Tuesday 30 August 2022 11:19 AM IST

മനസറിയുന്ന കുറച്ചുപേർ മതി, അതിഥികളുടെ എണ്ണം കുറച്ചോളൂ.. കല്യാണം കളറാകും: ഇന്റിമേറ്റ് ആകുന്ന വിവാഹങ്ങൾ

Chaithra Lakshmi

Sub Editor

Intimate-wedding

കോവിഡിന്റെ വരവിന് ശേഷമാണ് നമ്മൾ ആ സത്യം തിരിച്ചറിഞ്ഞത്. വിവാഹത്തിന് ആയിരവും പതിനായിരവും ആളുകൾ വേണ്ട. നൂറു വിഭവങ്ങൾ നിറഞ്ഞ സദ്യയും വേണ്ട. വിവാഹപ്പന്തലി‍ൽ തിക്കും തിരക്കും ഒന്നും വേണ്ട. കല്യാണം കളറാകാൻ വധുവിന്റെയും വരന്റെയും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരുപിടി മനുഷ്യരുടെ നിറസാന്നിധ്യം മാത്രം മതി.

കോവിഡ്കാലം കഴിഞ്ഞു പോയിട്ടും മലയാളിയുടെ ഹൃദയം കീഴടക്കിയ ഇന്റിമേറ്റ് വെഡ്ഡിങ് കേരളം വിട്ടില്ല. ഹൽദി, മെഹന്ദി, സംഗീത്, വിവാഹം, റിസപ്ഷൻ... ആഘോഷങ്ങൾ പഴയപടിയായെങ്കിലും വിവാഹചടങ്ങുകൾ ‘ഇന്റിമേറ്റ്’ രീതിയിൽ മതി എന്നാണ് യുവതലമുറ പറയുന്നത്. േവദി മുതൽ ചടങ്ങുകൾ വരെ തികച്ചും ‘യുണീക്’ ആക്കി മാറ്റാം എന്നതാണ് ഇന്റിമേറ്റ് വെഡ്ഡിങ്ങിനോടുള്ള ഇഷ്ടത്തിന് പിന്നിൽ.

കുടുംബത്തിലെ തലമുതിർന്നവർക്ക് കൂടുതൽ അ തിഥികളെ ക്ഷണിച്ച് വിവാഹം നടത്താനാണ് താൽപര്യം. ഇതുകൊണ്ട് വിവാഹം ‘ഇന്റിമേറ്റ് വെഡ്ഡിങ്’ രീതിയിൽ നടത്തിയ ശേഷം വേറൊരു ദിവസം കൂടുതൽ ആളുകളെ ക്ഷണിച്ച് റിസപ്ഷൻ നടത്തുന്ന രീതിയുമുണ്ട്.

എണ്ണം കുറച്ചോളൂ, മനോഹാരിത കൂടും

അതിഥികളുടെ എണ്ണം എത്ര കൂടുന്നോ അത്രയും ഗംഭീരമാകും കല്യാണം എന്നതായിരുന്നു പഴയ സങ്കൽപം. പ ക്ഷേ, ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ വന്നതോടെ ‘ഇതു കൊള്ളാല്ലോ’ എന്നായി. അതിഥികളുടെ എണ്ണം കുറച്ച് വിദേശത്തോ നാട്ടിൽ തന്നെയുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലോ വിവാഹം നടത്തുന്ന രീതിയാണത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആണ് ഇന്റിമേറ്റ് വിവാഹത്തിന്റെ ആദ്യ രൂപം എന്നു പറയാം.

വെഡ്ഡിങ് പ്ലാനേഴ്സും ഫൊട്ടോഗ്രഫേഴ്സും മിന്നും ആശയങ്ങളും പുതുമകളുമായി എത്തിയതോടെ ഇന്റിമേറ്റ് വെഡ്ഡിങ് ട്രെൻഡായി. 50, 20 പേർ പങ്കെടുക്കുന്ന വിവാഹത്തിൽ പുതുമകളും രസകരമായ നിമിഷങ്ങളും നിറഞ്ഞതോടെ കൂടുതൽ പേർ ഈ രീതി പിന്തുടരാൻ തുടങ്ങി.

വിവാഹത്തലേന്നുള്ള പാർട്ടിയും വിവാഹവും റിസപ്ഷനും റിസോർട്ടിലോ പ്രകൃതിഭംഗിയുള്ള ഇടത്തോ ആ വും ഒരുക്കുക. നൂറോ അതിൽ താഴെയോ ആളുകളെ മാത്രം ഉൾപ്പെടുത്തിയാകും ചടങ്ങുകൾ. ഒരു റിസോർട് മുഴു വനായി വാടകയ്ക്ക് എടുക്കും. എത്ര ദിവസമാണോ ആഘോഷപരിപാടികൾ അത്രയും ദിവസം അതിഥികൾക്ക് താമസിക്കാനുളള മുറി കണക്കാക്കിയാകും റിസോർട് തിരഞ്ഞെടുക്കുക. കല്യാണം മാത്രമായി റിസോർട്ടിൽ നടത്തുന്ന രീതിയുമുണ്ട്. വീട്ടുകാർക്ക് മാത്രം മുറി ബുക് ചെയ്താൽ മതിയെന്നതാണ് ഈ രീതിയുടെ സൗകര്യം.

wedding-concepts-8+

മോഹതീരത്താകട്ടെ കല്യാണമേളം

മറുനാട്ടിൽ മോഹിപ്പിക്കുന്ന ഇടത്ത് വിവാഹമൊരുക്കാനാകും ചിലർക്കെങ്കിലും ഇഷ്ടം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് ജീവിതപങ്കാളിയെ കണ്ടെത്തുന്നവർക്കാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനോട് പ്രിയം കൂടുതൽ എന്ന് വെഡ്ഡിങ് പ്ലാനേഴ്സ് പറയുന്നു.

