Saturday 20 July 2019 05:35 PM IST

ജീവിതം രഹസ്യമായി നിയന്ത്രിക്കുന്ന ബെസ്റ്റ്ഫ്രണ്ട്, അതാണ് ഈ ‘ഫോൺ ജീവിതം’; പക്ഷേ, എപ്പോഴും സ്മാർടായിരിക്കുമോ?

Lakshmi Premkumar

Sub Editor

അതിപ്പോൾ രാവിലെ ഓഫ് ആ ക്കുന്ന  അലാം  മുതൽ തുടങ്ങണോ അതോ രാത്രി ഓൺ ചെയ്യുന്ന  അലാം  മുതൽ തുടങ്ങണോ? ആകെ ക ൺഫ്യൂഷനാണ്. കൈവെള്ളയിലെ ചൂടുപറ്റി ഇരുന്നിരുന്ന്  ഈ സ്മാർട് ഫോണിപ്പോൾ ആളാകെ മാറി. താഴെയിരിക്കാൻ തന്നെ മടിയാ. തോണ്ടിയും ചിരിച്ചും എപ്പോഴുമിങ്ങനെ കൂടെ തന്നെ. കണ്ണൊന്ന് അ ങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ സമ്മതിക്കില്ല.

ഇനി ഫോണിന് തന്നെ ഒന്നു ചാർജാകണമെന്നു തോന്നിയാൽ പോലും നമ്മുടെ ഉറക്കം വരെ കാത്തിരിക്കണം. സ്മാർട് ഫോൺ അത്രത്തോളം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അപ്ഡേഷനുകളായും ലൈക്കുകളായും ഷെയറുകളായും  നമ്മുടെ ജീവിതം രഹസ്യമായി നിയന്ത്രിക്കുന്ന ബെസ്റ്റ്ഫ്രണ്ട്. ഈ ‘ഫോൺ ജീവിതം’  പക്ഷേ, എപ്പോഴും സ്മാർടായിരിക്കുമോ? വാ... നോക്കാം...

അങ്ങനെയൊരു വിധത്തിൽ രാവിലെ കൂകി വെളുപ്പിച്ചു. ഇരുവശത്തുമിരുന്ന് ഭാര്യയുടെയും ഭർത്താവിന്റെയും ഫോൺ പലവിധ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അടുക്കളയിൽ മുത്തശ്ശിയുടെ ഫോൺ പ്രഭാത പ്രാർഥന മുഴക്കിയപ്പോൾ കോലായിൽ മുത്തച്ഛന്റെ ഫോൺ നിർത്താതെ രാവിലത്തെ വാർത്തകൾ പുലമ്പി. അലാം ഓഫാക്കാൻ കണ്ണടച്ചു തന്നെ അമ്മ ഫോൺ കയ്യിലെടുത്തു. ഇന്റർനെറ്റിന്റെ കണക്‌ഷൻ ഓൺ ചെയ്തു. പിന്നെ, പലവിധ ശബ്ദങ്ങളുടെ പെരുമഴ.

തലേന്നു രാത്രി അമ്മയുടെ ഇൻബോക്സിലേക്ക് ഓടിയെത്തിയ മെസേജുകൾ ‘ഞാൻ ആദ്യം, ഞാൻ ആദ്യം’ എന്ന് ഉറക്കെ പറഞ്ഞ് തിക്കും തിരക്കും കൂട്ടി. ഫെയ്സ്ബുക്കിലെയും വാട്സ്ആപ്പിലെയും നോട്ടിഫിക്കേഷനുകൾ തല നീട്ടി. ഇന്റ ർനെറ്റിന്റെ പ്രഭാതഭേരി കേട്ട് അച്ഛനും സജീവമായി. ബാത്റൂമിലേക്കും കൂട്ടു പോകുന്ന ഫോൺ. ഇന്നലെ നെറ്റ്ഫ്ലിക്സിൽ ബാക്കി കാണാൻ നിർത്തിയ സിനിമ കണ്ടു തീർക്കേണ്ടി വരും.

