Monday 21 November 2022 11:39 AM IST

‘പൊലീസ് ജോലി കിട്ടിയ കാലം മുതൽ ഞാൻ അമ്മയെ പണിക്കു വിട്ടിട്ടില്ല’: അയനിവളപ്പിലെ ഈ വീടിനുണ്ടൊരു കഥ: വിജയൻ പറയുന്നു

V.G. Nakul

Sub- Editor

Im-Vijayan-Home

പ്രിയപ്പെട്ട ഓരോ വീടിനും പറയാനുണ്ടാകുമൊരു ജീവിതം. ഇവർ പങ്കുവയ്ക്കുന്നു, ഓർമയുടെ തുമ്പത്ത് മായാതെ തിളങ്ങുന്ന വീടിന്റെ കഥ

 ‘‘അങ്ങനെയാണ്  ചെമ്പൂക്കാവിലെ ‘മണിസൗധം’ പണിതത്. എന്റെ അച്ഛന്റെ പേരാണ് വീടിനും. ഈ ഒരേയൊരു വീട് മാത്രമേ ഞാൻ
കെട്ടിയിട്ടുള്ളൂ. ഇതാണ് എന്റെ പ്രിയപ്പെട്ട വീടും.’’  ഐ.എം.വിജയൻ

അയനിവളപ്പിലെ ഒന്നരസെന്റിലെ ഓലപ്പുരയിൽ നിന്ന് അമ്മയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റണമെന്ന ആഗ്രഹമായിരുന്നു എനിക്കു വീട്. വീട് വയ്ക്കാനുള്ള പണം കണ്ടെത്താനാണ് കൊൽക്കത്തയിലേക്ക് കളിക്കാൻ പോയത്.

വീട് എന്ന സ്വപ്നം മനസ്സിൽ കിടന്നതിനാൽ കൊൽക്കത്തയില്‍ കളിക്കാൻ പോകുമ്പോൾ ഊർജം കൂടുതലായിരുന്നു. കിടപ്പാടമാണല്ലോ പ്രധാനം. സത്യത്തിൽ വീട് എന്ന സ്വപ്നമാണ് കാലുകൾക്ക് കൂടുതൽ ശക്തി പകർന്നതെന്നു പറയാം.

അങ്ങനെയാണ് 1994 ൽ ചെമ്പൂക്കാവിലെ ‘മണിസൗധം’ പണിതത്. എന്റെ അച്ഛന്റെ പേരാണ് വീടിനും. ഈ ഒരേയൊരു വീട് മാത്രമേ ഞാൻ കെട്ടിയിട്ടുള്ളൂ. അതാണ് എന്റെ പ്രിയപ്പെട്ട വീടും.

കൊൽക്കത്തയിൽ മോഹൻബഗാനുവേണ്ടി കളിക്കാ ൻ പോയി ഉണ്ടാക്കിയ കാശിനാണ്, 1991ൽ എട്ട് സെന്റു വസ്തു വാങ്ങിയത്. മെയിൻ റോഡിന് നൂറ് മീറ്റർ ഉള്ളിലേക്ക് മാറി, കുറേ വീടുകൾ ഉള്ള പ്രദേശമാണ്. പിന്നീട് വലിയ ഓഫറുകളൊക്കെ കിട്ടി കേരളത്തിലേക്ക് തിരിച്ചു വന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നീങ്ങിയില്ല. അങ്ങനെ കൊൽക്കത്തയ്ക്ക് തിരിച്ചു പോയി.

ഒറ്റ നിലയിൽ രണ്ടു മുറികളുള്ള ചെറിയ വീടാണ് ആ ദ്യം പണിഞ്ഞത്. 1995 ൽ ആയിരുന്നു വിവാഹം. പിന്നീട് കുടുംബം വലുതാകുന്നതിനനുസരിച്ചു വീടും വളർന്നു. കിടപ്പുമുറിയാണ് വീട്ടിൽ എന്റെ പ്രിയപ്പെട്ട ഇടം. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും തെളിമയോടെ നിറയുന്ന ആ ചുവരുകൾക്കുള്ളിൽ ഞാൻ ഞാനാകുന്നു.

ചെമ്പൂക്കാവിലെ വീട് പണിയുന്നതിനു എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത് എന്റെ ഗോഡ്ഫാദറായ മാത്യു അച്ഛനാണ്. അദ്ദേഹം ഖാദിയുടെ ഡയറക്ടറായിരുന്നു. ഞാൻ ‘അച്ഛൻ’ എന്നാണ് വിളിക്കുക. അന്നത്തെ സാമ്പത്തിക നിലയ്ക്കനുസരിച്ചാണ് ആദ്യം വീടൊരുക്കിയത്. ഇപ്പോൾ നാലഞ്ച് ബെഡ്റൂമും ഹാളും അടുക്കളയുമൊക്കെയായി. അത്യാവശ്യം വലുപ്പമുള്ള ഒന്ന്.

