളിൽ യീസ്റ്റ് ഇൻഫെക്‌ഷൻ എന്നിവ വരാം.

വളർത്തുമൃഗങ്ങൾക്ക് മഴക്കാലത്തു പിടിപെടുന്ന രോഗങ്ങൾ തടയാൻ മഴവെള്ളം, കെട്ടിക്കിടക്കുന്ന വെള്ളം ഇവയുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കുക. വളർത്തു മൃഗങ്ങളുടെ കൂടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ മഴക്കാലത്ത് എത്രയും പെട്ടെന്ന് മാറ്റണം. കൂട്ടിൽ എലി കയറാത്ത തരത്തിലുള്ള കരുതൽ വേണം. എലി മൂത്രത്തിലൂടെ വളർത്തുമൃഗങ്ങൾക്ക് എലിപ്പനി പിടിപെടാം.  

വളർത്തുമൃഗങ്ങളുടെ ചർമം നനഞ്ഞിരിക്കാൻ അനുവദിക്കരുത്. ചൂടുകാറ്റ് ഉപയോഗിച്ച് അവയുടെ രോമങ്ങൾ ബ്ലോ ഡ്രൈ ചെയ്ത് ഉണക്കാം.

മഴക്കാലത്ത് വളർത്തു മൃഗങ്ങളെ കുളിപ്പിക്കുന്നത് രണ്ട് ആഴ്ചയിൽ ഒരിക്കൽ മതി. ഇടയ്ക്കിടയ്ക്കുള്ള കുളി അവയുടെ ആരോഗ്യം തകരാറിലാക്കും. പക്ഷികളെ മഴ, ഈർപം, കാറ്റ് എന്നിവയിൽ നിന്നു സംരക്ഷിക്കണം. പക്ഷിക്കൂട് മഴയേൽക്കാത്ത വിധം സ്ഥാപിക്കുകയോ മഴയേൽക്കാതെയും വായു സഞ്ചാരം നഷ്ടപ്പെടാതെയും പൊതിയുകയോ ചെയ്യുക.

വിരയിളക്കൽ  മഴക്കാലത്ത്  മുടങ്ങാതെ ചെയ്യണം. ആ വശ്യമായ വാക്സിനേഷൻ എല്ലാ മൃഗങ്ങൾക്കും നൽകുക. റോട്ട് വീലർ പോലുള്ള നായ്ക്കളുടെ ബ്രീഡിങ് മഴക്കാലം കണക്കാക്കി വേണം. ഇവയുടെ കുഞ്ഞുങ്ങൾക്ക് മഴക്കാ ലത്ത് പാർവോ വൈറൽ എന്ററൈറ്റിസ് എന്ന രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

woodfurniture

തടി ഫർണിച്ചറിനു വേണം കരുതൽ

മഴക്കാലത്ത് ഏറെ ശ്രദ്ധ നൽകേണ്ട വസ്തുക്കളാണ് തടി ഫർണിച്ചര്‍. ചിതലും പ്രാണികളും മഴക്കാലത്ത് മര ഫർണിച്ചർ കേടാക്കാം. മഴയ്ക്ക് മുൻപ് തന്നെ ഫർണിച്ചറിൽ വുഡ് കോട്ട് അടിച്ചു അവയെ സംരക്ഷിക്കാം.

വുഡ് കോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഫർണിച്ചറുകൾ അസറ്റോൺ, ഗ്ലിസറിൻ എന്നിവ ഉപയോഗിച്ച് തുടച്ചു വയ്ക്കാം. മേശ വിരികളും മറ്റും കോട്ടൻ മെറ്റീരിയൽ മാറ്റി സിന്തറ്റിക് മെറ്റീരിയലുകളിലുള്ളവ ഉപയോഗിക്കുക. ഈർപ്പം പിടിക്കാതിരിക്കാനും പെട്ടെന്ന് ഉണക്കിയെടുക്കാനും ഇത് സഹായകരമാണ്.

