Wednesday 17 July 2019 04:14 PM IST

മലയാളത്തിലെ പുതിയ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ പുതുമുഖങ്ങൾ, അടിപൊളി സംഗീത വിശേഷങ്ങളുമായി!

Unni Balachandran

Sub Editor

msic
ഫോട്ടോ : ബേസിൽ പൗലോ

ഒരു പാട്ട്  അങ്ങുപാടിയാലോ’ എന്നു  ചോദിച്ചാൽ, സ്പോട്ടിൽ തന്നെ ‘റെഡി’ പറയുന്ന അഞ്ച് പേരാണ് മുന്നിൽ. ‘തീവണ്ടിയി’ലെ ‘ജീവാംശമായ്’ പാട്ടിന്റെ സംഗീത സംവിധായകൻ കൈലാസ് ജി.മേനോൻ, ‘ജോസഫി’ലെ ‘പൂമുത്തോളെ’ പാട്ടിന് ഈണ മൊരുക്കിയ രഞ്ജിൻരാജ്, ‘ഉയിരിൽ തൊടുന്ന’ പ്രണയ ഗാനവുമായി കുമ്പളങ്ങി നൈറ്റ്സിനെ സൂപ്പർ ഹിറ്റാക്കിയ സുഷിൻ ശ്യാം. ഒപ്പമുള്ള  ഗായകർ സൂരജ് സന്തോഷും ഹരിശങ്കറും.  മസാല കോഫിയുടെ മധുരസ്വരമാണ് സൂരജ്. സംഗീത കുടുംബത്തിൽ നിന്നെത്തിയ പ്രണയ ഗായകനാണ് ഹരിശങ്കർ. എല്ലാവരുടേയും കയ്യിൽ സംഗീതോപകരണങ്ങളുണ്ട്. എന്തൊക്കെയോ പ്ലാൻ ചെയ്ത് തന്നെയുള്ള വരവാണെന്ന് ഉറപ്പ്...

സുഷിൻ : ഇന്നിവിടെ നടക്കാൻ പോകുന്നത് ഒരു സംഗീത സദസ്സല്ല.

രഞ്ജിൻ : പിന്നെന്തിനാണ് ഈ ഇൻസ്ട്രമെന്റ്സെല്ലാം?

കൈലാസ് : വെറും ട്രാപ്പ്!!!

സുരജ്: ട്രാപ്പോ? എന്തിന്? ആരെ ട്രാപ് ചെയ്യാൻ?

രഞ്ജിൻ : ആരാ ട്രാപ്പിന്റെ കോ–ഓർഡിനേറ്റർ ?

കൈലാസ് : തൽക്കാലം ഞാനാണെന്നു വിചാരിച്ചോ.

ഹരി : ആരെയാണെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല?

സുഷിൻ : പറഞ്ഞു തരാം, ഈ കൂട്ടത്തിലെ ‘പ്രായം കുറഞ്ഞ കുട്ടീ....’

കൈലാസ് : അതേയ്, മോന് റാഗിങ് എന്താന്ന് അറിയുമോ?

ഹരി: ചെറുതായറിയാം.

രഞ്ജിൻ : വലുതായിട്ട് പറഞ്ഞു തരാം.

സൂരജ്: കഴിഞ്ഞ ദിവസം നീ ഗസ്റ്റായി പോയ കോളജിൽ എ ന്തായിരുന്നു സംഭവിച്ചത്?

mssv688
രഞ്ജിൻ രാജ്, സംഗീത സംവിധായകൻ, ഹിറ്റ് സിനിമ – ജോസഫ്

ഹരി : അയ്യോ, അത് വെറുതെ ആരാധകർ വന്ന് കിസ്സ് അടിച്ചതല്ലേ...

രഞ്ജിൻ : ഞങ്ങളും പാട്ടുകാരാണല്ലോ . പിന്നെന്താണ് നിനക്ക് മാത്രം ഇത്രയും ആരാധകർ?

സുഷിൻ : സമ്മതിക്കൂല്ല...ടെൽമീ ദ ട്രൂത്. പണ്ടു മുതലേ പറയുന്നതാണ് പാട്ടുകാർക്ക് ഭയങ്കര ആരാധകരാണെന്ന്. ഇവിടെ പാട്ടുപാടും, മ്യൂസിക് ഡയറക്ട് ചെയ്യും.

