Wednesday 08 March 2023 01:09 PM IST : By Ramkumar P.

ഹോമായ് വ്യാരവാല; ഇന്ത്യൻ ന്യൂസ് ഫൊട്ടോഗ്രഫിയുടെ മമ്മി

homai-vyarawalla-first-woman-news-photographer-womans-day-feature-cover ഹോമായ് വ്യാരവാല

ഇന്ത്യൻ ന്യൂസ് ഫൊട്ടോഗ്രഫിയുടെ ‘മമ്മി’, ഹോമായ് വൈ റാവാല ഭാരമേറിയ റോളി ഫ്ലെക്സ് ക്യാമറയും തൂക്കി കുർത്തയും പൈജാമയും ധരിച്ച് ഡൽഹിയുടെ തെരുവുകളിൽ അവർ സൈക്കിളിൽ നിർഭയം സഞ്ചരിച്ചു. തന്റെ ലെൻസുപയോഗിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തെ ഇന്ത്യയും, കൊളോണിയൽ ഭരണത്തിന്റെ അവസാന നാളുകളും, ജവഹർലാൽ നെഹ്റുവിന്റെ സത്യപ്രതിജ്ഞയും എന്നു തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ ചലനങ്ങൾ വരെ അവർ പകർത്തി. പുരുഷാധിപത്യം മാത്രം നിലനിൽക്കുന്ന ഒരു മേഖലയിലേക്ക് കടന്നു വന്ന സ്ത്രീ. ഇന്ത്യയിലെ ആദ്യത്തെ വനിത ഫൊട്ടോ ജേർണലിസ്റ്റ്. ഹോമായ് വ്യാരവാല, ഇന്ത്യയിലെ ന്യൂസ് ക്യാമറ ലെൻസിനു പിന്നിലെ ആദ്യത്തെ വനിത.

1913-ൽ ഗുജറാത്തിലെ നവസാരിയിൽ ഒരു പാഴ്സി കുടുംബത്തിലാണ് ഹോമായി വൈറാവാല , ജനിച്ചത്. അവളുടെ പിതാവ് ഒരു നാടക നടനായിരുന്നു, അദ്ദേഹത്തിന്റെ നാടക സംഘത്തോടൊപ്പം യാത്ര ചെയ്ത കുടംബം ഏതാനും വർഷങ്ങൾക്ക് ശേഷം ബോംബെയിൽ (ഇപ്പോൾ മുംബൈ) സ്ഥിരതാമസമാക്കി. മാതാപിതാക്കളായ ദോസാ ദായിയും സുനാ ഭായ് ഹാത്തി റാമും ഉയർന്ന വിദ്യഭ്യാസമുള്ളവരെല്ലെങ്കിലും മക്കളെ ഇംഗ്ലീഷ് സ്കൂളിലയക്കണമെന്ന് നിഷ്കർഷയുള്ളവരായിരുന്നു. അക്കാലത്ത് ഇടത്തരം പാഴ്സി കുടുംബത്തിലെ പെൺകുട്ടിക്ക് അത്തരം പഠനം എളുപ്പമായിരുന്നില്ല. ടാർഡിയോവിലെ ഗ്രാഡ് റോഡ് സ്കൂളിൽ പഠിച്ച ഹോമായി യുടെ ക്ലാസിൽ 36 കുട്ടികളിൽ അഞ്ച് പേർ മാത്രമേ പെൺകുട്ടികളായിട്ടു ണ്ടായിരുന്നു. ആ 36 വിദ്യാർഥികളിൽ മെട്രിക്കുഷൻ പൂർത്തിയാക്കിയ എക പെൺകുട്ടി ഹോമായ് ആയിരുന്നു.

ബോംബെയിലെ, സെന്റ് സേവ്യഴ്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി കഴിഞ്ഞപ്പോൾ, അക്കാലത്ത് ലൈഫ് മാസികയിൽ വന്ന ഫോട്ടോകൾ ഹോമായിയെ ആകർഷിച്ചു. അവർ ബോംബെയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്ടിൽ ചേർന്നു. അവിടെ നിന്ന് ഡിപ്ലോമ നേടിയ അവർ കോളേജിലെ സഹപാഠിയും വഴികാട്ടിയും ഫ്രീലാൻസ്ഫോട്ടോഗ്രാഫറും പിന്നീട് തന്റെ ജീവിത പങ്കാളിയുമായ മനേക്ഷ വ്യാരവാലയെ കണ്ടുമുട്ടുന്നത്. മനേക്ഷയാണ് ഹോമായിയെ ഫോട്ടോഗ്രാഫിയിലേക്ക് തിരിച്ചുവിട്ടത്.

