Monday 11 April 2022 03:25 PM IST : By സ്വന്തം ലേഖകൻ

ഡോ. രമയെ തളർത്തിയതും പാർക്കിൻസൺസ്, സാന്ത്വനമായത് ജഗദീഷിന്റെ കരുതൽ: വേണ്ടതും ഈ കരുതൽ

Dr-rama-parkinsons

ഇന്ന് ഏപ്രിൽ 11. ലോക പാർക്കിൻസൺസ് ദിനം. പാർക്കിൻസൺസ് രോഗത്തെപ്പറ്റി മതിയായ അവബോധം സൃഷ്ടിക്കുക എന്ന മുന്നറിയിപ്പോടെയാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. സന്ദേശങ്ങളും അവബോധങ്ങളുമായി ഈ ദിനവും കടന്നു പോകുമ്പോൾ മലയാളികൾ വേദനയോടെ ഓർക്കുന്ന ഒരു മുഖമുണ്ടാകും. കേരളം കണ്ട ഏറ്റവും മികച്ച ഫോറൻസിക് സർജനും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമയുടെ അകാലത്തിലുള്ള മരണത്തിനു പിന്നിലും പാർക്കിൻസൺസ് രോഗം ഉണ്ടായിരുന്നു.

ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു ഡോ. രമ. ഒന്നരവർഷത്തോളമായി അവർ കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ഡോ. രമ മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും സഹപ്രവർത്തകരും പ്രിയപ്പെട്ടവരും ഓർക്കുന്നു.

പാർക്കിൻസൺസ് രോഗം ഉണ്ടെന്ന തിരിച്ചറിവിലും അതിനെ സമചിത്തതയോടെ അവർ നേരിട്ടു എന്നതാണ് ശ്രദ്ധേയം. അതുമാത്രമല്ല, രോഗത്തിന്റെ ബുദ്ധിമുട്ടികൾക്കിടയിലും അവരെ ഹൃദയത്തോടു ചേർത്തു നിർത്തിയ ഭർത്താവ് ജഗദീഷ് അടക്കമുള്ളവരുടെ കരുതലും എടുത്തു പറയണം. നമുക്ക് ചുറ്റും ഒരു രോഗിയുണ്ടായാൽ അകറ്റി നിർത്തുകയല്ല, മറിച്ച് സാന്ത്വനവും സ്നേഹവും കൊണ്ട് ആ മുറിവുണക്കുകയാണ് വേണ്ടതെന്നും ഈ വലിയ നഷ്ടം ഓർമിപ്പിക്കുന്നു.

ലക്ഷണങ്ങൾ

∙ ശരീരഭാഗങ്ങൾക്ക് വിറയൽ

∙ മാംസപേശികളുടെ നിയന്ത്രണമില്ലായ്മ

∙ പേശികൾക്കു മുറുക്കം

∙ ചലനശേഷിക്കുറവ്

∙ ബലക്കുറവ്

∙ സംസാരിക്കുമ്പോഴുള്ള വിറയൽ

∙ എഴുതുന്നതിനുള്ള പ്രയാസം

ദിനചര്യയിൽ ശ്രദ്ധിക്കേണ്ടവ

എന്നും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുക (സൂര്യോദയത്തിന് മുമ്പ്). മലമൂത്രവിസർജനം വൈകിക്കാതിരിക്കുക. ദിവസവും കുളി ശീലമാക്കുക. വ്യായാമം, പ്രാർത്ഥന, യോഗ ഇവ ശീലമാക്കുക. രാത്രി സ്വസ്ഥമായി ഉറങ്ങുക. പകൽ ഉറക്കം ഒഴിവാക്കുകയും വേണം. 

ഭക്ഷണക്രമം

∙ നാരുകൾ ഉള്ളതും എളുപ്പം ദഹിക്കുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് ഈ രോഗികൾക്ക് അനുയോജ്യം. നാഡീ പേശി പുഷ്ടികരങ്ങളായ നെയ്യ്, ശുദ്ധജലം, ചെറുപയർ, മോര്, തേൻ, ബ്രഹ്മി, മുത്തിൾ, പാൽ, വെണ്ണ, ചെന്നെല്ലരി, നവരയരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ വിറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനാൽ കൊഴുപ്പ് കുറഞ്ഞ പാൽ, മുട്ട, മിതമായ മാംസാഹാരം എന്നിവ ശീലിക്കേണ്ടതാണ്. 

∙ ആന്റി ഓക്സിഡന്റ്സ് ധാരാളമുള്ള ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. 

∙ ആഹാരം കഴിക്കാതിരിക്കുക, ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, അസമയത്ത് ആഹാരം കഴിക്കുക എന്നിവ ഒഴിവാക്കുക.

∙ മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.

