Wednesday 15 March 2023 04:01 PM IST : By Sinu Cherian

മൂന്ന് നിലകൾ, 12000 സ്വക്വയർ ഫീറ്റ്! അകത്തളങ്ങളിലെ കാഴ്ച കാണേണ്ടതു തന്നെ: അമ്പരപ്പിക്കും ഷീലുവിന്റെ സ്വപ്നവീട്

sheelu1

ഭരണങ്ങാനത്തെ കുടുംബവീടിന് മൂന്ന് മുറികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് നിലകളും 12,000 സ്ക്വയർഫീറ്റ് വലുപ്പവുമുള്ളതാണ് ജവഹർനഗറിലെ പുതിയ വീട്. വലുതായാലും ചെറുതായാലും സുഖമായി കഴിയാനാകണം എന്നതാണ് എന്റെ താൽപര്യം. സുഖമായി എന്നു പറയുമ്പോൾ നമ്മുടെ ശീലങ്ങൾക്കും രീതികൾക്കും ഇണങ്ങുന്നതാകണം വീട്. വാഴക്കുളത്തെയും ഇടുക്കിയിലെയും വീടുകളിലും, വിവാഹശേഷം മുംബൈയിലെ നാല് ഫ്ലാറ്റുകളിലും പനമ്പിള്ളി നഗറിലെ വീട്ടിലുമൊക്കെ താമസിച്ചതിന്റെ അനുഭവത്തിലാണ് ഇതു പറയുന്നത്. പണം ചെലവാക്കുന്നുണ്ടെങ്കിൽ അത് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയണം. പുതിയ വീടിന് ആർക്കിടെക്ടിനെ ഒഴിവാക്കാനുള്ള കാരണവുമിതാണ്. ഒരു സംശയത്തിനും ഇടതരാതെ അവരുടെ ഇഷ്ടങ്ങളിലേക്ക് നമ്മളെ കൊണ്ടുപോയിക്കളയും. അതാണ് ചില ആർക്കിടെക്ടുമാരുടെ രീതി. വീട് കാണാനൊക്കെ ഭംഗിയുണ്ടാകും. പക്ഷേ, നമ്മൾക്ക് ചേരില്ല. നല്ല കുപ്പായം; പക്ഷേ, അളവ് ശരിയല്ലെങ്കിലോ? അതുതന്നെയാണവസ്ഥ. പനമ്പിള്ളി നഗറിലെ വീടിന്റെ കാര്യത്തിൽ അത് കൃത്യമായി മനസ്സിലായി.

sheelu3

പുതിയ വീടിന് പ്ലാൻ തയാറാക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങൾക്കു മാത്രമേ ഡിസൈനറുടെ സഹായം തേടിയുള്ളൂ. ഭർത്താവ് ഏബ്രഹാം മാത്യുവിന് കൺസ്ട്രക്‌ഷൻ കമ്പനി നടത്തി പരിചയം ഉണ്ടായിരുന്നതിനാൽ കാര്യങ്ങളെല്ലാം വെടിപ്പായി നടന്നു. ഒരു വർഷത്തിനുള്ളിൽത്തന്നെ വീട് പൂർത്തിയായി. മിക്ക ദിവസങ്ങളിലും 60–80 പണിക്കാരുണ്ടായിരുന്നു. എൻജിനീയർ ബിൽഡേഴ്സിലെ സ്റ്റെറിൻ ജോണാണ് ഇന്റീരിയർ ഒരുക്കിയത്.

