Tuesday 26 September 2023 01:05 PM IST

‘എൽജിബിടി, ലിവ് ഇൻ ടുഗതർ, ഒറ്റയ്ക്കു ജീവിക്കുന്ന പുരുഷന്മാർ’: സറോഗസി അനുവദിനീയമാകുന്നത് ആർക്ക്, എങ്ങനെ?

Tency Jacob

Sub Editor

surrogacy-story

ഗുജറാത്തിലെ ആനന്ദ് ജില്ല.

വാടകയ്ക്ക് ഗർഭപാത്രം നൽകാൻ തയാറുള്ള അമ്മമാരുടെ ഗ്രാമം. അവിടേക്കാണ് ഒരു കുഞ്ഞിനെ മോഹിച്ച് ജപ്പാനിൽ നിന്നു ഡോ. യുകി യമദയും ഭാര്യ ഡോ. ഇകുഫുമിയും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്തിയത്. കരാർ പറഞ്ഞുറപ്പിച്ച ശേഷം വാടക അമ്മയെ തിരഞ്ഞെടുത്തു. സറോഗസിയിൽ, കുഞ്ഞിനെ ആവശ്യമുള്ള ദമ്പതികളുടെ അണ്ഡവും ബീജവുമാണ് വാടക ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. ഈ കേസിൽ മറ്റൊരു സ്ത്രീയുടെ അണ്ഡമാണ് ഉപയോഗിച്ചത്.

ഗർഭകാലം സുഗമമായി മുന്നോട്ടു പോയി. പക്ഷേ, കുഞ്ഞിന്റെ ജനനത്തിനു ദിവസങ്ങൾക്കു മുൻപ് യുകി യമദയും ഇകുഫുമിയും വിവാഹമോചിതരായി. തന്റേതല്ലാത്ത കുഞ്ഞിനെ ഏറ്റെടുക്കാൻ ഇകുഫുമി തയാറായില്ല. കുഞ്ഞിനെ അച്ഛന്‍ യുകിക്ക് കൊടുക്കാൻ നിയമപരമായി വകുപ്പുമില്ല. വാടകയ്ക്ക് അമ്മയായ സ്ത്രീക്ക് കുഞ്ഞിനെ വളർത്താനുള്ള ചുറ്റുപാടും ഇല്ലായിരുന്നു. സറോഗസി നടത്തിയ ക്ലിനിക്കും കയ്യൊഴിഞ്ഞതോെട ആ കുഞ്ഞ് അനാഥത്വത്തിലേക്ക് കൺതുറന്നു.

മാൻചി എന്നു പേരിട്ട ആ കുട്ടി സാമൂഹികപ്രശ്നമായി മാറിയതോെട മുത്തശ്ശി ജപ്പാനിൽ നിന്നെത്തി പൗരത്വനിയ മ നൂലാമാലകളെല്ലാം അഴിച്ച് കുഞ്ഞിനെ കൊണ്ടുപോയി. എന്നിട്ടും വിവാദങ്ങള്‍ അവസാനിച്ചില്ല. ഒടുവില്‍ പാര്‍ലമെന്‍റിനു വരെ ഇക്കാര്യത്തില്‍ ഇടപെടേണ്ടിവന്നു.

2002 മുതൽ കമേഴ്സ്യൽ സറോഗസിയാണ് നമ്മുെട രാജ്യത്ത് നിലനിന്നിരുന്നത്. ഗുജറാത്തിലെ പ്രശ്നത്തെ തുടര്‍ന്ന് 2016 ൽ സറോഗസി റെഗുലേഷൻ ആക്ട് പാർലമെന്റ് ചർച്ചയ്ക്കെടുത്തു. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ 2021 ൽ ആക്റ്റ് പാസ്സായി. അതോടെ വാടക ഗർഭധാരണത്തിന് പ്രതിഫലവും സമ്മാനങ്ങളും കൈപ്പറ്റുന്നത് നിയമവിരുദ്ധമായി. നിയമപ്രകാരമുള്ള സറോഗസി ധാര്‍മിക മൂല്യങ്ങളുള്ളതും നിസ്വാർഥവുമായിരിക്കണം എന്നാണ് പുതിയ ആക്ട് അനുശാസിക്കുന്നത്.

