Tuesday 07 March 2023 04:26 PM IST

എൽ ബി ഡബ്ല്യു; ലേഡി ബോസ് ഓഫ് ദി വിക്കറ്റ്: കേരള ക്രിക്കറ്റിൽ പുരുഷൻമാരുടെ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയർ ജോഡി

Easwaran Namboothiri H

Sub Editor, Manorama Traveller

lady-umpires-in-kerala-cricket-womens-day-feature-cover ഹന്നയും സോണിയമോളും: കേരളത്തിൽ പുരുഷക്രിക്കറ്റ് മാച്ച് നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ജോഡി

2023 ഫെബ്രുവരി 26. കോട്ടയം സിഎംഎസ് കോളജിന്റെ ക്രിക്കറ്റ് മൈതാനത്ത് പത്തനംതിട്ട എ ഡിവിഷൻ ലീഗിലെ മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ലിയോബി ബോയ്സും ഡ്യൂക്ക് സി സിയും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നു. ഫീൽഡിങ് ടീമിനും ഓപ്പണിങ് ബാറ്റർമാർക്കും മൂൻപേ അമ്പയർമാർ രണ്ടു പേർ മൈതാനത്തേക്ക് നടന്നു കയറിയപ്പോൾ, സംസ്ഥാനത്തിന്റെ ക്രിക്കറ്റ് നാൾവഴികളിൽ ഒരു ചരിത്ര സംഭവത്തിനു വേദിയാകുകയായിരുന്നു ഈ മത്സരം.

കേരള ക്രിക്കറ്റിൽ പുരുഷൻമാരുടെ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർ ജോഡിയായി മാറി അന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ച സോണിയ മോൾ ടി. പിയും ഹന്ന ഏബ്രഹാമും. കാലത്തിന്റെ സ്പോർട്ടിങ് പിച്ചിൽ നേരിട്ട ‘യോർക്കറു’കൾക്കും ‘ദൂസര’കൾക്കും അനുസരിച്ച് ബാറ്റ് വീശി, ജീവിതത്തിന്റെ ‘സ്കോറിങ് റേറ്റ്’ നിലനിർത്താനുള്ള ശ്രമത്തിൽ ക്രിക്കറ്റ് മൈതാനത്തിന്റെ ആരവങ്ങളിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ തീരുമാനിച്ചവരായിരുന്നു ഇവർ. എന്നാൽ, ക്രിക്കറ്റ് തങ്ങളെ തേടി എത്തിയതുപോലെ മൈതാനത്ത് പുതു സാധ്യത തെളിഞ്ഞപ്പോൾ മറ്റൊന്നും നഷ്ടപ്പെടുത്താതെ തന്നെ ക്രിക്കറ്റിനെ ചേർത്ത് പിടിച്ച് പുതിയ ഇന്നിങ്‌സ് തുടങ്ങി ഹന്നയും സോണിയയും. പഠനത്തിനൊ തൊഴിലിനൊ കുടുംബത്തിനോ വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കാതെ തന്നെ ജീവിത വിജയം കണ്ടെത്താൻ ശ്രമിക്കുന്ന പുത്തൻ തലമുറയിലെ യുവതികൾക്ക് തിളക്കമാർന്ന രണ്ട് ഉദാഹരണമാണ് ഇവർ.

പിച്ചിലെ മൂന്നാം ഇന്നിങ്സ്

സംസ്ഥാനത്ത് ആദ്യമായി വനിത അമ്പയർമാരുടെ മാത്രം ചുമതലയിൽ പുരുഷ വിഭാഗം മത്സരം അരങ്ങേറിയപ്പോൾ ശ്രദ്ധാകേന്ദ്രമായ ഒരാളാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സോണിയ മോൾ ടി. പി. കളിക്കാരിയായും കോച്ചായും മുൻപേ ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങിയ സോണിയയുടെ മൂന്നാമത്തെ ഇന്നിങ്‌സ് ആണ് അമ്പയറുടെ വേഷം.

lady-umpires-soniamol-umpiring-pink-tournament-womens-day-feature സോണിയമോൾ പിങ്ക് ടൂർണമെന്റിൽ

എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ പഠനകാലത്ത് കായികാധ്യാപകരായ സൂസി, സയന ടീച്ചർമാരുടെ കീഴിൽ അൽപം അത്‌ലറ്റിക്സൊക്കെയായി നടക്കുമ്പോഴാണ് ആദ്യ വഴിത്തിരിവുണ്ടായത്. എറണാകുളം ജില്ല കായികരംഗത്തെ പ്രമുഖനായ കെ എം ഷാഹുൽ ഹമീദ് സ്കൂളിൽ പുതിയ സോഫ്‌റ്റ്ബോൾ ടീം രൂപീകരിക്കാൻ എത്തി. അദ്ദേഹമാണ് തന്നെ സ്പോർട്സിലേക്ക് കൈ പിടിച്ച് ഇറക്കിയതെന്ന് സോണിയ ഓർക്കുന്നു. സോഫ്റ്റ്ബോൾ, ബേസ്ബോൾ ടീമുകളിലെ സജീവ അംഗമായെന്നു മാത്രമല്ല സംസ്ഥാന ടീമിൽ കളിക്കുകയും തുടർന്ന് ഇന്ത്യൻ ക്യാംപിൽ ഇടം പിടിക്കുകയും ചെയ്തു. പക്ഷേ, സാമ്പത്തികവും മറ്റും ആലോചിച്ചപ്പോൾ സോണിയ ഇന്ത്യൻ ക്യാംപിനു പോയില്ല.

ഹയർ സെക്കൻഡറിക്കു ശേഷം ബിരുദതലത്തിൽ സ്പോർട്സ് തന്നെ തിരഞ്ഞെടുക്കാൻ ആലോചിക്കേണ്ടി വന്നില്ല. ലക്ഷ്മിബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ചേർന്നപ്പോൾ ഒരു ഗെയിം സ്പെഷലൈസ് ചെയ്യണം. അറിയാവുന്ന ഗെയിമുകൾ സോഫ്റ്റ്ബോളും ബേസ്ബോളും അവിടെ ഇല്ല. ബാറ്റ് ആൻഡ് ബോൾ ഗെയിം എന്ന പരിഗണനയിലാണ് ക്രിക്കറ്റ് തെരഞ്ഞെടുത്തത്. പ്രഗദ്ഭനായ പരിശീലകൻ റോബിൻ മേനോൻ, ജോസ്‌ലറ്റ് ചാൾസ് എന്നിവരുടെ കീഴിൽ ക്രിക്കറ്റ് പഠിച്ചു തുടങ്ങിയതോടെ അതൊരു ‘ഭ്രാന്ത്’ തന്നെയായി. സീനിയർ വിമൻ ഉൾപ്പടെ വിവധ ടീമുകളിലായി അഞ്ച് വർഷം സംസ്ഥാന ടീമിൽ കളിച്ചു.

പഠനത്തിനു ശേഷം ജോലി അനിവാര്യമായതിനാൽ അതിനുള്ള അന്വേഷണത്തിലായി. അപ്പോഴേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലവൽ1 ക്രിക്കറ്റ് പരിശീലക യോഗ്യതയും നേടിക്കഴിഞ്ഞിരുന്നു. അങ്ങനെ തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിൽ ആദ്യം ചേർന്നു, ഒപ്പം കേരള സീനിയർ വിമൻസ് ടീമിന്റെ സഹപരിശീലക ആയിട്ടും നിയമിക്കപ്പെട്ടു.

അതിനിടെ ഒരു അപകടം സംഭവിച്ചതിനെ തുടർന്ന് പരിശീലകവേഷത്തിനും ഇടവേള നൽകി. അപ്പോഴാണ് സ്കൂളുകളിൽ കായികാധ്യാപിക ആകാനുള്ള ശ്രമം തീവ്രമാക്കിയത്. കൊച്ചിൻ റിഫൈനറിസിന്റെ കീഴിലുള്ള സ്കൂളിൽ ജോലി ലഭിച്ചതോടെ സ്ഥിരജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ചു. അതിനു ശേഷമാണ് അമ്പയറിങ് എന്ന സാധ്യത തെളിഞ്ഞതും കളിക്കാരിയുടെയും കോച്ചിന്റെയും മുഴുമിക്കാത്ത വേഷങ്ങളുടെ തുടർച്ചയ്ക്ക് പറ്റിയത് ഈ വേഷമാണ് എന്ന തിരിച്ചറിവു ലഭിച്ചതും

