Thursday 09 March 2023 11:11 AM IST

‘മനസ്സിനെ ഉലച്ചു കളഞ്ഞു ആ കുട്ടിയുടെ വാക്കുകൾ. അതിനുള്ള മറുപടി, എപിജെ അബ്ദുൾ കലാം ആദിവാസി റസിഡന്‍ഷ്യൽ സ്കൂൾ’; ഉമ പ്രേമൻ

Binoy K. Alias

Chief Sub Editor

uma-preman-interview-apj-abul-kalam-tribal-school-cover

‘‘ഇതു തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയാണ്. എന്തെങ്കിലും ചെയ്യണമെങ്കിൽ കൊച്ചു കുട്ടികളെ പഠിപ്പിക്കണം. എങ്കിൽ മാത്രമേ പ്രയോജനമുണ്ടാവൂ. അതിന് ഞങ്ങളെയല്ല മാറ്റേണ്ടത്. നിങ്ങൾ നിങ്ങളെയാണ് മാറ്റേണ്ടത്...’’

മെ‍‍ഡിക്കൽ ഇൻഫർമേഷൻ നൽകുന്ന ശാന്തിയിലൂടെ സാമൂഹികസേവനരംഗത്ത് എത്തിയ ഉമ പ്രേമനെ വിദ്യാഭ്യാസ സേവനരംഗത്തേയ്ക്കു കൂടി തിരിച്ചു വിട്ടത് ഈ വാക്കുകളാണ്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽ നിന്നു പിജി കഴിഞ്ഞ അഞ്ചു ചെറുപ്പക്കാരെ ഉമ പ്രേമൻ സിവിൽ സർവീസ് കോച്ചിങ്ങിന് എറണാകുളത്തെ ഒരു സ്ഥാപനത്തിലേക്ക് വിട്ടു. എന്നാൽ, ആ ശ്രമം ഒരു പരാജയമായി. അതിലൊരു ചെറുപ്പക്കാരനാണ് ഉമയോട് ഇതു പറഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരയില്ലായ്മയാണ് ഈ കുട്ടികൾക്ക് വിനയായത് എന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ മേധാവി കൂടി പറഞ്ഞതോടെ ഉമ പ്രേമനും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററും ആദിവാസി മേഖലയിലെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.

‘‘മനസ്സിനെ ഉലച്ചു കളഞ്ഞു ആ കുട്ടിയുടെ വാക്കുകൾ. അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ ശാന്തിയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന ഞങ്ങൾക്ക് പുതിയൊരു വെളിച്ചമായിരുന്നു ആ വാക്കുകൾ. അവിടെയുള്ള എല്ലാ സ്കൂളുകളിലും ഞങ്ങൾ പോയി. ഹൈസ്കൂളിൽ എത്തുന്നതോടെ വലിയൊരു വിഭാഗം ആദിവാസി കുട്ടികൾ പഠനം ഉപേക്ഷിക്കുന്നതായി കണ്ടെത്തി. അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോഴാണ് ആ കുട്ടി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.

uma-preman-interview-apj-abul-kalam-tribal-classroom

ഇരുളർ, കുറുമ്പ, മുടുക വിഭാഗങ്ങളിൽ പെടുന്ന ആദിവാസികളാണ് അട്ടപ്പാടിയിലുള്ളത്. ഈ മൂന്നു കൂട്ടർക്കും അവരുടേതായ ഭാഷയുണ്ട്. മലയാളം അവർക്ക് മറ്റു ഭാഷകൾ പോലെ അന്യഭാഷയാണ്. കുട്ടികളുടെ പഠനത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഈ ഭാഷാപ്രശ്നം. കൂടാതെ ഇവർ കാര്യങ്ങളെ കണ്ടു മനസ്സിലാക്കുന്നവരാണ്. അക്ഷരങ്ങൾ വായിച്ചും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുന്നതിനേക്കാൾ കാഴ്ചകളിലൂടെ അതുൾക്കൊള്ളുന്നതാണ് ഇവരുടെ രീതി. മിക്ക കുട്ടികൾക്കും അതുകൊണ്ട് പഠനം ഒരു ബാലികേറാ മലയാണ്. ഇത്തരം കാരണങ്ങൾക്കു പരിഹാരമായാണ് ആദിവാസി റസിഡൻഷ്യൽ സ്കൂൾ എന്ന പ്രോജക്ട് തുടങ്ങിയത്.’’ 2015 വനിത വിമൻ ഓഫ് ദി ഇയർ കൂടിയായ ഉമ പ്രേമൻ പറഞ്ഞു.