സിഡി, പെൻഡ്രൈവ് ഇതിലൊക്കെ മുത്തശ്ശിക്കു പോലും നോ താൽപര്യം. ചറപറ മ്യൂസിക് ആപ് ഉള്ളപ്പോൾ പിന്നെന്തിനാ ഇതൊക്കെ എന്നാണ് ചോദ്യം. 7.30 വരെ ഭക്തിഗാനങ്ങൾ ഓൺലൈനായി മുഴങ്ങും വീടാകെ. അതു കഴിഞ്ഞാൽ പിന്നെ, കുക്കറി വിഡിയോകളുടെ സമയമാണ്. ഇഡ്ഡലിക്കൊപ്പം പരീക്ഷിക്കാവുന്ന ഏറ്റവും പുതിയ ഉള്ളിചമ്മന്തിയാണ് ഇന്ന് ഓൺലൈനിൽ നിന്ന് അടുക്കളയിലേക്ക് ഒരുങ്ങിയിറങ്ങുന്നത്. പഴയ രുചികൾ വീണ്ടും തയാറാക്കുന്നതിൽ  ‘ത്രി ൽ‌’ ഇല്ലെന്ന് മുത്തശ്ശി. പാചകത്തിന്റെ ഹരത്തിൽ  മുത്തശ്ശി ഫോൺ  വച്ചിരിക്കുന്നത് ഗ്യാസിന്റെ തൊട്ടരുകിൽ. ഫോണും ഗ്യാസും ഒരിക്കലും ചേരാത്ത വിഭവമാണെന്ന് ഈ മുത്തശ്ശി ഇനി എന്നു പഠിക്കും?

മൊബൈൽ ഫോണിലെ കിരണങ്ങൾ ഗ്യാസ് സിലിണ്ടറിനോടു ചേർത്തു വച്ചാൽ ചിലപ്പോളതിൽ നിന്നും  പൊട്ടിത്തെറിയുണ്ടാകാം. ആലോചിച്ച് നിൽക്കാനുള്ള സമയം പോലുമില്ല. ഓടിപ്പോയി ആ ഫോണെടുത്ത് ഓഫ് ചെയ്തു. രാവിലെ തന്നെ വലിയ സ്ഫോടനത്തിൽ നിന്നു വീടിനെ രക്ഷിച്ചു.  

നഷ്ടപ്പെട്ടവ തിരിച്ചു വരുമ്പോൾ

എല്ലാം അറിയാമെന്ന് പറയുന്ന മുത്തശ്ശനും  ഇപ്പോൾ ആളാകെ മാറി. എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണമെന്ന് നി ർബന്ധമുള്ളയാളായിരുന്നു. ഇപ്പോൾ ഫുൾടൈം ചാരുകസേരയിൽ മൊബൈലിൽ ചാഞ്ഞിരിപ്പാണ്. വാർത്തകൾ ബോറടിച്ചാൽ അപ്പോൾ ബാഴ്സിലോനയുടെ പഴയ ഫുട്ബോൾ മാച്ച് വയ്ക്കും.

പണ്ട് പട്ടാളത്തിലായിരുന്നപ്പോൾ കുറച്ച് കളികൾ മിസ്സായി. മരണം വരെ ആ നഷ്ടം പിന്തുടരും എന്ന് ദുഃഖിച്ചിരിക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ യുട്യൂബ് എത്തുന്നത്. ഇപ്പോൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് കളി കാണാൻ വരെ ആള് പഠിച്ചു കഴിഞ്ഞു. എല്ലാവരും കൂടി മുത്തച്ഛനു നൽകിയിരിക്കുന്ന ചെല്ല പേരാണ് ‘മിസ്റ്റർ ട്യൂബ്’.

ഇനിയിപ്പോൾ ഈ വീട്ടിലെ നാലാം ക്ലാസുകാരന് സ്കൂളിൽ പോകണമെങ്കിൽ കാര്യങ്ങൾ സ്വയം നോക്കുകയേ രക്ഷയുള്ളൂ. പക്ഷേ,  ഷൂസും സോക്സുമാണ് പ്രശ്നം. വേറൊരാ ളുടെ സഹായമില്ലാതെ സോക്സ് ഇടാൻ അറിയില്ല. ഷൂ പോളീഷ് ചെയ്യാൻ ഒട്ടും അറിയില്ല. ആകെ ഒരു പോംവഴി മാത്രമേയുള്ളൂ. അമ്മയുടെ ഫോൺ അടിച്ചു മാറ്റുക. നേരെ യുട്യൂബിൽ കയറുക. സെർച്ചിൽ ‘ഹൗ ടു വെയർ സോക്സ് ബ്യൂട്ടിഫുളി ?’ എന്നങ്ങ് ടൈപ് ചെയ്യുക. ദേ വരുന്നു, എളുപ്പത്തിൽ ഭംഗിയായി സോക്സണിയാനുള്ള നൂറു ചെപ്പടി വിദ്യകൾ.

