Tuesday 08 March 2022 04:46 PM IST

‘മരണം സംഭവിച്ചിട്ട് 6 മണിക്കൂർ ആയിരിക്കുന്നു’: അമ്മ ഉറക്കമാണെന്ന് കരുതി... പക്ഷേ...: കോവിഡിൽ ചിറകറ്റ മാലാഖ

Tency Jacob

Sub Editor

saritha-covid-fight

അന്നു രാത്രി വീടിന്റെ ഹാളിലായിരുന്നു അമ്മ ഉറങ്ങാൻ കിടന്നത്. ഞാൻ ക്വാറന്റീനിലായിരുന്നതു കൊണ്ട് മുറിയിലും കിടന്നു. രാവിലെ നോക്കുമ്പോൾ അമ്മ സോഫയിൽ നിന്നു ഇറങ്ങി തറയിൽ കിടക്കുന്നുണ്ട്. ചൂടു കൂടുമ്പോൾ അങ്ങനെയൊരു പതിവുള്ളതാണ്. അതുകൊണ്ടു അപകടമൊന്നും തോന്നിയില്ല. അച്ഛൻ ഗൾഫിൽ നിന്നു വിളിച്ചപ്പോഴും ചേച്ചി ഹോസ്റ്റലിൽ നിന്നു വിളിച്ചപ്പോഴും ‘അമ്മ ഉറക്കമാണെ’ന്നായിരുന്നു ഞാ ൻ പറഞ്ഞത്. പക്ഷേ...’’

അനന്തകൃഷ്ണന് സങ്കടം കൊണ്ടു വാക്കുകൾ തുടരാനായില്ല.അച്ഛൻ യേശുമണിയും ചേച്ചി അർഥനയും അവനെ ചേർത്തുപിടിച്ചു. ഞെക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ് അനന്തകൃഷ്ണൻ. അർഥന അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ഒപ്റ്റോമെട്രി മൂന്നാം വർഷ വിദ്യാർഥിനിയും.

മക്കളുടെ ചാരെയിരുന്ന് അച്ഛൻ ആ ദിവസത്തെ പൂരിപ്പിക്കാൻ തുടങ്ങി. തൊട്ടടുത്ത ചുമരിൽ ചിരിക്കുന്ന സരിതയുടെ ചിത്രം അ തു കേട്ടിരിക്കും പോലെ.

‘‘കുറച്ചു സമയം കഴിഞ്ഞു ഞാൻ വീണ്ടും വിളിച്ചു. അപ്പോഴും സരിത എഴുന്നേറ്റിരുന്നില്ല.‘അമ്മയെ വിളിച്ചു ഭക്ഷണം കൊടുക്കൂ’ എ ന്ന് മകനോടു പറഞ്ഞു. അവൻ ചായ ഉണ്ടാക്കി കുലുക്കി വിളിച്ചപ്പോൾ അമ്മ ഉണർന്നില്ല. വേഗം ചേച്ചിയെ ഫോണിൽ വിളിച്ചു. മോൾ പറഞ്ഞതനുസരിച്ചു മുഖത്തു വെള്ളം കുടഞ്ഞു നോക്കി.

കരച്ചിലിനിടയിലും അവൻ ആംബുലൻസ് വിളിച്ചു. അപ്പോഴേക്കും മകന്റെ കരച്ചിൽ കേട്ട് അടുത്തു തറവാട്ടുവീട്ടിൽ താമസിക്കുന്ന അമ്മയും ബന്ധുക്കളും എത്തിയിരുന്നു. ഹോസ്പിറ്റലിലെത്തി പരിശോധിച്ചപ്പോൾ മരിച്ചിട്ട് ആറുമണിക്കൂർ പിന്നിട്ടെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്.’’ യേശുമണി ഉള്ളു പൊള്ളിക്കുന്ന ഒാർമകൾ കുടഞ്ഞെറിയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

saritha-covid-death

അത്രമേൽ ഇഷ്ടമായിരുന്നു

പുത്തൻചന്ത വില്വമംഗലം വീട്ടിൽ സരിത വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസറായിരുന്നു. കല്ലറ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ പത്തു ദിവസം നീണ്ട കോവിഡ് ഡ്യൂട്ടി തീർത്ത് വരാനിരിക്കുമ്പോഴാണ് സുഖമില്ലാതാകുന്നത്.