തലച്ചോറിൽ സംഭവിക്കുന്നത്

ഇച്ഛാശക്തിക്കരനുസരിച്ചു നാം ചലനങ്ങൾ നടത്തുന്നതു സെറിബ്രം അഥവാ തലച്ചോറിന്റെ നിർദ്ദേശാനുസരണമാണെങ്കിലും ചലനങ്ങളെ നിയന്ത്രിക്കുന്നത് ഉള്ളിലുള്ള ബെസൽ ഗാംഗ്ലിയ (Basal Ganglia) എന്ന ഭാഗമാണ്. ഈ ഭാഗത്തേക്കു നിർദ്ദേശങ്ങൾ വരുന്നതു തലച്ചോറിന്റെ കാണ്ഠഭാഗമായ മധ്യമസ്തിഷ്കമായ മിഡ്ബ്രയിനിൽ നിന്നാണ്. ഇതിന്റെ തന്നെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia Nigra) എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ ചുരുക്കം മൂലമാണ്, പാർക്കിൻസൺ രോഗം ഉണ്ടാകുന്നത്. നാഡീകോശങ്ങളുടെ ചുരുക്കം മൂലം കൈകാലുകളുടെ ചലനത്തിനാവശ്യമായ ഡോപ്പമിന്റെ (Dopamine) അളവു കുറയുകയും മറ്റു രാസവസ്തുക്കളുമായുള്ള തുലനാവസ്ഥയിൽ വ്യതിയാനം വരുകയും ചെയ്യുന്നു.നാഡീവ്യൂഹത്തിന് അകാലത്തിലുള്ള ചുരുക്കം ഉണ്ടാകുന്നതിനു ഭൂരിപക്ഷം രോഗികളിലും പ്രത്യേകിച്ചു കാരണങ്ങളൊന്നും കാണാറില്ല. ജനിതകമായും ചിലപ്പോൾ ഈ രോഗം കാണാറുണ്ട്. സാധാരണ ലാബ് പരിശോധനകളിൽ തകരാറുകളൊന്നും കണ്ടെത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമാണു രോഗനിർണയം നടത്തുന്നത്. സാധാരണയായി പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവുരന്നത്.

നാല് ലക്ഷണങ്ങൾ

പ്രധാനമായും നാലു ലക്ഷണങ്ങളാണു രോഗനിർണയത്തിന് അവലംബിക്കുന്നത്. 1. വിറയൽ (Tremor) 2. പേശീപിടുത്തം (Rigidity) 3. പ്രവർത്തന മന്ദത (Akinesia) 4. വിഴുമെന്ന തോന്നൽ (Postural instability) എന്നിവയാണ് ലക്ഷണങ്ങൾ.1. വിറയൽ70% രോഗികളിലും വിറയൽ അഥവാ ട്രെമർ ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലക്ഷണം. രോഗിയുടെ ശ്രദ്ധയിൽപ്പെടുന്ന ആദ്യലക്ഷണവും ഇതുതന്നെ. വിശ്രമാവസ്ഥയിലാണു വിറയൽ കൂടുതലായി കണ്ടുവരുന്നത്. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ പയർമണി വച്ച് ഉരുട്ടിക്കൊണ്ടിരിക്കുന്ന രീതിയിൽ ആയിരിക്കും കൂടുതൽ പേരിലും വിറയൽ കാണുക. മാനസ്സിക സംഘർഷമുള്ളപ്പോൾ വിറയൽ അധികമാകാം. നശ്ചലാവസ്ഥയിലുണ്ടാകുന്ന ഈ വിറയൽ, പ്രവൃത്തികൾ ചെയ്യുമ്പോഴുണ്ടാകുന്ന പാരമ്പര്യമായുണ്ടാകുന്ന വിറയിലിൽ നിന്നും വേർതിരിച്ചറിയേണ്ടതുണ്ട്. ആങ്ങനെയുള്ള വിറയൽ മാത്രം, മറ്റു ലക്ഷണങ്ങളില്ലാതെ ഉണ്ടാകുന്നതിനെ ഫമിലിയൽ ഇൻസൻഷ്യൽ ട്രെമർ (Familiar Essential tremor) എന്നറിയപ്പെടുന്നു. ഇതു പാർക്കൻസൺ രോഗമല്ല. പാർക്കിൻസൺ രോഗത്തിൽ താഴെ പറയുന്ന മറ്റു മൂന്നു ലക്ഷണങ്ങൾ കൂടി കാണും.

2. പേശീപിടിത്തം

മാംസപേശികളുടെ പിടുത്തം അഥവാ റിജിഡിറ്റി ആണ് അടുത്ത പ്രധാന ലക്ഷണം. സന്ധികൾ മടക്കാൻ ശ്രമിക്കുമ്പോൾ സുഗമമായി ചലിപ്പിക്കാൻ സാധിക്കാതെ വരുന്നതാണു ലക്ഷണം. കൈകാലുകളുടെ സന്ധികളിലാണ് ഈ പേശീപിടുത്തം കാണുന്നത്. ഇതുകൊണ്ടുതന്നെ രോഗി നിൽക്കുമ്പോൾ കഴുത്തു വളച്ച്, ശരീരം കൂനി, കൈമുട്ടും കാൽമുട്ടും വളച്ച് കൂനി നിൽക്കുന്ന അവസ്ഥ ഉണ്ടാകും. ഇതു രോഗികളെ തിരിച്ചറിയാൻ വളരെ സഹായിക്കും.

