അനുഭവങ്ങളാണ് എഴുത്തുകാരുടെ മൂലധനമെങ്കിൽ, അതില്‍ ഏറെ സമ്പന്നയാണ് ബേബി ഹാൾഡർ. ജീവിതം അത്രത്തോളം അവരെ പൊള്ളിച്ചിട്ടുണ്ട്...വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടത്തി വിട്ടിട്ടുണ്ട്...എന്നാല്‍ വിധിയുടെ സകല പരീക്ഷണങ്ങളെയും കടന്ന്, അക്ഷരങ്ങൾ സമ്മാനിച്ച ആശ്വാസത്തിന്റെ കരുത്തും പേറി ഇപ്പോൾ അവർ എത്തിനിൽക്കുന്ന ഉയരങ്ങൾ വർണനാതീതം...
അമ്മയാലുപേക്ഷിക്കപ്പെട്ട, അച്ഛന്റെ കൊടിയ പീഡനങ്ങൾ സഹിച്ച ബാല്യം, പാലായനങ്ങള്‍, മുടങ്ങിപ്പോയ വിദ്യാഭ്യാസം, കൗമാരത്തില്‍ വിവാഹം, പതിമൂന്നാം വയസ്സില്‍ അമ്മ, മദ്യപാനിയായ ഭര്‍ത്താവിന്റെ കൊടിയ മര്‍ദ്ദനം, ജീവിക്കാന്‍ വേണ്ടി കൂലിവേലകള്‍, ഒടുവില്‍ മക്കളേയും ചേര്‍ത്ത് പിടിച്ച് ഡല്‍ഹിയിലേക്കുള്ള ഒളിച്ചോട്ടം, വേലക്കാരിയായി നിന്ന വീട്ടിലെ ലൈബ്രറിയില്‍ നിന്ന് അക്ഷരങ്ങളുമായി ചങ്ങാത്തം, ഭ്രാന്തമായ വായന, എഴുത്തിന്റെ ആദ്യ ചുവടുകള്‍, ഇന്ന് ലോകമറിയുന്ന ഇന്ത്യന്‍ – ഇംഗ്ലീഷ് എഴുത്തുകാരി...ബേബി ഹാള്‍ഡറുടെ ജീവിത കഥയെ ഇങ്ങനെ സംഗ്രഹിക്കാം...
1973ൽ, കശ്മീരിലാണ് ബേബി ഹാൾഡർ ജനിച്ചത്. വിമുക്ത സൈനികനും മദ്യപാനിയുമായ ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ നാലു വയസ്സുള്ള ബേബിയേയും പിതാവിനേയും അവളുടെ അമ്മ ഉപേക്ഷിച്ചു പോയി. അതോടെ ക്രൂരനായ പിതാവിന്റെ സംരക്ഷണയിലായി ബേബി. അത് പലപ്പോഴും അവളുടെ കുഞ്ഞ് മനസ്സില്‍ മുറിവുകളേല്‍പ്പിച്ചു. അതിനിടേ അവളുടെ കുടുംബം മുര്‍ഷിദാബാദിലേക്ക് പോകുകയും അവിടെ നിന്ന് വെസ്റ്റ് ബംഗാളിലെ ദുര്‍ഗാപൂരിലെത്തി താമസമുറപ്പിക്കുകയും ചെയ്തു. അവിടെയൊരു പള്ളിക്കൂടത്തില്‍ ബേബിയെ ചേര്‍ത്തെങ്കിലും ആറാം ക്ലാസില്‍ പഠനം അവസാനിച്ചു. അതോടെ ആ പന്ത്രണ്ട് വയസ്സുകാരിയെ, അവളേക്കാള്‍ പതിന്നാല് വയസ്സ് പ്രായക്കൂടുതലുള്ള ഒരാള്‍ക്ക് പിതാവ് വിവാഹം ചെയ്തു കൊടുത്തു. അതോടെ ജനിച്ച കാലം മുതല്‍ സന്തോഷമെന്തന്നറിയാത്ത അവളുടെ ജീവിതത്തില്‍ ദുരന്തത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പതിമൂന്നാം വയസ്സില്‍ ബേബി തന്റെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു. ബാല്യകാലം കടന്നുപോകും മുന്‍പേ അമ്മയായതിന്റെ അസ്വസ്ഥതകള്‍ ബേബിയെ മാനസികമായി ബാധിച്ചു. ഒപ്പം ഭര്‍ത്താവിന്റെ അമിത മദ്യപാനവും കൊടിയ പീഡനങ്ങളും. ഇതിനിടേ രണ്ട് കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു. അതോടെ മക്കളെ വളര്‍ത്താനും വിശപ്പടക്കാനുള്ള വരുമാനം കണ്ടെത്താനും അവള്‍ അയല്‍വീടുകളില്‍ ജോലിക്കു പോയിത്തുടങ്ങി. പകല്‍ മുഴുവന്‍ അധ്വാനവും രാത്രി ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനവും ലൈംഗികാതിക്രമവും. ഒടുവിൽ, അവിടെ നിന്നു രക്ഷപ്പെടാനും ദുഖങ്ങളില്‍ നിന്നു മോചനം തേടി, ആരാലും തിരക്കി വരാത്ത അകലത്തിലേക്ക് മക്കളുമായി പോകാനും ബേബി തീരുമാനിച്ചു. അങ്ങിനെ 1999 ല്‍ തന്റെ ഇരുപത്തി അഞ്ചാം വയസ്സില്‍, മൂന്നു മക്കളേയും കൂട്ടി ബേബി ഡല്‍ഹിയിലേക്ക് ഒളിച്ചോടി.

ഡല്‍ഹി എന്ന മഹാനഗരത്തിലെത്തുമ്പോള്‍ ബേബിക്കു മുന്നില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – സമാധാന പൂര്‍ണമായ ഒരു ജീവിതം! ഒപ്പം മക്കള്‍ക്ക് നല്ല ഭക്ഷണവും, വിദ്യാഭ്യാസവും നല്‍കുക. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും അവള്‍ തയാറായിരുന്നു. വീട്ടുവേലകള്‍ തന്നെയാണ് അവിടെയും അവള്‍ക്ക് വരുമാന മാര്‍ഗമായത്. എന്നാല്‍ റിട്ടയേഡ് പ്രഫസറും എഴുത്തുകാരനുമായ പ്രബോധ് കുമാറിന്റെ വീട്ടില്‍ ജോലിക്കാരിയായെത്തുന്നിടത്ത് ബേബിയുടെ ജീവിതം മാറിമറിഞ്ഞു. കൂടുതല്‍ സംസാരിക്കാത്ത, തന്റെ ജോലികള്‍ ഭംഗിയായും വൃത്തിയായും ചെയ്യുന്ന അവള്‍ താമസിയായെ പ്രഫസറുടേയും കുടുംബത്തിന്റെയും മനസ്സിലിടം നേടി. ജനിച്ച കാലം മുതല്‍ മനസ്സിനേറ്റ മുറിവുകള്‍ അവളെ കൂടുതല്‍ അന്തര്‍മുഖിയാക്കിയിരുന്നു. ഒരു വിശാലമായ ഹോം ലൈബ്രറി പ്രഫസര്‍ക്കുണ്ടായിരുന്നു. അത്് വൃത്തിയാക്കാനുള്ള ചുമതലയും ബേബിക്കായിരുന്നു. ആറാം തരത്തില്‍ പഠനമവസാനിപ്പിച്ച അവള്‍ പാഠ്യേതരമായ ഒരു പുസ്തകം ആദ്യമായി കാണുന്നതും തൊടുന്നതും അവിടെ വച്ചായിരുന്നു. അങ്ങനെ, കൗതുകത്തോടെ പുസ്തകങ്ങള്‍ മറിച്ചു നോക്കുന്നത് ബേബി ശീലമാക്കി. അത് സ്ഥിരമായി ശ്രദ്ധിക്കാന്‍ തുടങ്ങിയ പ്രഫസര്‍ ചില പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് അവള്‍ക്ക് വായിക്കാന്‍ നല്‍കുകയും കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതവളുടെ ജീവിതത്തിലെ പുതിയ വാതിലുകൾ തുറക്കുകയായിരുന്നു. പ്രശസ്തരുടേതുള്‍പ്പടെ പല മികച്ച രചനകളും അവള്‍ ആവേശത്തോടെ വായിക്കാന്‍ തുടങ്ങി. ജോലി കഴിഞ്ഞുള്ള സമയം അവള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിച്ചു.