ഇത് ഏറെ ദൂരെ നടക്കുന്ന കഥയല്ല. ഞാനും എന്റെ ഫോണും എന്ന ലോകത്തേക്കു കൂപ്പു കുത്തുന്ന ഓരോരുത്തരുടെയും വീടുകളിൽ നടക്കുന്നതാണ്. ചാറ്റിങ്ങിനും ടിക്ടോക്കി  നും ഇൻസ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും പകരം നാം നൽകേണ്ടി വരുന്നത് വലിയ വിലകളാകും.

ഫോൺ തന്ന പണി

സംഭവം കുറച്ചു സീരിയസ് ആണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മനുവിന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അമ്മുവിനോട് ദിവ്യപ്രണയം. തന്റെ പ്രണയം തുറന്നറിയിക്കാൻ കാലഘട്ടങ്ങൾ പിന്നോട്ട് സഞ്ചരിച്ച് ‘കത്ത്’ എന്ന ആശയത്തിലെത്തി മനു. മനസ്സിലെ പ്രണയവും അതിനൊപ്പം സ്വാധീനിച്ച ചില പ്രണയ രംഗങ്ങളും ചേർത്ത് ഒരു ഇടിവെട്ട് പ്രണയലേഖനം അങ്ങ് കാച്ചി. ആരും കാണാതെ അമ്മുവിന്റെ കണക്കു പുസ്തകത്തിൽ ഒളിപ്പിച്ചു. കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ, കത്തു കിട്ടിയത് അമ്മയുടെ കയ്യിൽ. കത്തിനെക്കാൾ അമ്മയെ ഞെട്ടിച്ചത് അതിലെ വരികളായിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അമ്മ സ്കൂളിലെത്തി. രണ്ടാം ക്ലാസ്സുകാരൻ നെഞ്ചുവിരിച്ച് പറഞ്ഞു ‘അതെന്റെ വരികളാണ്.’ എന്നാൽ ഒരു എട്ടു വയസുകാരന്റെ  വരികൾക്കപ്പുറത്തേക്ക് പ്രണയത്തിൽ തുടങ്ങി ലൈംഗികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന കാവ്യാത്മകത വരെ കത്തിലുണ്ടായിരുന്നു. കൂടുതലായി നടത്തിയ ചോദ്യം ചെയ്യലിൽ സംഭവം പുറത്തു വന്നു. ‘അതു ഞാനെന്റെ അച്ഛന്റെ ഫോണിൽ കണ്ട വിഡിയോയിലേതാണ്.’ അതിനെ വാക്കുകൾ കൊണ്ടു വിവരിച്ചെന്നു മാത്രം. സമൂഹത്തിൽ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന അച്ഛന്റെ മാനം സ്കൂൾ മുറ്റത്ത് ചില്ലുപാത്രം പോലെ വീണുടഞ്ഞു.

കുളിമുറിയിൽ നിന്നും ലോക്കിടുന്ന സീൻ

രാവിലെ എണീറ്റപ്പോൾ മുതൽ ചാറ്റിങ് തുടങ്ങിയതാണ്. കാമുകൻ  ഇന്നെന്തോ ആകെ കലിപ്പിലാണ്. സമാധാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. ‘കിടക്കപായയിൽ നിന്ന് എണീക്കാതെ ഫോണിൽ കുത്തി കിടന്നോ’ അമ്മയുടെ രണ്ടാമത്തെ താക്കീതും  വന്നതോടെ പതുക്കെ  മുറിയിലേക്ക് നടന്നു. അപ്പോഴേക്കും അമ്മ ചൂലുമായി പടിവാതിൽ വരെ എത്തി. അടികിട്ടും മുൻപേ ജസ്റ്റ് എസ്കേപ്.