സേഫ്ടിപിൻ വയ്ക്കാനുള്ള ഡ്രോയറിന്റെ വലുപ്പം മുതൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റിന്റെ സ്ഥാനം വരെയുള്ള മുഴുവൻ കാര്യങ്ങളും തീരുമാനിച്ച ശേഷമാണ് വീടുപണി തുടങ്ങിയത്. അതുകാരണം വേണ്ടതെല്ലാം കൃത്യമായി ഉൾപ്പെടുത്താനായി.

sheelu2

പഴയ വീട്ടിലെ ജോലിക്കാരിയുടെ മുറി ഒരു കുടുസ്സു സ്ഥലമായിരുന്നു. കഷ്ടിച്ച് ഒരു കട്ടിലിടാം. ടോയ്‍ലറ്റാണെങ്കിൽ പുറത്തും. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഞാൻ ജോലിക്കാരെ കാണുന്നത്. അവരുടെ മുറിയിൽ അത്യാവശ്യ സൗകര്യങ്ങളൊക്കെ വേണമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, ഒന്നും നടന്നില്ല. അത് ആവർത്തിക്കരുത് എന്ന് നിർബന്ധമുള്ളതിനാൽ അറ്റാച്ഡ് ബാത്റൂമും ‍ഡ്രസ്സിങ് ടേബിളും രണ്ട് കട്ടിലിടാനുള്ള സ്ഥലവുമടക്കം എല്ലാ സൗകര്യങ്ങളും നൽകി. എനിക്ക് ഏറ്റവും ഉപകാരം ഉണ്ടാകുന്നത് സഹായത്തിനു നിൽക്കുന്നവരെക്കൊണ്ടാണ്. അപ്പോൾ അവരുടെ കാര്യത്തിലും അതേപോലെയുള്ള കരുതൽ വേണ്ടേ. നമ്മൾക്കായി വീട് ഡിസൈൻ ചെയ്യുന്നവർക്ക് ഇതു മനസ്സിലാകണം എന്നില്ല.

പേരയും മാവുമൊക്കെ തണൽ വിരിക്കുന്ന മുറ്റം. ഇടയ്ക്ക് അതിനിടയിലൂടെ നടക്കണം. ഒരു ഇല പറിച്ച് തിരുമ്മി മണക്കണം. പേരയ്ക്ക പറിച്ച് കഴിക്കണം. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. പനമ്പിള്ളി നഗറിലെ വീട് 10 സെന്റിലായിരുന്നു. മരങ്ങൾ നടാനൊന്നും ഇടമുണ്ടായിരുന്നില്ല. അതിഥികളെത്തിയാൽ കാർ പാർക്ക് ചെയ്യാനും പ്രയാസമാണ്. അതുകൊണ്ടൊക്കെയാണ് ജവഹർനഗറിലേക്ക് മാറിയത്. 40 സെന്റിൽ പകുതിയും മുറ്റത്തിനും മരങ്ങൾക്കുമായി മാറ്റിവച്ചു.

sheelu4

മാസ്റ്റർ ബെഡ്റൂം അല്ലാതെ എനിക്കായി ഒരു കിടപ്പുമുറിയുണ്ട് പുതിയ വീട്ടിൽ. എന്റെ പ്രിയപ്പെട്ട ഇടം. എന്റേതായ ഒരു ലോകം. ത യ്യൽമെഷീൻ, മേക്കപ്പ് സാധനങ്ങൾ, എന്നെപ്പറ്റിയുള്ള ഫീച്ചറുകൾ പ്രസിദ്ധീകരിച്ച പത്രമാസികകളുടെ പേജുകളടങ്ങിയ ഫയലുകൾ എന്നിവയ്ക്കെല്ലാം ഇവിടെയാണ് സ്ഥാനം.

ഇവിടെയിരുന്നാൽ ഗേറ്റും മുറ്റവുമെല്ലാം വ്യക്തമായി കാണാം. തനിച്ച് ടിവി കാണണമെങ്കിൽ അതുമാകാം.

എല്ലാവർക്കും അവരവരുടേതു മാത്രമായ ഒരിടം ഉണ്ടാകണം എന്നാണ് എന്റെ പക്ഷം. വിവാഹിതയായെന്നോ അമ്മയായെന്നോ കരുതി സ്വന്തം ലോകം വേണ്ടെന്നു വയ്ക്കരുത്.