കൂടുതല്‍ വായിക്കാനുള്ള ബേബിയുടെ താൽപര്യം കണ്ട പ്രഫസര്‍ ഒരിക്കല്‍ ഒരു നോട്ട്്് ബുക്കും പേനയും നല്‍കി അവളോടാവശ്യപ്പെട്ടു - ‘നീ നിന്റെ ജീവിതം ഇതിലെഴുതിത്തുടങ്ങൂ’. ആദ്യം അതിശയിച്ചെങ്കിലും പിന്നീടവള്‍ക്ക് തോന്നി, തനിക്കെഴുതാന്‍ സങ്കല്‍പ്പങ്ങളുടെ കുറവേയുള്ളൂ... എന്നാല്‍ അതിലൊക്കെ തീവ്രമായ ഒരു ജീവിതമുണ്ട്...അങ്ങനെ വായനയ്‌ക്കൊപ്പം പ്രൊഫസര്‍ നല്‍കിയ നോട്ട് ബുക്കില്‍ അവള്‍ മനസ്സില്‍ തോന്നുന്നതൊക്കെ കുറിച്ചു വയ്ക്കാന്‍ തുടങ്ങി. അത്രകാലം തന്നെ വേട്ടയാടിയ ദുരന്തങ്ങള്‍ അക്ഷരങ്ങളായി ആ ബുക്കിലേക്ക് പാഞ്ഞൊഴുകുന്നതവളറിഞ്ഞു. ഒപ്പം തസ്ലീമാ നസ്‌റിന്റെ ‘എന്റെ പെണ്‍കുട്ടിക്കാലം’ എന്ന വിശ്വപ്രസിദ്ധ കൃതി വായിച്ചതിന്റെ ആവേശവും. ഇരുപതു വര്‍ഷത്തോളമായി ഒന്നുമെഴുതാതിരുന്നതിന്റെ ഫലമായി പല അക്ഷരങ്ങളും അവള്‍ മറന്നു പോയിരുന്നു. പണിത്തിരക്കുകള്‍ക്കിടയില്‍ ഓര്‍മ്മകളുടെ കനലുകളെ ഊതിക്കത്തിക്കുമ്പോള്‍ അവളുടെ മനസ്സില്‍ മക്കള്‍ ചോദിച്ച ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു – എന്തിനെഴുതുന്നു ? അതിനുത്തരം പറയാനറിയില്ലങ്കിലും അവര്‍ക്കുള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു – നീ എഴുതുക തന്നെ വേണം! അവിടെ ബേബി ഹാള്‍ഡര്‍ എന്ന എഴുത്തുകാരി ജനിക്കുകയായിരുന്നു. ‘ആലോ അന്ധേരി’ ‘ഇഷാസ്ത് രൂപാന്തര്‍’ എന്നീ പുസ്തങ്ങളുടെയടക്കം രചയിതാവായി അവര്‍ ലോകമെമ്പാടും അറിയപ്പെട്ടതും ആ തീരുമാനത്തിന്റെ തുടർച്ചയായിരുന്നു.
