Friday 08 October 2021 02:00 PM IST

ആദ്യ സീനിലെ തിരിച്ചറിയണം ‘പൊസസീവ്നെസ്’ എന്ന വില്ലനെ; അല്ലെങ്കിൽ ദുരന്തവും സംഘർഷവും മാത്രമുള്ളൊരു സിനിമ പോലെയാകും ജീവിതം

Rakhy Raz

Sub Editor

possesss4335ghjuh

മാനസയും രഖിലും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. പ്രണയത്തിലായൊ എന്നുപോലും ഉറപ്പില്ല. പക്ഷേ, രഖിലിന്റെ പ്രണയാഭ്യർഥന മാനസ പറ്റില്ലെന്ന് പറ‍ഞ്ഞതോടെ അടുപ്പം വൈരാഗ്യമായി മാറി.  മാനസ മറ്റാരുടേതുമായി മാറരുത് എന്ന് രഖിൽ തീരുമാനിച്ചു. പിന്നെ, മാനസ ഇല്ലാത്ത ലോകത്ത് ഒറ്റയ്ക്ക് താനും വേണ്ടെന്ന തീരുമാനം നടപ്പാക്കി. കൊലപാതകവും ആത്മഹത്യയും കടന്നു വന്നൊരു കേസിന്റെ നാൾവഴിയാണ് ഇപ്പറഞ്ഞത്.  

ഏതു സ്നേഹത്തിലും വിരിയുന്നത് സന്തോഷമല്ലേ. അത് പിടിച്ചു വാങ്ങാൻ പറ്റില്ല. വസ്തുവും വാഹനവും ഉടമസ്ഥതയിലാക്കും പോലെ ഒരു വ്യക്തിയെ സ്വന്തമാക്കാൻ കഴിയില്ല. അതിനു ശ്രമിക്കുന്ന ഉടമ മനോഭാവമാണ് പൊസസീവ്നെസ്.

അകലത്തിന്റെ ആരംഭം

അടുപ്പത്തിന്റെ ആഴമല്ല അകലാനുള്ള തീരുമാനത്തിന്റെ സമയം കുറിക്കുന്നത്. ശാരീരിക ബന്ധത്തോളം എത്തിയെന്നതു മാത്രം ഒരാൾക്കൊപ്പം അനിഷ്ടകരമായ ബന്ധം തുടരാനുള്ള കാരണവുമല്ല. സന്തോഷത്തിന്റെ പൂക്കൾ അവസാനിക്കുന്നിടത്ത് നിന്ന് സ്നേഹം യാത്ര പറഞ്ഞു പോകും. വ്യക്തി എന്ന ബഹുമാനം ഇല്ലതാകും. ഉടമ– അടിമ മനോഭാവം വരുമ്പോൾ ബന്ധം ബന്ധനമാകും. ഒരാൾ പിരിഞ്ഞു പോകാനൊരുങ്ങും.

ആ സാഹചര്യം ഒഴിവാക്കണമെങ്കിൽ ഏതു ബന്ധത്തിലും പരസ്പര വ്യക്തി ബഹുമാനവും സ്വാതന്ത്ര്യവും അംഗീകരിച്ചേ മതിയാകൂ. ഇതിനുള്ള മാനസികാരോഗ്യം ഓരോ വ്യക്തിയും നേടിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ജീവിതം, അവകാശം, തീരുമാനം അവർക്ക് വിട്ടു കൊടുക്കാനുള്ള മനസ്സ് ആർജിക്കണം. ആരോഗ്യകരമായ ഏതു ബന്ധത്തിനും ഇത് കൂടിയേ തീരു.

ഇതാണ് പൊസസീവ്നെസ്

സ്നേഹം സ്ഥാപിക്കാനായി ഉടമസ്ഥാവകാശം കാണിക്കുന്നവർ ഏറെ. അത് പരിധി കടക്കുമ്പോൾ രണ്ടു പ്രണയികളിലൊരാൾ ഇരയായി മാറുന്നു.