ക്യാപ്റ്റൻസിയിൽ നിന്ന് അമ്പയറിങ്ങിലേക്ക്

കുട്ടിക്കാലത്ത് ചേട്ടനോടൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ നാൾ മുതൽ ആ ഗെയിം ഒരു ആവേശമായി സ്വീകരിച്ചതാണ് തിരുവല്ല മഞ്ഞാടി സ്വദേശി ഹന്ന ഏബ്രഹാം. അപ്പയും അമ്മയും ആ താൽപര്യത്തെ സന്തോഷത്തോടെ ഉൾക്കൊണ്ടു . അച്ഛന്റെ സുഹൃത്ത് നടത്തുന്ന ചെങ്ങന്നൂർ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയിൽ വച്ച് പെൺകുട്ടികളുടെ ടീം സെലക്ഷൻ നടക്കുന്നതായി അറിഞ്ഞത്. അവിടെത്തിയ അന്ന് തന്നെ ആലപ്പുഴ ജില്ല ടീമിലേക്ക് സെലക്ഷൻ കിട്ടി. പിന്നെ 16 വയസ്സിൽ താഴെയുള്ളവരുടെയും 19 വയസ്സിൽ താഴെയുള്ള വരുടെയും സംസ്ഥാന ടീമിൽ ഇടം നേടി. അണ്ടർ 16 ടീം ക്യാപ്റ്റനുമായിരുന്നു ഹന്ന .

lady-umpires-hanna-umpiring-pink-tournament-womens-day-featurer ഹന്ന പിങ്ക് ടൂർണമെന്റിൽ

തിരുവല്ല മർത്തോമ കോളജിലെ ബിരുദ, ബിരുദാനന്തര ബിരുദ പഠന കാലത്ത് കോളജ്, കലാശാല ടീമുകളിലും അംഗമായിരുന്നു. പിന്നീട് പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കാനായി മൈതാനത്തു നിന്ന് കയറുകയായിരുന്നു ഈ ബാറ്റർ. പഠനം പൂർത്തിയാക്കി തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ കെമിസ്‌റ്റായി ജോലി നോക്കി വരുമ്പോഴാണ് ക്രിക്കറ്റ് മൈതാനത്തേക്ക് അമ്പയറുടെ റോളിൽ പോകാനുള്ള വഴി തുറന്നത്.

ഉറക്കം കെടുത്തിയ മാച്ച്

കോവിഡ് ലോക്‌ഡൗൺ കാലങ്ങളിലെപ്പോഴോ ആണ് പല കാരണങ്ങളാൽ ക്രിക്കറ്റ് കളി ഉപേക്ഷിച്ച മുൻ വനിത ടീമംഗങ്ങളെ ഉൾപ്പെടുത്തി ഒരു വാട്‌സാപ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിങ്ക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പ്ലേയേഴ്സ് ഇൻ കേരള കൂട്ടായ്മ പല കാരണങ്ങളാൽ കളിക്കളം വിട്ട ആളുകളെ വീണ്ടും സജീവമാക്കാൻ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ആശിർവാദത്തോടെ തുടക്കമിട്ടതാണ്. അതിന്റെ ആദ്യപടിയായിരുന്നു സംസ്ഥാനത്തെ ആദ്യ രാജ്യാന്തര അമ്പയർ ജോസ് കുരിശിങ്കൽ നേതൃത്വം നൽകിയ അമ്പയറിങ് പരിശീലനം. ഓൺ ലൈൻ ആയി തുടങ്ങിയ പരിശീലനത്തിൽ ആദ്യം 40 പേർ ചേർന്നിരുന്നു. ഏറെക്കാലമായി ക്രിക്കറ്റ് കളിക്കാരുമായി ബന്ധമൊന്നുമില്ലാതിരുന്ന ഹന്നയും സോണിയയുമൊക്കെ ആ ക്ലാസുകളിലൂടെ വീണ്ടും ഒന്നിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന ശേഷം 2021 ൽ തിരുവനന്തപുരത്ത് വച്ച് രണ്ടു ദിവസത്തെ ഓഫ് ‌ലൈൻ ക്ലാസിനുശേഷം മൂന്നാമത്തെ ദിവസം പരീക്ഷയും നടത്തി കെസിഎ ആദ്യ വനിത അമ്പയർ പാനൽ പ്രഖ്യാപിച്ചു. 14 പേർ ആയിരുന്നു ആ പട്ടികയിൽ ഉണ്ടായിരുന്നത്. ഹന്നയെയും സോണിയ മോളെയും കൂടാതെ ചേർത്തലക്കാരി സരിതയും കോഴിക്കോടുകാരി ഫർഹയുമാണ് അമ്പയർമാരുടെ വേഷം സജീവമായി സ്വീകരിച്ചിട്ടുള്ളത്.