ആദ്യ ബൈലൈൻ ഭർത്താവിന്റെ പേര്

homai-vyarawalla-first-woman-news-photographer-womans-day-feature-first-published-photo ഹോമായ് വ്യാരവാലയുടെ ബോംബെ ക്രോണിക്കിൽ വന്ന ആദ്യ ചിത്രം, ഹോമായ്

1937 ൽ ബോംബെ ക്രോണിക്കിൾ പത്രത്തിലാണ് ഹോമായിയുടെ ആദ്യ ചിത്രം അച്ചടിച്ചു വരുന്നത്. ജെ.ജെ. സ്കൂൾ ഓഫ് ആർട്സിലെ കുട്ടികൾ ഒരു പിക്നിക്കിനിടയിൽ ഇരിക്കുന്ന പടമായിരുന്നു അത്. ഫൊട്ടോഗ്രഫറുടെ പേരായി ഭർത്താവിന്റെ പേരു നൽകി. പിന്നീട് ബോംബയിലെ ദൈനദിന ജീവിതവും ബോംബെയിലെ യുവ തലമുറയിലെ യുവതികളുടെ ചിത്രങ്ങളും അവർ പകർത്തിയത് 'ഇലസ്ട്രറ്റഡ് വീക്കിലിയി'ൽ വരാൻ തുടങ്ങി. അക്കാലത്ത് വനിതാ ഫൊട്ടോഗ്രഫർമാർ കേട്ടുകേൾവിയില്ലാത്ത കാലമായതിനാൽ ആദ്യം ഭർത്താവിന്റെ പേരാണ് ഫോട്ടോകൾക്ക് ബൈലൈൻ നൽകിയത്. പിന്നിട് 'ഡാൾഡ 13' എന്ന വിചിത്രമായ പേരിലും ഹോമായി തന്റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചു.

'ഒരു പടത്തിന് ഒരു രൂപ അവരെനിക്ക് പ്രതിഫലമായി തന്നു. 40 കളിൽ അത് നല്ല പ്രതിഫലമായിരുന്നു' ഹോമായി ഒരിക്കൽ പറഞ്ഞു. ഒരു മികച്ച ഫൊട്ടോഗ്രഫർ എന്ന അംഗീകാരം പതുക്കെ ഹോമായിക്ക് ലഭിക്കാൻ തുടങ്ങി

ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസ് ഫൊട്ടോഗ്രഫർ

രണ്ടാം ലോക മഹായുദ്ധമാരംഭിച്ചപ്പോൾ ഇന്ത്യയിലെ ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസ് അവർക്ക് വേണ്ടി ഫോട്ടോഗ്രാഫർമാരെ തേടി. ഹോമായിയുടെ കഴിവുകൾ നന്നായി മനസിലാക്കിയ, ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ അന്നത്തെ എഡിറ്റർ, സ്റ്റാൻലി ജെപ്സൺ ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസ് അധികാരികളോട് ഹോമയിയുടെ പേര് നിർദ്ദേശിച്ചു. 1942 ൽ ഹോമായി, ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസ് ഔദ്യോഗിക ഫോട്ടോഗ്രാഫറായ ഡൽഹിയിലേക്ക് എത്തി. ഫ്രീലാൻസ് ആയി ഫോട്ടോയെടുക്കാനുള്ള സമ്മതവും ഹോമായിക്കുണ്ടായിരുന്നു.

homai-vyarawalla-first-woman-news-photographer-womans-day-feature-mountbatten വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു 1947 ഓഗസ്റ്റ് 15 ന് ഇന്ത്യൻ പാർലിമെന്റിലേക്ക് പോകുന്നു.

ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്ന് പഠിച്ച അനുഭവങ്ങൾ ഈ ജോലിയിൽ ഹോമായിയെ പ്രഗൽഭയാക്കി. ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസിന്റെ പ്രചാരണം പരസ്യം, വാർത്ത കുറിപ്പുകൾ എന്നിവയിൽ മിഴിവു പകരാൻ ഹോമായിയുടെ ചിത്രങ്ങൾ സഹായിച്ചു. ഒരു വിഷയത്തിനെ സൗന്ദര്യ ശാസ്ത്ര പരമായി സമീപിക്കാനുള്ള ഫോട്ടോഗ്രാഫിക്ക് സെൻസ് അവർക്കുണ്ടായിരുന്നു. ഫോട്ടോകൾ പകർത്താനാവശ്യമായ ദൃശ്യ സൗന്ദര്യ ശാസ്ത്രം ജന്മനാൽ അവരിലുണ്ടായിരുന്നതിനാൽ എടുത്ത ചിത്രങ്ങളെല്ലാം മിഴിവാർന്നതായി. അടുത്ത പത്ത് വർഷം ബ്രിട്ടീഷ് ഹൈകമ്മീഷന്റെ ഇന്ത്യയിലെ വിവിധ ചടങ്ങുകളും പരിപാടികളും ക്യാമറയിലാക്കി. കമ്മീഷന്റെ ലഘുരേഖകൾ തൊട്ട് ലൈഫ് മാഗസിനിൽ വരെ ഹോമായിയുടെ ചിത്രങ്ങൾ അക്കാലത്ത് തിളങ്ങി നിന്നു. 1970 വരെ അവർ ബ്രിട്ടിഷ് ഇൻഫോർമേഷൻ സർവിസിൽ ജോലി ചെയ്‌തു. പിന്നീട് ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി.

ചരിത്രത്തോടൊപ്പം നടന്ന ഹോമായ്

ഇന്ത്യ സ്വതന്ത്ര്യത്തിന്റെ പടിവാതിലെത്തിയ നാളുകളായിരുന്നു അത്. അധികാര കൈമാറ്റത്തിന്റെ നാളുകളിൽ ഹോമായി എടുത്ത ചിത്രങ്ങളെല്ലാം അവിസ്മരണിയമായി. അക്കാലത്തെ ഇന്ത്യയിലെ ചരിത്ര മുഹൂർത്തങ്ങളൊരോന്നായി ഒപ്പിയെടുക്കാനള്ള നിയോഗം ലഭിച്ച ആദ്യത്തെ വനിത ഫൊട്ടോഗ്രഫറുടെ പ്രശ്തമായ ഫോട്ടോ ക്ലിക്കുകൾ അമൂലങ്ങളായി. ലോക മഹായുദ്ധം ജയിച്ച സഖ്യകക്ഷികൾ ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽ മാർച്ചു ചെയ്യുന്നത്, 1947 ൽ ഇന്ത്യയുടെ, ആദ്യത്തെ ഗവർണർ ജനറലായി മൗണ്ട്ബാറ്റൻ സത്യപ്രതിജ്ഞ ചെയ്യുന്നത്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റിപ്പബ്ലിക്ക് പരേഡ്... എന്നിങ്ങനെ പോകുന്നു.

1947 ജൂൺ 03 ലെ നിർണായ കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗം. ആചാര്യ കൃപലാനിയുടെ അദ്ധ്യക്ഷതിയിൽ യോഗം ചേരുന്നു. മഹാത്മ ഗാന്ധിയും ഖാൻ അബ്ദുൾ ഗാഫർ ഖാനും സന്നിഹിതരാണ്. വിഷയം. വിഭജനത്തോട് കൂടി ഇന്ത്യൻ സ്വാതത്ര്യം. വിരലിലെണ്ണാവുന്ന, പത്രലേഖകരേ അവിടെയുണ്ടായിരുന്നുള്ളൂ. ആ ചരിത്ര നിമിഷം ക്യാമറയിൽ പകർത്താനുണ്ടായിരുന്ന രണ്ട് ഫൊട്ടോഗ്രഫറിലൊരാൾ ഹോമായിയായിരുന്നു. ‘ആ ചെറിയ ഹാളിൽ ഫോട്ടോയെടുക്കാൻ ഞാൻ ബുദ്ധിമുട്ടി.’ ഒരിക്കലവർ പറഞ്ഞു. തന്റെ സ്പീഡ് ഗ്രാഫിക്ക് ക്യാമറയിൽ പകർത്തിയ ആ ചിത്രം പിന്നീട് തന്റെ ജീവിതത്തിലെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രിയ ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറുമെന്ന് അപ്പോൾ അവർക്കറിയില്ലായിരുന്നു.

