Tuesday 06 September 2022 04:15 PM IST

‘ഷൂട്ടിന്റെ സമയത്തും ഇടവേളകളിലും മകളോടെന്ന പോലെയാണ് പെരുമാറിയത്; അതെനിക്ക് നന്നായി ഫീൽ ചെയ്യുമായിരുന്നു’; മനസ് തുറന്ന് നീത പിള്ള

Rakhy Raz

Sub Editor

_BAP4961 ഫോട്ടോ: ബേസിൽ പൗലോ

പാപ്പന്റെ സക്സസ് ടീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ ‘ലേഡി സുരേഷ് ഗോപി’ ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.

‘‘സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം  വിൻസി എബ്രഹാം ഐപിഎസ് എന്ന എന്റെ  കഥാപാത്രത്തിന് ഉണ്ടെന്ന്. സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്. ‘പാപ്പന്റെ’ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോ ആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള  ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.’’

പാപ്പനിൽ ഏറ്റവും ഗംഭീരമായി എന്നു തോന്നിയ സീൻ?

ഒരു സീനും ഗംഭീരമായി എന്നു തോന്നിയില്ല. ഓരോന്ന് കാണുമ്പോഴും അൽപം കൂടി നന്നാക്കാമായിരുന്നു എന്നാണ് ഇപ്പോഴും തോന്നുന്നത്. പാപ്പനോട് വഴക്കുണ്ടാക്കി മകൾ ഇറങ്ങിപ്പോകുന്നൊരു ഇമോഷനൽ സീനുണ്ട്.  ‘ഈ സീൻ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമാണ്, പൊലീസ് ട്രെയിനിങ് കിട്ടുന്നതിന് മുൻപുള്ള വിൻസിയാണ്. അതോർത്ത് ശ്രദ്ധയോടെ ചെയ്യൂ’ എന്നു ജോഷി സർ പറഞ്ഞു. ചെയ്തു കഴിഞ്ഞപ്പോൾ ഗംഭീരമായി എന്ന് സാർ പറഞ്ഞതുകൊണ്ട് ആ സീൻ എനിക്ക് പ്രിയപ്പെട്ടതാണ്. വളരെ നീളമുള്ള ഡയലോഗ് കാണാതെ പഠിച്ച് തുടർച്ചയായി പറയണമായിരുന്നു ആ സീനിൽ. 

‘പാപ്പനി’ൽ എന്റെ പ്രധാന സീനുകളിൽ മൂന്നു നാലെണ്ണം നീളമുള്ള ഡയലോഗുകൾ ഉള്ളതായിരുന്നു. അവയെല്ലാം കാണാതെ പഠിച്ച് തെറ്റാതെ പറയുക എന്നതായിരുന്നു ഈ സിനിമയിലെ ഏറ്റവും ത്രില്ലിങ് അനുഭവം. അതു ഞാൻ നന്നായി ആസ്വദിച്ചു ചെയ്തു.

മകളോടുള്ള സ്നേഹം കണ്ണു നനയിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി, അദ്ദേഹത്തിന്റെ മകളാകുമ്പോൾ?

വർക്ക് ഇല്ലാത്ത സമയത്ത് സുരേഷ് ഗോപി സാറിനോട് അധികം ഇടപഴകാൻ പറ്റിയിരുന്നില്ല. എന്നാൽ ഷൂട്ടിന്റെ സമയത്ത് ധാരാളം സമയം കിട്ടിയിരുന്നു.  

ഷൂട്ടിന്റെ സമയത്തും ഇടവേളകളിലും സാർ മകളോടെന്ന പോലെയാണ് പെരുമാറിയത്. അതെനിക്ക് നന്നായി ഫീൽ ചെയ്യുമായിരുന്നു. അറിയാതെ നമ്മൾ മകളുടെ ഭാവത്തിലേക്ക് ആയിപ്പോകും. സെറ്റിൽ എന്റെ പാപ്പനായിരുന്നത് ജോഷി സാറായിരുന്നു. അതെനിക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന സിനിമയുടെ പിന്നണിയിൽ മൂന്നു അച്ഛൻ മക്കൾ കോംബിനേഷൻ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു. 

ജോഷി സാറിന്റെ മകൻ അഭിലാഷ് ജോഷി ആയിരുന്നു ക്രിയേറ്റീവ് ഡയറക്ടർ, ക്യാമറ പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി സാറിന്റെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി, കൂടാതെ ഗോകുൽ സുരേഷ് ഗോപിയും. ആ വൈബ് ഒരു പ്രത്യേകതയായിരുന്നു. 

ഓണം വരികയാണല്ലോ ?

എന്റെ വീട്ടിൽ ഓണാഘോഷം പ്രധാനമാണ്. പാരമ്പര്യമൂല്യങ്ങളെ നഷ്ടപ്പെടുത്തരുത് എന്ന് നിർബന്ധമുള്ളയാളാണ് അമ്മ. പത്തു ദിവസം പൂവിടണം എന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഓണത്തിന്റെയന്ന് സദ്യയുണ്ടാക്കി എല്ലാവരും ഇലയിട്ട് നിലത്തിരുന്ന് ഊണ് കഴിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിക്കും. ഉറിയടിയും ഊഞ്ഞാലാട്ടവുമുണ്ടാകും. എത്ര തിരക്കാണെങ്കിലും ഓണനാളിൽ കഴിവതും വീട്ടിലുണ്ടാകും.