ഞാൻ ആ സ്ഥലം വാങ്ങുമ്പോൾ ഒരു ചതി പറ്റിയിരുന്നു. അതിൽ ചില നിയമ പ്രശ്നങ്ങളുണ്ടായി. വീട് വ യ്ക്കാൻ പറ്റാത്ത അവസ്ഥയായി. ലീഡർ കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹമാണ് അത് ശരിയാക്കിത്തന്നത്. വീട് വച്ചപ്പോൾ എനിക്ക് സർക്കാരാണ് വീട് വച്ചു തന്നതെന്ന് കഥ വന്നു. അങ്ങനെയല്ല, എന്റെ അധ്വാനം കൊണ്ട് ഞാൻ പണിതതാണിത്.

എന്റെ വീട്ടിൽ വന്നു താമസിക്കാത്ത സുഹൃത്തുക്കളില്ല. ജോപോൾ അഞ്ചേരിയൊക്കെ എന്റെ കൂടെ ദിവസങ്ങളോളം ഈ വീട്ടിൽ തങ്ങിയിട്ടുണ്ട്. അയനിവളപ്പിലെ ഓലപ്പുരയിൽ നിന്നു തുടങ്ങിയ സൗഹൃദങ്ങളാണെല്ലാം... എന്റെ നേട്ടങ്ങളിൽ അസൂയപ്പെടുന്നവരല്ല, സന്തോഷിക്കുന്നവർ.

സ്വന്തം വീട്ടിൽ കിടക്കുന്ന സന്തോഷം മറ്റെവിടെ കിടന്നാലും കിട്ടില്ലല്ലോ. സാക്ഷാൽ അംബാനിയോട് ചോദിച്ചാലും ഇതുതന്നെയാകും പറയുക. കക്ഷിക്ക് ലോകത്ത് എവിടെ വേണമെങ്കിലും പോയി താമസിക്കാം. പക്ഷേ, സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന തൃപ്തി കിട്ടണമെന്നില്ല.

മാത്രമല്ല, സ്വന്തം അധ്വാനം കൊണ്ട് ഒരു വീട് പണിഞ്ഞ് അതിൽ താമസിക്കുന്നതിന്റെ തൃപ്തി, അച്ഛൻ പണിഞ്ഞു തന്നാലോ, പാരമ്പര്യമായി കൈമാറിക്കിട്ടിയാലോ ഉണ്ടാകില്ല. വീട് ഒരു ആഡംബരമാക്കാൻ ശേഷിയുള്ളവർക്ക് ആകാം. അതൊക്കെ അവരവരുടെ ഇഷ്ടം.

ഇടത്തരക്കാരനെ സംബന്ധിച്ച് സുരക്ഷിതമായ ഒരു ഇടം എന്നതാണ് വീട്. കേരളം പോലെ എന്നെ സ്നേഹിച്ച മറ്റൊരു നാടാണ് കൊൽക്കത്ത. അവിടെ വീട് വാങ്ങണമെന്ന് തോന്നിയിട്ടില്ലേ, എറണാകുളത്ത് സെറ്റിലായിക്കൂടെ എന്നൊക്കെ പലരും ചോദിച്ചിരുന്നു. പക്ഷേ, എനിക്ക് തൃശൂർ വിട്ട് പോകുക ചിന്തിക്കാനാകില്ല.

തൃശൂര് വിട്ട് എങ്ങോട്ടുമില്ല

‘‘അമ്മ പാട്ടയും കടലാസും പെറുക്കാൻ പോയാണ് ഞങ്ങളെ പോറ്റിയത്. അക്കാലം മുതൽ മനസ്സിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.

ഒരു ജോലി നേടി അമ്മയെ പണിക്കു വിടാതെ പോറ്റണം, സുരക്ഷിതമായ ഒരിടത്ത് പാർപ്പിക്കണം. പൊലീസിൽ ജോലി കിട്ടിയ കാലം മുതൽ ഞാൻ അമ്മയെ പണിക്കു വിട്ടിട്ടില്ല. അതിനൊക്കെ മുൻപേ പറ്റുന്ന പണിക്ക് പോയി കിട്ടുന്ന കാശൊക്കെ അമ്മയെ കൊണ്ടു പോയി ഏൽപ്പിക്കും.

സെവൻസ് മത്സരങ്ങള്‍ നടക്കുമ്പോൾ സോഡ വിൽക്കാനിറങ്ങിയാൽ, കാശും കിട്ടും കളിയും കാണാം. പന്തലു പണിക്കും കുഴികുത്താനുമൊക്കെ പോയിരുന്നു.

ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. അയനിവളപ്പിലെ ഞാൻ ജനിച്ചു വളർന്ന വീട് ഇപ്പോഴില്ല. എങ്കിലും ഓർമയിൽ ഇപ്പോഴും മായാതെയുണ്ട് ആ വീട്.