കുളി തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ടെൻഷൻ ഫോണ്‍ ലോക്ക് ചെയ്താരുന്നോ? ഓ, മൈ ഗോഡ് ! ഇല്ലെങ്കി ൽ അവന്റെ  മെസേജ് വരും. കൃത്യം അമ്മ അതിനടുത്ത് എ ത്തുമ്പോഴായിരിക്കും അത്. ശബ്ദം കേട്ട് അമ്മ ഫോൺ കയ്യിലെടുക്കും. മുകളിലേക്കുള്ള മേസേജുകൾ വായിക്കും. ഇന്ന് രാവിലത്തെ... ഇന്നലെ രാത്രിയിലെ... അതിന്റെ കൂടെ പ്ലസ് ടു ഗ്രൂപ്പിലെ ഗേൾസ് ഓൺലി വാട്സാപ്പിൽ വരുന്ന വേറെ മെസേജുകൾ. പിന്നെ, വീട്ടിൽ നിന്നു പടിയിറങ്ങുകയേ രക്ഷയുള്ളൂ. ഇനിയൊന്നും നോക്കാനില്ല, കുളിക്കിടയിൽ പുറത്തിറങ്ങി ലോക്ക് ഇടുക തന്നെ.

രണ്ടും കൽപിച്ച് പുറത്തിറങ്ങി. ഭാഗ്യം, അമ്മ റൂമിന് പുറത്താണ്. ഹൊ, എന്നാലും  റിസ്ക് എടുക്കണ്ട. ലോക്കിട്ടേക്കാം. ആരും കാണാതെ ഫോണിനടുത്തേക്കെത്തി,ലോക്കിട്ടതും പുറത്തു നിന്നും അശരീരി മുഴങ്ങി. ‘കുളിക്കുന്നതിനിടയിൽ പോലും ഫോണ്‍ നോക്കാതെ അവൾക്ക് വയ്യ. ആ കുന്ത്രാണ്ടം മിക്കവാറും ഞാൻ എടുത്ത് എറിഞ്ഞു പൊട്ടിക്കും.’ ഇനിയിപ്പോൾ അമ്മ എല്ലാം വായിച്ചതിന്റെ റിയാക്‌ഷനാണോ അത്. കാര്യമെന്തായാലും അന്നത്തെ ദിവസം മുഴുവൻ ആ ടെൻഷനായിരുന്നു.

പണി വരുന്ന വഴിയേ!

സഹോദരിയുടെ സുഖവിവരം അന്വേഷിക്കാൻ പോകുന്നു എന്നാണ് ഭാര്യയോടു പറഞ്ഞത്. പോയത് കൂട്ടുകാർക്കൊപ്പം മൂന്നാറിലേക്ക്. സഹോദരിയുമായി നേരത്തേ തന്നെ കരാർ ഉണ്ടാക്കിയിരുന്നു. തെളിവുകൾ ഇല്ലാതാക്കാൻ കൂട്ടുകാരുടെ ഫോൺ വിളികൾ കോൾ ലിസ്റ്റിൽ നിന്നു ക്ലിയർ ചെയ്തു.സമാധാനത്തോടെ സന്തോഷത്തോടെ നാളെ ഒരു ചില്ലിങ് യാത്ര. എല്ലാവരും വിദേശത്തു നിന്ന് അവധിക്കു വന്നവർ. നേരത്തെ വിവാഹം കഴിച്ചു പോയി എന്നൊരു തെറ്റു മാത്രം ചെയ്ത് പാപിയായി കൂടെ ഞാനും.

ഹിൽടോപ്പിലെ റിസോർട്ടാണ് ലക്ഷ്യം. ഭാര്യയുടെ മനസ്സിലെ സംശയത്തിന് പൂർണ വിരാമമിടാൻ പോകുന്ന വഴിയേ രണ്ടു മിനിറ്റ് സഹോദരിയുടെ മൂന്നാറിലെ വീട്ടിൽ കയറി. അവൾക്കൊപ്പം ഒരു സെൽഫിയുമെടുത്ത് ഭാര്യയ്ക്ക് അപ്പോ ൾ തന്നെ അയച്ചു. ‘ചില്ലിങ് വിത് സിസ്’. സംഭവം ഡബിൾ കൂ ൾ. മറുവശത്തുനിന്ന് കണ്ണിൽ ലൗ തെളിയുന്ന സ്മൈലികളുടെ പ്രവാഹം. ഇനി നേരെ ഹില്ലിലേക്ക്.