കൈലാസ് :  എന്തിന് പിയാനോ വരെ വായിക്കും, എന്നിട്ടും സുഷിന്റെ അവസ്ഥ കണ്ടോ?

രഞ്ജിൻ : ഞാൻ നിന്റെ ഭാര്യ ഗാഥയോട് പറഞ്ഞ് കൊടുക്കും.

ഹരി: അയ്യോ, ഞാൻ സ്‌റ്റേജിൽ നിന്ന് പാടിയിറങ്ങിയപ്പോൾ ഒരു പെൺകുട്ടി വന്ന് കിസ് തന്നു. ഭാര്യ എന്റെ  തൊട്ടുമുന്നിൽ ഇരിപ്പുണ്ടായിരുന്നു. ‍

സുഷിൻ : ഇതാണെനിക്ക് ഒട്ടും ഇഷ്ടമല്ലാത്തത്...ഇത്രയും ലുക്കുള്ള നമ്മളിവിടിരിക്കുമ്പോ ചെറിയ ചെറുക്കനായ ഇവൻ

രഞ്ജിൻ : പിയാനോ കൊണ്ടിവിടെ ആ സ്‌റ്റീഫൻ  ദേവസി മാത്രമേ രക്ഷപെട്ടിട്ടുള്ളൂ... നീ വിഷമിക്കാതിരി സുഷിനേ...

സുഷിൻ : മിണ്ടരുത്, സ്‌റ്റീഫൻ ചേട്ടന്റെ കാര്യം മിണ്ടരുത്... പിന്നേയും വിഷമിപ്പിക്കാനായി.

msssg0
സുഷിൻ ശ്യാം, സംഗീത സംവിധായകൻ, ഹിറ്റ് സിനിമ – കുമ്പളങ്ങി നൈറ്റ്സ്

ഹരി : അതെന്താ?

അതൊരു മോഹമായിരുന്നു

 സുഷിൻ : അതൊക്കെ വലിയ കഥയാണ്. തലശ്ശേരിയിലെ പഴയ കാലത്തേക്ക് ഒരു ഫ്ലാഷ്ബാക്ക് കൊടുക്കട്ടെ. എൻജിനീയറിങ് ഡ്രോപ്പൗട്ടായി ഇരിക്കുന്ന സമയം. ചെറുപ്പത്തിലേ പഠിച്ച പിയാനോ വായന മാത്രമുണ്ട് കയ്യിൽ.  അച്ഛൻ  ശ്യാം ഗിത്താറിസ്റ്റാണ്.  പപ്പയുടെ ഫ്രണ്ട് നൂറു അങ്കിൾ വഴിയാണ്  സംഗീത ശ്രമങ്ങളെല്ലാം. അങ്ങനെ ഒരു ദിവസം ടിവി തുറന്ന എന്റെ മുന്നിലേക്കു ഒരു പാട്ട് വരികയാണ്.

രഞ്ജിൻ : ഏതാരുന്ന് ആ പാട്ട്?

സുഷിൻ :  ക്രോണിക്ക് ബാച്ചിലർ സിനിമയിലെ ‘സ്വയംവര ചന്ദ്രികേ’. അന്നുവരെ ഞാൻ മലയാളത്തിൽ കേട്ടിട്ടുള്ളതി ൽ വച്ച് നല്ല സൗണ്ട് ക്വാളിറ്റിയുള്ള പാട്ട്, അത്ര നല്ല പ്രൊഡക്‌ഷൻ. അപ്പോൾ തന്നെ അതിന്റെ മ്യൂസിക് ഡയറക്ടർ ദീപക് ദേവിന്റെ കൂടെ വർക് ചെയ്യണമെന്ന ലക്ഷ്യം മനസ്സിൽ രൂപപ്പെട്ടു.

ഹരി : അല്ലാ, ഈ കഥയുമായി സ്‌റ്റീഫൻ ദേവസിക്ക് എന്തുബന്ധം?

സുഷിൻ : ആ സമയത്ത് നടന്നൊരു റിയാലിറ്റി ഷോയിൽ ദീപ ക്കേട്ടൻ ജഡ്ജായിരുന്നു, അതിൽ പിയാനോ വായിച്ചിരുന്നത് സ്‌റ്റീഫൻ ചേട്ടനും. ആ റിയാലിറ്റി ഷോയിൽ പിയാനിസ്‌റ്റായി ചെന്ന് ദീപക്കേട്ടനെ ഇംപ്രസ് ചെയ്യുക എന്നതായിരുന്നു എന്റെ സത്യസന്ധമായ ഉദ്ദേശ്യം. റിയാലിറ്റി  ഷോയുടെ ഷൂട്ട് കോഴിക്കോടുള്ള സമയത്ത് ഞാൻ അവരോട് പറഞ്ഞിരുന്നു  സ്റ്റീഫൻ ചേട്ടൻ എന്നെങ്കിലും  വന്നില്ലെങ്കിൽ എന്നെ പിയാനിസ്റ്റായി വിളിക്കണമെന്ന്.

