Wednesday 11 January 2023 11:14 AM IST : By ഡോ. മനോജ്. എസ്. നായർ‍‍‍‍‍

‘തെക്കുകിഴക്ക് അഗ്നികോണിലോ തെക്കുഭാഗത്തോ കിണർ ശുഭമല്ല’; കിണറിന്റെ സ്ഥാനം, വാസ്‌തു പറയുന്നതെന്ത്, അറിയാം

istockgetty-images

ഭൂമിയുടെ നാലിൽ മൂന്നംശവും ജലംകൊണ്ടു നിറഞ്ഞതാണ്. ഏതാണ്ട് ഇതുപോലെ തന്നെയാണ് മനുഷ്യശരീരവും. നാം പ്രകൃതിയിൽ നിന്നും ഭിന്നമല്ല എന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശുദ്ധജല ലഭ്യത. മനുഷ്യോൽപത്തി മുതൽ സംസ്കൃതിയുടെ ഉൽപത്തി വികാസങ്ങൾ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബൗദ്ധികമായി മനുഷ്യൻ ഉയർച്ച പ്രാപിച്ചപ്പോൾ നേരിട്ടുള്ള ജലലഭ്യത ഇല്ലാത്ത ഇടങ്ങളിലും ജലസ്രോതസ്സുകൾ കണ്ടെത്തുവാനുള്ള മാർഗങ്ങൾ അവൻ തന്നെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. പല കണ്ടെത്തലുകളും നമ്മുടെ നാട്ടിലെ സംസ്കൃതിയുമായി ബന്ധപ്പെട്ട ദർശനങ്ങൾ ആയിട്ടായിരുന്നു അവതരിപ്പിക്കപ്പെട്ടത്. പുഴകൾ, കുളങ്ങൾ എന്നീ ജലസ്രോതസ്സുകൾ കൂടാതെ മനുഷ്യനാൽ നിർമിക്കപ്പെട്ട ജലസ്രോതസ്സുകൾ പലപേരുകളിൽ അറിയപ്പെട്ടു. അവയിൽ ഗൃഹവുമായി ബന്ധപ്പെട്ട സംവിധാനത്തെ കിണർ എന്ന് അറിയപ്പെട്ടു. 

വാസ്തു ശാസ്ത്രത്തിന്റെ രൂപപ്പെടലോടെ ഗൃഹവിന്യാസവുമായി ബന്ധപ്പെടുത്തി ആലയത്തിന്റെ ഉപാലയമായി കിണറിനെ കാണുവാൻ തുടങ്ങി. കിണർ ഉപാലയമായതോടു കൂടി ഗൃഹത്തിന്റെ സ്ഥാനത്തിനനുസൃതമായി അതിനു സ്ഥാനങ്ങളും കൽപിക്കപ്പെട്ടു. മനുഷ്യശരീരത്തിൽ ഓരോ അവയവങ്ങൾക്കും പ്രത്യേകമായി സ്ഥാനം കൽപിക്കപ്പെട്ട പോലെ ഗൃഹശരീരത്തിലും കിണറിനു സ്ഥാനങ്ങൾ നിഷ്കർഷിച്ചു. 

ഗൃഹത്തിന് ചുറ്റും പൊതുവേ പറഞ്ഞാൽ, വടക്കു മധ്യം മുതൽ കിഴക്കു മധ്യം വരെ വരുന്ന ഭാഗത്തു കിണറിനു സ്ഥാനം നൽകാം. തെക്കുപടിഞ്ഞാറോ വ‌ടക്കു പടിഞ്ഞാറോ കിണറിനു സ്ഥാനം ഇല്ല എന്നും ഓർക്കേണ്ടതുണ്ട്. തെക്കുകിഴക്ക് അഗ്നികോണിലോ തെക്കു ഭാഗത്തോ കിണർ ശുഭമല്ല. മനുഷ്യശരീരത്തിൽ സിരകളിൽ കൂടി രക്തമൊഴുകുന്ന പോലെ തന്നെയാണ് ഭൂമിക്കടിയിലൂടെ ഉറവുകളുടെ ഒഴുക്ക്, അവയും സിരകൾ എന്നറിയപ്പെടുന്നു. 

വാസ്തു മണ്ഡലത്തിൽ എട്ടു ദിക്കുകൾക്ക് എട്ടു ദേവൻമാരെ കൽപിച്ചപോലെ ഭൂമിക്കടിയിൽ എട്ടു ദിക്കിൽ നിന്നും അതേ ദേവന്മാരുടെ പേരിൽ എട്ടു സിരകൾ ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. കിണറിനു കണക്കുകൾ നിശ്ചയിക്കുമ്പോൾ ഏകയോനി കണക്കുകൾ വരത്തക്കവിധം വേണം നൽകുവാൻ. അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്തരം, ഉതൃട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങൾ കിണർ കുഴി ആരംഭിക്കുന്നതിനു യോഗ്യങ്ങൾ ആണ് എന്ന് ആചാര്യന്മാർ പറയുന്നു.

Tags:
  • Vanitha Veedu