Monday 11 April 2022 04:46 PM IST : By സ്വന്തം ലേഖകൻ

രോഗലക്ഷണങ്ങൾ ഒരേപോലെ; രോഗം പാർക്കിൻസൺസ് ആണോന്നു തിരിച്ചറിയാൻ...

symptoms-parkinsons-deseases-cover

പാർക്കിൻസൺസ് രോഗത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളെയും രോഗ സൂചനകളെയും മൊത്തത്തിൽ വിശേഷിപ്പിക്കാനുദ്ദേശിക്കുന്ന വാക്കാണ് പാർക്കിൻസോണിസം. ചലനങ്ങൾ മന്ദഗതിയിലാവുക, സ്റ്റിഫ്നെസ് (rigidity). വിറയൽ, ബാലൻസ് നഷ്ടമാവുക എന്നിവയാണ് പാർക്കിൻസൺ രോഗത്തിന്റെ ലക്ഷണങ്ങൾ.

എന്നാൽ, സമാനമായ ലക്ഷണങ്ങളുള്ള മറ്റു ചില രോഗങ്ങളിൽ നിന്നും പാർക്കിൻസൺ രോഗത്തെ വേർതിരിച്ചറിയാൻ പ്രയാസമാണ്. പ്രത്യേകിച്ച് രോഗത്തിന്റെ ആദ്യഘട്ടത്തിൽ. ഡോക്ടർ രോഗിയുടെ അവസ്ഥയെ കൃത്യമായി നിരീക്ഷിച്ച് , കൂടുതൽ ലക്ഷണങ്ങൾ രൂപപ്പെട്ടശേഷമേ സാധാരണഗതിയിൽ ഉറപ്പിച്ചുള്ള ഒരു രോഗനിർണയത്തിലേക്കെത്താൻ കഴിയൂ. അത്തരം ചില രോഗാവസ്ഥകളെ പരിചയപ്പെടാം.

കോർട്ടിക്കോബേസൽ ഡീജനറേഷൻ (സിബിഡി)

അപൂർവമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാർക്കിൻസൺസ് ഡിസീസിനു സമാനമായ ലക്ഷണങ്ങൾക്കൊപ്പം കാലുകളുടെ നിയന്ത്രണം നഷ്ടമാവുക, ലഘുവായ ചലനങ്ങൾ പോലും ബുദ്ധിമുട്ടേറിയതാവുക, ഭാഷാപ്രശ്നങ്ങൾ, മൂഡ് മാറ്റങ്ങൾ, ചിന്താശേഷി കുറയുക എന്നീ ലക്ഷണങ്ങളും കാണാം. സിബിഡിയിലെ ചലനവൈകല്യങ്ങൾ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കൂടുതൽ പ്രകടമായിരിക്കും. ഈ രോഗത്തെ നിയന്ത്രിക്കാനോ ഭേദമാക്കാനോ മരുന്നുകളും തെറപ്പികളുമില്ല. ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ്, സ്പീച്ച്– ഫിസിക്കൽ തെറപി എന്നിങ്ങനെയുള്ള സപ്പോർട്ടീവ് തെറപ്പികൾ ഒരുപരിധി വരെ ഗുണം ചെയ്തേക്കാം.

symptoms-parkinsons-deseases-2

നോർമൽ പ്രഷർ ഹൈഡ്രോസെഫാലസ്

തലച്ചോറിലെ ഫ്ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്നങ്ങൾ വരുന്നു. നടക്കാൻ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേക ബ്രെയിൻ സ്കാനുകൾ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിർണയം നടത്തുന്നത്. സർജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു.

