Wednesday 08 November 2023 11:50 AM IST : By സ്വന്തം ലേഖകൻ

മക്കൾ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞാൽ പൊട്ടിത്തെറിക്കരുത്, അവരെ സംശയിക്കുകയുമരുത്: അവരുടെ പ്രണയം... മാതാപിതാക്കൾ അറിയാൻ

parenting-tips-co-parenting

പ്രണയമുണ്ടെന്നു മാതാപിതാക്കളോടു തുറന്നു പറയാൻ മടിക്കുന്നവരാണു മക്കൾ. അപ്പോഴെങ്ങനെ പ്രണയത്തകർച്ചയെക്കുറിച്ചു പറയും? പ്രണയത്തെ വലിയൊരു തെറ്റായി കാണാതെ മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള അന്തരീക്ഷമാണു വീടുകളിൽ ഒരുക്കേണ്ടത്. 

∙ കൗമാരത്തിൽ തോന്നുന്ന ആകർഷണങ്ങൾ സ്വാഭാവികമെന്നു പറഞ്ഞു കൊടുക്കുക. തെറ്റാണെന്ന തോന്നൽ അവരിൽ ഉണ്ടാക്കരുത്. ഒപ്പം സുഹൃത്തുക്കളെ പോലെ എല്ലാം തുറന്നു പറയാനുള്ള സാഹചര്യവും ഒരുക്കുക. 

∙ ആൺ – പെൺസൗഹൃദങ്ങളെ കുറിച്ചു പറയുമ്പോൾ സംശയത്തോടെ ചോദ്യങ്ങൾ എറിയാതിരിക്കുക. പ്രണയമാണെന്നു തിരിച്ചറിഞ്ഞാൽ പൊട്ടിത്തെറിക്കാതെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക. അവരുടെ മനസ്സിലേക്കുള്ള പാലം ആദ്യമേ തുറന്നുവച്ചാൽ പ്രണയവും ബ്രേക് അപ്പും എല്ലാം പറയാനുള്ള അന്തരീക്ഷം ഉണ്ടാകും. 

∙ ബ്രേക് അപ്പിനെ കുറിച്ചു പറയുമ്പോൾ കുട്ടി പൊട്ടിക്കരഞ്ഞേക്കാം നിരാശ പ്രകടിപ്പിച്ചേക്കാം. അതിനുള്ള അവസരം കൊടുക്കുക. അതോടെ കുട്ടിയുടെ ഉള്ളൊന്നു ശാന്തമാകും. പ്രണയത്തണല്‍ പോയാലും  അച്ഛനും അമ്മയും എന്ന തണൽ തനിക്കുണ്ടെന്ന ധൈര്യം വരും.

∙ ഭക്ഷണം കഴിക്കുന്നതു കുറയുന്നുണ്ടോ? പഠിക്കാനാകുന്നുണ്ടോ എന്നെല്ലാം ചോദിക്കാം. ഞങ്ങളും ഇത്തരം കാര്യങ്ങളിലൂടെ കടന്നു വന്നവരാണ്. അന്ന് നിന്നെ പോലെ തകർന്നു പോയിരുന്നു. എന്നിട്ടും സന്തോഷത്തോടെ ജീവിക്കുന്നില്ലേ എന്നൊക്കെ പറഞ്ഞു പോസിറ്റീവ് ആക്കുക. 

∙ വാശിയും വൈരാഗ്യവും ഉണ്ടായേക്കാം. അതു കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം.  

 ∙ ബ്രേക് അപ് കാര്യങ്ങൾ ഏതൊക്കെ കൂട്ടുകാരോടു പറ‍ഞ്ഞു, അവർ എന്താണു പറഞ്ഞത്? എന്നൊക്കെ അന്വേഷിക്കുക. കൂട്ടുകാർ അവരെ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടോ, തെറ്റായ ഉപദേശങ്ങൾ നൽകുന്നുണ്ടോ എന്നു മനസ്സിലാക്കുക. 

∙ കുടുംബമൊന്നിച്ചു യാത്ര പോകാം. പുറത്തു പോയി ഭക്ഷണം കഴിക്കാം. 

∙ അക്യൂട്ട് സ്ട്രെസ് റിയാക്‌ഷൻ ഉള്ള കുട്ടികൾക്ക്  പലപ്പോഴും ആ വേദന മറികടക്കാനാവില്ല. വണ്ടി ബ്രേക് ഡൗൺ ആയതു പോലെയാണത്. മനസ്സു മുഴുവൻ തകർന്നു പോകും. അവർ തീർച്ചയായിട്ടും മാനസികാരോഗ്യ സേവനം എടുക്കുന്നതാകും നല്ലത്.  

∙ ആ വേദന മറക്കാൻ ലഹരി ഉപയോഗത്തിലേക്ക് പോകുന്നുണ്ടോ എന്നു നിരീക്ഷിക്കണം. മനസ്സിന് സാന്ത്വനം കൊടുക്കാൻ പറ്റുന്ന കൂട്ടുകാരുമായുള്ള സമ്പർക്കം പ്രോത്സാഹിപ്പിക്കാം.  

∙ ബാഡ്മിന്റൻ പോലുള്ള കളികളിൽ ഏർപ്പെടാം. യോഗയും മെഡിറ്റേഷനും ചെയ്യിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പി.എൻ. സുരേഷ് കുമാർ, ഡയറക്ടർ, ചേതന സെന്റർ ഫോർ‌ ന്യൂറോ സൈക്യാട്രി, കോഴിക്കോട്

  </p>