സൂരജ് : പക്ഷേ, ഒരു ദിവസം പോലും സ്‌റ്റീഫൻ ചേട്ടൻ വരാതിരുന്നില്ല. നിന്റെ അവസരവും പോയി.

ഹരി: അതുകൊണ്ടാണല്ലേ ഇത്ര ദേഷ്യം പുള്ളിയോട്.  

കൈലാസ്: പിന്നെ, ദീപക്കേട്ടനെ എങ്ങനെ കണ്ടു?

സുഷിൻ: അച്ഛന്റെ ഫ്രണ്ട് വഴിയുള്ള ഓപറേഷനായിരുന്നു. ഒരു ദിവസം രാത്രി ദീപക്കേട്ടൻ വിളിച്ചിട്ട് ചെന്നൈലേക്ക് വരണമെന്നു പറഞ്ഞു. കഷ്ടപ്പെട്ട ജനറൽ ടിക്കറ്റൊക്കെയെടുത്ത് ഇടിയും കൊണ്ട് ഞാനും അമ്മ കലാവതിയും കൂടെ ചെന്നൈയിലെ സ്‌റ്റുഡിയോയിലെത്തി. പിയാനോ  വായിച്ചു കേൾപ്പിച്ചപ്പോഴും ദീപക്കേട്ടന് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. പ ക്ഷേ, എന്തോ ഭാഗ്യത്തിന് പോകുന്നതിനു മുൻപ് എന്നോട്  കൂടെ നിന്നോളാൻ പറഞ്ഞു, അങ്ങനെ ജീവിതം ധന്യ ഹുവാ...രഞ്ജിൻ : ആഹാ, ജീവിതം ധന്യ ഹുവാ, കസറ്റിന് ഇടാൻ പറ്റിയ പേര്?

mscggf2
കെ.എസ്. ഹരിശങ്കർ, ഗായകൻ ഹിറ്റ് ഗാനം– ജീവാംശമായ് താനേ...

സൂരജ്: എന്ത് കസറ്റിന് ഈ പേരിട്ടാലും പൊട്ടി പൊളിഞ്ഞുപോകുമെന്നുറപ്പാ.

ഹരി: ആരോടാ പറയുന്നേ സ്വന്തം വീട്ടിൽ കസറ്റിറക്കി കളിക്കണ മഹാനാ ഈ ഇരിക്കുന്നത്.

കൈലാസ്: വീട്ടിൽ കസറ്റോ?

രഞ്ജിൻ : അത്രയ്ക്കൊന്നുമില്ല. ഞാൻ പാട്ടുകാരനായാണല്ലോ തുടങ്ങിയത്. കുഞ്ഞിലെ സ്‌റ്റേജിൽ പാടാൻ  അമ്മ സുപ്രിയ ഭക്തിഗാനങ്ങള്‍ പഠിപ്പിച്ചു തരുമായിരുന്നു. കുറച്ച് വലുതായപ്പോ ഭക്തി ഗാനങ്ങളുടെ ട്രിക്കൊക്കെ മനസിലാക്കി, തനിയെ  പാട്ടെഴുതി താളമിട്ട് വയ്ക്കും. എന്നിട്ട് ആ കസറ്റിന് എന്തെങ്കിലും  കിടിലൻ പേരുമിടും, എന്നിട്ട് ആളുകൾ  വരുമ്പോ അതു വച്ചിട്ടങ്ങ് തകർക്കും.

സുഷിൻ : ചെറുപ്പത്തിലേ തന്നെ സ്വന്തം  കസറ്റൊ? നീ ഇതും കയ്യിൽ വച്ചാണൊ മ്യൂസിക് ഡയറക്ടറായത്?