ചെറിയൊരു ചുമയും തൊണ്ടവേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. കോവിഡ് പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഗുരുതര പ്രശ്നങ്ങളില്ലാതിരുന്നതു കൊണ്ട് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാനാണ് ഡോക്ടർ നിർദേശിച്ചത്. പിറ്റേന്നു രാവിലെ ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

‘‘സ്കൂളിൽ പഠിക്കുമ്പോഴേ അമ്മയ്ക്ക് നഴ്സിങ് ജോ ലി ഇഷ്ടമായിരുന്നെന്ന് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒഴിവുദിവസങ്ങളിൽ ഞങ്ങളെയും ജോലി ചെയ്യുന്ന ആ ശുപത്രിയിലേക്കു കൊണ്ടുപോകും. അല്ലെങ്കിൽ ജോലി കഴിഞ്ഞു വന്ന് അവിടുത്തെ വിശേഷങ്ങൾ മുഴുവൻ പറ ഞ്ഞു കേൾപ്പിക്കും.’’ അനന്തു കൂട്ടിച്ചേർത്തു.

തളർന്നു വീഴാതെ

‘‘സരിത ചെയ്യുന്ന ആറാമത്തെ കോവിഡ് ഡ്യൂട്ടിയായിരുന്നു ഇത്. ഗ്രേഡ് വൺ നഴ്സിങ് ഓഫിസർമാർ നഴ്സിങ് ചാർജ് ആയിട്ടു തന്നെയായിരുന്നു കോവിഡ് ഡ്യൂട്ടിക്ക് പോയിരുന്നത്.പക്ഷേ, നഴ്സുമാരുടെ കുറവു കാരണമായിരിക്കും കോവിഡു രോഗികളുടെ പരിചരണത്തിനായി നിയോഗിച്ചത്. ആദ്യമായിട്ടാണ് സരിതയ്ക്ക് കോവിഡ് രോഗികളെ നേരിട്ടു പരിചരിക്കേണ്ടി വരുന്നത്. 40 വയസ്സിനു മുകളിലുള്ളവരെ കോവിഡ് സെന്ററിൽ ഡ്യൂട്ടിക്കു പൊതുവെ അയയ്ക്കാറില്ല. സരിതയ്ക്ക് 45 വയസ്സായിരുന്നു. അതുപോലെ ഡിസംബറിൽ ഡ്യൂട്ടി ലിസ്റ്റിൽ പേരു വന്നപ്പോൾ ഈ കാരണങ്ങളെല്ലാം ചൂണ്ടികാണിച്ചു മാറ്റിയതാണ്. ജനുവരിയിലെ ലിസ്റ്റിൽ വീണ്ടും പേരു വന്നു.

പോകാനുള്ള നിർദേശം വന്നപ്പോൾ പിന്നെ, സരിത മറുത്തൊന്നും പറഞ്ഞില്ല. ലോകം മുഴുവൻ കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന സമയമല്ലേ. എതിർക്കുകയല്ല ചെയ്യേണ്ടതെന്നു ചിന്തിച്ചു കാണും. എല്ലാ കാര്യങ്ങളും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന വ്യക്തിയാണ്.

നാലുമണിക്കൂർ ആണ് ഒരു ദിവസത്തെ ഡ്യൂട്ടി സമയം.ആറു പേരായിരുന്നു ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. പിപിഇ കിറ്റും മാസ്ക്കുെമല്ലാം ധരിച്ചു കഴിഞ്ഞാൽ പിന്നെ ഒരിറ്റു വെള്ളം ഇറക്കാനോ ബാത്റൂമിൽ പോകാനോ സാധിക്കില്ല. ഡ്യൂട്ടി കഴിയുമ്പോഴേയ്ക്കും അവർ തളർന്നു വീണു പോകും.തുടർച്ചയായി പത്തു ദിവസമാണ് ഒരു ഡ്യൂട്ടി. ആ ദിവസങ്ങളിൽ വീട്ടിലേക്ക് വരില്ല. കോവിഡ് സെന്ററിലെ ഒരു മുറിയിൽ തന്നെയായിരുന്നു താമസം.കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.

വീട്ടിൽ വരുന്നതിനു മുൻപ് കോവിഡ് ടെസ്റ്റ് നടത്തും.കൂടെയുള്ള നഴ്സുമാർക്ക് കോവിഡ് ബാധിച്ചിരുന്നു. ചുമ യും തൊണ്ടവേദനയും കണ്ടാണ് പരിശോധിക്കുന്നത്.വൈകുന്നേരമായപ്പോൾ ചെറിയ പനിയും തുടങ്ങി. അവളും മകനും മാത്രമായിരുന്നു വീട്ടിൽ. മകൾ ഹോസ്റ്റലിലാണ്. ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരാൻ പറയണോ എന്നു ചോദിച്ചപ്പോൾ ‘എനിക്കു കുഴപ്പമൊന്നുമില്ല, വന്നാൽ അവർക്കൊക്കെ പകരില്ലേ’എന്നായിരുന്നു മറുപടി. വിളിച്ചിട്ടു ഫോൺ എടുക്കാതിരുന്നപ്പോൾ ക്ഷീണം കാരണം ഉറങ്ങുവാണെന്നാണ് കരുതിയത്. പോകാൻ സമയമായിട്ടുണ്ടായിരുന്നില്ല സരിതയ്ക്ക്.’’