തടി പ്രതലങ്ങളിലെ പൊടിയും അഴുക്കും തുടയ്ക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കണം. തടി ഫർണിച്ചർ നനച്ചു തുടയ്ക്കുന്നത് ഒരു കാലത്തും നന്നല്ല. വീട് പൂട്ടി പോകുന്ന സാഹചര്യമുണ്ടെങ്കിൽ മഴക്കാലത്ത് തടി ഫർണിച്ചർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിടുന്നത് നന്നായിരിക്കും.

വെയിലുള്ള സമയത്ത് സെറ്റികൾ, കട്ടിലുകൾ, അലമാരകൾ എന്നിവയിൽ കാറ്റും വെളിച്ചവും ഏൽക്കുന്ന രീതി യിൽ ജനാലകളും വാതിലുകളും തുറന്നിടുക. മരം കൊണ്ടുള്ള അലമാരകളിൽ വയ്ക്കുന്ന വസ്ത്രങ്ങൾ പൂർണമായും ഉണങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. നനഞ്ഞ തുണികൾ കട്ടിലിന്റെ ഹെഡ് ബോർഡിലും കസേരയുടെ ചാരിലും ക യ്യുകളിലും മറ്റും ഇട്ട് ഉണക്കാൻ ശ്രമിക്കരുത്.

ഫർണിഷിങ് മുഷിയാതിരിക്കാൻ

മഴക്കാലത്ത് കർട്ടൻ ശരിയായി സംരക്ഷിച്ചില്ലെങ്കിൽ അവ ഈർപ്പമേറ്റ് പെട്ടെന്ന് മുഷിയും. ദുർഗന്ധം പരത്താനും ഇടയുണ്ട്. ഈർപ്പം തങ്ങി നിൽക്കുന്ന കർട്ടൻ മുറിക്കുള്ളിലെ അന്തരീക്ഷം അനാരോഗ്യകരമാക്കും. മഴക്കാലത്ത് കോട്ടൻ  കർട്ടൻ, കോട്ടൻ സോഫ ബാക്ക് എന്നിവയെല്ലാം ഒഴിവാക്കി  സിന്തറ്റിക് മെറ്റീരിയലുകളിലുള്ള കർട്ടനും ആക്സസറികളും കരുതി വയ്ക്കുക.

ജനലുകൾ തുറന്നിടുമ്പോൾ കർട്ടൻ വശങ്ങളിലേക്ക് നീക്കി പിൻ ചെയ്തു വയ്ക്കാം. കാർപ്പറ്റ് കഴിവതും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഉപയോഗിക്കുന്നുവെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ ഡ്രൈ വാക്വം ചെയ്തു സൂക്ഷിക്കുക. സോഫയുടെ ഫർണിഷിങ്ങും ഇത്തരത്തിൽ ഡ്രൈ വാക്വം ചെയ്യുക.

ചവിട്ടികളുടെ ഫാബ്രിക്കും സിന്തറ്റിക് ആണ് മഴക്കാലത്ത് നല്ലത്. അഴുക്കും ചെളിയും പിടിച്ചാൽ കഴുകാനും ഉ ണങ്ങാനും എളുപ്പമുള്ളവ വാങ്ങുക. മഴക്കാല ഉപയോഗത്തിനായി ചവിട്ടികളുടെ പ്രത്യേക സെറ്റ് സൂക്ഷിക്കാം.

clothes.ed

തുണികൾ നന്നായി ഉണക്കാൻ മറക്കല്ലേ

മഴക്കാലമായാൽ തുണി ഉണക്കിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവർക്കും അറിയാം. വാഷിങ് മെഷീന്റെ ഡ്രൈയറിലിട്ട് അലക്കിയ തുണികളുടെ വെള്ളം കളഞ്ഞ് ഉണക്കാനിടുക.

മഴക്കാലത്ത് ധരിക്കാനായി കോട്ടൻ, ജൂട്ട് പോലുള്ള മെറ്റീരിയലിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കി മസ്‌ലിൻ, ജോർജെറ്റ്, ഷിഫോൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവ കഴുകാനും ഉണങ്ങാനും എളുപ്പമായിരിക്കും. അടിവസ്ത്രങ്ങളും ഈസി ഡ്രൈ മെറ്റീരിയലിലുള്ളവ ആകും നല്ലത്.

