Friday 03 March 2023 04:17 PM IST

അമ്മ ഒരു പുലിയാണ്, ‘നിനക്ക് ശരി ആണോ, എങ്കിൽ നീ ചെയ്യൂ’ എന്നാണ് എപ്പോഴും പറയുക; സാനിയ അയ്യപ്പന്‍ പറയുന്നു

Tency Jacob

Sub Editor

saniya-fffggstar ഫോട്ടോ: ബേസിൽ പൗലോ

വിട്ടുവീഴ്ചകളില്ലാത്ത കാഴ്ചപ്പാടുകളും സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനുമാണ് സാനിയയെ ചെറുപ്പക്കാരുടെ ‘യൂത്ത് ഐക്കൺ’ ആക്കുന്നത്. സാനിയ അയ്യപ്പന്റെ പ്രതികരണങ്ങളും പ്രതീക്ഷകളും...

ഫാഷൻ ട്രെൻഡ് അറിയണമെങ്കിൽ സാനിയയുടെ വാഡ്രോബ് നോക്കിയാൽ മതി എന്നു കേട്ടിട്ടുണ്ട്?

സ്ൈറ്റലിങ് കുട്ടിക്കാലം തൊട്ടേ എനിക്കിക്കിഷ്ടമാണ്. ഉടുപ്പുകൾ പഴയതായാലും ഞാൻ ഉപേക്ഷിക്കില്ല. പുതിയ ഡ്രസ്സും പഴയതും മിക്സ് മാച്ച് ചെയ്തിടും. സിനിമയിലെ പ്രമോഷനായാലും, ഷോ ആയാലും വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടാൻ ശ്രദ്ധിക്കാറുണ്ട്.‘സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടീ, തുണി കുറയ്ക്കുന്നത്’ എന്ന് അതിനെ വിമർശിക്കുന്നവരുണ്ട്.  ‘ഞാൻ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ’ എന്ന് ഉത്തരം നൽകും.

തൃശൂർ എൻജിനീയറിങ് കോളജിൽ സിനിമാ പ്രമോഷനു പോയപ്പോൾ അവിടെ പെൺകുട്ടികൾക്ക് സ്ലീവ്‌ലെസ് ഇടാൻ അനുവാദമില്ലെന്നു കേട്ട് അദ്‍ഭുതപ്പെട്ടു പോയി. നമ്മൾ പഠിക്കുന്ന സ്ഥലങ്ങളിലല്ലേ, പെൺകുട്ടികൾ ഇ ഷ്ടമുള്ള വസ്ത്രങ്ങൾ  ധരിച്ച് സ്വാതന്ത്ര്യത്തോടെ നടക്കേണ്ടത്.

ഹൈലൈറ്റ് മാളിൽ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വിഡിയോ കണ്ടു. ‘ഇത്തരം വസ്ത്രമിട്ടു വന്നാൽ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും.’ എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാൽ അയാൾ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്? ഇത്തരം മനോഭാവമുള്ളവർ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

അതുപോലെ, എന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല ഞാ ൻ അടിച്ചതെന്നു പറയുന്നവരുണ്ട്. പക്ഷേ,  എനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് ഞാൻ അടിച്ചത്. അടി കിട്ടിക്കഴിഞ്ഞും അയാൾ ചിരിക്കുന്നതു ഞാൻ കണ്ടു. കൂസലില്ലാത്ത ചിരി.

ആ സമയത്ത്  അത്ര ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോമ വലുതാണ്. ആൾക്കൂട്ടത്തിൽ പോകാൻ പേ ടി, ആളുകളുടെ മുഖത്തു നോക്കാൻ മടി, ആകെ ഒരു അരക്ഷിതത്വം. പതുക്കെ പതുക്കെയാണ് അതിൽ നിന്നു പുറത്തു വന്നത്. പതുക്കെ, പതുക്കെ നാടും മാറുമെന്നു വിശ്വസിക്കാം.

എന്തിനോടാണ് ഭയം?

തോൽവികളെയാണ് ഞാൻ ഭയക്കുന്നത്. അതിനെ നേരി ടാൻ മടിയില്ല, എന്നാലും ഭയമാണ്. എന്തായിരിക്കും മുന്നോട്ട് എന്നൊരു പേടി എപ്പോഴുമുണ്ട്. ക്വീൻ ചെയ്തു കഴിഞ്ഞ ശേഷം ഒരു സിനിമയും വന്നില്ല. അന്ന് അവാർഡ് ഒക്കെ കിട്ടിയതാണ്, എന്നിട്ടും... ആ സമയത്ത് നല്ല നിരാശ തോന്നിയിട്ടുണ്ട്. പിന്നീടാണ് ലൂസിഫറിൽ അവസരം കിട്ടിയത്. ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളാണ്. കഴിവുണ്ടായിട്ടു മാത്രം കാര്യമില്ല.  

സിനിമയിലും പുറത്തും നിറയെ കൂട്ടുകാരുണ്ടോ?

