ജലസംരക്ഷണ സന്ദേശവുമായി നദികളെ അറിഞ്ഞ് ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി വന്ന യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു നിഷ ജോസ് കെ. മാണി.
‘‘അമ്മയെ പോലയാണു നദികളും. എപ്പോഴും എല്ലാവർക്കും എല്ലാം നൽകികൊണ്ടേയിരിക്കും. അങ്ങേയറ്റം ക്ഷമ കെടുമ്പോൾ മാത്രം പ്രതികരിക്കും. നദികളും ‘അമ്മത്തം’ വച്ചു പുലർത്തുന്നതു പോലെയാണ് എനിക്കു തോന്നുന്നത്.’’ നദിയുടെ അതേ പ്രസരിപ്പും സ്വച്ഛതയുമുണ്ട് നിഷ ജോസ് കെ. മാണിയുടെ വർത്തമാനത്തിനും.
ജലസംരക്ഷണ സന്ദേശവുമായി ‘വൺ ഇന്ത്യ വൺ റിവർ’ എന്നു പേരിട്ട യാത്രയിൽ ഒറ്റയ്ക്കു ഇന്ത്യ മുഴുവൻ സഞ്ചരിച്ച് 34 നദികളിലെ വെള്ളം ശേഖരിച്ചു തിരിച്ചെത്തിയതേയുള്ളൂ നിഷ. 2022 ഫെബ്രുവരി ആറാം തീയതി ഹിമാചലിൽ നിന്നു തുടങ്ങിയ യാത്ര ഡിസംബർ നാലിനു പെരിയാറിലാണു പൂർത്തിയാക്കിയത്.
‘‘ചിലർക്ക് നദി അവരുടെ വീടാണ്. ബംഗാളിൽ പോയപ്പോൾ ഹൂഗ്ലി നദിയി ൽ മീൻ പിടുത്തക്കാരെ കണ്ടിരുന്നു. ബോട്ടിൽ തന്നെയാണ് അവരുടെ താമസം. കൂടുതലും പുരുഷന്മാരാണെങ്കിലും സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. മീൻ പിടിച്ചു വൃത്തിയാക്കി വള്ളത്തിൽ തന്നെ കറി വച്ചു കഴിക്കും. നദി വീടാകുക! ഓർക്കുമ്പോൾ തന്നെ രസം തോന്നുന്നു.’’ ആൻഡമാനിൽ കലിപാങ് നദിയിലെ വെള്ളം ശേഖരിക്കാൻ 340 കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചതും നദികളില്ലാത്ത ലക്ഷദ്വീപ് പോലെയുള്ള ഇടങ്ങളിൽ നിന്നു കുളങ്ങളിലേയും തടാകങ്ങളിലേയും ജലം ശേഖരിച്ചതുമടക്കം ഇന്ത്യയെ തൊട്ടറിയാൻ നടത്തിയ ജലയാത്രയിൽ കണ്ടുമുട്ടിയ പെൺജീവിതങ്ങളും നിഷയുടെ മനസ്സിൽ തെളിനീരു പോലെയുണ്ട്.
പാലായിലെ തറവാട്ടുവീട്ടിലിരുന്ന് രാജ്യസഭ എംപി ജോസ് കെ. മാണിയുടെ ഭാര്യ കൂടിയായ നിഷ ഓർമകളിലേക്ക് തുഴയൂന്നി.
വിസ്മയിപ്പിച്ച സ്ത്രീകൾ
‘‘മണിപ്പൂർ ഇംഫാലിലെ ഇമാ കേത്തൽ മാർക്കറ്റ് സ്ത്രീകൾ മാത്രമുള്ള വിൽപ്പന സ്ഥലമാണ്. വീട്ടിലിരുന്നു നെയ്ത തുണികളും കരകൗശല വസ്തുക്കളുമാണ് മാർക്കറ്റിൽ വിൽക്കുന്നത്. അവർ തമ്മിൽ എന്തൊരു ഐക്യമാണെന്നോ. പരസ്പരം ചിരിച്ചും, വിശേഷം പങ്കു വച്ചും അവർ വ്യാപാരം നടത്തുന്നു. സാധാരണ ഒരു കടയിൽ നമ്മൾ കയറുമ്പോഴേക്കും അടുത്ത കടക്കാർ അവരുടെയടുത്തേക്ക് അലറി വിളിക്കുന്നതല്ലേ കാണാറുള്ളത്. ഇവിടെ അങ്ങനെയൊരു കാര്യമേയില്ല. ആരും വലിയ വിദ്യാഭ്യാസം ഉള്ളവരല്ല. പക്ഷേ,‘തമ്മിൽ അടികൂടിയാൽ കച്ചവടം കുറയുകയേ ഉള്ളൂ എന്ന തിരിച്ചറിവ് അവർക്കുണ്ട്.