സ്നേഹിക്കുക എന്നതുപോലെ തന്നെ സ്നേഹിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരിക്കൽ  സ്നേഹിച്ചിരുന്നുവെന്നു കരുതി അതങ്ങനെ തുടരണമെന്നർഥമില്ല. നല്ല സ്നേഹം പാരസ്പര്യമാണ്. ഒരാളെ പരിമിതപ്പെടുത്തലോ വരിഞ്ഞുമുറുക്കലോ അല്ല.

shutterstock_176048603

പ്രണയത്തിൽ മാത്രമല്ല, പൊസസീവ്നെസ്. അത് ഏതു ബന്ധത്തിലും കടന്നു വരാം. മക്കൾ ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ അവരോടും പകവീട്ടാൻ ശ്രമിക്കുന്നതും പൊസസീവ്നെസ് ആണ്. അമ്മായിയമ്മപ്പോരും അ മ്മായിയച്ഛൻ പോരുമൊക്കെ പൊസസീവ്നെസിൽ നിന്നുമുണ്ടാകാം. സൗഹൃദത്തിലും ഇത് സംഭവിക്കാം. ഞാനല്ലാതെ മറ്റൊരാൾ അത്രയും അടുപ്പമുള്ള സുഹൃത്തായി ഉണ്ടാകരുതെന്ന തോന്നൽ ഇത് ഉണ്ടാക്കും. അപ്പോൾ സ്നേഹം ക്രിമിനൽ വാസനയായി മാറും. അവരുടെ സൗഹൃദം തകർക്കാനുള്ള വ്യഗ്രതയിൽ ഏറെ സ്നേഹിക്കുന്ന സുഹൃത്തിന്റെ ജീവിതം തകർക്കുകയാണെന്ന ചിന്ത പോലും അപ്പോൾ ഉണ്ടാകില്ല.

വിവാഹേതര ബന്ധത്തിൽ പൊസസീവ്നെസ് മൂലം കൊലപാതകം വരെ സംഭവിച്ച കേസുകൾ ധാരാളം. ഒരാ ളുടേയും ഉടമസ്ഥാവകാശം മറ്റൊരാൾക്കല്ല. അത് അമ്മയും മകനും ആയാലും അച്ഛനും മകളും ആയാലും സ ഹോദരനും സഹോദരിയും ആയാലും അങ്ങനെ തന്നെ.  

മനോരോഗമെത്തുന്ന വഴിയിൽ

പൊസസീവ്നെസ് ആദ്യ ഘട്ടത്തിൽ അറിയാതെ പോകുന്നതാണ് പലരും ഇരയാക്കപ്പെടുന്നതിന് കാരണം. പ്രണയത്തിൽ ഇതു തിരിച്ചറിയാൻ വൈകും. ഈ ‘അധിക കരുതൽ’ ചിലർ ആസ്വദിക്കുകയും ചെയ്യും. നിന്നെ കാണാതെ ഞാൻ ഉണ്ണില്ല, ഉറങ്ങില്ല, സദാസമയവും നിന്നെ മാത്രം ഒാ ർത്തിരിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ അത് സുഖകരമായി തോന്നാം.

മെല്ലെ ഇതിന്റെ ഗതി മാറുന്നെങ്കിൽ ശ്രദ്ധിക്കുക. എ ന്നോടല്ലാതെ ആരോടും മിണ്ടരുത്, ഞാനറിയാതെ ഉണ്ണരുത്, ഉറങ്ങരുത് എന്ന മട്ടിലാകും കാര്യങ്ങൾ. ഇങ്ങനെ വരിഞ്ഞു മുറുക്കുമ്പോൾ ഒരാൾക്ക് രക്ഷപ്പെടണം എന്ന് തോന്നുന്നത് സ്വാഭാവികം. അത്തരം ‘രക്ഷപ്പെടലുകൾ’ പോലും ‘തേച്ചിട്ടു പോയി’ എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. സ്വന്തം ജീവിതത്തിന്റെ പ്രാധാന്യം സ്വയം മനസ്സിലാക്കുക. മറ്റുള്ളവർക്ക് വേണ്ടി നടത്തേണ്ട ‘ഷോ’ അല്ല ഒരു വ്യക്തിയുടേയും ജീവിതം.