സഹപ്രവർത്തകരുടെ ‘മമ്മി’

homai-vyarawalla-first-woman-news-photographer-womans-day-feature-first-center-cabinet 1948 ലെ നെഹ്റു മന്ത്രിസഭ സത്യപ്രതിജ്ഞക്ക് ശേഷം, ഹോമായ് പകർത്തിയത്

അക്കാലത്ത് ഡൽഹിയിലുണ്ടായിരുന്ന പത്തു ന്യൂസ് ഫൊട്ടോഗ്രഫറിമാരിലൊരാളായിരുന്നു ഹോമായി. പുരുഷ ഫോട്ടോ ഗ്രാഫർമാരാൽ ചുറ്റപ്പെട്ട എക വനിത ഫോട്ടോഗ്രാഫർ. ജോലിയോടുള്ള പ്രതിബദ്ധതയും, കഠിനാധ്വാനവും വ്യക്ത്തിഗുണങ്ങളുമുള്ള ഹോമായിയെ സഹപ്രവർത്തകരായ മറ്റ് ഫൊട്ടോഗ്രഫർമാർ ആദരവോടെ 'മമ്മി' യെന്ന് വിളിച്ചു. അവർ പകർത്തിയ ചിത്രങ്ങൾ ടൈംസ് ഓഫ് ഇന്ത്യയും, സ്റ്റേറ്ററ്റ്സ്സുമാനും ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യ സന്ദർശിച്ച വിദേശ നേതാക്കളേയും ഭരണാധികാരികളെയും തന്റെ ക്യാമറ കണ്ണിലൂടെ, മനുഷ്യ വികാരങ്ങൾ പ്രദർശിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളാക്കി ഹോമായി മാറ്റി. ഷാ പഹലവി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, ഹോച്ചിമിൻ, മാർഷൽ ടിറ്റോ, നികേത ക്രൂഷ്ചേവ് എന്നീ സന്ദർശകരെല്ലാം ഹോമായിയുടെ ക്യാമറയിൽ പതിഞ്ഞവരാണ്.

നഷ്ടപ്പെട്ട ആ ഫോട്ടോ ക്ലിക്ക്

ജീവിതത്തിൽ നഷ്ടപ്പെട്ട ഒരു ഫോട്ടോ ക്ലിക്കിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അവർ വാചാലയായി.

‘‘മഹാത്മ ഗാന്ധി വധിക്കപ്പെട്ട ദിവസം പ്രാർഥനയിൽ പങ്കുകൊള്ളാൻ ഞാൻ അവിടെയുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് മനേക്ഷ, ‘നമുക്ക് ഒരുമിച്ച് അടുത്ത ദിവസം വരാമെന്ന് പറഞ്ഞു’ അവിടെ നിന്ന് തിരികെ വീട്ടിലേക്കു മടങ്ങി. അൽപ്പ സമയത്തിനു ശേഷം ആ ദുഃഖവാർത്ത എന്നെ തേടിയെത്തി. 'ഗാന്ധിജി വധിക്കപ്പെട്ടു.'

ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അഗാധമായ ദുഃഖമനുഭവിച്ചു.

അതേ സമയം ഒരു പ്രഫഷ്നൽ ഫൊട്ടോഗ്രഫർ എന്ന നിലയിൽ എനിക്ക് നഷ്ടമായത് വലിയൊരു അവസരമായിരുന്നു. ഗാന്ധിജിയുടെ തൊട്ടരികിൽ നിന്ന, ക്യാമറ കയ്യിലുള്ള ഏക ഫൊട്ടോഗ്രഫർ ഞാനായിരുന്നു. ഭർത്താവ് വിളിച്ചില്ലായിരുന്നെങ്കിൽ ആ ശപിക്കപ്പെട്ട നിമിഷം പകർത്തി ലോകത്തെ ആദ്യം അറിയിക്കുന്നത് ഞാനായേനെ!’’

