Friday 13 November 2020 02:24 PM IST

പല ഫ്ലേവറിൽ, മണത്തിൽ, നിറങ്ങളിൽ ചീസ്; കൊതിപ്പിച്ച വിഭവം കൊണ്ട് ബിസിനസ് തുടങ്ങിയപ്പോൾ അനു നേടിയത് മിന്നും വിജയം

Lakshmi Premkumar

Sub Editor

chee4334565
ഫോട്ടോ: സരിൻ രാംദാസ്

കസാരോ ക്രമറി എന്ന കടിച്ചാൽ പൊട്ടാത്ത പേര് മാത്രമേ ഒരു ചീസ് ബ്രാൻഡിന് ഇടാനുണ്ടായിരുന്നുള്ളോ എന്ന് ചിന്തിക്കല്ലേ. ഇറ്റാലിയൻ ഭാഷയിൽ ചീസ് മേക്കിങ് എന്നാണ് ഇതിന്റെ അർഥം. വ്യത്യസ്ത പേരിനൊപ്പം തന്നെ ചീസ് മേക്കിങിലും വ്യത്യസ്ഥത കൊണ്ടു വന്നിരിക്കുകയാണ് അനു ജോസഫ് പാലത്തിങ്കൽ.

ചീസിന്റെ ലോകം

‘‘ചെറുപ്പം മുതല്‍ തന്നെ ചീസ് ഒരു വീക്നസായിരുന്നു. അന്നൊക്കെ വീട്ടിൽ തന്നെയുണ്ടാക്കുന്ന നല്ല ഫ്രഷ് ചീസാണ്. അതു കഴിക്കുമ്പോള്‍ നമ്മൾ തടി വയ്ക്കുമോ, മുഖത്ത് കുരു വരുമോ, ഈ കാര്യങ്ങളിലൊന്നും ടെൻഷനടിക്കാറേയില്ല. വീട്ടിലെ പശുവിന്റെ പാലിൽ നിന്നുള്ള ഫ്രഷ് വെണ്ണ. അന്നു മുതലേ ഞാനൊരു ചീസ് അഡിക്ട് തന്നെയായിരുന്നു. പിന്നീട് വിവാഹ ശേഷം അമേരിക്കയിൽ പോയപ്പോഴാണ് ചീസുകളിൽ തന്നെ ഇത്ര വ്യത്യസ്തതകൾ ഉണ്ടെന്ന് മനസിലായത്.

ഞാനും ഭർത്താവ് ജോസഫ് പാലത്തിങ്കലും അമേരിക്കയിലെ സൗത്ത് കാരലിനയിലായിരുന്നു താമസം.  അവിടുത്തെ ഏതു ഭക്ഷണത്തിലും ചീസിന്റെ ഒരംശം ഉറപ്പാണ്.  പല ഫ്ലേവറിൽ, മണത്തിൽ, നിറങ്ങളിൽ ചീസ് ലഭിക്കും. ഞങ്ങളുടെ അടുത്തുള്ള ഒരു ഷോപ്പിങ് മാളിൽ ആയിരത്തോളം വെറൈറ്റി ചീസുകളുണ്ടായിരുന്നു.  

ഒരിക്കല്‍ അപ്രതീക്ഷിതമായി റോഡ് ട്രിപ് പോയപ്പോൾ ഞങ്ങൾ ചീസ് ഫാക്ടറി സന്ദർശിച്ചു. അതൊരു ട്വിസ്റ്റായിരുന്നു. അന്ന് ചുരുങ്ങിയ സമയം കൊണ്ടു തന്നെ അവർ നിരവധി വ്യത്യസ്തമായ ചീസ് രുചികൾ ഉണ്ടാക്കുന്നതും മിക്സ് ചെയ്യുന്നതും കാണിച്ചു തന്നു. അന്നുരാത്രി ഞാൻ ഭർത്താവിനോട് പറഞ്ഞു, എനിക്ക് ചീസ് ഉണ്ടാക്കുന്നതിനെ കുറിച്ച് ആധികാരികമായി പഠിക്കണം. ചീസ് ഫാക്ടറി തുടങ്ങണം.

