ആര്‍ക്കിടെക്ട്, ഓണ്‍ലൈന്‍ സംരംഭക, സാമൂഹികപ്രവര്‍ത്തക, മോഡല്‍.. ഒരു സ്ത്രീക്ക് എന്തൊക്കെ കഴിയും എന്നല്ല, കഴിയാത്തതായി ഒന്നുമില്ല എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് തൃശൂര്‍ സ്വദേശിയായ സ്രീന പ്രതാപന്‍. അനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത കരുത്തുറ്റ ജീവിതമാണ് സ്രീനയുടേത്. ആത്മഹത്യയുടെ മുനമ്പില്‍ നിന്ന് മദർ തെരേസ അവാർഡിനു സ്രീനയെ അര്‍ഹയാക്കിയത് ചെറുപ്രായത്തില്‍ അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളാണ്. നിറങ്ങളില്ലാത്ത വേദനകളുടെ കാലത്തു നിന്ന് സ്രീന നടന്നു കയറിയത് 2020 മിസിസ് കേരളയുടെ വർണങ്ങളിലേക്കാണ്. വരുന്ന ലാക്മെ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍ സുമിത് ദാസ് ഗുപ്തയുടെ ഷോ സ്റ്റോപ്പറായി മാറാൻ പോകുന്ന ജീവിതകഥ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് സ്രീന.
ഒന്നരക്കോടിയില്‍ പതറി..
വളരെ കൊച്ചു ആഗ്രഹങ്ങളുള്ള സാധാരണ പെണ്ണ്.. വിവാഹം കഴിഞ്ഞു, ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോവുകയായിരുന്നു. 2011 ലാണ് പ്രശ്നങ്ങൾ തലപൊക്കിയത്. എന്റെ ഭര്‍ത്താവ്, കെ.ഡി. പ്രതാപന്‍ ജോലി ചെയ്തിരുന്ന കമ്പനി ലീഗല്‍ പ്രശ്നങ്ങളുടെ പേരില്‍ പൂട്ടേണ്ടിവന്നു. നാലഞ്ചു പാര്‍ട്ണര്‍മാര്‍ ഒരുമിച്ചു നടത്തിയ കമ്പനിയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി കൊടുത്ത കേസിനെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ ഇടപെടലില്‍ ഞങ്ങളുടെ ട്രേഡിങ് കമ്പനി പൂട്ടി. നിന്നനിൽപ്പിൽ വെള്ളം പൊങ്ങുന്നതുപോലെ ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ കടം വന്നു.
അന്നെനിക്ക് ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്തിരുന്നു. കടം പെരുകിയതോടെ പണം കൊടുക്കാനുള്ളവർ ദിവസവും വീട്ടിൽ വന്നു പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. പലരും കേസ് കൊടുത്തതോടെ ഭർത്താവ് ജയിലിലായി. ഇതോടെ നീയിനി വരേണ്ട എന്നു പറഞ്ഞ് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് അവരെന്നെ പുറത്താക്കി. ശേഷം എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
ആ രാത്രി മറക്കില്ല...
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവമായിരുന്നു അന്നുണ്ടായത്. എന്റെ ശബ്ദം പോയത് ആ സംഭവത്തോടെയാണ്. പതിവുപോലെ കടക്കാരുടെ ശല്യം തുടർന്നു. അന്നും പണത്തിനുവേണ്ടി ഒരാള്‍ വീട്ടില്‍ വന്നു ബഹളം വച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞപ്പോൾ, എന്റെ കഴുത്തില്‍ കിടന്നിരുന്ന മൂന്നര പവന്റെ താലി ചെയ്നിലായിരുന്നു അയാളുടെ കണ്ണ്. മാല ആവശ്യപ്പെട്ടപ്പോൾ ഞാനത് ഊരിക്കൊടുത്തു. പക്ഷേ, അതിൽ കൊരുത്ത താലി മാത്രം ഞാന്‍ അയാളോട് തിരികെ ആവശ്യപ്പെട്ടു. അരപ്പവന്റെ കാശ് പോവില്ലേ.. അയാള്‍ അത് തന്നില്ല.!!