വിദേശത്ത് സ്ഥിരതാമസമാക്കിയ പലരും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി തിരഞ്ഞെടുക്കുന്നത് കേരളമാണ്. നാട്ടിൽ വേണം ആ മനോഹര നിമിഷം എന്ന മോ ഹമാണ് കാരണം. േഹാളിഡേയും കല്യാണവും ഒന്നിച്ചാഘോഷിക്കുക എന്ന ലക്ഷ്യമുള്ളവരുമുണ്ട്. വിദേശത്ത് നിന്ന് വിവാഹത്തിനായി നാട്ടിലേക്കെത്തുന്നവരുടെ ആ ഘോഷം എയർപോർട്ടിലെത്തുന്ന നിമിഷം മുതൽ തുടങ്ങും. െബാക്കെയും ബാൻഡ് മേളവുമായാകും വരവേൽപ്.

വിവാഹത്തിനെത്തുന്ന എല്ലാവർക്കും പ്രത്യേക പരിഗണനയുണ്ടാകും. ഹൽദി ചടങ്ങിന് എല്ലാവർക്കും മൈലാഞ്ചിയിടും. അങ്ങനെ വിവാഹത്തിൽ പങ്കെടുക്കുന്ന ഓരോ അതിഥിയും മനസ്സു നിറഞ്ഞാകും തിരികെ പോകുക.

ഓഡിറ്റോറിയം വിട്ടിറങ്ങാം

കണ്ടുമടുത്ത വേദി. പതിവ് അലങ്കാരങ്ങൾ. ഇതൊന്നും ഇന്റിമേറ്റ് വെഡ്ഡിങ്ങിലുണ്ടാകില്ല. കടൽത്തീരം, കായലോരം, പ്രകൃതിഭംഗിയുള്ള റിസോർട്ട്, ഗാർഡൻ, േലാൺസ്... ഇങ്ങനെ തുറന്ന സ്ഥലങ്ങളിൽ ഭംഗിയായാണ് ഇന്റിമേറ്റ് വെഡ്ഡിങ് വേദിയൊരുക്കുക. മുൻപ് തുറന്ന സ്ഥലത്തെ വിവാഹത്തിന് വലിയ പന്തലിടേണ്ടി വന്നിരുന്നു. ഇന്റിമേറ്റ് വെഡ്ഡിങ് ട്രെൻഡായതോടെ ഓപൺ സ്പേസ് മതി വധൂവരന്മാർക്ക്. മഴ പെയ്താലെന്താ കല്യാണം മഴയത്താക്കാം എന്നു തീരുമാനിച്ച വധൂവരന്മാരെ നമ്മൾ ‘ഹൃദയം’ സിനിമയിൽ കണ്ടതല്ലേ? വേണമെങ്കിൽ വേദിയിൽ മോഡേൺ ലുക്കുള്ള ട്രാൻസ്പരന്റ് ടെന്റിനെ കൂട്ട് പിടിക്കുകയുമാകാം.

പേസ്റ്റൽ നിറങ്ങളിലെ മനോഹരമായ മിനിമൽ അലങ്കാരമാണ് ഇന്റിമേറ്റ് വെഡ്ഡിങ്ങിനെ വേറിട്ടതാക്കുന്നത്. പുതുമയുള്ള അലങ്കാരങ്ങളോടൊപ്പം പ്രകൃതി ഇഴ ചേരുന്നതിന്റെ ഭംഗി ചിത്രങ്ങളിൽ പകർത്തുകയും ചെയ്യാം.

സേവ് ദ ഡേറ്റ് ഷൂട്ടിനെ വെല്ലുന്ന സ്‌റ്റൈലിഷ് ഫോട്ടോ പകർത്തണമെങ്കിൽ ഇന്റിമേറ്റ് വെഡ്ഡിങ് തന്നെ വേണം. വരനും വധുവിനുമൊപ്പം ഫോട്ടോയെടുക്കാനുള്ള അതിഥികളുടെ തിരക്കുമൂലം വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പലപ്പോഴും പതിവു ചിത്രമായി മാറാറുണ്ട്. ഇന്റിമേറ്റ് വെഡ്ഡിങ് ആയാൽ അതിഥികൾ കുറവായത് കൊണ്ട് ഫൊ ട്ടോഗ്രഫിയും പൊളിക്കും. വധുവിനും വരനും മാത്രമല്ല, ഇ രുവരുടെയും കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ചിത്രങ്ങളിൽ ധാരാളം ഇടവുമുണ്ടാകും.

ചൈത്രാലക്ഷ്മി

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :

അഖിൽ ഷാൻ

സിഇഒ, കോക്കനട്ട് വെഡ്ഡിങ്സ്,

വെഡ്ഡിങ് പ്ലാനർ & ഫൊട്ടോഗ്രഫി, എറണാകുളം

ശിൽപ അന്ന ഡാനിയൽ

ഓണർ, സാൻസ് ഇവന്റ്സ് & വെഡ്ഡിങ് പ്ലാനർ,

തൃപ്പൂണിത്തുറ, എറണാകുളം

ഓക്സ് വെഡ്ഡിങ്

വെഡ്ഡിങ് ഫൊട്ടോഗ്രഫി, കോഴിക്കോട്