Thursday 22 September 2022 02:46 PM IST

പെർഫ്യൂം അലർജിയുണ്ടാക്കാറുണ്ടോ, വസ്ത്രത്തിൽ പാടുവീഴ്ത്തുന്നോ?: ഇതാ ചില സിമ്പിൾ ടിപ്സ്

Ammu Joas

Sub Editor

perfume

ഒരു വൈകുന്നേരം. വഴിയിലൂടെ അലസമായി നടക്കുമ്പോൾ എതിരെ വന്നൊരാൾ നമ്മളെ കടന്നുപോകുന്നു. അവരുടെ ഗന്ധം മൂക്കിനെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പുറകിൽ നിന്നു വിളിച്ച് ‘ഏതാ പെർഫ്യൂം’ എന്നു ചോദിക്കണമെന്നു തോന്നും. പക്ഷേ, ചെറിയൊരു ചമ്മൽ തോന്നുന്നത് കൊണ്ട് പലരും ആ ചോദ്യം മനസ്സിൽ തന്നെ സൂക്ഷിക്കും. രാവിലെ ഉപയോഗിച്ച പെർഫ്യൂമിന്റെ മണമാകുമോ ഇത്രനേരവും മങ്ങാതെ നിൽക്കുന്നത് ?

ഇങ്ങനെ വാസന മനം കവർന്ന ഓർമകൾ മിക്കവർക്കുമുണ്ടാകും. പെർഫ്യൂമിനെ മനസ്സിൽ തങ്ങിനിൽക്കുന്ന ‘നറുമണ’മാക്കുന്നതിനു പിന്നിലെ സുഗന്ധരഹസ്യങ്ങൾ അറിയാം.

പെർഫ്യൂമിനുമുണ്ട് നോട്ടുകൾ

എസൻഷ്യൽ ഓയിൽ, ഈതൈൽ ആൽക്കഹോൾ, സോ ൾവെന്റ്സ് തുടങ്ങിയവയുടെ മാജിക്കാണ് പെർഫ്യൂം. സംഗീതം ചിട്ടപ്പെടുത്തുമ്പോൾ നോട്സ് എത്ര പ്രധാനമാണോ അതുപോലെ തന്നെയാണ് പെർഫ്യൂമിന്റെ കാര്യത്തിലും. മൂന്ന് നോട്സ് അടിസ്ഥാനമാക്കിയാണ് പെർഫ്യൂം തയാറാക്കുന്നത്.

പെർഫ്യൂം ഉപയോഗിച്ച ഉടനെ കിട്ടുന്ന മണമാണ് ടോപ് നോട്ട്. പിന്നെയെത്തുന്ന ഗന്ധമാണ് ഹാർട് നോട്ട് അഥവ മിഡ്നോട്ട്. ഒടുവിലായി എത്തുന്നതാണ് ബേസ് നോട്ട്. ഈ ബേസ് നോട്ടാണ് പെർഫ്യൂമിന്റെ യഥാർഥ ഗന്ധം. ഇതു തന്നെയാണ് ഏറെ നേരം നിലനിൽക്കുന്ന ഗന്ധവും. പൊതുവേ ആറു മണിക്കൂർ വരെ ബേസ് നോട്ട് കൂട്ടിനുണ്ടാകും. ടോപ് നോട്ട് ഗന്ധം 5–15 മിനിറ്റ് വരെയും മിഡ് നോട്ടിന്റെ ഗന്ധം 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നിലനിൽക്കും.

മിക്കവരും കണ്ടിട്ടുണ്ടാകും പെർഫ്യൂം കുപ്പികളിലെ ചി ല എഴുത്തുകൾ. Eau de cologne, Eau de toilette, Eau de perfume, Parfum എന്നിങ്ങനെ. പെർഫ്യൂമിനെ പെർഫ്യൂമാക്കുന്ന, സുഗന്ധം നൽകുന്ന കോൺസൻട്രേറ്റഡ് എസൻഷ്യൽ ഓയിലിന്റെ അളവനുസരിച്ചാണ് ഇത് മാറുന്നത്. ഓയിലിന്റെ അളവ് കൂടുംതോറും മണവും ഏറെ നേരം നിലനിൽക്കും.