കെട്ടുതാലി നഷ്ടപ്പെട്ട വേദന എനിക്ക് താങ്ങാവുന്നതിനു അപ്പുറമായിരുന്നു. അന്ന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല, രാത്രി മരിക്കാനായി കഴുത്തിൽ കുരുക്കിട്ടു. എന്റെ പിടച്ചിലും ഞെരുക്കവും കേട്ടിട്ടാവണം അച്ഛന്‍ പെട്ടെന്ന് വാതില്‍ തള്ളിത്തുറന്ന് മുറിയ്ക്കകത്തേക്കു വന്നു. കുരുക്കഴിച്ച് എന്നെ താഴെയിറക്കുന്നതിനിടെ അച്ഛന്‍ ദേഷ്യത്തിൽ എന്റെ മുഖത്തടിച്ചു. ആ അടിയില്‍ എന്റെ മൂക്കില്‍ നിന്നും, വായില്‍ നിന്നും രക്തം വന്നു.
"നിന്റെ അമ്മ അനുഭവിച്ച പേറ്റുനോവിന്റെ അത്രയ്ക്കു വരില്ലല്ലോടീ ഈ വേദന. വയറു കീറിപ്പൊളിച്ച വേദനയും പേറി അവൾ ജീവനോടെ ഇരിക്കുമ്പോള്‍തന്നെ നിനക്ക് ചാവണോ? ശ്രമിച്ചാൽ വീട്ടാവുന്ന കടങ്ങളേ ഇപ്പോൾ ഉള്ളൂ.. അതിന് ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ?"- അച്ഛൻ എന്നെ കെട്ടിപിടിച്ചു കുറേ കരഞ്ഞു.
എന്റെ അച്ഛന്‍ ഹാര്‍ട്ട് പേഷ്യന്റ് ആണ്, അമ്മ തുണിക്കടയില്‍ സെയില്‍സ് ഗേളും. അമ്മയും അച്ഛനും കൂടി ഒന്നരക്കോടിയുടെ കടം എങ്ങനെ വീട്ടും എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ, ഏട്ടനാണെങ്കിൽ ജയിലിലും. 'നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ അച്ഛാ..' ഞാൻ നിസ്സഹായതയോടെ കരഞ്ഞു. അച്ഛന്‍ ഒന്നും പറയാതെ എന്റെ അടുത്തുവന്നിരുന്നു. ആ നിമിഷം എനിക്ക് കിട്ടിയ ഒരു ധൈര്യമുണ്ട്. വീണ്ടും ജീവിച്ചു കാണിക്കണം എന്നു തോന്നി. ആ സംഭവത്തിനു ശേഷം എന്റെ ശബ്ദം ഭാഗികമായി നഷ്ടപ്പെട്ടു. കഴുത്തില്‍ ഇന്നും മായാത്ത അടയാളമായി ആ മുറിവ് അവശേഷിക്കുന്നു.
പാവങ്ങളുടെ എൻജിനീയർ
ഭര്‍ത്താവിനെ ജയിലില്‍ നിന്നിറക്കാനും എല്ലാം പഴയപടിയാക്കാനും പോരാടാന്‍ തന്നെ തീരുമാനിച്ചു. നന്നായി അറിയാവുന്ന ജോലി കണ്‍സ്ട്രക്ഷനാണ്. ഒറ്റയ്ക്ക് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്തു തുടങ്ങി. വരുന്ന കേസുകളെല്ലാം കോടതിയില്‍ അദാലത്ത് വച്ച്, കുറച്ചു കുറച്ചായി ഫണ്ടുകളൊക്കെ കൊടുത്തു തീര്‍ക്കാം എന്നു വിചാരിച്ചു. അങ്ങനെ കേസുകളൊക്കെ പറഞ്ഞു ഒതുക്കി.
മറ്റൊരാളുടെ ഒരു രൂപ പോലും നമ്മളിലൂടെ നഷ്ടപ്പെടാന്‍ പാടില്ല എന്ന ഉറച്ച തീരുമാനമെടുത്തു. ഒരോരുത്തരും പണം അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് അറിയാം. ഒരാൾ വിശ്വസിച്ച് ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തുകൊടുക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്.