രഞ്ജിൻ : റിയാലിറ്റി ഷോയിൽ പാട്ടുകാരനായാണ് ഞാൻ  വ ന്നത്. എം.ജി .ശ്രീകുമാർ സാറാണ് പിന്നീട് എന്നെ സപ്പോർട്ട് ചെയ്തതും പ്രോഗ്രാമുകളിലേക്ക് വിളിച്ച് ചാൻസ് തരുന്നതും. ആ വളർച്ചയാണ് സംഗീതസംവിധാനത്തിൽ എത്തിച്ചത്. കസറ്റെന്നു പറയുന്നതു ഞാനീ പാട്ടും വരിയുമൊക്കെ എഴുതി വച്ചിട്ട് എന്റെ പേരും ഡീറ്റെയ്ൽസുമൊക്കെ വലുതായി വിവരിക്കുന്ന സ്വന്തം നോട്ട്ബുക്കാണ്. ചെറുപ്പത്തിലെ കാര്യമാ.

സുരജ് : എന്ത് മനോഹരമായ ആചാരങ്ങൾ. മൊത്തത്തിൽ കഥ, തിരക്കഥ, സംവിധാനം, പോസ്റ്റർ ഒട്ടിക്കൽ ലൈൻ.

ഹരി: ഇതുപോലെ മനോഹരമായ ആചാരങ്ങൾ മറ്റാർക്കെങ്കിലും ഉണ്ടോ?

കൈലാസ് : കമോൺ എവരിബഡി... എനിക്കുമുണ്ട് കഥപറയാൻ. അമ്മ ഗിരിജാദേവിക്കായിരുന്നു എന്റെ പാട്ടുകളോട്  വലിയ ഇഷ്ടമുണ്ടായിരുന്നത്. പണ്ട് ഒൻപതാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ ബഞ്ചിൽ കൊട്ടിയൊരു പാട്ട് പാടി. വരിയെല്ലാം എന്റേതു തന്നെ. ആ സമയത്ത് ‘ഓർമയ്ക്കായ്’, ‘നിന ക്കായ്’ ആൽബം പാട്ടുകളൊക്കെ സൂപ്പർഹിറ്റായി പോകുന്ന കാലമായിരുന്നേ...

സുഷിൻ : അതിന്റെ  അതേ താളത്തിൽ കൈലാസ് കൊട്ടി പാടി പാട്ടു ചെയ്തു?

കൈലാസ് : എന്നിട്ട് ആ പാട്ടുമായി വീടിനടുത്തുള്ളൊരു സ്‌റ്റുഡിയോയിൽ പോയി. മാനേജർ നല്ല മനുഷ്യനായതുകൊണ്ട് പാട്ട് കംപോസിങ്ങൊക്കെ എന്നെ കാണിച്ചു തന്നു. അന്നെനിക്ക് ഇഷ്ടം തോന്നിയതാണ് മ്യൂസിക് പ്രൊഡക്‌ഷനോട്. പിന്നെ, സൗണ്ട് എൻജിനീയറിങ് പഠിക്കാൻ പോയി, കുറച്ച് പരസ്യങ്ങൾ ചെയ്തു. അങ്ങനെ ആ ഇഷ്ടം വളർന്നാണ് ഇപ്പോ ഇവിടെ എത്തിയത്.

ഹരി : അരേ വാ!!!

mscc7g
കൈലാസ്. ജി. മേനോൻ, സംഗീതസംവിധായകൻ ഹിറ്റ് സിനിമ – തീവണ്ടി

സൂരജ് : എന്റെ അമ്മ ജയകുമാരി സ്കൂൾ ടീച്ചറായിരുന്നു. അ മ്മയുടെ സ്കൂളിലെ മ്യൂസിക് ടീച്ചറാണ്  പാട്ട്  കേട്ടിട്ട്  എന്നെ പാട്ടുപഠിപ്പിക്കണമെന്ന് പറയുന്നത്. ഹരിയുടെ കൂടെയായിരുന്നു പഴയ പാട്ട് ക്ലാസൊക്കെ. സെൻട്രൽ ഗവൺമെന്റ് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട്  ഇവന്റെ മുത്തശ്ശി  ഡോ.  ഓമനക്കുട്ടി ടീച്ചറിന്റെ ക്ലാസ്സിൽ മൂന്നു വർഷം പാട്ട് പഠിക്കാൻ പറ്റിയിട്ടുണ്ട്.