ഡിമൻഷ്യ വിത്ത് ല്യൂവി ബോഡീസ് (LBD)

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലായി ആൽഫ സിനൂക്ലിൻ (Alpha Synuclein) എന്ന പ്രോട്ടീൻ അമിതമായി അടിയുന്നതാണ് ഈ രോഗത്തിനു കാരണം. 50 വയസ്സിനു ശേഷം ആരംഭിക്കുന്ന ഈ രോഗാവസ്ഥ പാർക്കിൻസൺസ് രോഗത്തേക്കാൾ വേഗത്തിൽ ഗുരുതരമാകാം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന ഈ രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഒാർമയ്ക്കും ചിന്തയ്ക്കും പ്രശ്നങ്ങളുണ്ടാകുന്നു. ശ്രദ്ധക്കുറവ്, മിഥ്യാകാഴ്ചകളും (Hallucinations) ഉണ്ടാകാം. രോഗം പുരോഗമിക്കുന്നതിനനുസരിച്ച് നടത്തവും ചലനങ്ങളും മന്ദഗതിയിലാവുക, സ്റ്റിഫ്നെസ്സ് തുടങ്ങി പാർക്കിൻസോണിസത്തിനു സമാന ലക്ഷണങ്ങളും മണം നഷ്ടമാവുക, മൂഡ് പ്രശ്നങ്ങൾ, പാർക്കിൻസോണിസം എന്നിവയും കണ്ടുവരുന്നു. പാർക്കിൻസോണിസം ലക്ഷണങ്ങളെ കുറയ്ക്കാൻ മരുന്നുകൾ ഉപകരിച്ചേക്കും. പക്ഷേ, ഇവ മിഥ്യാകാഴ്ചകളെ വർധിപ്പിക്കാം. ചില എൽബിഡി രോഗികൾക്ക് അൽസ്ഹൈമേഴ്സ് രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ പ്രയോജനകരമാകുന്നതായി കണ്ടിട്ടുണ്ട്.

മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി

പാർക്കിൻസൺസ് ഡിസീസിനു സമാനമായ ലക്ഷണങ്ങൾ മാത്രമല്ല മറ്റു ചില ലക്ഷണങ്ങളും ഈ രോഗത്തിന്റേതായി പ്രകടമാകാം. കോ ഒാർഡിനേഷൻ പ്രശ്നങ്ങൾ, ശരീരത്തിലെ രക്തസമ്മർദവും മൂത്രാശയത്തിന്റെ പ്രവർത്തനവുമൊക്കെ നിയന്ത്രിക്കുന്ന ഒാട്ടോണമിക്നാഡീവ്യവസ്ഥയുടെ പ്രവർത്തന തകരാറുകൾ എന്നിവയൊക്കെ ലക്ഷണങ്ങളിലുൾപ്പെടുന്നു. രോഗം ഉറപ്പിക്കാനായി പ്രത്യകിച്ച് പരിശോധകളില്ല, രോഗലക്ഷണങ്ങളിലൂടെയും ശാരീരിക പരിശോധന വഴിയുമാണ് രോഗം നിർണയിക്കുക.

symptoms-parkinsons-deseases-1

ഔഷധങ്ങളിലൂടെ ലക്ഷണങ്ങളുടെ ശക്തി കുറയ്ക്കാം എന്നല്ലാതെ രോഗം പൂർമമായി ഭേദമാക്കാനുള്ള ചികിത്സയില്ല.

എസൻഷ്യൽ ട്രെമർ

വാർധക്യയത്തിലാണ് ഈ രോഗാവസ്ഥ സാധാരണ പ്രകടമാകുന്നതെങ്കിലും ഏതു പ്രായത്തിലും വരാം. പാർക്കിൻസൺസ് രോഗത്തിന്റെ വിറയലിൽ നിന്നു വ്യത്യസ്തമായി തലയ്ക്കും ശബ്ദത്തിനുമൊക്കെ വിറയൽ വ രാം. എസൻഷ്യൽ ട്രെമർ ഉള്ളവർക്ക് പാർക്കിൻസൺ രോഗം വരാനുള്ള സാധ്യത സാധാരണക്കാരേക്കാൾ കൂ ടുതലാണ്. ക്ലിനിക്കൽ പരിശോധന വഴി രോഗം നിർണയിക്കാം. ഔഷധങ്ങളും തീവ്രതയേറിയ രോഗികളിൽ ശസ്ത്രക്രിയയും ആവശ്യം വന്നേക്കാം.

വിവരങ്ങൾക്ക് കടപ്പാട്: പാർക്കിൻസൺസ് ഫൗണ്ടേഷൻ