Eau de cologneലാണ് കുറഞ്ഞ അളവിൽ ഓയിൽ ഉള്ളതും (5-15 %) കുറച്ചു നേരം മാത്രം ഗന്ധം നിലനിൽക്കുന്നതും. Parfum ന്റെ ഗന്ധം 10 മണിക്കൂറിലേറെ നിലനിൽക്കാം. എന്നിരുന്നാലും കാലാവസ്ഥ, ചെയ്യുന്ന ജോലി തുടങ്ങിയ പല കാരണങ്ങൾ ഗന്ധത്തിന്റെ ‘സമയപരിധിയെ’ ബാധിക്കാം.

എങ്ങനെ തിരഞ്ഞെടുക്കാം ?

ഓരോരുത്തരുടെയും ചർമ സ്വഭാവം വ്യത്യസ്തമാണ്. ഓ രോരുത്തർക്കും ശരീരത്തിലെ ഫിറമോൺ സമ്മാനിക്കുന്ന ഗന്ധവുമുണ്ട്. ഇവ രണ്ടും കൂടി ചേർന്നാണ് പെർഫ്യൂമിന്റെ ഗന്ധമായി നമ്മൾ ‘മണ’ത്തറിയുന്നത്. അതുകൊണ്ട് കൂട്ടുകാരിയുടെ പെർഫ്യൂം നമ്മൾ ഉപയോഗിച്ചാൽ അതേ വാസന തന്നെ കിട്ടണമെന്നില്ല.

ടെസ്റ്റ് ചെയ്തു നോക്കിയ ശേഷമേ പെർഫ്യൂം തിരഞ്ഞെടുക്കാവൂ. ഒരു കൈത്തണ്ടയിൽ പെർഫ്യൂം സ്പ്രേ ചെയ്തശേഷം മറ്റേ കൈത്തണ്ട ഉപയോഗിച്ച് മെല്ലെ അമർത്തുക. വിരൽകൊണ്ട് തിരുമ്മുന്നത് ശരിയല്ല. അൽപനേരം കാത്തിരിക്കാം. അതിനുശേഷം മണത്തു നോക്കി ഇഷ്ടപ്പെട്ടാൽ വാങ്ങിക്കോളൂ.

നമ്മുടെ ഇഷ്ടമനസുരിച്ച് പെർഫ്യൂം തയാറാക്കി നൽകുന്ന ബ്രാൻഡുകളുമുണ്ട്.

പെർഫ്യൂം ടിപ്സ്

∙ സിട്രസ്, മിന്റ് എന്നിങ്ങനെയുള്ള ഫ്രഷ് സുഗന്ധം, പൂക്കളുടെ ഗന്ധം പേറുന്ന ഫ്ലോറൽ ഗന്ധം, ഓറിയന്റലിന്റെ സ്പൈസി സ്മെൽ തുടങ്ങി വാസനകൾ പലതുണ്ട്. ഡെയ്‌ലി യൂസ് പെർഫ്യൂം, രാത്രിയിലും പകലും ഉപയോഗിക്കാവുന്നവ, സ്ട്രോങ് പെർഫ്യൂം എന്നിങ്ങനെയും തരംതിരിവുകളുണ്ട്. ഓരോ പെർഫ്യൂമിന്റെയും ഗന്ധം തിരിച്ചറിയുകയും ഔചിത്യത്തോടെ ഉപയോഗിക്കുകയും വേണം.

∙ ഒഫിഷ്യൽ മീറ്റിങ്, കോർപറേറ്റ് ഇവന്റ് എന്നിങ്ങനെയുള്ള ഫോർമൽ അവസരങ്ങളിൽ രൂക്ഷഗന്ധമുള്ള പെർഫ്യൂം വേണ്ട. രൂക്ഷഗന്ധം ചിലരുടെ മനം മടുപ്പിക്കും. വിവാഹം, പാർട്ടി തുടങ്ങിയ ആഘോഷങ്ങള്‍ക്കായി സ്ട്രോങ് പെർഫ്യൂം തിരഞ്ഞെടുക്കാം.

∙ പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഇത്തിരി ‘സെൻസും സെൻസിബിലിറ്റി’യും വേണം. ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ പെർഫ്യൂം ഉപയോഗിക്കേണ്ട കാര്യമില്ല. നിർബന്ധമാണെങ്കിൽ നേർത്ത മണമുള്ളവ മാത്രം തിരഞ്ഞെടുക്കുക. ചില രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഗന്ധം അസ്വസ്ഥതയും തലവേദനയുമുണ്ടാക്കാം.