വളരെ കുറവാണ്. ഉള്ളവർ എല്ലാവരും ഇൻഡസ്ട്രിയിൽ തന്നെയുള്ളവരാണ്. മേക്കപ് ആർട്ടിസ്റ്റ് സാംസൺ, ഫൊട്ടോഗ്രഫർ യാമി ഇവരാണ് അടുത്ത കൂട്ടുകാർ. അതിൽ തന്നെ എന്റെ സോൾ ഫ്രണ്ട് യാമിയാണ്. സാസംൺ എന്റെ ബോയ്ഫ്രണ്ടാണെന്നാണ് പലരും കരുതിയിരിക്കുന്നത്.  സാം എനിക്ക് സഹോദരനാണ്. ചില കാര്യങ്ങളിൽ എനിക്കു വിയോജിപ്പുകളുണ്ടെങ്കിലും സാമിന്റെ അടുത്ത് എനിക്ക് ഞാനായിരിക്കാൻ കഴിയുന്നു.

ആളുകളായി കൂട്ടാകാൻ കുറച്ചു പാടാണ്. പക്ഷേ, ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ അവരുമായി നല്ല അടുപ്പമാകും. പിന്നീട് അവർ ചതിച്ചാൽ സഹിക്കാൻ പറ്റില്ല. അങ്ങനെ അനുഭവമുണ്ട്. അതിനു ശേഷം വളരെ ശ്രദ്ധിച്ചാണ് തിരഞ്ഞെടുപ്പ്. ഇപ്പോൾ ‘സാറ്റർഡേ നൈറ്റി’ലെ ഗ്രൂപ്പുമായി കൂട്ടായി. പ്രത്യേകിച്ച് ഗ്രേസ് ആന്റണിയുമായി. ഞങ്ങളൊരുമിച്ചുള്ള പാട്ടും ഡാൻസും സൂപ്പറായിരുന്നു.

കുട്ടിക്കാലത്ത് എന്തിനോടായിരുന്നു പ്രിയം?

അമ്മ പറയാറുണ്ട്, ഞാൻ കുഞ്ഞിലേ പാട്ടു കേൾക്കുമ്പോൾ താളം അനുസരിച്ച് കാൽപാദം അനക്കുമെന്ന്. അന്ന് വ ലിയ ‘എക്സ്പ്രഷൻ ക്യൂൻ’ ആയിരുന്നു. അച്ഛൻ നന്നായി ഡാൻസു ചെയ്യും. തമിഴരുടെ ആനന്ദനടനമില്ലേ, അത് അച്ഛനുമുണ്ട്. ചെന്നൈ സ്വദേശിയാണ്. ഈയടുത്ത് അച്ഛനും മകളുമായി തന്നെ ഞങ്ങളൊരു തമിഴ് സിനിമയിൽ അഭിനയിച്ചു. ചിത്രം റിലീസിനൊരുങ്ങുന്നു.

ജീവിതത്തിൽ പ്ലാൻ ബി ഉണ്ടോ?

ബിയും സിയും എല്ലാമുണ്ട്. സിനിമയിൽ ഒന്നുമായില്ലെങ്കിൽ ഡാൻസ് ക്ലാസ് തുടങ്ങി കുട്ടികളെ പഠിപ്പിക്കും. അഭിനയത്തിൽ വന്നില്ലായിരുന്നുവെങ്കിൽ നിഫ്റ്റിൽ പഠിച്ച് ഫാഷൻ ഡിസൈനറായേനെ. മികച്ച നടിക്കുള്ള അവാർഡ് നേടുന്നതാണ് ഇപ്പോൾ സ്ഥിരമായി കാണുന്ന സ്വപ്നം. അന്നു പറയേണ്ട മറുപടി പ്രസംഗം തയാറാക്കി വച്ചിട്ടുണ്ട്.

ഉറച്ച ധൈര്യം ആരുടെ പകർച്ചയാണ്?

അമ്മ ഒരു പുലിയാണ്. ‘നിനക്ക് ശരി ആണോ, എങ്കിൽ നീ ചെയ്യൂ’ എന്നാണ് എപ്പോഴും പറയുക. ‌ഈയടുത്ത് തായ്‌ലൻഡിൽ ഫാമിലി ട്രിപ് പോയപ്പോൾ ഞാൻ ബീച്ചിൽ ബിക്കിനിയാണ് ധരിച്ചത്. എന്റെ അമ്മയും അമ്മൂമ്മയും എല്ലാവരും ഉണ്ടായിരുന്നു. വണ്ണം വച്ച സമയത്ത് വാണിങ് തന്നു. ‘സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങൾ ഇടണമെങ്കിൽ വണ്ണം കുറയ്ക്കണം.’ എനിക്ക് ഇട്ടാൽ ഇണങ്ങുന്ന ഡ്രസ്സുകളാണ് ഞാൻ ധിക്കുക. എനിക്കില്ലാത്ത കുഴപ്പം പിന്നെ ആർക്കാണ്?