പാരിതോഷികങ്ങളോ, ധനമോ കൈപ്പറ്റുക, പ്രണയത്തിൽ ശാരീരികമായ അടുപ്പമുണ്ടാകുക പോലുള്ള കാര്യങ്ങൾ നടന്നാൽ രക്ഷപെടൽ കൂടുതൽ പ്രയാസമാകും. കാരണം അപ്പോഴേക്കും പൂർണമായി ഉടമസ്ഥ മനോഭാവത്തിലേക്ക് അവർ എത്തിക്കഴിഞ്ഞിരിക്കും. പറയുന്നതൊന്നും മനസ്സിലാക്കാൻ കഴിയണമെന്നുമില്ല. കാരണം അവരുടെ മനസ്സിൽ പ്രണയം അടിമ–ഉടമ ബന്ധമാണ്.

ഇപ്പോഴെവിടെയാണ്, അടുത്ത് ആരൊക്കെ എന്ന മട്ടിലുള്ള ചോദ്യങ്ങൾ ഇടയ്ക്കിടെ വരാം. വാട്സാപ്പിൽ ഓരോ മണിക്കൂറിലും ഫോട്ടോ അപ്ഡേറ്റും വിഡിയോ കോളും വേണ്ടി വരാം. ഇത്തരം ആവശ്യങ്ങൾ സ്നേഹത്തിന്റെ ക രുതൽ മാത്രമല്ല എന്ന് മനസ്സിലാക്കണം.

മനോരോഗത്തിലേക്കുള്ള പടവിറക്കം പെട്ടെന്നായിരിക്കും. വിശ്വാസം സംശയത്തിനു വഴിമാറും. എന്റേതു മാത്രമായിരുന്നത് മറ്റൊരാളുടേത് ആയി മാറുന്നുവോ എന്ന ആശങ്കയിൽ വിക്ഷോഭങ്ങളുടെ സുനാമി രൂപപ്പെടും. പിന്നെ, ആത്മഹത്യയും കൊലപാതകവും കടന്നു വരും.    

എങ്ങനെ പൊസസീവ് ആകുന്നു ?

വ്യക്തിത്വ വൈകല്യം തന്നെയാണ് പൊസസീവ്നെസിന് കാരണം. നാലുതരം സ്വഭാവങ്ങളാണ് ഇതിൽ പ്രധാനം.

∙ തിരസ്കാര ഭീതി

ജീവിതത്തിൽ അവർ അനുഭവിച്ചിട്ടുള്ള അവഗണന,  സ്നേഹ ശൂന്യത, ക്രൂരത, ഇതു മറ്റൊരാളുമായി പങ്കുവയ്ക്കാനോ പരിഹരിക്കാനോ കഴിയാത്ത സാഹചര്യം എന്നിങ്ങനെ പ്രതികൂലാനുഭവങ്ങളുടെ പൊള്ളൽ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. ഭൂതകാലത്തിന്റെ ‘സങ്കടമല’ ചുമന്നാണ് ഇവരുടെ ജീവിതം.

ഏതു ബന്ധത്തിലും ചതിക്കപ്പെടാം എന്ന ഭീതി ഇവരിലുണ്ടാകാം. അമിതസ്നേഹപ്രകടനങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കുന്ന രീതിയാകും ഇവർക്ക്. ഫോൺ എൻഗേജ്ഡ് ആയാൽ പോലും വൻ പ്രശ്നമാക്കും. തന്റെ സ്ഥാനം മറ്റൊരാൾ കവരുമോ എന്ന ഭീതിയാണിതിനു പിന്നിൽ.

∙ അധീശത്വ മനോഭാവം

ഒരു വ്യക്തിയെ മുഴുവനായി നിയന്ത്രിക്കുന്നതാണ് അധീശത്വ മനോഭാവമുള്ളവരുടെ പൊസസീവ്നെസ് പെരുമാറ്റങ്ങൾ. സർവകാര്യങ്ങളിലും ഇടപെടും.

ചലിക്കാൻ അനുവദിക്കാതെ എപ്പോഴും കൂടെ നിൽക്കുന്നതു  സ്നേഹം കൊണ്ടാണെന്ന് ഫലിപ്പിക്കും.

shutterstock_1891639861

∙ അസ്ഥിരമായ ബന്ധങ്ങൾ  

അവിശ്വാസം ആകും ഇവരുടെ മുഖമുദ്ര. ചില മോശം  അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയെ മുഴുവൻ അങ്ങനെ വിലയിരുത്തുന്ന രീതിയുടെ രൂപപ്പെടാം. സ്വന്തം പോരായ്മ സ്വയം തിരിച്ചറിയാൻ ചിലർക്കു കഴിയും. ഇത് മനസ്സിലാക്കാൻ കഴിയുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ  ഇവ ർക്ക് മനഃശാസ്ത്ര വിദഗ്ധന്റെ സഹായം നേടിക്കൊടുക്കാൻ ശ്രമിക്കണം.