ആ ചരിത്ര നിമിഷം നഷ്ടപ്പെട്ടെങ്കിലും ഗാന്ധിജിയുടെ ശവസംസ്ക്കാര ചടങ്ങ് വിദേശ പത്രങ്ങൾക്ക് വേണ്ടി ഹോമായി ക്യാമറയിലാക്കിയിരുന്നു.

ഹോമായി വ്യാരവല്ല തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്നു. അവരുടെ സാന്നിധ്യം പ്രകടമാക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ സന്ദർഭങ്ങൾ , ഇന്ത്യൻ ചരിത്രത്തിലേക്കുള്ള അവരുടെ സംഭാവനയുടെ സാക്ഷ്യങ്ങളാണ്. തന്റെ കരിയറിന്റെ പ്രാരംഭഘട്ടങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യം കാരണം, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റത്തെ രേഖപ്പെടുത്തുന്നതിലും സ്വതന്ത്ര ഇന്ത്യയുടെ പിറവിയുമായി ബന്ധപ്പെട്ട വികാരങ്ങളെ വിവരിക്കുന്നതിലും ഹോമായി പ്രധാന കണ്ണിയായിരുന്നു.

ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹറുവായിരുന്നു അവർ എറ്റവും താൽപ്പര്യത്തോടെ ക്ലിക്ക് ചെയ്ത വ്യക്തി. താനിഷ്ടപ്പെട്ട എറ്റവും ഫോട്ടോജനിക്ക് മുഖം എന്ന് ഹോമായി തന്നെ പറഞ്ഞിരുന്ന നെഹ്റുവിന്റെ രാഷ്ട്രീയ ജീവതത്തിലേയും വ്യക്തി ജീവിതത്തിലേയും മുഹൂർത്തങ്ങൾ ക്യാമറകൊണ്ടെഴുതിയ അനശ്വര ചിത്രങ്ങളായി. പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രവേശനം. ചേരി ചേരാ കാലഘട്ടം. ബന്ദുങ്ങ് സമ്മേളനം എന്നീ നെഹ്റു ചിത്രങ്ങൾ ഏറെ ഖ്യാതി നേടി. ജവഹർലാൽ നെഹ്‌റു 1950-കളിൽ ഒരു പ്രാവിനെ പറത്തി വിടുന്ന ഫോട്ടോ ഇപ്പോഴും ഏറ്റവും മികച്ച നെഹറു ചിത്രമാണ്.

‘‘നെഹ്‌റു മരിച്ചപ്പോൾ, ഒരു കുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നി, തീൻ മൂർത്തി ഭവനിൽ മറ്റ് ഫോട്ടോഗ്രാഫർമാരിൽ നിന്ന് മുഖം മറച്ച് ഞാൻ ഏറെ നേരം കരഞ്ഞു.’’ അവർ ഒരിക്കൽ പറഞ്ഞു.

1956-ൽ, അറിയപ്പെട്ട ദ ലൈലാമ ഇന്ത്യൻ പ്രവേശനം ചരിത്ര സംഭവമായിരുന്നു. യുവ ദലൈലാമ വടക്കൻ സിക്കിമിലെ നാഥു ലാ ചുരത്തിലൂടെ ഇന്ത്യയിലെത്തുമ്പോൾ, ഹൊമായി അവിടെയുണ്ടായിരുന്നു, ഡാർജിലിംഗിലേക്കുള്ള ട്രെയിനും അഞ്ച് മണിക്കൂർ നീണ്ട കാർ യാത്രയും കഴിഞ്ഞ് ഇരുട്ടിയപ്പോൾ താമസിക്കാൻ ഇടമില്ലാതെ ഗാംഗ്‌ടോക്കിൽ എത്തി. അന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീക്ക് സാമൂഹിക അവഹേളനത്തെക്കുറിച്ചും സുരക്ഷയെക്കുറ്റച്ചും വേവലാതിയുണ്ടായിരുന്ന കാലം തന്നെയായിരുന്നു.