അരുണാചൽ പ്രദേശിലെ ജൊറാം യാരി എന്ന പേരുള്ള ഗോത്ര വനിത എ ന്നെ വിസ്മയിപ്പിച്ച വ്യക്തിയാണ്. അവരുടെ വീട്ടു വളപ്പിൽ അഞ്ചോ ആറോ ഓറഞ്ചു മരങ്ങളുണ്ട്. അതിൽ നിന്നു കിട്ടുന്ന ഓറഞ്ച് ശേഖരിച്ചു കുട്ടയിലാക്കി വലിയ കുന്നെല്ലാം കയറിയിറങ്ങിയാണ് വരവ്. ഗുവാഹത്തിയിലേക്കുള്ള പ്രധാന പാതയ്ക്കരികിലാണ് കച്ചവടം. വെയിലും തണുപ്പുമൊന്നും വകവയ്ക്കില്ല. മിസോറാമിൽ വച്ചു പരിയപ്പെട്ട ബിയാത് മാവിയും ഒരു വണ്ടർ വുമനാണ്. കക്കയാണ് അവരുടെ വിൽപ്പന വസ്തു. ചെങ്കോൽ എന്നാണ് കക്കയുടെ അന്നാട്ടിലെ പേര്. വള്ളത്തിൽ പോയി കക്ക കാണുന്നിടം തേടി കണ്ടു പിടിക്കും. അവിടെയിറങ്ങി പെറുക്കും. ഞാനും അവരുടെ ഒപ്പം കൂടി.

അസമിൽ മിഷിങ് ഗോത്രക്കാരുടെ വീടുകൾ, മുളകളും പനയോലയും കൊണ്ടു മറച്ച നീളത്തിലും ഉയരത്തിലുമുള്ള ഒറ്റമുറികളാണ്. മുറിയുടെ നടുഭാഗത്താണ് ഭക്ഷണം പാചകം ചെയ്യാനുള്ള ഇടം. സൂപ്പും കഞ്ഞിയും പോലുള്ള വിഭവങ്ങളാണ് കൂടുതലും തയാറാക്കുന്നത്. ആഹാരം തയാറായി കഴിഞ്ഞാൽ അവിടെതന്നെയിരുന്ന് അതു ചൂടോടെ രുചിക്കും. മീനിന്റെ മുള്ളും ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം കഴിക്കുന്നതിനിടെ കെട്ടിവരിഞ്ഞ മുളയ്ക്കിടയിലൂടെ താഴേക്കിടുന്നതു കണ്ടു ഞാൻ എത്തിനോക്കി. പന്നികളും കോഴിയുമെല്ലാം അതു കാത്തു നിൽക്കുകയാണ്.
മേഘാലയയിൽ മൊളനോങ് എന്നൊരു ഗ്രാമമുണ്ട്. രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടും. തണുപ്പകറ്റാൻ തീ കൂട്ടി അതിനു ചുറ്റുമിരുന്നു വിശേഷങ്ങള്‍ പങ്കു വയ്ക്കും. പഴവും ചായയും കുടിച്ച് ഉറങ്ങാൻ നേരം സ്വന്തം വീടുകളിലേക്കു പോകും.
ജീവിതത്തിൽ നാം ചെയ്ത ഓരോ കാര്യവും എപ്പോഴെങ്കിലും ഗുണം ചെയ്യുമെന്നു തിരിച്ചറിഞ്ഞ യാത്ര കൂടിയാണിത്. പോയ ഇടങ്ങളിൽ നിന്ന് എടുക്കുക മാത്രമല്ല, കൊടുക്കുകയും ചെയ്തിട്ടുണ്ട്. നീന്തൽ, ഡൈവിങ്, വിപണനം, മാ ർക്കറ്റ് ചെയ്യേണ്ട വിധം എന്നിങ്ങനെ എനിക്കറിവുള്ള കാര്യങ്ങൾ ഓരോ സംഘങ്ങൾക്കായി പറഞ്ഞു കൊടുത്തു.
തീരമേ, അലകടലിന്നാഴമേ...
യാത്രയ്ക്കിടയിലാണ് മൂത്ത മകൾ പ്രിയങ്ക ഗർഭിണിയാണെന്നറിഞ്ഞത്. ഏറെ ആകുലത തോന്നിയ ദിവസങ്ങളായിരുന്നു അത്. ഗോദാവരിയിലെ ഒരു ദ്വീപിലായിരുന്നു അപ്പോൾ ഞാൻ. നല്ല വെയിലത്ത് നടക്കുമ്പോൾ തണൽ തേടി ആ മരച്ചുവട്ടിലെത്തി. ഗർഭിണിയായ ഒരു സ്ത്രീ തണലിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പരിചയമുള്ള ആളോടെന്ന പോലെ പുഞ്ചിരിച്ചു. ‘എത്ര മാസം ആയെന്ന്’ ഞാനവരോടു ചോദിച്ചു. ‘ഒരാഴ്ച കൂടി’ അവർ പറഞ്ഞു.