lady-umpires-ihanna-soniamol-with-mensteam-womens-day-feature ഹന്നയും സോണിയമോളും ലിയോബി ബോയ്സ് ടീമിനൊപ്പം

കെസിഎ യുടെ വനിത ടീമുകളുടെ സെലക്ഷൻ ട്രയൽ മാച്ചുകളിലാണ് ആദ്യം ഹന്നയും സോണിയയും അപയർ കുപ്പായമിട്ടത്. പിന്നീട് ആലപ്പുഴയിൽ വച്ച് നടത്തിയ പിങ്ക് 20–20 ടൂർണമെന്റിലും ഒഫിഷ്യേറ്റ് ചെയ്തു. ആദ്യ മത്സരങ്ങളിലൊക്കെ മുതിർന്ന പുരുഷ അമ്പയറായിരുന്നു ഒരറ്റത്ത്. ‘‘പിങ്ക് ടൂർണമെന്റിന് ഫാൻകോഡ് ആപ്പിലൂടെ ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു. നമുക്ക് സഹായത്തിന് സാങ്കേതിക വിദ്യകളില്ല, പക്ഷേ, കളിക്കാർക്കും കാണികൾക്കും നമ്മുടെ ശരീരഭാഷ കാണാം. തീരുമാനങ്ങളെടുത്ത സന്ദർഭങ്ങളുടെ റീപ്ലേ വിഡിയോ കാണാം. തലേ രാത്രി ഒന്നര മണിക്കൂർ മാത്രമാണ് ഉറങ്ങിയത്.’’ സോണിയമോൾ ആദ്യമായി വലിയൊരു സ്‌റ്റേജിലെക്കെത്തിയ അനുഭവം പങ്കുവച്ചു.

‘‘പുരുഷ, വനിത മാച്ചുകൾ തമ്മിൽ വലിയ വ്യത്യാസം അനുഭവപ്പെടും. വനിത മാച്ചുകളിൽ കളിക്കാർ മിക്കവാറും പരിചയക്കാരായിരുന്നു. ചിലർ ഒപ്പം കളിച്ചവരുണ്ട്. ഗെയിമിന്റെ വേഗവും കുറവാണ്. പുരുഷൻമാരുടെ മാച്ചിന് വേഗത വളരെ കൂടുതലാണ്. പലപ്പോഴും അപ്പീലുകളൊക്കെ തീവ്രമാണെന്നും നിർണയങ്ങളെ ചോദ്യം ചെയ്യുക പതിവാണെന്നും ഒക്കെയാണ് കേട്ടിട്ടുള്ളത്. ’’ ഹന്ന ഏബ്രഹാം പുരുഷ മത്സരങ്ങൾ നിയന്ത്രിക്കുന്നതിന്റെ വെല്ലുവിളികൾ ഓർത്തു.

പത്തനംതിട്ട ജില്ലയുടെ എ ഡിവിഷൻ ലീഗ് മത്സരങ്ങളിലേക്ക് വിളിച്ചപ്പോഴാണ് പുരുഷവിഭാഗം മാച്ചുകൾ നിയന്ത്രിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘‘ലിയോബി ബോയ്സ്–ഡ്യൂക്ക് സിസി മാച്ചിന്റെ തലേ രാത്രി ആശങ്കകൾ ഇല്ലാതിരുന്നില്ല. ഹന്നയോടൊപ്പമിരുന്ന് രാത്രി ഒരുപാട് വൈകും വരെ കളി നിയമങ്ങൾ വിശകലനം ചെയ്തു. ആദ്യ ഓവർ തീരും വരെ നെഞ്ചിൽ തീയായിരുന്നു. രണ്ടാം ഓവർ തുടങ്ങിയതോടെ എല്ലാ ആശങ്കകൾക്കും വിരാമമായി. മറുവശത്ത് ഹന്നയായതും ഏറെ സഹായകമായിരുന്നു. ഞങ്ങൾ പ്ലേയേഴ്സ് ആയിരുന്നപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. പിന്നെ എല്ലാം സാധാരണമായിരുന്നു. രണ്ട് ടീമുകളിലെ കളിക്കാരും നന്നായി പെരുമാറി. ഒട്ടേറെ അപ്പീലുകളും എൽബിഡബ്ല്യു ചോദ്യങ്ങളും ഉയർന്നിരുന്നു. ഞങ്ങളുടെ തീർപ്പുകളെ ചോദ്യം ചെയ്തിട്ടുമുണ്ട്. പക്ഷേ, വിശദീകരണം കിട്ടിക്കഴിഞ്ഞാൽ അവർ അതിനെ എതിർത്തിട്ടില്ല. ഒന്നാന്തരം സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു ആ ഗെയിം നടന്നത്.’’ സോണിയമോൾ ആ ചരിത്ര മാച്ചിനെപ്പറ്റി പറഞ്ഞു.