ഹോമായിയുടെ മനോ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒന്നാന്തരമൊരു ഉദാഹരണമായി ഈ സന്ദർഭം. ഒരു പാർസി റസിഡന്റ് കോളനിയിൽ അഭയം തേടാനുള്ള അവളുടെ ശ്രമം പാഴായപ്പോൾ, അവിടുത്തെ താമസക്കാരിലൊരാൾ അവളോട് ഒരു ധാബയെ സമീപിക്കാനും താമസത്തിനായി മുറി തരാൻ ഉടമയോട് അഭ്യർഥിക്കാനും ആവശ്യപ്പെട്ടു.

ദലൈലാമയുടെ വരവിനായി കാത്തിരിക്കുന്ന ലേഖകരേയും ഫൊട്ടോഗ്രഫർമാരേയും കൊണ്ട് മാത്രം ഈ പരമ്പരാഗത, ധാബ നിറഞ്ഞിരുന്നു, ഉടമ അവൾക്ക് മുകളിലത്തെ നിലയിൽ ഒരു മുറിയും ഒരു ചെറിയ കിടക്കയും നൽകി, പുരുഷന്മാർ താഴെ ഒരു നിലയിൽ താമസിച്ചു. ആ പ്രതിസന്ധിഘട്ടത്തിലും അവർ പതറിയില്ല. അർധരാത്രിയിൽ, അവരുടെ സഹപ്രവർത്തകരിലൊരാൾ ഡാബയിൽ വന്നപ്പോൾ സ്ഥലക്കുറവ് കാരണം ഉടമ പ്രവേശനം നൽകിയില്ല. ഇത് കണ്ട ഹോമായി അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിയിൽ അയാൾക്ക് ഇടം നൽകി - തീർച്ചയായും 1950-കളിൽ ധീരവും അനുകമ്പയും നിറഞ്ഞ ഒരു സാഹസികതയാണത്.

homai-vyarawalla-first-woman-news-photographer-womans-day-feature-dalailama ഹോമായ് പകർത്തിയ ദലൈലാമ ചിത്രം, ഹോമായ്

ഈ യാത്രയിൽ ഹോമായിയുടെ പ്രയത്നത്തിന് ആത്യന്തികമായി പ്രതിഫലം ലഭിച്ചു. ടൈം-ലൈഫ് മാസികയ്‌ക്കായി ഒരു ഫോട്ടോ ആ സന്ദർഭത്തിൽ പകർത്തി . ദ ലൈലാമ ആചാരപരമായ വസ്ത്രത്തിലുള്ള ഒരു ചിത്രം. പിന്നീട്, ലോകം വാഴ്ത്തിയ ദലൈലാമയുടെ ഒരു ഐക്കണിക് ചിത്രമായി ആ ഫോട്ടോ.

താൻ ക്യാമറയിലാക്കിയ എല്ലാ ഉന്നത നേതാക്കളും അവരെ ബഹുമാനിച്ചിരന്നു. ഒരു സ്ത്രീ ഫൊട്ടോഗ്രഫറായതു കൊണ്ടല്ല മറിച്ച് അവരുടെ, ജോലിയിലുള്ള ആത്മാർഥതയും, അച്ചടക്കവും മതിപ്പുള്ള വാക്കിയതിനാലായിരുന്നു. അവരുടെ സഹപ്രവർത്തകനായിരുന്ന പ്രശ്സ്തനായ ഫോട്ടോഗ്രാഫറായ ടി.എസ്.സത്യൻ Alive And Clicking എന്ന തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ

എല്ലാ വർഷവും ഇന്ദിര ജന്മദിനത്തിന്റെ തലേനാൾ പത്രപ്രവർത്തകർക്ക് ഫോട്ടോ എടുക്കാനായി തയ്യാറാകുമായിരുന്നു. ഒരു തവണ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫർമാർ തിക്കും തിരക്കും കൂട്ടി. പടം എടുക്കാനായി തുടങ്ങിയപ്പോൾ പടം എടുക്കാനായി തുടങ്ങിയപ്പോൾ തിക്കും തിരക്കും കണ്ട് അവർ അസ്വസ്ഥയാവാൻ തുടങ്ങി. ഹോമായിയാകട്ടെ എങ്ങനെയാണ് പോസ് ചെയ്യണ്ടതെന്ന് ഇന്ദിരയോട് നിർദ്ദേശിച്ചു. ഹോമായി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇന്ദിര ഗാന്ധി അതേപടി അനുസരിച്ചു.

homai-vyarawalla-first-woman-news-photographer-womans-day-feature-indira-photo പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പകർത്തുന്ന വേളയിൽ ഹോമായ്.