പെട്ടെന്ന് ഈ വിഷയമെല്ലാം നമുക്കിടയിൽ ചർച്ചയായി മാറാൻ പ്രധാന കാരണം നയൻതാരയുടെ വാടക ഗർഭധാരണവും തുടർന്നുണ്ടായ വിവാദങ്ങളുമാണ്. വിവാഹം ക ഴിഞ്ഞ് നാലുമാസം തികയുമ്പോഴേക്കും എങ്ങനെ സറോഗസിയിലൂടെ കുട്ടിയുണ്ടായി എന്ന ചോദ്യത്തിന് നയൻതായും വിഘ്നേഷും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകുകയുണ്ടായി. ആറു വർഷം മുൻപ് വിവാഹിതരായി എന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടക ഗർഭധാരണ നിയമ നടപടികൾ പൂർത്തിയായി എന്നും നിയമലംഘനം നടന്നിട്ടില്ല എന്നുമായിരുന്നു വിശദീകരണം.

എന്നാൽ ഇതൊന്നും കണ്ട് ഒരു ഞെട്ടലുമുണ്ടായില്ല ബോളിവുഡ് താരങ്ങൾക്ക്. കാരണം 2021ൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് സറോഗസിയിലൂടെ കുഞ്ഞുങ്ങളെ നേടിയവരാണ് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, പ്രിയങ്ക ചോപ്ര, സണ്ണി ലിയോണി തുടങ്ങിയവർ.

surrogacy-1

അമ്മമാർ വാടകയ്ക്ക്

വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാൻ ഐവിഎഫ് പോലെ പല മാർഗങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് സറോഗസി. വന്ധ്യതാ ചികിത്സാരീതികളില്‍ ഇവിടെ മാത്രമാണ് മൂന്നാമതൊരാൾ കടന്നു വരുന്നത്. അതുകൊണ്ടാണ് വാടകഗര്‍ഭധാരണം ഇത്ര നിയമവിധേയമാക്കിയിരിക്കുന്നത്.

സ്വമനസ്സാലെ തയാറായി വരുന്ന ഏതു സ്ത്രീക്കും വാടക അമ്മയാകാം. പക്ഷേ, ഒരു സ്ത്രീ സറോഗേറ്റ് മദറാകുന്നതിനു ചില വ്യവസ്ഥകളുണ്ട്.

∙ ഒരു കുഞ്ഞിനെയെങ്കിലും പ്രസവിച്ചു വളർത്തുന്നവരായിരിക്കണം. 25 നും 35 നും ഇടയിലായിരിക്കണം പ്രായം. ശാരീരികമായും മാനസികമായും അനുയോജ്യയാണെന്നുള്ള ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റും ഗർഭാവസ്ഥയിലും പ്രസവസമയത്തും ഉണ്ടാകാവുന്ന എല്ലാ വസ്തുതകളെയും കുറിച്ചു പൂർണബോധ്യത്തോടെയാണ് തയാറാകുന്നതെന്ന സാക്ഷ്യപത്രവും അടക്കം അപ്രോപ്രിയേറ്റ് അതോറിറ്റിയിൽ അപേക്ഷിക്കുകയാണ് വേണ്ടത്. വാടകഗർഭധാരണം നടത്താൻ റജിസ്ട്രേഷനുള്ള എല്ലാ ക്ലിനിക്കുകൾക്കും ലഭ്യമാകുന്ന വിധം സറോഗേറ്റ് മദറാകാൻ തയാറെടുക്കുന്നവരുടെ പേര് റജിസ്റ്റർ ചെയ്തിരിക്കണം.

∙ ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ സറോഗേറ്റ് മദർ ആകാൻ നിയമം അനുവദിക്കുന്നുള്ളൂ.