യേശുമണി 24 വർഷമായി ദുബായിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയാണ്. കോവിഡു കാരണം ആദ്യമായി നാലു മാസത്തിനടുത്ത് വീട്ടിൽ നിന്നശേഷം ഓഗസ്റ്റിൽ തിരിച്ചു പോയതേയുള്ളൂ.

അമ്മയ്ക്ക് മരണമില്ലല്ലോ

‘‘പതിനെട്ടു വർഷം മുൻപ് പിഎസ്‍സി വഴിയാണ് ജോലി ലഭിച്ചത്. ജോലിക്കൂടുതൽ കാരണമായിരിക്കും ചില സമയത്ത് വയ്യെന്നൊക്കെ പറയും. എന്നാലും ആശുപത്രിയിലെത്തിക്കഴിയുമ്പോൾ ഇരട്ടി ഊർജമാണ്. പലരെയും പലതരത്തിലും സഹായിച്ചിട്ടുണ്ടെന്ന് സരിതയുടെ മരണശേഷം അവർ വന്നു പറയുമ്പോഴാണ് അറിയുന്നത്.സഹായങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു. ’’ ‘ഇനി

ഒന്നും ഓർമിക്കാൻ വയ്യ’ എന്നു പറഞ്ഞു യേശുമണി എഴുന്നേറ്റു.

‘‘ഹോസ്പിറ്റലിൽ ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനൊക്കെ ഞങ്ങളെയും കൂട്ടും. ഓരോന്നിലും ലേബലൊട്ടിച്ചു കൊടുക്കുന്നതെല്ലാം ഞങ്ങളുടെ പണിയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് പുസ്തകത്തിൽ കളറടിക്കാനൊക്കെ അമ്മയ്ക്കാണ് കൂടുതൽ ഉത്സാഹം.’’ അർഥനയുടെ വാക്കുകളിൽ നേർത്ത ചിരി പരന്നു. ഓർമയുടെ നറുംപാൽചിരി.

‘‘രാത്രി ഭക്ഷണം കഴിക്കാതെ കിടന്നതു കൊണ്ടു തളർന്നു കിടക്കുന്നതാകുമെന്നാണ് ഞാൻ കരുതിയത്. മരിക്കും എന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ര ണ്ടാം തരംഗത്തിൽ അങ്ങനെ ആളുകൾ മരിച്ച വാർത്തകൾ പോലും കേട്ടിരുന്നില്ലല്ലോ. അല്ലെങ്കിലും ഞങ്ങളുടെ അമ്മ മരിച്ചിട്ടില്ലല്ലോ.’’

കഠിനാദ്ധ്വാനം ചെയ്യുന്ന മാലാഖകൾ

‘‘അടുക്കും ചിട്ടയും കാര്യക്ഷമതയോടും കൂടിയായിരുന്നു സിസ്റ്റർ സരിത ജോലി ചെയ്തിരുന്നത്. ലേബർ റൂമിന്റെ ചുമതലയായിരുന്നു അവർക്ക്.

ഒരു ദിവസം റൗണ്ട്സിനു ചെന്നപ്പോൾ വളരെ ഭംഗിയുള്ള നീളമുള്ള ഒരു മാറ്റ് വിരിച്ചിട്ടിരിക്കുന്നു. സിസ്റ്റർ അത് സ്വന്തം നിലയിൽ വാങ്ങിയതായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞു. ഞാനത് ഞങ്ങളുടെ ഹോസ്പിറ്റൽ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു.’’ സരിത ജോലി ചെയ്തിരുന്ന വർക്കല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട്, ഡോ. ബിജു ബി. നെൽസൺ പറഞ്ഞു.

‘‘ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നു കല്ലറ കോവിഡ് സെന്ററിൽ ഉണ്ടായിരുന്നത്. നാലു പേരാണ് ഡ്യൂട്ടിക്ക് ഉ ണ്ടാകുക. അതിൽ ഒരാൾക്ക് എന്തെങ്കിലും വയ്യായ്കയോ കോവിഡോ വന്നാൽ മറ്റു മൂന്നുപേരും ചേർന്നു വേണം കാര്യങ്ങൾ ചെയ്യാൻ.

പകരം ഒരു നഴ്സിനെ കൊടുക്കാൻ പ റ്റാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. നഴ്സുമാർക്ക് തുടർച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരാറുണ്ട്.

നഴ്സുമാരെല്ലാം കഠിനധ്വാനം ചെയ്യുന്നവരാണ്. ഡോക്ടർമാർ റൗണ്ട്സ് കഴിഞ്ഞു പോയാൽ നഴ്സുമാരാണ് പിന്നീട് രോഗികളെ ശ്രദ്ധിക്കുന്നതും ആവശ്യമായ കാര്യങ്ങൾ െചയ്യുന്നതും.’’

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