ഇന്ദിര ഗാന്ധി ഒരു ചൂരൽമോഡയിൽ ഇരുന്ന് തല തിരിച്ചു നോക്കുന്ന ആഗിളിൽ ആണ് പടമെടുക്കാൻ ഇരുന്നത്. ഇന്ദിരക്ക് അവരെ നന്നായി അറിയാമായിരുന്നു. ''മമ്മി' ഞങ്ങൾ, ഫോട്ടോഗ്രാഫർമാരുടെ, ക്യാപ്റ്റനാണെന്ന് ഇന്ദിരാഗാന്ധിക്കറിയാമായിരുന്നു. സത്യൻ എഴുതി.

1969 ൽ ഭർത്താവായ മനേക്ഷാ മരിച്ചതോടെ അവർ പ്രഫഷനൽ ഫൊട്ടോഗ്രഫിയിൽ നിന്നു പതുക്കെ നിഷ്ക്രമിച്ചു. പിന്നീട് 2012 ൽ മരണം വരെ ബറോഡയിൽ കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫർമാരുടെ യുണിയനായ ന്യൂസ് ക്യാമറാമെൻ അസോസിയേഷന്റെ സ്ഥാപക മെമ്പറായിരുന്നു ഹോമായ് വ്യാരവാല. അവരുടെ പ്രഫഷനൽ പശ്ചാത്തലം വ്യക്തിത്വത്തെ കീഴ്പ്പെടുത്താൻ ഒരിക്കലും അവർ അനുവദിച്ചില്ല. അവരുടെ വ്യക്തിജീവിതം അവരുടെ സാമൂഹിക ജീവിതത്തിൽ നിന്ന് വളരെ അകലെയായിരുന്നു.,

ചലചിത്രകാരിയായ സബീന ഗാഡിഹോക്കിന്റെ ത്രീ വിമൻ ആന്‍ഡ് എ ക്യാമറ എന്ന ഹോമായ് വ്യാരവാലയെ കുറിച്ചുള്ള ഡോക്യുമെന്ററി, 1998 ൽ പുറത്തുവന്നതോടെ ഒരിക്കൽ കൂടി അവർ ചരിത്രത്തിലേക്ക് കേറി വന്നു. ഗാഡിഹോക്കിന്റെ വ്യാരവല്ലയുടെ ജീവചരിത്രം, ക്യാമറ ക്രോണിക്കിൾസ് ഓഫ് ഹോമായ് വ്യാരവാല (2006) പുറത്ത് വന്നതോടെ അതു വരെ, വിസ്മൃതയായ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറുടെ കഥ ഇന്ത്യ മുഴുവൻ ഒരിക്കൽ കൂടി അറിയപ്പെട്ടു. അവരുടെ സംഭാവനകൾ ഇന്ത്യൻ ന്യൂസ് ഫൊട്ടോഗ്രഫിയിൽ അനശ്വരമാണെന്ന് മനസലാക്കി അംഗീകാരം നൽകാൻ ഭരണകൂടം തയാറായി. മരണത്തിന് ഒരു വർഷം മുൻപ് 2011 ൽ ഇന്ത്യയിലെ രണ്ടാമത്തെ സിവിലിയൻ പരമോന്നത ബഹുമതിയായ' 'പത്മവിഭൂഷൺ' നൽകി രാജ്യം അവരെ ആദരിച്ചു. ന്യൂഡൽഹിയിലെ നാഷ്ണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഹോമായ് വൈറാവാലയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബോംബെ ക്രോണിക്കിളിൽ അച്ചടിച്ച തന്റെ ആദ്യത്തെ ഫോട്ടോയ്ക്ക് പേരു നൽകാൻ കഴിയാത്തതിന് ഹോമായ് വ്യാരവാലയ്ക്ക് ഒടുവിൽ, കാലം കാത്തു വച്ച നീതി നൽകി.