Wednesday 12 August 2020 03:42 PM IST

വിദ്യയേക്കാൾ വലുതല്ല വിവാഹം ; കോൺസെപ്റ്റ് ഫോട്ടോഗ്രഫിയുമായി രാഹുൽ രവി

Unni Balachandran

Sub Editor

pgpg

വിദ്യാഭ്യാസ മോഹങ്ങൾക്ക് മുകളിലേക്ക് ഒരിക്കൽ പോലും വിവാഹം വില്ലനായി എത്തരുതെന്ന് മോഹിക്കുന്നരാണ് സ്ത്രീകൾ. പക്ഷേ, പലപ്പോഴും കുടുംബവും സാഹചര്യങ്ങളും അവരുടെ സ്വപ്നങ്ങൾക്കു വിലങ്ങുതടയാകാറുണ്ട്. ഇവിടെയിതാ മനോഹരമായൊരു ചിത്രത്തിലൂടെ ഈ ആശയത്തെ പകർത്തിയിരിക്കുകയാണ് ഫോട്ടോഗ്രഫറായ രാഹുൽ രവി.

‘എന്റെ സഹൃത്തുകൾക്കിടയിൽ പലപ്പോഴും സംഭവിച്ച് കണ്ടിട്ടുള്ളതാണ് അവരുടെ പഠിപ്പ് മുടക്കി എത്തുന്ന കല്യാണം. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റ പ്രധാന്യം കാണിച്ചുകൊണ്ടൊരു ഷൂട്ട് പ്ലാൻ ചെയ്തത്. ‘വിദ്യയേക്കാൾ വലുതല്ല വിവാഹം’ എന്ന ഐഡിയ ആലോചിച്ചപ്പോഴാണ് ഹാഫ്–ഹാഫ് രീതി ഓർത്തത്. ചിത്രത്തിന്റെ പകുതി  സ്കൂളിൽ പോകുന്ന കുട്ടിയും മറുപാതി അവളുടെ വിവാഹമുഖവുമാണ് . രണ്ട് സാഹചര്യങ്ങളുടെയും വൈരുധ്യം കാണിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.  പണ്ടുമുതലേ ക്രിയേറ്റിവ് ഫോട്ടോഗ്രഫിയാണ്  എനിക്ക് കൂടുതൽ ഇഷടം. ഇങ്ങനെ എന്തെങ്കിലും കോൺസെപ്റ്റുകൾക്കുവേണ്ടി ചിത്രങ്ങളൊരുക്കുമ്പോഴാണ് അതിന് കൂടുതൽ പ്രാധാന്യമുള്ളവയായി തോന്നാറുള്ളത്’ രാഹുൽ പറയുന്നു.

തൃശ്ശൂരിലെ ബിബിഎ പഠനത്തിന് ശേഷം ദുബായിയിൽ സോഫ്റ്റവെയർ എൻജിനയിറിങ് ജോലി ചെയ്യുകയായിരുന്നു രാഹുൽ. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം കാരണം ജോലിയുപേക്ഷിച്ച നാട്ടിൽ നിൽക്കുകയാണിപ്പോൾ. അച്ഛൻ രവിയും അമ്മ സുനിതയും അനിയൻ ഗോകുലുമാണ് രാഹുലിന്റെ വീട്ടിൽ ഉള്ളത്.