ഹരി: എനിക്ക് എട്ട് വയസ്സുള്ളപ്പോൾ മുതൽ സൂരജേട്ടനെ അ റിയാം, കാറിലാണ് സൂരജേട്ടൻ വരുന്നത്. അമ്മൂമ്മയുടെ അടുത്ത് പഠിക്കുന്നവരിൽ  എനിക്ക്  ചേട്ടനോട് മാത്രമായിരുന്നു അടുപ്പം.  ഉച്ച സമയത്താണ് മിക്കപ്പോഴും വരവ്, കയ്യിലൊരുപാട് റെസലിങ് കാർഡ്സ് ഉണ്ടാകും. ഞാൻ കുറച്ച് നേരം നോക്കിയാ മതി, അതെല്ലാം  എടുത്തോ എന്നു  ചേട്ടൻ പറയും.  ആ കാർഡുകളെല്ലാം ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല.

സൂരജ് : ഞാനൊക്കെ പാടി തുടങ്ങുന്ന സമയത്ത് തന്നെ എട്ടു വയസ്സുള്ള പൊടി ചെറുക്കനായ ഇവൻ ഹെവി പാട്ടായിരുന്നു.

വമ്പൻ സർപ്രൈസ്

രഞ്ജിൻ : ഇങ്ങനെ പൊക്കേണ്ട കാര്യമുണ്ടോ, ഇതൊരു റാഗിങ്ങാണെന്ന് മറക്കരുത്.

സൂരജ്: പാട്ടിൽ  മാത്രമേ ഇവൻ അടിപൊളിയായിരുന്നുള്ളൂ. പാട്ടു കഴിഞ്ഞ് ക്രിക്കറ്റ് കളിയിൽ എന്റെ സിക്സറുകൾ എണ്ണിയിരിക്കുന്നതാണ് ഇവന്റെ പണി.

സുഷിൻ : ഒരു കട്ടയ്ക്ക് താഴ്ത്തുകയായിരുന്നെങ്കിൽ തള്ള് കുറഞ്ഞേനെ...

സൂരജ്: അങ്ങനെയാണെങ്കിൽ നൂറ് വട്ടം ആണയിട്ട് സത്യമാണെന്നു പറഞ്ഞാലും വിശ്വസിക്കാത്ത ഒരു കഥയുണ്ട്. രണ്ടു വർഷം മുൻപുള്ള വിഷുക്കാലം. പ്രശസ്ത ക്യാമറമാൻ,  ഡയറക്ടർ രാജീവ് മേനോൻ വിളിച്ചു. ‘സർവ്വം താളമയം’ സിനിമയിലെ ഒരു പാട്ടിന്റെ  കാര്യത്തെ പറ്റി പറയാനാണ്, ചെന്നൈയിൽ വരാമോയെന്ന് ചോദിച്ചു. ഞാൻ അന്ന് തന്നെ തിരുവനന്തുപുരത്തു നിന്ന് ചെന്നൈയിലെ സാറിന്റെ വിട്ടിലെത്തി. പാട്ടൊക്കെ പാടി കേൾപ്പിച്ചപ്പോഴാണ് ഒരു സജഷൻ സാർ പറയുന്നത്, എ.ആർ. റഹ്മാനുമായി സൂരജ് ഒന്നു സംസാരിക്കണം, നമുക്ക് ഒരു മീറ്റിങ്  അറേഞ്ച്  ചെയ്താലോ?. രാവിലെ റഹ്മാൻ സാറിന്റെ സ്‌റ്റുഡിയോയിൽ എത്തണം.  

കൈലാസ് : എന്ത് മനോഹരമായ സജഷൻ.

ഹരി  : സജഷൻ വയ്ക്കുന്നെങ്കിൽ ഇങ്ങനെ വയ്ക്കണം.

