Friday 13 November 2020 02:41 PM IST

‘അടച്ചിട്ട സ്ഥാപനങ്ങൾ തുറന്നു കൊണ്ടാണ് തുടക്കം; മക്കൾ എനിക്കു വിട്ടുതന്ന സമയമാണ് എന്റെ വളർച്ചയുടെ മൂലധനം’

Lakshmi Premkumar

Sub Editor

_ARI9606
ഫോട്ടോ: സരിൻ രാംദാസ്

പാരിസില്‍ ജനിച്ചു വളർന്നു, വിവാഹശേഷം തൃപ്പൂണിത്തുറയിലെ ആയുർവേദ കുടുംബത്തിലേക്ക് മരുമകളായി എത്തി. പിന്നെ, എംബിഎ പഠിച്ചു. ഇപ്പോൾ ആർസിഎം എന്ന ആയുർവേദ ഹെൽത് കെയറിന്റെ സിഇഒ തസ്തിക അലങ്കരിക്കുന്ന സക്സസ് ലേഡിയാണ് ലിൻഡാ രാകേഷ്.

ടീച്ചറാകാനായിരുന്നു ഇഷ്ടം

‘‘കൊച്ചിയിലെ പ്രമുഖ ആയുർവേദ ഡോക്ടറും ബിസിനസുകാരനുമായ ഡോ. ചന്ദ്രന്റെ മകൻ ഡോ. രാകേഷാണ് എന്റെ ഭർത്താവ്. തുടക്കത്തിൽ അച്ഛനാണ് ബിസിനസും ആശുപത്രിയും എല്ലാം നോക്കി നടത്തിയിരുന്നത്. ഈ സമയത്ത് രാകേഷ് എംബിബിഎസ് കഴിഞ്ഞ് എംഎസ് ഒഫ്താൽമോളജി ചെയ്യാനായി ബെംഗളൂരുവിലേക്ക് പോയി. ഒപ്പം ഞാനും.

എന്റെ അച്ഛൻ ടെക്സ്റ്റൈൽ ബിസിനസ് രംഗത്തായിരുന്നെങ്കിലും ടീച്ചിങ് ആയിരുന്നു എന്റെ  ഇഷ്ടമേഖല. അതുകൊണ്ടുതന്നെ രാകേഷ് പഠിക്കുന്ന സമയത്ത് ഞാൻ ബംഗളൂരുവിലെ എസ്ഐടി എൻജിനീയറിങ് കോളജിൽ‌ അധ്യാപികയായി പ്രവേശിച്ചു. അതിനൊപ്പം ബിസിനസിന്റെ എന്തെങ്കിലും ഒരു വശം പഠിച്ചു വയ്ക്കാമെന്നും തോന്നി. അങ്ങനെ എൻജിനീയറിങ് ബിരുദധാരിയായ ഞാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എംബിഎ മാർക്കറ്റിങിന് ചേർന്നു.

ഇതേ സമയത്ത് ഞങ്ങളൊരു ഒപ്റ്റിക്കൽ ഷോപ്പ് തുടങ്ങി. അത് നോക്കേണ്ട ഉത്തരവാദിത്തം രാകേഷ് എന്നെയേൽപ്പിച്ചു. ബിസിനസ് രംഗത്തേക്കുള്ള ആദ്യത്തെ കാൽവയ്പ്പായിരുന്നു അത്.  അതു വിജയിച്ചു. അതോടെ ബിസിനസ് എനിക്കും പറ്റും എന്നൊരു തോന്നൽ ഉണ്ടായി. അച്ഛന് പെട്ടന്നുണ്ടായ അസുഖം കുടുംബത്തെ വല്ലാതെ തളർത്തി. ആരും നോക്കി നടത്താനില്ലെന്ന കാരണത്താൽ ആശുപത്രിയും  മാനുഫാക്ച്വറിങ് യൂണിറ്റും നിർത്തേണ്ടി വന്നു.

ഞങ്ങളുടെ മൂത്തമകൻ ഗൗതമും രണ്ടാമത്തെ മകൻ അദ്വൈതും തമ്മിൽ വലിയ പ്രായവ്യത്യാസമില്ല. ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് ബിസിനസ്  നോക്കി നടത്തിക്കൊള്ളാം എന്ന് പൂർണമായി പറയാൻ എനിക്കും പേടി തോന്നി. നന്നായി പഠിച്ചു, നല്ല മാർക്കോടു കൂടി എംബിഎ പാസായി. അതിനൊപ്പം തന്നെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി സ്വന്തമാക്കി.

ബിസിനസ് ലോകത്തേക്ക്

അടച്ചിട്ട സ്ഥാപനങ്ങൾ  ഊർജസ്വലമായി പുനരാരംഭിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ഇന്ന് നിരവധി ജോലിക്കാരുള്ള ആർസിഎം വെൽനസ് ഹോസ്പിറ്റൽ ഗ്രൂപ്പാണ് ഞങ്ങളുടേത്. മരുന്ന് മാനുഫാക്ച്വറിങ് യൂണിറ്റും വിജയകരമായി തുടങ്ങി. അമ്പത് പ്രോഡക്ടുകളായിരുന്നു തുടക്കത്തിൽ. ഇന്ന് അത് 300 ക്ലാസിക്കൽ പ്രൊഡക്ടുകളായി മാറി. 20 പേറ്റന്റ്  പ്രൊഡക്റ്റുകളും ഉണ്ട്. നാചുറൽ ഡൈ മാസ്കുകൾക്ക് നല്ല ഡിമാൻഡ് ഉണ്ട് ഇപ്പോൾ.

അധ്വാനിക്കാനുള്ള മനസും ഏതു പ്രതിസന്ധിയിലും തോറ്റു കൊടുക്കില്ല എന്ന വാശിയുമാണ് മൂന്നോട്ട് നയിക്കുന്നത്. വീട്ടമ്മയിൽ നിന്നും ഒരു സംരംഭകയിലേക്ക് വളർന്നപ്പോൾ കുടുംബം തന്ന സപ്പോർട്ടാണ് ഏറ്റവും വലുത്. മക്കൾ എനിക്കു വിട്ടുതന്ന സമയമാണ് എന്റെ വളർച്ചയുടെ മൂലധനം.’’