സംഭവമെല്ലാം വിചാരിച്ചതിലും സൂപ്പർ. പിറ്റേന്ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്തി. എടുത്ത ഫോട്ടോകളും വിഡിയോകളും  ആപ് ഉപയോഗിച്ച് ലോക്ക് ചെയ്തു. ചിലത് രഹസ്യ അറയായി ഉപയോഗിക്കുന്ന ജിമെയിൽ ഐഡിയുടെ ഗൂഗിൾ ഡ്രൈ വിലേക്ക് അപ്‌ലോഡ് ചെയ്തു. എല്ലാം ക്ലിയർ, ശുഭം.

മൂന്നാറിൽ നിന്നു നാത്തൂൻ തന്നയച്ച കാരറ്റിനും സ്ട്രോബറിക്കും ഒപ്പം ഫോട്ടോ കാണാനായി ഫോൺ നിർബന്ധിച്ചു ഭാര്യക്കു നൽകി. ഒന്ന് കുളിക്കാൻ കേറിയതേ ഓർമയുള്ളൂ. ഇൻബോക്സിലേക്കു സഹയാത്രികരിൽ ഏറ്റവും ബുദ്ധിമാന്റെ മെസേജ് പറന്നെത്തി ‘ഹൗ സ് ഷീ ബ്രോ ? പ്രശ്നമൊന്നും ഇല്ലല്ലോ  അല്ലേ?  എൻജോയ്!’ തന്റെ നേർക്ക് വെടിയുണ്ട പോലെ പാഞ്ഞടുക്കുന്ന 30,000 രൂപ വിലയുള്ള ഫോൺ നെഞ്ചു വിരിച്ചു തടുക്കണോ? തല കൊണ്ടു തടുക്കണോ എന്ന കൺഫ്യൂഷനിടയിൽ ഫോൺ വാതിൽപടിയിൽ തട്ടി ചിതറി.

മിസ്സായാൽ ഭ്രാന്താകും

കോളജിലെ ആനുവൽ ഡേ ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിങ്ങിനിറങ്ങിയതാണ്. ജീൻസും ടോപ്പുമണിഞ്ഞ് വെസ്‌റ്റേൺ സ്‌റ്റൈൽ നോക്കണോ അതോ എത്‌നിക് രീതിയി ൽ ഒരുങ്ങി കോളജ് ചുള്ളൻമാരുടെ കയ്യടി സ്വന്തമാക്കണോ? ഇൻഡോ വെസ്‌റ്റേൺ വേലിയിറക്കത്തിനിടയിൽ നേരെ ഫോണെടുത്ത് ബോളിവുഡ് ഫാഷൻ നോക്കി. ഏതാണ് കരീന ഏറ്റവും ലേറ്റസ്റ്റായി അണിഞ്ഞ വേഷം ?

ദേ, കിടക്കുന്നു ചറ പറ ചിത്രങ്ങൾ. കൂട്ടത്തിൽ ഏറ്റവും ബോധിച്ച ഒരെണ്ണം എടുത്ത് റഫറൻസ് വച്ചു. നേരെ മെറ്റീരിയൽ മുറിച്ചെടുക്കുന്ന സൈഡിലേക്കു വച്ചടിച്ചു. കേറിയിറങ്ങി കിടക്കുന്ന തുണിക്കൂമ്പാരത്തിൽ മുങ്ങിത്തപ്പി. ലെയ്സുകളും മുത്തുകളും ചേർത്തു വച്ചു. കിട്ടിയതെല്ലാം വാരിക്കെട്ടി ബില്ല ടച്ച് നേരേ നഗരത്തിലെ പ്രമുഖ തയ്യൽ ഷോപ്പിലേക്ക്.

ചെന്നയുടനെ തുണികളെല്ലാം ഏൽപിച്ചു. ഇനി സാധാരണ രീതിയിലല്ല ഇതൊന്നും തയ്ക്കേണ്ടത്. കരീന ഇട്ടതു പോ ലെ തന്നെ വേണം. റഫറൻസ് ഇതാ പിടിച്ചോ എന്നും പറഞ്ഞ് ഫോണെടുക്കാന്‍ ബാഗിന്റെ ആഴങ്ങളിലേക്ക് കൈനീട്ടി.