സൂരജ് : അടുത്ത ദിവസം രാവിലെ അഞ്ചു മണിക്ക് അദ്ദേഹത്തിന്റെ സ്‌റ്റുഡിയോയിൽ എത്തി. എന്നിട്ട് രാജീവ് മേനോനും റഹ്മാനും ഞാനും കൂടെ അവിടെ മോണിങ് വാക്കിന് പോയി. എന്നിട്ട് ചായ കുടിക്കാൻ പോകാൻ പ്ലാനിട്ടു. ഒരു സുപ്രഭാതത്തിൽ രാവിലെ ഞാനും രാജീവ് മേനോനും റഹ്മാനും കൂടെ ചായ കുടിക്കാൻ പോകുന്നെന്ന് സ്വപ്നം കണ്ടാൽ പോലും ഞാൻ വിശ്വസിക്കില്ല. ആകെ വട്ടായി പോയി.  അവിടുന്ന്  ഞങ്ങൾ പിന്നെ  മൈലാപൂർ ശരവണഭവന്റെ മുന്നിൽ വണ്ടി  പാർക് ചെയ്തു. കാറിൽ ഇരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്. എനിക്കു റഹ്മാൻ സാർ ഇഡ്ഡലിയും സാമ്പാറും  അദ്ദേഹത്തിന്റെ കൈകൊണ്ട് എടുത്തു തന്നു. പിന്നെ, സ്‌റ്റുഡിയോയിൽ പോയി പാട്ട് പാടി കേൾപ്പിച്ചു. പാടാൻ ചാൻസൊന്നും കിട്ടിയില്ല. പക്ഷേ, ആ കൂടിക്കാഴ്ച മറക്കാൻ പറ്റിയിട്ടില്ല. വല്ലാത്തൊരു ഔട്ട് ഓഫ് ദി ബോക്സ് കഥ.

mscc65
സൂരജ് സന്തോഷ്, ഗായകൻ ഹിറ്റ് ഗാനം– ഉയിരിൽ തൊടും...

സുഷിൻ : ഇതാണോടോ തള്ള് കഥ!!! നല്ല കിടിലൻ രോമാഞ്ചിഫിക്കേഷൻ കഥ!!!

ഹരി : പക്ഷേ, എനിക്ക് രോമാഞ്ചിഫിക്കേഷൻ വന്നത് തട്ടത്തിൻ മറയത്തിലെ ‘സ്ക്രൂ യു ഗൈസ്’ കേട്ടപ്പോഴാ.

കൈലാസ് : അത് ശരിയാണല്ലോ. കൂട്ടത്തിൽ ഒരു നടൻ ഉണ്ടായിട്ട് നമ്മൾ അവന് തീരെ പരിഗണന കൊടുത്തില്ലല്ലോ.

ലുക്കിൽ കാര്യമുണ്ടേ...

രഞ്ജിൻ : സുഷിൻ അഭിനയം പൂർണമായി ഉപേക്ഷിച്ചോ?

സുഷിൻ : വെറുതേ കളിയാക്കല്ലേ. ‘തട്ടത്തിൻ മറയത്തിന്റെ’ റെക്കോർഡിങ് നടന്നത് ദീപക്കേട്ടന്റെ സ്‌റ്റുഡിയോയിൽ വച്ചായിരുന്നു. അങ്ങനെ കേറി വന്നതാ ആ സിനിമയിലെ റോൾ. ‘ഗ്രാന്റ്മാസ്റ്റർ’ സിനിമയിൽ  മ്യുസിഷനായി അഭിനയിക്കാൻ വിളിച്ചപ്പോഴും പോയി ചെയ്തു .‘ഹണീബീ’യിലെ റോൾ ചെയ്യാൻ പോയതും  മ്യുസിഷനാണെന്നും പറഞ്ഞാണ്. പക്ഷേ, എന്നെ കൊണ്ടുപോയിട്ടത് സ്റ്റണ്ട് സീനിലും, ഇടിയോട് ഇടി ആയിരുന്നു. അന്ന് ഞാൻ ശരിക്കും ശശിയായി...

സൂരജ് : പറഞ്ഞിട്ട്  കാര്യമില്ല.  അമേരിക്കൻ ലുക്കുള്ള ആളെ ഇടിച്ചാലല്ലേ പടത്തിനൊരു ‘ഗും’ ഉള്ളൂ.

കൈലാസ്: ആരെങ്കിലും പറഞ്ഞിട്ടുണ്ടോ നിനക്ക് ഒരു വെസ്റ്റേൺ ലുക്കുണ്ടെന്ന്?

സുഷിൻ : നാട്ടുകാര് പറഞ്ഞിട്ടുണ്ട്. തലശ്ശേരിയിൽ മീൻ വാങ്ങാൻ പോകുമ്പോ ‘സാർ ഫ്രഷ് ഫിഷ്, ഗുഡ് വൺ, സോ ടേസ്റ്റി’ എന്നൊക്കെ പറഞ്ഞ് വില കൂട്ടി പറയും. ഞാൻ നൈസായിട്ടു പറയും ഇത് ‘അയല’ അല്ലേയെന്ന്?   അപ്പോഴത്തെ ആ റിയാക്‌ഷൻ എനിക്ക് വലിയ ഇഷ്ടമാ..