2016 ൽ ഞങ്ങൾ അമേരിക്കയിൽ നിന്നും തിരികെ നാട്ടിലെത്തി തൃശ്ശൂര് താമസമായി. അന്ന് എന്റെ ഇരട്ട കുട്ടികളായ ക്ലേറിനും മെറിനും നാല് മാസമേ പ്രായമുള്ളൂ. ഈ സമയത്താണ് ഭർത്താവ് സ്റ്റാർട്ട് അപ് തുടങ്ങുന്നതിനെ കുറിച്ച് പറഞ്ഞത്. പക്ഷേ, എന്താണ് തുടങ്ങേണ്ടത് എന്നൊരു പ്ലാൻ ഒന്നും കൃത്യമായി ഉണ്ടായിരുന്നില്ല. അതിന്റെ പ്രാരംഭ നടപടികളൊക്കെ നടക്കുന്നതിനിടയിലാണ് ഞങ്ങൾ അടുത്ത ബന്ധുക്കൾക്കായി ഒരു സൽക്കാരം വീട്ടിൽ ഒരുക്കിയത്.

പാർട്ടിയിൽ നിന്ന് തുടക്കം

ആ പാർട്ടിയിലെ ഹൈലൈറ്റ് ഞാൻ അമേരിക്കയിൽ നിന്നു പഠിച്ച സ്പെഷൽ ഡെസേർട് ആയിരുന്നു. അതിലെ  മാസ്റ്റർ പീസായ ചീസ് ഞങ്ങളുടെ ടൗണിലൊന്നും ലഭിക്കാനില്ല. തൃശ്ശൂര് നിന്നും കൊച്ചിയിലെത്തി ചീസ് വാങ്ങി. ഇടയ്ക്കിടെ അതുണ്ടാക്കേണ്ടി വന്നപ്പോൾ ചീസ് മേക്കിങ് ഔട്‌ലെറ്റ് എന്ന സ്വപ്നം വീണ്ടും  മനസ്സിൽ സജീവമായി. മൂന്ന് വർഷത്തോളമായി ചീസ് മേക്കിങ്ങിലെ പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നു. ആത്മവിശ്വാസം ആയപ്പോൾ ഞാനാദ്യം ചെയ്തത് ഒരു ചീസ് പാർട്ടി വയ്ക്കുകയാണ്. എന്റെ കൈകൊണ്ടു തന്നെയുണ്ടാക്കിയ പലവിധ ചീസുകള്‍ കൊണ്ടുള്ള സ്റ്റാർട്ടേഴ്സ് മുതൽ ഡെസേർട്സ് വരെയായിരുന്നു.

ഈ ഉദ്യമത്തിൽ എന്റെ കസിൻ ഫ്രെഡിയും പാർട്നറാണ്. ഇവരെല്ലാം മാനസികമായി തന്ന സപ്പോർട്ട് കൊണ്ടാണ് എന്റെ അടുക്കളയിൽ രൂപപെട്ടു കൊണ്ടിരുന്ന പല വിധ ചീസ് രുചികളെ ഞാനിന്നൊരു യൂണിറ്റായി കൊണ്ടു പോകുന്നത്.

എട്ട് രുചികളിലുള്ള ഫ്രഷ് ചീസുകളും മൂന്ന് രീതികളിലുള്ള ഹാർഡ് ചീസുകളും ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്. അഞ്ചോളം ചീസ് സ്നാക്സും ഞങ്ങളുടെ ബ്രാൻഡിലുണ്ട്. നല്ല പശുവിൻ പാലിൽ നിന്നാണ് ഞങ്ങളുടെ യൂണിറ്റിലെ മുഴുവൻ ചീസും രൂപപ്പെടുന്നത്. 200 ഗ്രാമിന് 300 രൂപയാണ് വില. ’’