∙ ഗർഭകാലത്ത് ജീവനു ഭീഷണിയാകുന്ന തരത്തിൽ ശാരീരികാസ്വസ്ഥതകൾ ഉണ്ടായാൽ പ്രഗ്‌നൻസി ആക്ട് പ്രകാരം ഗർഭഛിദ്രം ചെയ്യാം. ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്നതിനു തൊട്ടു മുൻപു വരെ പിന്മാറാനുള്ള അവസരമുണ്ട്. പക്ഷേ, അതിനു ശേഷം താൽപര്യമില്ല എന്ന കാരണത്താൽ പിന്മാറാൻ നിയമം അനുവദിക്കില്ല.

∙ ഗർഭധാരണം മുതൽ പ്രസവം വരെയുള്ള ചികിത്സയു ടെയും ഭക്ഷണത്തിന്റെയും ചെലവ് കുഞ്ഞിനെ ആവശ്യപ്പെട്ടു വരുന്ന ദമ്പതികളാണ് വഹിക്കേണ്ടത്.

∙ പ്രസവശേഷം കുഞ്ഞിന്റെ മേൽ യാതൊരു അവകാശ വാദങ്ങളും ഇല്ലെന്ന് സറോഗേറ്റ് മദറിന്റെ പ്രാദേശിക ഭാഷയിൽ കൺസെന്റ് എഴുതി ദമ്പതികൾക്ക് നൽകിയിരിക്കണം.

∙ സറോഗേറ്റ് മദറിന്റെ പരിരക്ഷ ഉറപ്പാക്കാൻ 36 മാസ ത്തെ ഇൻഷുറൻസ് ദമ്പതികൾ നൽകണം.

കുഞ്ഞിനെ തേടുന്നവർ (Intended Couples)

കുഞ്ഞിനെ ആഗ്രഹിച്ച് സറോഗസി എന്ന തീരുമാനത്തിലെത്തുന്ന ദമ്പതികൾക്കും നിബന്ധനകളും നിയമം നൽകുന്ന അവകാശങ്ങളുമുണ്ട്.

∙ ദമ്പതികൾ വിവാഹിതരായ ഇന്ത്യൻ പൗരർ ആയിരിക്കണം. വിവാഹ ബന്ധം അഞ്ചു വർഷം പൂർത്തിയായവർക്കു മാത്രമേ സറോഗസിയിലൂടെ കുഞ്ഞുങ്ങളെ നേടിയെടുക്കാൻ സാധിക്കൂ എന്ന നിയമത്തിൽ ഇപ്പോൾ ഇളവു വന്നിട്ടുണ്ട്. സ്ത്രീയുടെ പ്രായം 23 നും 50 നും ഇടയിലും പുരുഷന്റേത് 26 നും 55 നും ഇടയിലുമായിരിക്കണം.

എൽജിബിടി, ലിവ് ഇൻ ടുഗതർ, ഒറ്റയ്ക്കു ജീവിക്കുന്ന പുരുഷന്മാർ, ഗേ കപ്പിൾസ് എന്നിവർക്ക് സറോഗസിയിലൂടെ കുഞ്ഞിനെ നേടിയെടുക്കാൻ സാധിക്കില്ല. എന്നാൽ, 35നും 45 വയസ്സിനും ഇടയിലുള്ള വിധവകള്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകൾക്കും സറോഗസിയിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്നതു നിയമം തടയുന്നില്ല.

surrogacy

∙ ദമ്പതികൾക്ക് സ്വന്തമായോ ദത്തെടുത്തതോ സറോഗസിയിലൂടെയോ ഉള്ള കുട്ടികൾ ഉണ്ടാകാൻ പാടില്ല. പക്ഷേ, മെന്റലി ആൻഡ് ഫിസിക്കലി ചാലഞ്ച്ഡ് ആയ കുഞ്ഞുങ്ങൾ, ആയുസ്സ് കുറയ്ക്കുന്ന രോഗങ്ങളുള്ള കുട്ടികളുള്ളവർ എന്നിവർക്ക് സറോഗസി ഉപയോഗപ്പെടുത്താം. കുട്ടികളുടെ ജീവിതാവസ്ഥ രേഖപ്പെടുത്തുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.