സൂരജ്: പണ്ട് തെലുങ്ക് മ്യൂസിക്  ഡയറക്ടർ തമ്മൻ സാറിന് വേണ്ടി പാടാൻ ഞാൻ വരുമ്പോ സുഷിനായിരുന്നു  പിയാനിസ്റ്റ്. ചില ‘തെലുങ്ക്’  വരികളുടെ  മലയാളം ഉച്ചാരണം ഓർത്ത്  ഇവന്റെ മുഖത്ത് ഇതുപോലൊരു റിയാക്‌ഷൻ ഞാൻ കണ്ടിട്ടുണ്ട്.

കൈലാസ് : വരിയുടെ കാര്യം പറഞ്ഞപ്പോഴാ ഞാൻ വേറെയൊരു കാര്യം ഓർത്തത്.

ഹരി: അതെന്ത് പരിപാടിയാ വരിയുടെ കാര്യം  പറഞ്ഞപ്പോ വേറെന്തെങ്കിലും  ആലോചിച്ചത്. വരിയെ പറ്റി പറയുമ്പോ വരിയെക്കുറിച്ച് തന്നെ ആലോചിക്കണം.

സുഷിൻ : ഇവന്റെ  ഭാര്യ  എങ്ങനെയാണോ ഇതൊക്കെ സഹിക്കുന്നത്!!!

ഹരി : വെറുതെയൊന്നുമല്ല നല്ല അന്തസ്സായിട്ട് പ്രേമിച്ചിട്ടാ. ബിഡിഎസ് ബാച്ച് മേറ്റായിരുന്ന അവളെ രണ്ടു വർഷം പ്രേമിച്ചു നടന്നിട്ടും കല്യാണ നിശ്ചയമായപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്.  നാലാം വർഷം എനിക്ക് ഏകദേശം 23 വയസ്സുള്ളപ്പോൾ കല്യാണം. എന്നെ എപ്പോഴും  മോട്ടിവേറ്റ് ചെയ്തിരുന്നതും  പാടാൻ നിർബന്ധിക്കുന്നതും  അവളാണ്. ഇത്രയും കേൾക്കുമ്പോ മനസ്സിലാകില്ലേ സ്വാഭാവികമായും അവൾക്കെന്റെ ചളികൾ മനസ്സിലാക്കാൻ പറ്റും എന്ന്..

സൂരജ് : ഓഹ്, ഇവനെ ഞാൻ ഇന്ന് കൊല്ലും.

ഹരി :  തല്ലരുത്...വരിയുടെ കാര്യം പറഞ്ഞപ്പോ കൈലാസ് ചേട്ടൻ ഓർത്ത കഥ പറയാൻ പറ...

കൈലാസ് : ‘ജീവാംശമായ്’ പാട്ട് ആദ്യ  കംപോസിഷനിൽ ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാനം വിഷ്വൽ  വന്നപ്പോഴാണ്  എല്ലാവരുടെയും മുഖം തെളിഞ്ഞത്. അതുപോലെ ‘ജീവാംശമായ്’ എന്ന വാക്ക് മാറ്റാനും സജഷനുണ്ടായിരുന്നു.

ഹരി:  ഇതാണല്ലേ വരിയുടെ കാര്യം പറഞ്ഞപ്പോ ഓർത്തത്.

കൈലാസ് : ഗാനരചയിതാവ് ഹരിനാരായണൻ ആദ്യം എഴുതിയ വാക്കായിരുന്നു ‘ജീവാംശം’. അതുകൊണ്ട് പുള്ളിക്കൊരു അറ്റാച്ച്മെന്റ് തോന്നി. അത് മാറ്റിയാൽ വീട്ടിൽ കേറ്റില്ലെന്ന് എന്റെ ഭാര്യ അന്നപൂർണ പറഞ്ഞു.

രഞ്ജിൻ : പൂമുത്തോളേക്കും ഇതുപോലെ വരിയുടെ ബേസിലൊരു കഥ പറയാനുണ്ട്.

സുഷിൻ : കമോൺ എവരിബഡി!!!