‘‘മെൻസ് മാച്ച് ഒഫിഷ്യേറ്റ് ചെയ്യുമ്പോൾ വിമൻ അമ്പയർമാർ ആദ്യമേ തങ്ങൾ യോഗ്യതയുള്ളവരാണെന്ന് തെളിയിക്കണം. അവരെ ഒന്നു പേടിപ്പിച്ചാൽ നമുക്കനുകൂലമായ തീരുമാനങ്ങൾ നൽകും എന്നു പോലും കരുതുന്ന മെൻസ് പ്ലെയേഴ്സുണ്ട്. ആദ്യമേ അതിനെ അതിജീവിക്കുക എന്നതാണ് പുരുഷമാച്ചുകളിൽ വനിത അമ്പയർമാർ നേരിടുന്ന വെല്ലുവിളി’’ ഹന്ന പറഞ്ഞു.

രണ്ടു പേരുടെയും കുടുംബങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ കലവറയില്ലാത്തതാണ്, അതുപോലെ ജോലി സ്ഥലങ്ങളിൽ നിന്നും നൽകുന്നതും. എറണാകുളം

ഹന്ന ഏബ്രഹാമും സോണിമോൾ ടി പിയും അമ്പയറിങ് രംഗത്ത് പ്രഫഷനലായി തന്നെ മുൻപോട്ട് പോകാനുള്ള തയാറെടുപ്പിലാണ്. കെസിഎ സംഘടിപ്പിച്ച പരിശീലനത്തിനു ശേഷം ഇവർ നേരിട്ട് സംസ്ഥാനതല അമ്പയർ പാനലിലാണ് എത്തിയത്. ഇനി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) രണ്ട് തലങ്ങളിലുള്ള പരീക്ഷകൾ പാസായാൽ ദേശീയ, രാജ്യാന്തര മാച്ചുകളുടെ അമ്പയർമാരാകാം. സോണിയമോൾ കഴിഞ്ഞ ഫെബ്രുവരിയിൽ ബിസിസിഐയുടെ ആദ്യ ലവൽ പരിശീലനം കഴിഞ്ഞു, പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്.

പുതിയൊരു പാത

ഈ വർഷമാദ്യം ഗോവ–പോണ്ടിച്ചേരി രഞ്ജി ട്രോഫി മത്സരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. ആ മത്സരം നിയന്ത്രിച്ചത് പൂർണമായും വനിതകളായിരുന്നു. വൃന്ദ രതി, ജനനി നാരായണൻ, വി ഗായത്രി എന്നിവരുടെ സംഘം ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. അവരിൽ വൃന്ദരതി ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയ വനിത ട്വൊന്റി–20 ലോകകപ്പ് നിയന്ത്രിച്ച അമ്പയർമാരിൽ ഒരാളും ആയി. ആ ലോകകപ്പ് ആകട്ടെ ആദ്യമായി പൂർണമായും വനിതകൾ മാത്രം നിയന്ത്രിച്ച ലോകകപ്പും ആയി. അതേ, ലോകമെങ്ങും മാറ്റം വരികയാണ്. കേരളത്തിലെ സ്പോർട്സ്പ്രേമികളായ പെൺകുട്ടികളും ഈ മാറ്റത്തിനു തയാറാകട്ടെ. അവസരങ്ങൾ വരുന്നു എന്നും കുടുബം, ജോലി, വരുമാനം തുടങ്ങി ജീവിതത്തിലെ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെടുത്താതെ തന്നെ സ്പോർട്സിലായാലും നമ്മുടെ പാഷൻ പിന്തുടരമെന്നും കാട്ടിത്തരുന്നു സോണിയമോളും ഹന്നയും.