∙ വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോൾ ടിഷ്യൂ പേപ്പറിൽ പെർഫ്യൂം അടിച്ചശേഷം വസ്ത്രങ്ങൾക്കിടയിൽ വയ്ക്കാം. അവയുടെ ഗന്ധം വസ്ത്രങ്ങളിലേക്കും പടരും.

∙ പെർഫ്യൂം കുപ്പി ലീക്കാകുകയോ പൊട്ടുകയോ ചെയ്താൽ ഈ പെർഫ്യൂമിനെ മറ്റൊരു ചില്ല് കുപ്പിയിലേക്ക് പകർത്തി സൂക്ഷിക്കാം. മറ്റു മെറ്റീരിയലുകളൊന്നും പെർഫ്യൂം സൂക്ഷിക്കാൻ ഉപയോഗിക്കരുത്.

∙ ഏറ്റവും പ്രിയപ്പെട്ട പെർഫ്യൂമുകളുടെ വലിയ കുപ്പികൾ വാങ്ങുമ്പോൾ ഇവയുടെ തന്നെ ചെറിയ കുപ്പികളും വാങ്ങി കരുതാം. യാത്രകളിൽ ഇത് ഏറെ ഉപകാരപ്പെടും.

പെർഫ്യൂമിനെ പെർഫക്ടാക്കാൻ

∙ ചെവിയുടെ പുറകിൽ, കോളർ ബോൺ, കൈത്തണ്ട, കൈമടക്ക്, തോൾ, കാൽമുട്ടിനു പിന്നിൽ, കണങ്കാൽ എന്നിവിടങ്ങളിലാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത്. ശ രീരത്തിലെ താപനില കൂടുതലുള്ള പൾസ് പോയിന്റ്സ് ആണ് ഇവ. അതുകൊണ്ടു തന്നെ മണം നന്നായി വ്യാപിക്കും. അമിത അളവിൽ പെർഫ്യൂം ഉപയോഗിക്കാതെയും ശ്രദ്ധിക്കണം.

∙ മിക്കവരും എവിടെയെങ്കിലും പോകും മുൻപ് വസ്ത്രം മാറുന്ന സമയത്താണ് പെർഫ്യൂം ഉപയോഗിക്കുന്നത്. കു ളി കഴിഞ്ഞ്, ശരീരത്തിലെ ജലാംശം ഒപ്പിയെടുത്ത ശേഷം പെർഫ്യൂം ഉപയോഗിച്ചാൽ സുഗന്ധം ഏറെ നേരം നിലനിൽക്കും. നനവുള്ള ശരീരം സുഗന്ധം നന്നായി ആഗീരണം ചെയ്യുന്നതാണ് ഇതിനു കാരണം.

∙ കുളി കഴിഞ്ഞ് പെർഫ്യൂം ഉപയോഗിക്കും മുൻപ് മോയ്സ്ചറൈസർ പുരട്ടുന്നതും ഗന്ധം നിലനിർത്താൻ നല്ലതാണ്. പെർഫ്യൂം ചർമത്തിനു വരൾച്ച ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാനും സഹായിക്കും.

∙ അമിതചൂടും ജലാംശവുമുള്ള ഇടങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ സുഗന്ധം പെട്ടെന്ന് നഷ്ടമാകും.

പെർഫ്യൂം കണ്ണിൽ പോയാൽ ?

ഓയിലും ആൽക്കഹോളും ചേരുന്നതാണ് പെർഫ്യൂം. ഇവ കണ്ണിൽ പോയാൽ നീറ്റലും പുകച്ചിലും അസ്വസ്ഥകളുമുണ്ടാകും. അതിനാൽ ഉപയോഗത്തിൽ ശ്രദ്ധ വേണം.

അബദ്ധവശാല്‍ പെർഫ്യൂം കണ്ണിൽ വീണാൽ ഉടൻതന്നെ വെള്ളമുപയോഗിച്ച് കഴുകുക. മുറിവുള്ള ഭാഗങ്ങളിലും സൺബേൺ പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിലും ആ ഭാഗങ്ങളിലും പെർഫ്യൂം പറ്റാതെ ശ്രദ്ധിക്കണം.