വ്യത്യാസം അറിയാം

പാർക്കിൻസൺസ് രോഗം പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണെങ്കിലും 45 വയസ്സിനു മുമ്പു ചിലരിൽ കാണാം. ഇതാണു പാർക്കിൻസൺസ് സിൻ‌ഡ്രോം അല്ലെങ്കിൽ പാർക്കിൻസോണിസം പ്ലസ് എന്നറിയപ്പെടുന്നത്. ഇതിന്റെ കാരണങ്ങൾ ∙ മാനസ്സിക രോഗചികിത്സയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം മൂലം

∙ മറ്റു ലോഹങ്ങളുടെ വിഷബാധ

∙ വിൽസൺ രോഗം–ശരീരത്തിന്റെ ചെമ്പിന്റെ അളവു കൂടുന്നതുകൊണ്ടുണ്ടാകുന്ന അസുഖം. പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ കൂടാതെ, ബൗദ്ധിക തകരാറുകൾ, അനൈശ്ചിക നാഡീവ്യൂഹത്തകരാറുകൾ, ശാരീരിക ബലക്കുറവ്, പക്ഷാഘാതം, മറ്റ് അവയവത്തകരാറുകൾ എന്നിവയും ഇത്തരക്കാരിൽ കാണാം.

3. പ്രവർത്തന മന്ദത

സാധാരണ ചെയ്യുന്ന പ്രവൃത്തികളായ നടത്തം, പല്ലുതേപ്പ്, എഴുത്ത് എന്നിവപോലും അതീവ മന്ദഗതിയിലാകും. ഇതുമൂലം വസ്ത്രധാരണം, ഭക്ഷണം കഴിക്കൽ തുടങ്ങിയ നിത്യജീവിതത്തിലെ പ്രവർത്തനങ്ങൾ ക്രമാതീതമായി ദീർഘിക്കുന്നു. മാംസപേശികളിലെ സാധാരണ ചലനം കുറയുക വഴി മുഖത്തെ ഭാവഭേദങ്ങളും കുറയുന്നതായി കാണാം. കൂടാതെ, നടക്കുമ്പോഴുള്ള സ്വാഭാവിക കരചലനങ്ങളും ഇരിക്കുമ്പോഴുള്ള ശാരീരിക അഡ്ജസ്റ്റുമെന്റുകളും കുറയും. ചുരുങ്ങിച്ചുരുങ്ങിപ്പോകുന്ന കൈയക്ഷരം, വളരെ നേർത്ത സംസാരം, ഉമിനീരൊലിപ്പ് എന്നിവയും പിൽക്കാലത്തു കാണാം.

4. അധിക വീഴ്ച

ശരീരതുലനാവല്ഥയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം ഇവർ മുന്നോട്ടോ പുറകോട്ടോ വീഴാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രായമായവരിലുണ്ടാകുന്ന വീഴ്ചയ്ക്ക് ഇതൊരു കാരണമാകാം. ഇവർ നടക്കുമ്പോൾ വളരെ സാവധാനം പാദങ്ങൾ മുന്നോട്ടു വച്ചു തുടങ്ങുമെങ്കിലും പടവുകൾ തെറ്റുകയും മുന്നോട്ട് ആഞ്ഞുപോവുകയും ചെയ്യും. ചിലപ്പോൾ നടത്തം തന്നെ തുടങ്ങാൻ ബുദ്ധിമുട്ടുമാകും. ഈ അവസ്ഥയെ നിശ്ചലാവസ്ഥ അഥവാ ഫ്ലീസിങ്ങ് (Freezing) എന്നാണു പറയുന്നത്.

ചികിത്സ എപ്പോൾ വേണം

നാഡീകോശങ്ങളുടെ ചുരുക്കം മൂലമുണ്ടാകുന്ന അസുഖം മരുന്നുകൊണ്ടു ചികിത്സിക്കാമെന്ന അറിവ് ആദ്യമായി പാർക്കിൻസൺസ് രോഗചികിത്സയിലൂടെയാണു വൈദ്യശാസ്ത്രത്തിനു ലഭിച്ചത്.

രോഗലക്ഷണങ്ങൾ നിത്യജീവിതത്തെ ബാധിച്ചു തുടങ്ങിയാൽ ചികിത്സ വേണം. ലീവോഡോപ്പ (Levodopa) എന്ന മരുന്നാണു പ്രധാനമായും നൽകുന്നത്. ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിൽ ലീവോഡോപ്പ വളരെ സഹായിക്കും. ആദ്യഘട്ടത്തിൽ രോഗം പുരോഗമിക്കുന്നതു തടയുന്നതിന് നാഡീസംരക്ഷണ മരുന്നുകളും ഇന്നു ലഭ്യമാണ്. വിറ്റമിൻ ഇ ഉൾപ്പെടെയുള്ള ഈ മരുന്നുകൾ നാഡീചുരുക്കം തടയാൻ ഫലപ്രദമാണ്.