എപിജെ അബ്ദുൾ കലാം ആദിവാസി റസിഡന്‍ഷ്യൽ സ്കൂൾ

uma-preman-interview-apj-abul-kalam-tribal-school-exterior

ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ട്രെസ്റ്റിന്റെ അഭ്യുദയകാംക്ഷികളായ ആളുകളുടെ സഹായത്തോടെ അട്ടപ്പാടി പട്ടിമാളം എന്ന സ്ഥലത്ത് സ്കൂളിനു വേണ്ടി അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി. 340 ദിവസം കൊണ്ട് സ്കൂളിന്റെ പണി തീർത്തു. 1500 ഇനം വൃക്ഷങ്ങളും ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള 2500 ഇനം മരുന്നു ചെടികളുമുള്ള ബൊട്ടാണിക്കൽ ഗാർഡൻ സ്കൂൾ വളപ്പിൽ വളർത്തിയെടുത്തു. ശുദ്ധജലത്തിന് ദൗർലഭ്യമുള്ള അടപ്പാടിയിൽ സ്കൂളിനു വേണ്ടി 5 ലക്ഷം ലീറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്കും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ചു. അങ്ങനെ 2018 ജൂൺ 15ന് ആദിവാസി കുട്ടികൾക്കു വേണ്ടി എപിജെ അബ്ദുൾ കലാം ആദിവാസി റസിഡന്‍ഷ്യൽ സ്കൂൾ ആരംഭിച്ചു.

uma-preman-interview-apj-abul-kalam-tribal-function

‘‘മൂന്നു ആദിവാസി ടീച്ചർമാരും ഒരു നോൺ ട്രൈബൽ ടീച്ചറും ആയിട്ടാണ് തുടക്കം. ആദിവാസി ഭാഷകൾക്കും അവർക്കു കാര്യങ്ങൾ മനസ്സിലാകുന്ന ബോധനരീതിക്കും പ്രാധ്യാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയിലാണ് പഠിപ്പിക്കുന്നത്. ആദ്യം 7, 8, വയസ്സുള്ള കുട്ടികളെ വരെ ഒന്നാം ക്ലാസിൽ ചേർത്തു. കണ്ടു മനസ്സിലാക്കുന്ന അവരുടെ രീതിക്ക് അനുസരിച്ച് ആഴ്ചയിൽ രണ്ടു ദിവസം പഠിക്കേണ്ട വ്യക്തികളുടെ പ്രച്ഛന്ന വേഷം കുട്ടികളെ കൊണ്ടു തന്നെ കെട്ടിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കും. 147 ആളുകളെപ്പറ്റി ഇത്തരത്തിൽ പഠിപ്പിച്ചത് അവർ എപ്പോൾ ചോദിച്ചാലും പറയും.

uma-preman-interview-apj-abul-kalam-tribal-school

ഇപ്പോൾ കുട്ടികൾക്ക് പിടി മാഷ്, കളരി, ഡാൻസ്, സംഗീതം എന്നിവ പഠിപ്പിക്കാൻ അധ്യാപകർ, അവരുടെ ഭാഷകൾക്കു പുറമേ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ട്രെസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞു വന്ന നോർത്ത് കരോലിന സ്വദേശി ഫ്രെഡ് ഒരു വർഷം കുട്ടികൾക്ക് ഇംഗ്ലീഷും ഗിറ്റാറും പഠിപ്പിച്ചു. ഇതവർക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റാൻ സഹായകമായി.