ഇല്ല... ഫോണവിടെയില്ല. കൈയുടെ വേഗം കൂടി. സംഭവം ശരിയാണ് ഫോണില്ല. ബാഗിന്റെ അകത്തെയും പുറത്തെയും അറകൾ മാറി മാറി നോക്കി. ഒരിക്കലും എടുക്കാതെ വച്ചിരുന്ന പൗച്ച് വരെ പുറത്തു കുടഞ്ഞിട്ടു തപ്പി. കരീനയുമില്ല ഫോണുമില്ല. പിന്നെ, ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല. എന്തിന് അച്ഛന്റെ ഫോൺ നമ്പർ പോലും മനസ്സിൽ ഇല്ല. ആരോടു ചോദിക്കാനും പറയാനും. ബാഗിന്റെ അറയാണെങ്കിൽ തുറന്നു കിടക്കുന്നു. വരുന്ന വഴി വീണു പോയോ ? ആ രെങ്കിലും മോഷ്ടിച്ചോ? ലോകം മുഴുവൻ ചുറ്റും കറങ്ങുന്നപോലെ. ആദ്യം കയറിയ കടയിൽ നിന്ന് എടുത്താരുന്നോ ? എന്ന ചോദ്യത്തിൽ മനസ്സ് ഉണർന്നെങ്കിലും കണ്ണിലിപ്പോഴും ഇരുട്ടു തന്നെ.

എന്റെ ഫോട്ടോകൾ, വിഡിയോകൾ, ഫോണിൽ എപ്പോഴും ഓപ്പൺ മോഡിൽ കിടക്കുന്ന ബാങ്ക് അക്കൗണ്ടും പഴ്സനൽ മെയിലും.  ക്ലിയർ ചെയ്യാതെ കിടക്കുന്ന ചാറ്റ് ലിസ്റ്റുകൾ. ഇല്ല... അതു നഷ്ടപ്പെട്ടാൽ എനിക്ക് ഇനിയൊരു ജീവിതമില്ല.  ഈ സമയം ചുറ്റും കൂട്ടിയിട്ട തുണിക്കെട്ടുകൾക്കിടയിലേക്ക് അറിയാതെ ചാടിപ്പോയ ഫോൺ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ആരുമറിയാതെ.

ബസിൽ തൂങ്ങിയാടി ഫോൺവിളി

ചിലരെ കണ്ടിട്ടില്ലേ എത്ര തിരക്കുള്ള ബസിലും സ്വന്തമായി ഒരു ലോകം സൃഷ്ടിക്കുന്നവരെ. തോളിൽ തൂക്കിയ ബാഗിന്റെ കനവും ചുറ്റും നിൽക്കുന്നവരുടെ ചുടുനിശ്വാസങ്ങളും അവർക്കൊരു ബുദ്ധിമുട്ടല്ല. ഫോണിലേക്കു കൊഞ്ചിയെത്തുന്ന ഓരോ ചാറ്റിനും മറുപടി നൽകി, ഫെയ്സ്ബുക്കിൽ അ പ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ലൈക്കുകളെണ്ണി അവരങ്ങനെയൊരു സോഷ്യൽ മീഡിയ ലോകത്തിലായിരിക്കും. ഇടയ്ക്ക് ബസ് എങ്ങാനും സഡൻ ബ്രേക്കിട്ടാൽ കഴിഞ്ഞു കഥ. മുന്നി‌ലെ കമ്പിയിൽ മൂക്കും വായും ചേർന്ന് സ്വകാര്യം പറയും. ബസിലേക്കെത്തുന്ന കാറ്റിലും വേഗത്തിൽ മുന്നോട്ടേക്കു തെറിക്കുമ്പോഴും വലം കയ്യിൽ ഭദ്രമായി ചുരുട്ടി പിടിച്ചിട്ടുണ്ടാകും ആ ചെറിയ സുഹൃത്തിനെ, ഒരു ബ്രേക്കിനും ബ്രേക്കപ്പിനും  വിട്ടുകൊടുക്കാതെ.

