Thursday 03 June 2021 04:04 PM IST

ആറ് സെന്റിൽ രണ്ട് കാർ പാർക്കിങ്ങ് ഉൾപ്പെടെ സൗകര്യം; അടിപൊളി വീടിന് സ്ഥലപരിമിതി പ്രശ്നമേയല്ല...

Sreedevi

Sr. Subeditor, Vanitha veedu

sre 1

ചെറിയ സ്ഥലത്ത് വീട് വയ്ക്കാൻ ഇറങ്ങുന്ന എല്ലാവരും ചിന്തിക്കുന്നതൊക്കെ ആലുവ അത്താണിക്കടുത്ത് മേക്കാടുള്ള ഫ്രാൻസി ചെതലവും ചിന്തിച്ചിരുന്നു. ആറ് സെന്റാണ് സ്ഥലം. അവിടെ വീട് വയ്ക്കാൻ ഒരു ഡിസൈനറെ തേടി നടക്കുമ്പോൾ ആണ് വനിത വീട് മാഗസിനിലൂടെ ഡിസൈൻ ബിജു ആന്റണിയെക്കുറിച്ച് അറിയുന്നത്. ബിജു ആലുവയിൽ നിർമിച്ച ഒരു വീട് പോയിക്കണ്ടു. ആ വീട്ടുകാരും ബിജുവിനെക്കുറിച്ച് നല്ലത് പറഞ്ഞു ഞതോടെ പണി ബിജുവിനെത്തന്നെ ഏൽപ്പിച്ചു. കുറേ പ്ലാനുകൾ വരച്ചു നോക്കി അതിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയായിരുന്നു. 2100 ചതുരശ്ര അടിയാണ് വിസ്തീർണം.

sre 3

രണ്ട് കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം വേണം എന്ന ഒറ്റ ഡിമാൻഡേ ഫ്രാൻസിക്ക് ഉണ്ടായിരുന്നുള്ളൂ. ബിജു ഡിസൈൻ ചെയ്ത വീട്ടിൽ രണ്ട് കാറുകൾ പാർക്ക് ചെയ്യാം എന്ന് മാത്രമല്ല, ബാത്റൂം അറ്റാച്ഡ് ആയ മൂന്നു കിടപ്പുമുറികളും ലിവിങ്_ ഡൈനിങ്, അപ്പർ ഫാമിലി ലോഞ്ച് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. L ആകൃതിയിൽ ലിവിങ്_ഡൈനിങ് റൂമുകൾ ക്രമീകരിച്ചതിനാൽ ഭിത്തിയുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു. സ്ഥലം ലാഭവും ഇതുകൊണ്ട് സാധിച്ചു. 

sre 2

താഴെ ഒന്ന്, മുകളിൽ രണ്ട് എന്നിങ്ങനെയാണ് കിടപ്പുമുറികൾ ക്രമീകരിച്ചത്. മുകളിലുള്ള ബാൽക്കണികളാണ് വീട്ടുകാരുടെ ഇഷ്ടപ്പെട്ട ഇടം. ഒന്നാം നിലയിൽ വീടിന്റെ മുന്നിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ അവിടം ബാൽക്കണിയാക്കി. വീടിന്റെ പിറകിൽ പാടമാണ്. ഒരിക്കലും അവിടെ വേറെ വീട് വരില്ല. അതുകൊണ്ട് തന്നെ അവിടെയും ഒരു ബാൽക്കണി ക്രമീകരിച്ചു. വയലിൽ നിന്നുള്ള കാറ്റ് പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ മികച്ച ക്രോസ് വെന്റിലേഷൻ പ്ലാൻ പ്രകാരം തന്നെ ഉണ്ട്. 

sre 6

താരതമ്യേന ചെലവ് കുറഞ്ഞ റാഫ്റ്റ് ബീം ഫൗണ്ടേഷൻ ആണ് ചെയ്തത്. സിമന്റ് സോളിഡ് ബ്ലോക്ക്‌ഉപയോഗിച്ച് ഭിത്തികൾ പണിതു. പ്രധാന വാതിലുകൾ ചെറുതേക്ക് കൊണ്ടും ജനൽ_ വാതിൽ കട്ടിളകൾ കരിവേലകം കൊണ്ടും നിർമിച്ചു. അകത്തെ വാതിലുകൾ റെഡിമെയ്ഡ് ആണ്. ജനൽപ്പാളി മഹാഗണിയും. വീടിന്റെ ഭംഗി മുറ്റവും പൂന്തോട്ടവുമാണ്. അതിന്റെ ക്രെഡിറ്റ് പൂർണമായും ഭാര്യ റാണിക്ക് ആണെന്ന് ഫ്രാൻസി പറയുന്നു. പൂച്ചെടികൾ കൂടാതെ, പിൻമുറ്റത്ത് പച്ചക്കറി തോട്ടവുമുണ്ട്. കൂടാതെ റംബൂട്ടാൻ, സപ്പോട്ട, വിയറ്റ്‌നാം പ്ലാവ് തുടങ്ങിയ അത്യാവശ്യം പഴവർഗങ്ങളും ആറ് സെന്റിനെ സമ്പന്നമാക്കുന്നു.

sre 5

കടപ്പാട്: ബിജു ആന്റണി, ഡിസൈനർ, ബിസിഐ ഹാബിറ്റാറ്റ്, കൊച്ചി.

ഫോൺ: 94474 04402

Tags:
  • Vanitha Veedu