രഞ്ജിൻ : ‘ആഴിത്തീയായി ’  ‘ഓമൽപ്പൂവേ’ എന്നൊക്കെയായിരുന്നു രചയിതാവ് അജീഷ് ദാസൻ   പൂമുത്തോളെക്കും പകരം എഴുതിയിരുന്നത്. ‘പൂമുത്തോളെ’ പാട്ടിന് ഇമോഷനലി കൂടെയൊരു കഥയുണ്ട്. അമ്മ മരിച്ചു മൂന്നാമത്തെ ദിവസം കംപോസ് ചെയ്തൊരു പാട്ടാണത്. പലർക്കും അത് പല ഇമോഷൻ തരുന്നതായിരിക്കും, എനിക്ക് മനസ്സിൽ  അമ്മ നിറഞ്ഞിരുന്നപ്പോഴാണ് അത് ചെയ്തത്.

കൈലാസ് : നമ്മുടെ പഴയ പാട്ടുകളുടെ ടച്ചുള്ളൊരു പാട്ടായിരുന്നു ‘പൂമുത്തോളെ.’

സുഷിൻ : കുമ്പളങ്ങി നൈറ്റ്സിലെ ‘ചിരാതുകൾ’  ഒരു  താരാട്ട് പാട്ടായി ചെയ്യാനാണ് പറഞ്ഞത്. വരികളെഴുതിയ അൻവർ അലിയുമായി മൽപ്പിടുത്തമായിരുന്നു. എഴുതുന്നതെല്ലാം നല്ലതാണ്. ‘ചാരുവാം  ഉമ്മകളാൽ’ എന്നതായിരുന്നു ചിരാതുകൾ പാട്ടിന്റെ തുടക്കം. പിന്നെ, അദ്ദേഹം തന്നെയത് മാറ്റി ‘ചിരാതുകൾ’ എന്നാക്കി. അപ്പോ, എനിക്കു കുറച്ചൂടെ നല്ല രീതിയിൽ കംപോസ് ചെയ്യാനും പറ്റി. എന്ത് മനുഷ്യനാണ്! വെറുതേ വാക്കും വച്ച് കളിക്കുവല്ലേ...

രഞ്ജിൻ : ഉയിരിൽ തൊടും പാട്ടിന്റെ കംപോസിങ്ങിന് വേണ്ടി ഗോവയ്ക്ക് പോയീന്ന് ഒരു കഥ കേട്ടിരുന്നു?

സുഷിൻ :  ടെൻഷൻ കൂടി പാട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ. ആ സമയത്താണ് ഫഹദിന് ബ്രേക് കിട്ടുന്നത്. എന്റെ സ്ട്രെസ്സ് മാറ്റാനായി പാവം ഫഹദ് പുണ്യഭൂമിയായ  ഗോവയിലേക്ക് ഒരു ട്രിപ്പിന് പ്ലാനിട്ടു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനടക്കം ‘യാത്രയല്ലേ  നല്ലതാണെന്ന് ’ പറഞ്ഞെങ്കിലും, എല്ലാവർക്കും നല്ല കലിപ്പായിരുന്നു. പക്ഷേ, യാത്ര പോയി വന്നപ്പോഴേക്കും ട്യൂണുണ്ടായിരുന്നു. അതുകൊണ്ടു രക്ഷപെട്ടു.

രഞ്ജിൻ : എനിക്കും  ആഗ്രഹമുണ്ട്, നല്ല സമയമെടുത്ത് എല്ലാ പ്രൊഡക്‌ഷൻ ക്വാളിറ്റിയിലും പാട്ട് കംപോസ് ചെയ്യാൻ.

കൈലാസ്: 80കളിലെ പാട്ടിന്റെ സ്‌റ്റൈൽ, പുതിയ പാട്ടുകളുടെ ക്വാളിറ്റിയിൽ റീ ക്രിയേറ്റ് ചെയ്യണം.

സുഷിൻ : എന്നിട്ട് നമ്മുടെ മലയാളം പാട്ടുകളുടേയും വരിയുടേയും ക്വാളിറ്റി എല്ലാവർക്കും കാണിച്ചുകൊടുക്കണം.  

ഹരി : അതൊന്നും പോരാതെ അത് എന്നേക്കൊണ്ടും സൂരജേട്ടനെ കൊണ്ടും പാടിക്കുകയും വേണം.

സൂരജ് : അത്രയ്ക്കു വേണോ?

രഞ്ജിൻ : എന്നാൽ പിന്നെ, ഇൻസ്ട്രമെന്റ്സൊക്കെ റെഡിയാക്കിക്കോ. നമുക്കൊരു പൊളി പൊളിക്കാം.

Tags:
  • Celebrity Interview
  • Movies