∙ സ്വയം മതിപ്പ് ഇല്ലായ്ക

ആത്മവിശ്വാസക്കുറവുള്ളവർ ഏത് സാഹചര്യത്തിലും അപകടകാരികളായി മാറാം. അവരോട് അനുതാപം കാണിക്കുന്നവരെ തന്നെ ചിലപ്പോൾ ‘സ്നേഹം കൊണ്ട് പെടുത്തി കളയും’.  അവരുടെ ശൂന്യതയിലും  മതിപ്പില്ലായ്മയിലും കിട്ടുന്ന ഒരു പിടിവള്ളിയാക്കി അവർ ആ ബന്ധത്തെ മാറ്റും. ഇത് തിരിച്ചറിഞ്ഞ് ഒഴിഞ്ഞു നിൽക്കാൻ മറ്റുള്ളവർക്ക് കഴിയണം. മറ്റൊരു പിടിവള്ളി തേടാതെ അവരവരെ തന്നെ ശാക്തീകരിക്കുകയാണ് വേണ്ടത്.

എങ്ങനെ നേരിടാം?  

∙ പൊസസീവ്നെസിന് ഇരയാകുന്ന വ്യക്തി പല പെരുമാറ്റങ്ങളിലൂടെ നിങ്ങളുടെ ആത്മവിശ്വാസം, സ്വയം ബഹുമാനം എന്നിവ ഇവർ തകർത്തിട്ടുണ്ടാകും. സ്വന്തം വ്യക്തി അവകാശത്തെ സ്വയം നേടിയെടുക്കുക. നിങ്ങളെ നിങ്ങൾ തന്നെ സ്നേഹിക്കുക.

∙ ശാന്തമായൊരു സമയം നോക്കി പങ്കാളിയോട് സംസാരിക്കുക. നിങ്ങൾ അവരിലെ എന്തെല്ലാം ഗുണങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിൽ നിന്നു തുടങ്ങുക. സ്നേഹിക്കുന്നു എന്നു ബോധ്യപ്പെടുത്തുക. തുടർന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവരുടെ പെരുമാറ്റത്തെക്കുറിച്ചു പറയുക. പറയുമ്പോൾ മറ്റാരുമായും താരതമ്യം ചെയ്യരുത്. നിങ്ങൾക്ക് എന്തെല്ലാം കാര്യത്തിലാണ് മാറ്റം വേണ്ടത് എന്ന് വ്യക്തമായി പറയുക.

തീരുമാനമെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം വേണം, യാത്രയിൽ ഇടയ്ക്കിടെ വിളിക്കരുത്, ദേഷ്യം വരുമ്പോൾ വീട്ടുകാരെ മോശമാക്കി സംസാരിക്കരുത് തുടങ്ങി കാര്യങ്ങൾ വ്യക്തമായി പറയുക. ഈ ഘട്ടത്തിൽ പങ്കാളി വൈകാരികമായി പ്രതികരിക്കാനും ശബ്ദമുയർത്താനും വഴക്കുണ്ടാക്കാനും സാധ്യതയുണ്ട്. പക്ഷേ, ശാന്തമായിരിക്കാൻ നിങ്ങൾ തയാറായിരിക്കണം.  

∙ മാറാൻ സന്നദ്ധത കാട്ടിയാൽ അവരെ അതിന് സഹായിക്കുക. മാനസിക വിദഗ്ധന്റെ സഹായം വേണമെങ്കിൽ ഉപയോഗപ്പെടുത്തുക.

∙ മാറാൻ തീരെ തയാറല്ലാത്ത പക്ഷം ബന്ധത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കാം. ഈ ഘട്ടത്തിൽ നിങ്ങൾക്ക് താങ്ങും തണലും ആകാൻ മറ്റു കുടുംബബ  ന്ധങ്ങളും സൗഹൃദങ്ങളും ആരോഗ്യകരമാക്കി വയ്ക്കുക.

