Monday 11 April 2022 12:13 PM IST : By സ്വന്തം ലേഖകൻ

‘അവർക്ക് നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല, മുഖത്ത് ഭാവമാറ്റവുമുണ്ടാകില്ല’: പാർക്കിൻസൺ രോഗം നൽകുന്ന സൂചനകൾ

parkinsons-feature

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍ രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് basal ganglia ഉം subtsantia nigra ഉം. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ല്‍ Dr. ജെയിംസ് പാർക്കിന്‍സണ്‍ ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നല്‍കിയത്. ആയുര്‍വേദത്തില്‍ 4500 വര്‍ഷങ്ങള്‍ക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസ്സിനു മേല്‍ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസ്സിനു മേല്‍ പ്രായം ഉള്ളവരില്‍ 0.3 % പേരില്‍ ഈ രോഗം കണ്ടുവരുന്നു.

രോഗകാരണങ്ങള്‍

ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകാം. 40 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.

1. അടിക്കടി തലയ്ക്കു ക്ഷതം എല്‍ക്കുന്നത്. പ്രത്യേകിച്ച് boxers ല്‍

2. ഇന്‍ഡസ്ട്രിയല്‍ ഏരിയ ല്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ച് കോപ്പര്‍, manganese , lead എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍

3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍

4. അമിതവണ്ണം, diabetes രോഗം ഉള്ളവര്‍

5. tricholoroethylene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍

6. വിറ്റാമിന് ഡി യുടെ അഭാവം ഉള്ളവര്‍

7. iron കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍

8. കുടുംബത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍

രോഗലക്ഷണങ്ങള്‍

പ്രധാനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ ഉള്ളത്.

1. വിറയല്‍

സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും. രോഗത്തിന്റെ കാലദൈര്‍ഘ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്ക് പടരുകയും ചെയ്യും. കൊടുത്താല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.

2. പേശികളുടെ ദൃഢത

എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യം ഏതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെല്ലിലേയും പേശികളെ ബാധിക്കുമ്പോള്‍ കൂനു ഉണ്ടാകാം.

3. പ്രവര്‍ത്തികളില്‍ പതുക്കെ

പഴയൊരു വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ വേഗത കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരറിയിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും പതുക്കെ കാലക്രമേണ പ്രകടമാകും.

4. ബാലന്‍സില്ലായ്മ

പാര്‍ക്കിന്‍സണ്‍ രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ടു എഴുനേല്‍ക്കുമ്പോളോ, പെട്ടന്ന് തിരിയുമ്പോളോ, നിരപ്പാലത്താ തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങളില്‍ കൂടെ മാറ്റങ്ങള്‍ പ്രകടമാകാം. കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും. സാധാരണയായി നമ്മള്‍ നടക്കുമ്പോള്‍ കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്‍ക്കിന്‍സണ്‍ രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ച് തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാര്‍ക്കിന്‍സണ്‍ രോഗികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗനിര്‍ണ്ണയം

പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (vascular പാര്‍ക്കിന്‍സോണിസം ) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്‌ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus ) ആകാം. ഇതിനായി തലച്ചോറിന്റെ സ്‌കാനിംഗ് ആവശ്യമായി വരാം. അത് പോലെ പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോന്നു അറിയാന്‍ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.

ചികിത്സാവിധികള്‍

പാര്‍ക്കിന്‍സണ്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖം അല്ല. എന്നാല്‍ നേരത്തെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കില്‍ ഒരു 7 -10 yrs ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സാ ലഭിക്കുക ആണെങ്കില്‍ 25 - 30 വര്‍ഷം വരെ ആയുര്‍ദൈര്‍ഖ്യം ഉണ്ടാകും.

തുടക്കത്തില്‍ ചെറിയ ഡോസില്‍ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ മരുന്ന് നിര്‍ത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിര്‍േദ്ദശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം. മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ തലച്ചോറിനുള്ളില്‍ പേസ്മേക്കര്‍ പോലുള്ള എലെക്ട്രോഡ്‌സ് വെച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation ) പോലുള്ള ചികിത്സരീതികളും ഇന്ന് ലഭ്യമാണ്.

മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചു വേദനയും, ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് ഏറെ അഭികാമ്യം ആയ വ്യായാമം.

രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടാണ് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നത്.

എല്ലാ വര്‍ഷവും ഏപ്രില്‍ 11 പാര്‍ക്കിന്‍സണ്‍ ദിവസമായി ആചരിക്കുന്നു. ഈ രോഗത്തിന്റെ പറ്റി സമൂഹത്തില്‍ ഒരു അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശം. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു അളവ് വരെ ഇതിന്റെ വൈഷമ്യതകള്‍ കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.