പുതയ്ക്കാനും വിരിക്കാനുമായി ചൂട് നൽകുന്നതും  പെട്ടെന്ന് ഉണങ്ങുന്നതുമായ ഫ്ലാനൽ, സിൽക്ക്, മിക്സ് ഫാബ്രിക് മെറ്റീരിയലുകളിലുള്ള പുതപ്പുകളും വിരിപ്പുകളും ത ലയണ ഉറകളും തയാറാക്കി വയ്ക്കുക.

വീടിന്റെ വർക്ക് ഏരിയയിലോ ഒഴിഞ്ഞ ഇടങ്ങളിലോ തുണി വിരിക്കാനായി സ്ഥലം തയാറാക്കുക.  വായുസഞ്ചാരമുള്ളയിടത്ത് തുണി ഉണക്കിയെടുക്കണം.

പരമാവധി  തുണികൾ ചിട്ടയോടെ വിരിക്കാൻ സാധിക്കുന്ന ക്ലോത് ഹാംഗറുകൾ വാങ്ങുക. ചുരുക്കുകയും നിവർത്തുകയും ചെയ്യാവുന്നതും വലിച്ചു മുകളിലേക്ക് കയറ്റാവുന്നതുമായ ക്ലോത് ഹാംഗറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷ

മഴക്കാലത്ത് വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിൽ ഏറെ ശ്രദ്ധ വേണം. ഷോക്ക് തടയാൻ ആദ്യം ചെയ്യേണ്ടത് വീടിന്റെ എർത്തിങ് സംവിധാനം ശരിയായ വിധത്തിലാക്കുകയാണ്. സർട്ടിഫൈഡ് ഇലക്ട്രീഷനെ കൊണ്ട് വയറിങും എർത്തിങ്ങും പരിശോധിപ്പിക്കണം.  

ഭിത്തിയിലെ നനവാണ് ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഷോക്കുണ്ടാകാനുള്ള പ്രധാന കാരണം. ഭിത്തിയിലേക്ക് നനവ് ഇറങ്ങാതിരിക്കാൻ വേണ്ട കരുതലെടുക്കണം. മഴ വരും മുൻപു തന്നെ സ്വിച്ച് ബോർഡുകൾ വയറിങ് എന്നിവയിലെ കേടുപാടുകൾ തീർക്കണം.

മോശം വയറിങ്, സ്വിച്ചുകൾ, ഭിത്തിയിലെ നനവ് തുടങ്ങിയവ വൈദ്യുതി ലീക്കേജിനും ഷോക്കേൽക്കുന്നതിനും കാരണമാകും.  ഇതു തടയാൻ ഇലക്ട്രിക്കൽ ലീക്കേജ് സർക്യൂട്ട് ബ്രേക്കറുകൾ (ELCB) ഉപയോഗിക്കാം. പുതിയ വീടുകളിൽ മിക്കവാറും ഇതുണ്ടാകും. ഇല്ലെങ്കിൽ ഇതുൾപ്പെടുത്തി വയറിങ് സുരക്ഷിതമാക്കുക.  മഴ നനഞ്ഞ് കയറി വന്ന് നേരെ സ്വിച്ചിടരുത്. കൈകളിൽ ഈർപ്പമില്ലെന്ന് ഉറപ്പാക്കണം. ഫ്യൂസ്  ഉരുകിയാൽ മാറ്റിയിടാൻ ഫ്യൂസ് വയറിനു  പകരം മറ്റു ലോഹ കമ്പികൾ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയം വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

_REE2347

ചെടികൾക്ക് ഏറെ മഴ വേണ്ട

വെള്ളം  ഒരുപാട് കിട്ടുന്ന സമയമാണെങ്കിലും ചെടികൾ നന്നായി വളരുന്ന കാലമല്ല മഴക്കാലം. പുറത്തിരിക്കുന്ന ചെടിച്ചട്ടികളിൽ വെള്ളം കെട്ടി ചെടി ചീഞ്ഞു പോകാം.അതിനാൽ ചട്ടിയിലെ അമിത ജലം വാർന്നു പോകാൻ തക്കവിധം ദ്വാരങ്ങൾ ചെടിച്ചട്ടികൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.  