ഗോദാവരി നദീ യാത്രയ്ക്കിടയിൽ ഹോസ്പിറ്റൽ സൗകര്യമൊന്നും ഞാൻ കണ്ടിരുന്നില്ല. രാജ്മുണ്ട്‌റി ടൗണിലാണ് അടുത്തുള്ള ആശുപത്രി. ‘വള്ളത്തിൽ പോകുന്ന വഴിക്കാണ് പ്രസവിക്കുന്നതെങ്കിലോ?’ ഞാൻ ഭയത്തോടെ ചോദിച്ചു. ‘ഗോദാവരിയുടെ ഗോദിൽ (മടിത്തട്ടിൽ) അല്ലേ? എല്ലാം അമ്മ നോക്കികൊള്ളും.’ അവർക്കപ്പോഴും പുഞ്ചിരി തന്നെ. ആ വാക്കുകൾക്കൊപ്പം എന്റെ ആശങ്കകളും ഒഴുകിപ്പോയി. വെള്ളത്തിനടുത്തു താമസിക്കുന്നവർക്ക് വെള്ളം ജീവിതത്തോടും ചേർന്നു കിടക്കുന്ന തീരമാണ്. വെള്ളപ്പൊക്കം വരുമ്പോൾ ദ്വീപ് ഇല്ലാതായേക്കാം. എങ്കിലും അവർക്കൊരു പേടിയുമില്ല. ആവശ്യമുള്ളതെല്ലാം എടുത്തു വള്ളത്തിൽ വച്ച് അവരതിനെ വീടാക്കി മാറ്റും.
ഗോദാവരി നദിയിലൂടെ യാത്ര ചെയ്യുന്ന സമയത്ത് വ ള്ളം തുഴയുന്ന ആൾക്കു മടുക്കുമ്പോൾ പകരം ഞാൻ തുഴഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ പരിചയത്തിലായി. ഒടുവിൽ അയാളെന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. ഇതുപോലെ എത്രയോ വീടുകളിലെ അതിഥിയായി. എന്റെ ഭർത്താവ് ‘ജോ’ എന്നു ഞാൻ വിളിക്കുന്ന ജോസ് കെ. മാണി അതിനെ ‘തീറ്റഭാഗ്യം’ എന്നാണു വിളിക്കുന്നത്.

ഒറ്റയടിക്കു നടത്തിയ യാത്രയല്ല ഇത്. പല ഘട്ടങ്ങളായിട്ടായിരുന്നു യാത്രകൾ. കുട്ടിക്കാലത്തേ വെള്ളം എനിക്കു പ്രാണനാണ്. ആലപ്പുഴ പൂച്ചാക്കലിൽ നീന്തിത്തുടിച്ചു വള ർന്നതാണ്. കല്യാണത്തിനു ശേഷമാണ് ഡൈവിങ് പഠിച്ചത്. അച്ചാച്ചൻ (കെ.എം. മാണി) മരിച്ചതിനു ശേഷം എനിക്കു കുറേ മോശം അനുഭവങ്ങളുണ്ടായി. എന്റെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ പോലും വിമർശിക്കപ്പെട്ടു. അതിനിടയിൽ ന്യൂമോണിയയും വിഷാദവും പിടികൂടി. മരണമുഖത്തു നിന്നുള്ള പിന്മടക്കം. ആ സമയത്താണ് ഞാൻ ഈ ജലസഞ്ചാരത്തിനു തീരുമാനമെടുത്തത്.
യാത്രയുടെ ഭാഗമായി അംഗനാശിനി ഗോകർണയിൽ പോയിരുന്നു. റാഫ്റ്റിങ് കഴിഞ്ഞു വന്നു മണൽപ്പരപ്പിലോ കല്ലിൻ മുകളിലോ ആകാശം നോക്കി മലർന്നു കിടക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ. ആ സമയത്താണു ജീവിതത്തെ കുറിച്ചും ഉറ്റവരെക്കുറിച്ചുമെല്ലാം ചിന്തിക്കുന്നത്.
യാത്രയ്ക്കിടയിൽ ഞാനയയ്ക്കുന്ന ഫോട്ടോസ് കാണുമ്പോൾ മമ്മി പറയും. ‘നിഷയെ ഈയിടെ ഇതുപോലെ ചിരിച്ചു കണ്ടിട്ടേയില്ല.’ ഞാൻ എന്നെ അത്രയും സ്നേഹിച്ച നിമിഷങ്ങളാണിത്. ഉറ്റവർ എനിക്കു നൽകുന്ന പിന്തുണ തിരിച്ചറിഞ്ഞ സമയവും.