Tuesday 25 January 2022 01:15 PM IST

ചെറിയ കുടുംബത്തിന് ചെറിയ വീട്; ഇത് കാലത്തിനും കാലാവസ്ഥയ്ക്കുമൊത്ത വീട്

Sreedevi

Sr. Subeditor, Vanitha veedu

2

കന്റെംപ്രറി വീടാകണം. എന്നാൽ, വളരെ സാധാരണമാകരുത്– വീട്ടുകാരൻ രാജേഷിന്റെ ഈ ആഗ്രഹമാണ് തിരുവനന്തപുരത്തെ ‘ഷേഡ്സ്’ എന്ന ഈ വീടിന്റെ എല്ലാ സവിശേഷതകളുടെയും കാരണം. പ്ലോട്ടിന്റെ പ്രത്യേകതകൾക്കനുസരിച്ച് വീട് ഡിസൈൻ ചെയ്തു വന്നപ്പോൾ സ്വാഭാവികമായി സംഭവിച്ച ആകൃതി കൂടിയാണ് വീടിന്റെ ക്യൂബ് ആകൃതി എന്ന് എൻജിനീയർ മനോജും പറയുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തെ അഞ്ച് സെന്റിലാണ് 1250 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട്. ചതുപ്പ് നിലം നികത്തിയെടുത്ത പ്ലോട്ട് ആയതിനാൽ പൈലിങ് ചെയ്ത് അടിത്തറ നിർമിക്കേണ്ടിവന്നു.

1 വീടിന്റെ എക്സ്റ്റീരിയർ കാഴ്ച

തെക്കോട്ട് ദർശനമായ പ്ലോട്ടായതിനാൽ മുൻവശത്തെ മുറികളിൽ നല്ല ചൂടായിരിക്കും. പ്ലോട്ടിന്റെ ആകൃതിയനുസരിച്ച് വീടിന്റെ മുൻവശത്ത് കൂടുതൽ മുറികൾ നിർമിക്കേണ്ടിവരികയും ചെയ്യും. അതുകൊണ്ടുതന്നെ സൺഷേഡിന് ശക്തമായ റോളുണ്ട് ഈ വീടിന്റെ കാര്യത്തിൽ. തെക്കുവശത്തു നിന്നുള്ള വെയിൽ ഭിത്തിയിൽ നേരിട്ടു തട്ടി ഭിത്തി ചൂടാവാതിരിക്കാൻ വീടിനു മുൻവശത്തെ സൺഷേഡ് പതിവിലും കൂടുതൽ നീട്ടിയിട്ടു. ഷേഡിന്റെ വ്യത്യസ്തമായ ആകൃതി കൊണ്ടുതന്നെ എക്സ്റ്റീരിയറിന് ഭംഗിയുള്ള ബോക്സ് ആകൃതി ലഭിക്കുകയും ചെയ്തു.

3 ഫോയറിന്റെ ചിത്രങ്ങൾ

 സൂര്യന്റെ സഞ്ചാരപഥത്തിനനുസരിച്ചാണ് ജനാലകൾ ക്രമീകരിച്ചത്. അകത്തേക്ക് കാറ്റിനു മാത്രം പ്രവേശിക്കാൻ തക്കവണ്ണം ലൂവർ ജനലുകളാണ് തെക്കോട്ട് അഭിമുഖീകരിക്കുന്നവയിൽ  മിക്കവയും. ഒരിടത്തു നിന്നും നേരിട്ട് സൂര്യപ്രകാശം വീടിനകത്ത് എത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജനാലയിലൂടെയോ ജാളികളിലൂടെയോ നിഴലിന്റെ കൂടി സാന്നിധ്യത്തോടെയാണ് വെയിൽ അകത്തുവരുന്നത്. തണുപ്പ് മാത്രമല്ല, ചെറിയ രീതിയിൽ ചൂടും വെളിച്ചവും വീടിനകത്ത് വേണമല്ലോ. മേൽക്കൂരയിൽ നൽകിയ ചില സൺലിറ്റുകളും അകത്തെ ചെറിയൊരു കോർട്‌യാർഡും ഈ ജോലി ഏറ്റെടുത്തു.

4 ഫോയറും ലിവിങ് ഏരിയയും

വീടിന്റെ ക്യൂബ് ആകൃതി മഴയെ എങ്ങനെ സ്വീകരിക്കുമെന്ന് ചെറിയൊരു ടെൻഷനുണ്ടായിരുന്നു മനോജിനും കൂട്ടർക്കും. വീടുപണി ഏകദേശം ഒന്നര വർഷം നീളാൻ കാരണവും ഈ ആശങ്ക തന്നെ. ധാരാളം മഴ കിട്ടിയ കാലയളവായിരുന്നതിനാൽ ഒരോ തവണയും ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് മഴയെ തോൽപ്പിക്കുന്ന ഡിസൈൻ ആക്കാൻ സാധിച്ചു. അച്ഛനമ്മമാരും മകനും മാത്രമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറികൾ പര്യാപ്തമായിരിക്കുമെന്ന മനോജിന്റെ ആശയം ഇരു കയ്യും നീട്ടി വീട്ടുകാർ സ്വീകരിച്ചു. ഒറ്റ നിലയുള്ള ഓപൻ പ്ലാനിൽ നിർമിച്ച വീടാണ്.

5 ഡൈനിങ് ഏരിയയും ഓപൻ കിച്ചനും

ഫോയറിൽ ഒരു കോർട്‌യാർഡ് ഉണ്ട്. ഫോയറിൽ നിന്ന് ഒരു പടി താഴ്തി ഡ്രോയിങ് ഏരിയ ക്രമീകരിച്ചു. ഡൈനിങ്ങിലേക്കു തുറന്ന അടുക്കളയാണ്. വീട്ടുകാരുടെ ആവശ്യപ്രകാരം വർക്ഏരിയ ഒഴിവാക്കി. ഡൈനിങ്ങിൽ നിന്ന് പാറ്റിയോ ശൈലിയിൽ വീടിനു പുറത്ത് ഒരു കോർട്‌യാർഡ് ഉണ്ട്. മതിലിനോടു ചേർത്തു സൃഷ്ടിച്ച ഈ കോർട്‌യാർഡിന്റെ ഭിത്തികൾ ഇഷ്ടികകൊണ്ട് നിർമിച്ച ജാളിയാണ്. ഈ ജാളിയിലൂടെ വെളിച്ചം അകത്തെത്തുന്നു.

6 കിടപ്പുമുറിയുടെയും കോർട്‌യാർഡിന്റെയും ചിത്രങ്ങൾ

 ചെറിയ വീടായതിനാൽ സാധനങ്ങൾ സൂക്ഷിക്കാൻ കൂടുതൽ ഇടം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സ്റ്റോറേജ് സ്പേസിനുവേണ്ടി മുറികൾക്കുള്ളിലെ സ്ഥലം കളയാതെ എന്ത് ചെയ്യാമെന്ന് മനോജ് ചിന്തിച്ചു. പുറത്തേക്കു തള്ളി നിൽക്കുന്ന ഷേഡിന്റെ ഭാഗങ്ങൾ സ്റ്റോറേജിനു വേണ്ടി പ്രയോജനപ്പെടുത്തി. അങ്ങനെ കാഴ്ചയിൽ മാത്രമല്ല, ചിന്തയിലും വേറിട്ടു നിൽക്കുന്നു ഈ വീട്.

കടപ്പാട്
എം. മനോജ്, എൻജിനീയർ
എംക്യൂബ് ഡിസൈൻ, തിരുവനന്തപുരം
ഫോൺ: 90614 93637