വസ്ത്രത്തിൽ പാടു വീഴ്ത്തുമോ ?

മിക്ക പെർഫ്യൂമുകളും വസ്ത്രത്തോട് ചേർത്ത് വച്ച് സ്പ്രേ ചെയ്താൽ പാട് വരും. പെർഫ്യൂമിലെ ഓയിൽ കണ്ടന്റാണ് കാരണം. സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഇവ മാറും. ആഭരണങ്ങളിൽ പറ്റിയാലും കറ പിടിക്കാം.

വസ്ത്രം ഹാങ്ങറിൽ ഇട്ടശേഷം 10–15 സെന്റിമീറ്റർ അകലത്തിൽ നിന്ന് പെർഫ്യൂം സ്പ്രേ ചെയ്യാം. ശരീരത്തിൽ പെർഫ്യൂമടിക്കുമ്പോഴും ഈ ദൂരം മനസ്സിൽ വേണം.

പെർഫ്യൂം അലർജിയുണ്ടാക്കുമോ?

ചിലരിൽ പെർഫ്യൂം അലർജിയുണ്ടാകാറുണ്ട്. ഇവർക്ക് പെ ർഫ്യൂം ചർമത്തിൽ പറ്റിയാൽ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടാറുണ്ട്. ഇവർ വസ്ത്രങ്ങളിൽ പെർഫ്യൂം ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുക. അലർജിയുണ്ടെങ്കിൽ പെർഫ്യൂം ഒഴിവാക്കാം. ചിലര്‍ക്ക് രൂക്ഷ ഗന്ധം തലവേദനയും ശാരീരിക അസ്വസ്ഥതകളുണ്ടാകാം. മൈഗ്രേൻ അലട്ടുന്നവരെ പ്രത്യേകിച്ചും.

സുഗന്ധങ്ങള്‍ പലതരം

അത്തർ : ഡിയോഡറന്റുകളും സ്പ്രേയും വിപണി കീഴടക്കും മുൻപേ അത്തറായിരുന്നു താരം. ചിലതരം ചെടികളുടെ പൂക്കൾ, തണ്ട്, ഇല, വേര് എന്നിവ ഓട്ടോ ‍ഡിസ്റ്റിലേഷൻ എന്ന പ്രക്രിയ വഴി വാറ്റിയെടുക്കുന്നതിനാൽ അത്തറിനു സാന്ദ്രത കൂടുതലായിരിക്കും. അതുകൊണ്ട് ചെറിയ അളവിൽ ഉപയോഗിച്ചാൽ മതി. സുഗന്ധദ്രവ്യമായ ഊദിൽ നിന്നെടുക്കുന്ന അത്തറിന് ആരാധകർ ഏറെയുണ്ട്.

ഡിയോഡറന്റ് : പലരും കരുതുന്നത് ഡിയോഡറന്റും ആന്റി പെർസ്പിരന്റും ഒന്നാണെന്നാണ്. ഡിയോഡറന്റ് വിയർപ്പുനാറ്റമുണ്ടാകുന്നത് തടയുമ്പോൾ ആന്റി പെർസ്പിരന്റ്സ് വിയർപ്പു ഗ്രന്ഥികളെ താൽകാലികമായി അടച്ച്, വിയർപ്പു തന്നെ തടയുകയാണ് ചെയ്യുന്നത്. സ്പ്രേ, റോൾ ഓൺ, ജെൽ എന്നിങ്ങനെ ഡിയോഡറന്റ്സ് പല തരത്തിലുണ്ട്.

ബോഡി മിസ്റ്റ് : എസൻഷ്യൽ ഓയിലിന്റെ അംശം കുറഞ്ഞ് വെള്ളത്തിന്റെ അംശം അധികമുള്ളതാണ് ബോഡി മിസ്റ്റ്. ഇടയ്ക്കിടെ ഫ്രഷ് ഫീൽ കൊതിക്കുന്നവർക്ക് ഇതു തിരഞ്ഞെടുക്കാം.

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട് : നബീൽ,

ഡയറക്ടർ, മേക് യുവർ ഓൺ പെർഫ്യൂം (MYOP)

Website : www.myop.in

ലൊക്കേഷൻ : കല്ലറയ്ക്കൽ ലേഡീസ് കളക്ഷൻസ്, കോട്ടയം