ആദ്യം നാലര ലക്ഷം രൂപയ്ക്ക് ചെറിയ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്തു. ഒരു വീടു പോലും പകുതിയില്‍ അവസാനിപ്പിച്ചു ഞാൻ മടങ്ങാറില്ല. പലരും വീടുപണി തുടങ്ങും, എന്നാൽ പിന്നീട് അത് പൂർത്തിയാക്കാനുള്ള കാശ് കയ്യില്‍ ഉണ്ടാകില്ല. എന്റെ ജോലിക്കാരെ വച്ച് ഓവര്‍ ടൈം പണിയെടുത്താണ് പലപ്പോഴായും ഏറ്റെടുത്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. അവരുടെ ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ടാണ് ഞാന്‍ ജോലി ചെയ്യുന്നത്. സാധാരണക്കാർക്കു വേണ്ടി ഇത്തരത്തില്‍ നിരവധി വീടുകള്‍ പണിതു കൊടുത്തു. കുറഞ്ഞ ബജറ്റില്‍ വീട് പൂര്‍ത്തിയാക്കി കൊടുക്കുന്ന എൻജിനീയര്‍ എന്ന നിലയ്ക്ക് ഞാന്‍ നാട്ടില്‍ അറിയപ്പെട്ടു തുടങ്ങി.
ഇനി മരിച്ചാലും വേണ്ടില്ല...
ആറു വര്‍ഷത്തെ എന്റെ അധ്വാനം, 2017 ആയപ്പോഴേക്കും ഒന്നരക്കോടിയുടെ കടം പൂര്‍ണമായും വീട്ടി. ഞാൻ എന്നന്നേയ്ക്കുമായി ഫ്രീയായി, മനസമാധാനത്തോടെ ഉറങ്ങി തുടങ്ങി. പിന്നീട് എത്ര പ്രതിസന്ധിയിലും എന്റെ സൈറ്റിലെ കണ്‍സ്ട്രക്ഷന്‍ പണി നിര്‍ത്തിയിട്ടില്ല. ഒരുപാട് കുടുംബങ്ങളിൽ അടുപ്പ് പുകയുന്നതാണ്. തൊഴിലില്ലാതെ ആരും പട്ടിണി കിടക്കാൻ ഇടവരരുത്. എന്റെ സങ്കടത്തിൽ തണലായി മാറിയ തൊഴിലാണ്, അത് ഒരിക്കലും നിർത്തില്ല എന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു.
അധികം വൈകാതെ ഹൈറിച്ച് എന്ന പേരില്‍ ഞാനും ഭര്‍ത്താവും ചേര്‍ന്ന് ഒരു ഓണ്‍ലൈൻ കമ്പനി തുടങ്ങി. ഭര്‍ത്താവിന്റെ ഐഡിയയായിരുന്നു, എന്റെ ഫിനാൻഷ്യല്‍ സപ്പോര്‍ട്ടും കൂടിയായപ്പോള്‍ നിരവധിപേര്‍ക്ക് അതിന്റെ പ്രയോജനം കിട്ടി തുടങ്ങി. ഞങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ സാധനങ്ങള്‍ വില കുറച്ച് വാങ്ങാന്‍ സാധിക്കും. അതിന്റെ ചെറിയ ഷെയര്‍ അവര്‍ക്കും ലഭിക്കും. ഇന്ന് 32 ലക്ഷം കുടുംബങ്ങൾ ഈ സംരംഭത്തിന്റെ ഭാഗമായി കഴിയുന്നുണ്ട്. ഒപ്പം സാധാരണക്കാരില്‍ സാധാരണക്കാരായ ഒരുപാടുപേര്‍ രക്ഷപ്പെട്ടു. ഇനി എനിക്ക് മരിച്ചാലും വിരോധമില്ല.
അതിഥിത്തൊഴിലാളിയും മനുഷ്യരല്ലേ..