ചിലപ്പോൾ നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ട്രെയിനിന്റെ ജനലരികിൽ ചാരിയിരുന്ന് പ്രണയിനിയോട് ജീവിതത്തിന്റെ സുഖശീതളിമയെ കുറിച്ച് പറയുന്നതിനിടെ അതാ തെന്നൽ പോലൊരു കുളിർക്കാറ്റെത്തുന്നു. പ്രണയിക്കാൻ കാറ്റിനോളം ഫീലുണ്ടാക്കുന്ന മറ്റൊരു കാര്യവുമില്ലെന്ന് മനസ്സ് പറഞ്ഞു.   വീണ്ടും ചുറ്റുമുള്ള ലോകത്തു നിന്നും ഫോണിലേക്ക് ഊളിയിട്ടു. സ്‌റ്റേഷനുകൾ മാറി മാറി വന്നു.

ഫോണും അവളും വന്ന ശേഷം മണിക്കൂറുകൾ ഓടിപ്പോവുകയാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു. ചെറിയൊരു റിലാക്സേഷനു വേണ്ടി ചായ കുടിക്കാമെന്ന് കരുതി ചായക്കാരനെ ഒന്ന് കൈ നീട്ടി വിളിച്ചതേയുള്ളൂ. ഫോണതാ കിടക്കുന്നു ട്രെയിനിനും സ്‌റ്റേഷനുമിടയിലൂടെ ട്രാക്കിലേക്ക്. എത്തിച്ചേരേണ്ട ലക്ഷ്യമല്ല  എനിക്കെന്റെ ഫോൺ തന്നെയാണ് വലുതെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബാഗും തൂക്കി ഏതോ ഒരു സ്‌റ്റേഷനിലിറങ്ങിയ ആ പയ്യൻ ദേ... ഇവിടെ എവിടെയോ ഉണ്ട്.   

‘സെൽഫി സ്റ്റിക് ’ ഔട്ട് ഹോ ഗയാ!

ട്രെൻഡിൽ ഏറ്റവും മുന്നിൽ നിന്ന സെൽഫി സ്റ്റിക് പതിയെ അപ്രത്യക്ഷമാകുകയാണ്. യൂത്തിനിടയിൽ ഇപ്പോള്‍ ട്രെൻഡ് പോപ് സോക്കറ്റുകളാണ്. സംഭവം ഫോണിൽ ത ന്നെ ഒട്ടിച്ചു വയ്ക്കാം. കനം കുറവും എളുപ്പത്തിലുള്ള ഉപയോഗവും, ഇതു തന്നെയാണ് പോപ് സോക്കറ്റിനെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നതും. ഇനി  ഫോൺ താഴെ പോകുമെ   ന്ന പേടിയും വേണ്ട. വിരലുകൾക്കിടയിൽ ഒന്നുകൂടി ഇറുകി അതങ്ങനെ നിൽക്കും. ഇതിനൊക്കെ പുറമേ എപ്പോൾ വേണേലും സെൽഫി എടുക്കാം, ഈസിയായി. ഇനിയിപ്പോൾ സിനിമ കാണണോ? വെരി സിംപിൾ, ഇതൊരു സ്റ്റാൻഡുമാക്കാം. ക്യാരക്ടറിനു ചേരുന്ന തരത്തിൽ പല ഡിസൈനുകളിലുള്ള പോപ് സോക്കറ്റ് തിരഞ്ഞെടുക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ...

വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ആണ് നിങ്ങൾക്കു പ്രധാനമെങ്കിൽ കുട്ടികളുടെ കണ്ണ് ഗെയിമുകളിൽ ആകും. ആങ്ഗ്രി ബേഡും മിനി മിലിഷ്യയും പബ്ജിയും എല്ലാം    ഫോണിൽ ഒളിച്ചിരിക്കുന്ന വിവരം വീട്ടിലെ കുട്ടികൾക്കറിയാം. വീട്ടിലെ മുറിക്കുള്ളിൽ അവർ ഒതുങ്ങാൻ ഈ ഒ റ്റക്കാരണം മതി. അതുകൊണ്ട് കുട്ടികളുടെ ലോകം മൊബൈലിലേക്ക് ഒതുങ്ങാതിരിക്കാൻ തുടക്കത്തിലേ ശ്രദ്ധിക്കുക. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലെത്തിയാൽ മൊബൈലിൽ തന്നെ മിഴി നട്ടിരിക്കുന്ന സ്വാഭാവം മാതാപിതാക്കൾ ഉപേക്ഷിക്കുക. ക്വാളിറ്റി ടൈം കുട്ടികൾക്കായി മാറ്റി വയ്ക്കുക.