uma-preman-interview-apj-abul-kalam-tribal-activity2

4 മുതൽ 12 വയസ്സു വരെയുള്ള 142 കുട്ടികളാണ് സ്കൂളിലുള്ളത്. 10 കുട്ടികൾക്ക് ഒരു ആയ വച്ചുണ്ട്. കുക്ക്, എംഎസ്ഡബ്ലിയു ബിരുദമുള്ള 2 വാർഡന്മാർ എന്നിവരാണ് കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്. പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററും എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നു. ഫ്രെഡിനെ പോലെ വോളന്ററിയായി ആളുകൾ വന്ന് കുട്ടികൾക്കു വേണ്ടി വർക്‌ഷോപ്പുകൾ നടത്താറുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം സ്കൂളിനു നേടാനുള്ള പേപ്പർ വർക്കുകൾ പുരോഗമിക്കുകയാണ്. ഉടനേ ഒരു റോബോട്ടിക് ലാബും സ്വന്തമായി ബസുമാണ് സ്കൂളിനാവശ്യമുള്ളത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ട്രെസ്റ്റാണ് സ്കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത്.

uma-preman-interview-apj-abul-kalam-tribal-activity

142 കുട്ടികളിൽ 82 പോർക്ക് സ്പോൺസര്‍ ഉണ്ട്. കുട്ടികളുടെ തുടർപഠനത്തിനും സ്കൂളിന്റെ നടത്തിപ്പിനും പണം ഏറെ ആവശ്യമുണ്ട്. ‘100 പില്ലേർസ്’ എന്ന ട്രൈബൽ വിദ്യാഭ്യാസ പ്രോജക്ടാണ് ശാന്തി ട്രെസ്റ്റ് ഇതിനായി രൂപം കൊടുത്തിട്ടുള്ളത്. സ്കൂളിന്റെ പ്രവർത്തനങ്ങളോട് ചേര്ന്നു പ്രവർത്തിക്കാൻ താൽപര്യമുള്ള 100 ആളുകളെ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം 10 രൂപ ചലഞ്ച് വഴി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ പൊതുജനത്തിനും പങ്കാളിയാകാം. നിലവാരമുള്ള വിദ്യാഭ്യാസം ആദിവാസികുട്ടികൾക്കും നൽകുക എന്ന ലക്ഷ്യത്തിലേക്ക് ശാന്തിയോ‍ടൊപ്പം സഞ്ചരിക്കാം.’’ ഉമ പ്രേമൻ പറഞ്ഞു.

uma-preman-interview-apj-abul-kalam-tribal-students

ജീവിതം നൽകിയ തിരിച്ചടികളിൽ പതറാതെ മറ്റുള്ളവരുടെ ജീവിതം തിരികെ പിടിക്കാൻ സമൂഹത്തിലേക്ക് ശാന്തി മന്ത്രവുമായി ഇറങ്ങിയതാണ് ഉമ പ്രേമനെ 2015ൽ വനിത വിമൻ ഓഫ് ദി ഇയർ ആക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചെലവു കുറഞ്ഞ കെട്ടിട നിർമാണ രീതിയിൽ അംഗനവാടികളും ആശുപത്രി കെട്ടിടങ്ങളും നിർമിച്ചു നൽകി കോവിഡ് കാലത്ത് വേറിട്ട സേവനമാതൃക അവർ സമൂഹത്തിനു നൽകി. തനിക്ക് ചുറ്റും ജീവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ വരും തലമുറയെ ആത്മവിശ്വാസമുള്ളവരായി മാറ്റാനുള്ള ശ്രമമാണ് ഈ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ഉമ പ്രേമനും ശാന്തി ട്രെസ്റ്റും നടത്തുന്നത്.