മലയാളിക്കും അതിഥിത്തൊഴിലാളിക്കും ഒരേ കൂലി കൊടുക്കുന്ന തൃശൂരിലെ ആദ്യത്തെ എൻജിനീയര്‍ ഒരുപക്ഷേ ഞാനായിരിക്കും. എല്ലാവരും മനുഷ്യരാണ്... കൊള്ളുന്നത് ഒരേ വെയിലും മഴയും.. ചെയ്യുന്നത് ഒരേ ജോലി.. പിന്നെ കൂലിയിൽ മാത്രം എന്തിനാണ് വ്യത്യാസം? എന്റെ സൈറ്റില്‍ മലയാളിക്കും അതിഥിത്തൊഴിലാളിക്കും 1200 രൂപയാണ് കൂലി. മറ്റിടങ്ങളില്‍ അതിഥിത്തൊഴിലാളിക്കു നൽകുന്നത് 650 രൂപയാണ്.
എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നത് കൊണ്ടാവണം എനിക്കൊപ്പം ജോലി ചെയ്യാൻ അവര്‍ക്ക് ഭയങ്കര സന്തോഷമാണ്. വെറുതെയിരുന്ന് ആരും സമയം പാഴാക്കാറില്ല, ആത്മാർഥമായി ജോലി ചെയ്യും. അതുകൊണ്ടു കൃത്യസമയത്ത് വീടുകൾ തീര്‍ത്തു കൊടുക്കാന്‍ കഴിയുന്നുണ്ട്. അന്നൊക്കെ ആക്ടീവയിലാണ് എന്റെ യാത്ര. വണ്ടിക്കൂലി ലാഭിക്കാന്‍ അതിഥിത്തൊഴിലാളികളെ സ്കൂട്ടറിന്റെ പിന്നിൽ ഇരുത്തി സൈറ്റിലേക്ക് പോകുന്ന ഞാൻ നാട്ടുകാർക്കും പൊലീസുകാര്‍ക്കുമൊക്കെ കൗതുകക്കാഴ്ചയാണ്.
ആത്മഹത്യയുടെ മുനമ്പിൽ നിന്ന്...
എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ റേഡിയോയില്‍ എന്റെ അഭിമുഖം നടക്കുന്നു. അന്ന് അത്താണിയിലുള്ള ഒരു ചേട്ടന്‍ 20 ലക്ഷം രൂപ കടബാധ്യത വീട്ടാനാകാതെ വിഷം എടുത്തുവച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുകയായിരുന്നു. റേഡിയോയിലൂടെ അപ്രതീക്ഷിതമായി അദ്ദേഹം എന്റെ അഭിമുഖം കേള്‍ക്കാനിടയായി. ഒന്നരക്കോടിയുടെ കടം വീട്ടിയ എന്റെ കഥ കേട്ടതോടെ ആ ചേട്ടന്‍ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ചു.
അന്നു രാത്രി മൂന്നു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുമായി അദ്ദേഹം എന്റെ വീട് തേടിയെത്തി. എന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. മരണത്തില്‍ നിന്ന് അയാളെ രക്ഷിച്ചത് ഞാനാണെന്ന് പറഞ്ഞു. ‘ഒന്നരക്കോടിയുടെ കടം 21 വയസ്സുകാരിക്കു വീട്ടാമെന്നുണ്ടെങ്കില്‍, എനിക്കെന്താ 20 ലക്ഷത്തിന്റെ കടം വീട്ടിക്കൂടെ?’– അദ്ദേഹം ചോദിച്ചു.
മദർ തെരേസ അവാർഡ്
എത്ര വലിയ കഷ്ടപ്പാടിലും എനിക്ക് കിട്ടുന്ന വരുമാനത്തില്‍ നിന്ന് നേര്‍പകുതി ചാരിറ്റിക്കു വേണ്ടി മാറ്റിവയ്ക്കുമായിരുന്നു. കിട്ടുന്നതിന്റെ ഒരു വിഹിതം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ സഹായിച്ചവരുടെ പ്രാർഥന ആയിരുന്നിരിക്കണം ഈ ദുരിതക്കയത്തില്‍ നിന്ന് എന്നെ കര കയറ്റിയതും. കടക്കെണിയിൽ പൊറുതി മുട്ടിയപ്പോഴും കിട്ടുന്ന ചെറിയ വരുമാനത്തിന്റെ പകുതിയും കഷ്ടപ്പെടുന്നവർക്കായി ഞാൻ വീതിച്ചു നൽകി.