∙ സ്ത്രീക്ക് ജന്മനാലോ അർബുദം പോലെയുള്ള അസുഖങ്ങൾ കാരണമോ ഗർഭപാത്രം ഇല്ലാതിരിക്കുക, ഗർഭധാ രണവും പ്രസവവും ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള അസുഖങ്ങളുണ്ടാകുക, ഐവിഎഫ് പല തവണ ചെയ്ത് ഗർഭപാത്രം ആരോഗ്യം നഷ്ടമാകുക എന്നീ അവസ്ഥയുണ്ടെങ്കിൽ സറോഗസിയെ ആശ്രയിക്കാം. അതു തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതി.

∙ വാടകഗർഭധാരണം എന്ന തീരുമാനത്തിലെത്തി കഴിഞ്ഞാൽ നിയമപരമായ നടപടിക്രമങ്ങളിലേക്ക് കടക്കാം. ജില്ലാ മെഡിക്കൽ ബോർഡിന്റെ ഇൻഫെർട്ടിലിറ്റി സർട്ടിഫിക്കറ്റും കുഞ്ഞിന്റെ മാതാപിതാക്കളാകാനും വളർത്താനും അവകാശമുണ്ട് എന്ന ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയോ അതിനു മുകളിലുള്ള കോടതിയുടെയോ ഉത്തരവും അടക്കം സ്േറ്ററ്റ് അസിസ്റ്ററ്റീവ് റീ പ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറോഗസി ബോർഡിൽ റജിസ്റ്റർ ചെയ്ത് അപേക്ഷ നൽകണം. ഓരോ സംസ്ഥാനത്തെയും വിദഗ്ധർ ഉൾക്കൊള്ളുന്ന ബോർഡിന്റെ ചെയർപേഴ്സൻ ആരോഗ്യമന്ത്രിയാണ്.

∙ വാടക അമ്മയാകാൻ സഹോദരിയോ ബന്ധുക്കളോ ത യാറായാൽ അവരെ ദമ്പതികൾക്ക് നിർദേശിക്കാം. ദമ്പതികളുടെ തന്നെ അണ്ഡവും ബീജവുമാണ് വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്. അതിലാർക്കെങ്കിലും സങ്കീർണതയുണ്ടെങ്കിൽ ഡോണറെ ഉപയോഗിക്കാം. പക്ഷേ, അ തൊരിക്കലും സറോഗേറ്റ് മദറിന്റെ അണ്ഡമാകരുതെന്നു നിയമമുണ്ട്. വാടകഗർഭധാരണത്തിനു വേണ്ടി അണ്ഡമോ ബീജമോ സൂക്ഷിച്ചു വയ്ക്കാനും അനുമതിയില്ല.

∙ കുഞ്ഞ് ജനിച്ചു കഴിയുമ്പോൾ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയോ അതിന് മുകളിലുള്ള കോടതിയിൽ നിന്നോ കുഞ്ഞിന്റെ മാതാപിതാക്കളാണ് എന്നുള്ള അഫിഡവിറ്റ് എടുത്തിരിക്കണം. അതാണ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്.

∙ സറോഗസി ആക്ടിനെതിരായാണ് കാര്യങ്ങൾ െചയ്തതെന്നു ബോധ്യപ്പെട്ടാൽ അഞ്ചു മുതൽ പത്തു വർഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയുമുണ്ട്. സറോഗേറ്റ് മദർ, ദമ്പതികൾ, ക്ലിനിക്, ഡോക്ടർമാർ എല്ലാം ശിക്ഷയ്ക്ക് അർഹരാകും.

ടെൻസി ജെയ്ക്കബ്

വിവരങ്ങൾക്കു കടപ്പാട് : ഡോ. ഷീബ എസ്. രാജൻ

അസി. പ്രഫസർ,

പിഎച്ച്സിഎഎസ്‌സി, മഹാരാഷ്ട്ര.

(‘കേരളത്തിലെ സറോഗസി’ എന്ന വിഷയത്തിൽ

പിഎച്ച്ഡി നേടിയിട്ടുണ്ട്)