ബംഗാളിൽ നിന്ന് മലയാളി വീട്ടിലെ മിനിസ്ക്രീലെത്തിയ ഇഷാനി ഘോഷ്
മലയാളം വിളിച്ചു, ഞാൻ വന്നു
ബംഗാളി ഭാഷയിൽ ജിയോ ജമായ്, നിയോതി എന്നിങ്ങനെ രണ്ടു സിനിമകൾ ഞാൻ ചെയ്തിരുന്നു. മലയാളം എന്നൊരു ഭാഷയുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും മലയാളവുമായി മറ്റൊരു വിധത്തിലും അടുപ്പമില്ലായിരുന്നു.
ബംഗാളിലെ സൺ ടിവി ചാനലിൽ ഒരു പ്രോഗ്രാമിന് വന്നപ്പോഴാണ് ‘അക്ഷരത്തെറ്റ്’ സീരിയൽ നിർമാതാവ് ഭാവചിത്ര ജയകുമാർ സാറിനെ പരിചയപ്പെടുന്നത്. അതാണ് മലയാളത്തിലേക്ക് വാതിൽ തുറന്നു തന്നത്. നല്ല കഥാപാത്രമാണെന്നതും ഓഫർ സ്വീകരിക്കാൻ കാരണമായി. അഭിനയത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷ്മി എന്ന കഥാപാത്രം ആണ് എന്റേത്.
കേരളം എത്ര സുന്ദരം
‘അമി മലയാളം പൊചോന്ദോ കൊരി’... മലയാളിയേയും മലയാളനാടിനെയും ഒത്തിരി ഇഷ്ടമാണ്. ഇവിടെ എല്ലാവരും ഒരു കുടുംബാംഗത്തോട് എന്നതു പോലെയാണ് പെരുമാറുന്നത്. കേരള ഫൂഡും സൂപ്പറാണ്. വിഭവങ്ങൾ വിളമ്പി വച്ചിരിക്കുന്നതു കണ്ടാൽ തന്നെ നാവിൽ കപ്പലോടും.
സൗത്ത് ഇന്ത്യയിലെ സീരിയലുകളിലും സിനിമകളിലും മികച്ച അവസരങ്ങൾ ലഭിക്കണം എന്നതാണ് വലിയ ആഗ്രഹം. ‘അക്ഷരത്തെറ്റി’ലെ അഭിനയം അതിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
സംസ്കൃതം പഠിച്ച നർത്തകി
അച്ഛൻ ശാന്തിമണി ഘോഷ് പൊലീസ് ഓഫിസറാണ്. അമ്മ കനിക ഘോഷ് വീട്ടമ്മ. ഞാൻ ഒറ്റ മകളാണ്. കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതം ഓണേഴ്സ് പാസ്സായി. മോഡലിങ് ചെയ്തിട്ടുണ്ടെങ്കിലും അഭിനയമാണ് എന്റെ പാഷൻ. വെസ്റ്റേൺ ഡാൻസും പഠിച്ചിട്ടുണ്ട്.
കൊക്കോയും ജാസിയും
കൊൽക്കത്തയിൽ വീട്ടിലായിരിക്കുമ്പോൾ എന്റെ ചങ്ക് ബ്രോസിന്റെ കൂടെയാണ് മുഴുവൻ സമയവും. പട്ടിക്കുട്ടി സെനോറിറ്റയ്ക്കും കൊക്കോ, ജാസി എന്നീ രണ്ടു പ്രിയപ്പെട്ട പക്ഷികൾക്കുമൊപ്പമിരുന്നാൽ സമയം പോകുന്നതേയറിയില്ല. ടോം ടോം എന്നു പേരുള്ള ഒരു മുയൽക്കുട്ടിയും ഉണ്ടെനിക്ക്.
പിന്നെ, ഏറെയിഷ്ടമുള്ള കാര്യം നാട്ടിലൂടെയുള്ള ഡ്രൈവ് ആണ്. ഇത്തിരി ദൂരമൊന്നുമല്ല, ലോങ് ഡ്രൈവ് ആണെനിക്ക് ഇഷ്ടം.
വ്യത്യസ്തമാണ് ‘അക്ഷരത്തെറ്റ്’
സാധാരണ പരമ്പരകളിൽ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് മഴവിൽ മനോരമയിലെ ‘അക്ഷരത്തെറ്റി’നുള്ളത്. ഇതിലെ ലക്ഷ്മി എനിക്ക് ഇതുവരെ അഭിനയിച്ചതിൽ വളരെ ഇഷ്ടം തോന്നിയ കഥാപാത്രമാണ്. ഈ പരമ്പര തുടങ്ങിയ ശേഷം മറ്റൊരു പരമ്പര കൂടി ആരംഭിച്ച് രണ്ട് പരമ്പരകളിലെയും കഥയും ക ഥാപാത്രങ്ങളും ഒന്നായി മാറുന്ന പരീക്ഷണ സീരിയലാണിത്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടമാണ് ആദ്യ പരമ്പരയിൽ ചിത്രീകരിക്കുന്നത്.
ആദ്യം പേടിച്ചു പിന്നെ, ഓക്കെ
മലയാളം എങ്ങനെ പറയും എന്നുള്ള പേടി ആദ്യം ഉണ്ടായിരുന്നു. ഡയറക്ടർ ഹാരിസണിന്റെ ടീം നന്നായി സഹായിച്ചതിനാൽ പതിയെ പതിയെ ആ പേടി മാറി. മലയാളം ഡയലോഗുകളുടെ അർഥം ഹിന്ദിയിൽ പറഞ്ഞു മനസ്സിലാക്കിത്തരും. അതുകൊണ്ട് തന്നെ സന്ദർഭം വ്യക്തമായി മനസ്സിലാകും. പിന്നെ, ഡയലോഗ് കേട്ട് അതുപോലെ ആവർത്തിക്കും. ടേക്ക് ഓക്കെ....