എന്നാല്‍ കഴിയുന്നതുപോലെ നിരവധിപേര്‍ക്ക് ചികിത്സാ സഹായം ചെയ്യുമായിരുന്നു. വൃക്കരോഗികള്‍ക്ക് ഡയാലിസിസിനു വേണ്ട പണം സഹായമായി എത്തിച്ചുനല്‍കി. അതിനുശേഷം വീടുകൾ ഡൊണേറ്റ് ചെയ്തു പണിതു കൊടുത്തു. വീടില്ലാത്തവർക്ക് വീട്, പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. കൂടാതെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. അവർക്ക് ഞാൻ അമ്മയാണ്.. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ, അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നെങ്കില്‍ നല്ലതല്ലേ..!
ഇരട്ടിമധുരം
ഞാന്‍ ഇരുനിറക്കാരിയാണ്, അത്യാവശ്യം വണ്ണമുള്ള ശരീരപ്രകൃതിയും. നിറത്തിന്റെ പേരില്‍ നിരവധി കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. ആ സമയം നമ്മുടെ ഉള്ളിലുണ്ടാകുന്ന വേദന എത്രത്തോളമാണെന്ന് പറയുന്നവര്‍ക്ക് അറിയില്ല. സങ്കടപ്പെടുത്തുന്നവരോട് ചിരിച്ചുകൊണ്ടു മറുപടി പറയാനാണ് എനിക്കിഷ്ടം. അത് എന്തെങ്കിലും നേടിയിട്ടാകുമ്പോള്‍ ഇരട്ടിമധുരം. 2020 ല്‍ മിസ്സിസ് കേരള പട്ടം നേടിയാണ് ഞാൻ പരിഹാസങ്ങൾക്ക് മറുപടി നൽകിയത്. അതെന്റെ ജീവിതത്തെ മാറ്റിമറിച്ച ഒന്നാണ്.
അഴകളവുകൾ എങ്ങുമെത്താത്ത എന്നെപ്പോലുള്ളവര്‍ക്കും സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാം എന്ന ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒരിക്കലും വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിന്റെ കടാക്ഷത്താല്‍ കിരീടം നേടി. അതിനുശേഷം നിരവധിപേര്‍ ഉയരവും നിറവുമൊന്നും പ്രശ്നമല്ല എന്നുപറഞ്ഞു മോഡലിങ് രംഗത്തേക്ക് മുന്നോട്ടുവന്നു. പിന്നീട് തൃശൂര്‍ ഫാഷന്‍ ഇവെന്റ് സംഘടിപ്പിക്കാനും സാധിച്ചു. വരുന്ന ലാക്മെ ഫാഷന്‍ വീക്കില്‍ സെലക്ഷന്‍ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. ഡിസൈനര്‍ സുമിത് ദാസ് ഗുപ്തയുടെ ഷോ സ്റ്റോപ്പര്‍ ആയിട്ട് ഇറങ്ങാനാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഉറക്കം കുറവും പ്രവൃത്തി കൂടുതലും
എന്റെ ലൈഫില്‍ ഉറക്കം വളരെ കുറവും പ്രവൃത്തി വളരെ കൂടുതലുമാണ്. ഒരു ദിവസം കിട്ടുന്ന 24 മണിക്കൂറില്‍ അര ദിവസം നമ്മള്‍ കിടന്നുറങ്ങി നശിപ്പിക്കേണ്ടതില്ലല്ലോ. ഞാന്‍ ആകെക്കൂടി ഉറങ്ങുന്നത് മൂന്നു മണിക്കൂര്‍ മാത്രമാണ്. എപ്പോഴും മെഡിറ്റേഷന്‍ ചെയ്താണ് കിടക്കാറ്. എന്റെ മുഖം കാണുമ്പോള്‍ ചെറിയ ക്ഷീണം ഒക്കെ തോന്നുമെങ്കിലും ഉറക്കക്കുറവിന്റെ പേരില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ല.
എന്റെ ശക്തി
രണ്ടു മക്കളാണ്, മോന്റെ പേര് അനശ്വര്‍, നാലു വയസ്സ്. മോള്‍ അനന്യ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഭര്‍ത്താവ് പ്രതാപന്‍ ഏതു കാര്യത്തിനും സപ്പോര്‍ട്ടാണ്. അതാണ് എന്റെ ശക്തിയും..