എഴുതി വന്നപ്പോള്‍ അവള്‍ക്കു തന്നെ അതിശയം തോന്നുന്ന തരത്തില്‍ സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു അത്രകാലത്തെ സ്വന്തം ജീവിതം. നോട്ടുബുക്കുകള്‍ പലത് നിറഞ്ഞു. അവള്‍ എഴുതിക്കൊണ്ടേയിരുന്നു. അങ്ങനെ അവള്‍ ബംഗാളിയിലെഴുതിയ സ്വന്തം ജീവിതക്കുറിപ്പുകള്‍ ഹിന്ദിയിലേക്ക് പ്രഫസര്‍ വിവര്‍ത്തനം ചെയ്ത് ‘ആലോ അന്ധേരി (ലൈറ്റ് ആന്‍ഡ് ഡാര്‍ക്‌നെസ്)’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി. മുഖ്യധാരാ പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ റോഷനി പബ്‌ളിക്കേഷന്റെ സഞ്ജയ് ഭാരതി തന്റേടത്തോടെ മുന്നോട്ടുവരികയായിരുന്നു. പുറത്തിറങ്ങിയ ആദ്യ ദിനം മുതല്‍ പുസ്തകം വലിയ തോതില്‍ വിറ്റുപോയി. ഇതു പിന്നീട് ഇംഗ്ലീഷ്, ഒറിയ, തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിലേക്കു തര്‍ജമ ചെയ്തു. ഹാല്‍ഡര്‍ എഴുതിയ ബംഗാളി വകഭേദവും പുറത്തുവന്നു. ‘ജീവിതത്തിലാദ്യമായി എന്റെ ജീവിതത്തിനു വിലയുണ്ടെന്നു തോന്നിയത് പുസ്തകം ഇറങ്ങിയപ്പോഴാണെന്ന്’ അവര്‍ ഓര്‍മിക്കുന്നു.

ദാദുവെന്നാണ് ബേബി പ്രഫസറെ വിളിക്കുന്നത്. തന്റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന പ്രഫസറെ ദൈവത്തെപ്പോലെയാണ് ബേബി സ്നേഹിക്കുന്നത്. അവരുടെ മക്കള്‍ക്കും അങ്ങനെ തന്നെ. തന്റെ മകന് ദാദുവിന്റെ പേരാണ് ബേബി നൽകിയിരിക്കുന്നതും.
ചിലര്‍ എഴുത്തുകാരിയായും മറ്റു ചിലര്‍ വീട്ടുവേലക്കാരിയായും പരിഗണിക്കുമ്പോഴും, ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ സല്‍മാന്‍ റുഷ്ദി തന്റെ നോവല്‍ വായിച്ചു എന്ന്് പറയുമ്പോള്‍ താന്‍ അംഗീകരിക്കപ്പെട്ടതായി തോന്നി എന്ന് ബേബി പറഞ്ഞിട്ടുണ്ട്. എഴുതിയ മൂന്ന് നോവലുകളില്‍ ‘എ ലൈഫ് ലെസ് ഓര്‍ഡിനറി’ അവരുടെ മികച്ച രചനയായി നിരൂപകര്‍ പറയുന്നു. സ്വന്തം ജീവിതവും അനുഭവങ്ങളുമാണ് ബേബിയുടെ എഴുത്തിന്റെ കാതല്‍. ഭാവനയില്‍ നിന്ന് ഒന്നും കടമെടുക്കേണ്ടാത്തത്ര അനുഭവങ്ങളുടെ കടല്‍ അവരുടെ ഇള്ളിലുണ്ട്. അതുകൊണ്ട്് തന്നെ ബേബി ഹാള്‍ഡര്‍ ഒരു പ്രതീകമാണ് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നതിന്റെ... യഥാര്‍ത്ഥ പെണ്‍കരുത്തിന്റെ...