തണ്ടുകൾ കാറ്റിലും മഴയിലും ഒടിഞ്ഞു പോകാനുള്ള സാധ്യത കൂടുതലായതിനാൽ പുറത്തു നിൽക്കുന്ന ചെടികൾ നന്നായി വെട്ടി നിർത്തുക.  പൂക്കാലമാകുമ്പോഴേക്ക് അവ വേണ്ട വിധത്തിൽ വളർച്ച പ്രാപിക്കും. ബലമില്ലാത്ത ചെടികൾക്ക് മഴ തുടങ്ങും മുൻപ് തന്നെ താങ്ങ് കൊടുക്കണം.

മഴക്കാലത്ത് പൂപ്പൽ ബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ കടലപ്പിണ്ണാക്ക്, ചാണകം പോലെ ഈർപ്പം കെട്ടി നിന്ന് പൂപ്പൽ വരുന്ന വിധത്തിലുള്ള വളങ്ങൾ ഇടുന്നത് ഒഴിവാക്കുക. സ്പ്രേ വളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒച്ച് ശല്യം ഏറുന്ന കാലമാണ്. ഉപ്പിട്ടോ ഗാർഡൻ സ്റ്റോറുകളിൽ നിന്നു വാങ്ങുന്ന ‘സ്നെയിൽ കില്ലർ’ മരുന്നുകൾ ഉപയോഗിച്ചോ ഇവയെ നിയന്ത്രിക്കാം. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ഇവ ലഭ്യമാണ്. ഒച്ചിനെ അകറ്റി നിർത്തിയില്ലെങ്കിൽ ചെടികൾ നശിച്ചു പോകാൻ കാരണമാകും. മഴക്കാലത്ത് ഓർക്കിഡുകൾ, പുൽത്തകിടികൾ ഇവയ്ക്ക് പൂപ്പൽ ബാധ തടയുന്ന സ്പ്രേയുടെ പ്രതിരോധം നൽകാൻ മറക്കല്ലേ.

ഇലക്ട്രോണിക് ഉപകരണങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുക

ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ സർക്യൂട്ട് ബോർഡിൽ ഈർപ്പം തട്ടിയാൽ അവ ശരിയായി പ്രവർത്തിക്കില്ല. അവ ഈർപ്പം തട്ടാതെ സൂക്ഷിക്കണം.

സ്ഥിരം ഉപയോഗിക്കാത്ത മൊബൈൽ ഫോണുകൾ, ഐ പാഡുകൾ, ക്യാമറകൾ എന്നിവ പ്ലാസ്റ്റിക് കവർ കൊണ്ടു പൊതിഞ്ഞു സൂക്ഷിക്കുകയോ, ഡ്രൈ കവറുകൾ വാങ്ങി അതിൽ സൂക്ഷിക്കുകയോ ചെയ്യുക.

മ്യൂസിക് സിസ്റ്റം, കംപ്യൂട്ടർ, കംപ്യൂട്ടർ കീ ബോർഡുകൾ എന്നിവ ഉപയോഗശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടി സൂക്ഷിക്കുക.  

വിവരങ്ങൾക്ക് കടപ്പാട്: സൈറ മാത്യു, ആർക്കിടെക്റ്റ്, മാത്യു & സൈറ ആർക്കിടെക്റ്റ്സ്, കൊച്ചി. ഫ്രാൻസിസ് സേവ്യർ, അസിസ്റ്റൻറ് എൻജിനീയർ, തൃശൂർ കോർപ്പറേഷൻ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റ്. ഡോ.അബ്ദുൾ ലത്തീഫ്, വെറ്ററിനറി സർജൻ, കൊച്ചി, രമ്യ എസ്. ആനന്ദ്,ഗാർഡൻ സ്റ്റൈലിസ്റ്റ്, കൊച്ചി

Tags:
  • Vanitha Veedu