ബന്ധം നഷ്ടപ്പെടുമെന്നുറപ്പാകുമ്പോൾ പൊസസീവ് ആയ വ്യക്തികൾ പൊതുവേ മുന്നോട്ടു വയ്ക്കുന്നൊരു കാര്യമുണ്ട്. കാരണം ബോധ്യപ്പെടുത്തിയിട്ട് പിരിയാം എന്ന്. അതിൽ വീഴരുത്. അത് പൊസസീവ്നെസിന്റെ മ റ്റൊരു പ്രകടനം മാത്രമാണെന്ന് തിരിച്ചറിയുക.

ഒരാൾ ബന്ധം ഒഴിവാക്കാൻ തീരുമാനിച്ചുറപ്പിച്ചതിന്റെ കാരണം അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും തന്നെയില്ല. അകന്നതിനു കാരണം സ്വയം അന്വേഷിക്കുന്നതാകും നല്ലത്. സ്വയം തെറ്റുകൾ കണ്ടെത്തി മുന്നോട്ടു പോകാനായാൽ ഭാവിയിൽ നല്ല ബന്ധങ്ങളിലേക്ക് എത്താനാകും.

കണ്ടുപിടിക്കാം, പങ്കാളി പൊസസീവ് ആണോ ?

∙ തന്റെ ഇഷ്ടങ്ങൾ നടത്തിത്തന്നേ പറ്റൂ എന്ന നിർബന്ധം പങ്കാളിക്ക് ഉണ്ടോ? ഇഷ്ടങ്ങൾ നടന്നില്ലെങ്കിൽ വൈകാരികമായി മുറിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുക, ഭീഷണിപ്പെടുത്തുക ഇവ പൊസസീവ്നെസിന്റെ തുടക്ക ലക്ഷണങ്ങളാണ്.

∙ സദാ നീരീക്ഷിക്കുന്നു, പുറത്ത് കടയിൽ പോകുന്നതു മൂലം ‘ നീ ബുദ്ധിമുട്ടേണ്ട’ എന്ന കരുതൽ മറയിൽ തടയുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നത് വിലക്കുന്നു. ഇതൊക്കെ  ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

∙ പങ്കാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറാനുള്ള സ്വാതന്ത്ര്യം ചോദിക്കുക. സൈബർ ലോകത്ത് ഒാരോ ചലനങ്ങൾ പോലും പിന്തുടരുക, സുഹൃത്തുക്കളുടെ കമന്റുകളോട് അനാവശ്യമായി പ്രതികരിക്കുക.  

∙ സുഹൃത്തുക്കളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുക. നിങ്ങൾ കരുതൽ കാണിക്കുകയും സമയം ചെലവിടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ നിങ്ങളിൽ നിന്നും ഏതു വിധേനയും അകറ്റുക എന്നിവ ഒട്ടും ആശാവഹമല്ല. നിങ്ങളുടെ സുഹൃത്തുക്കൾ എന്തു  കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളായി എന്നറിയാൻ നിർബന്ധം കാണിക്കുക, വസ്ത്രം തിരഞ്ഞെടുപ്പിൽ പോലും ഇടപെടുക ഇവയൊക്കെ പൊസസീവ് പങ്കാളിയുടെ പെരുമാറ്റ പ്രത്യേകതകളാണ്.

∙ നിങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന വിധത്തിൽ സംസാരിക്കും. അഭിനന്ദനത്തെക്കാൾ കുറ്റപ്പെടുത്തലുകളായിരിക്കും കൂടുതൽ. നിങ്ങൾക്ക് പല കാര്യങ്ങളും സ്വയം ചെയ്യാൻ കഴിവില്ല എന്ന് വരുത്തിത്തീർക്കും. വേണ്ടത് തിരഞ്ഞെടുക്കാൻ പങ്കാളിക്ക് അറിയില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കും.

∙ അവർ നൽകുന്ന എല്ലാ അസ്വസ്ഥതകളും സ്നേഹം കൊണ്ടാണ് എന്ന് പറയും. അതിലൂടെ തിരികെ കുറ്റപ്പെടുത്തുന്നതും തിരുത്തുന്നതും ഒഴിവാക്കുകയായിരിക്കും ഉദ്ദേശം. നിങ്ങൾ അത് സമ്മതിച്ചു കൊടുക്കാൻ നിർബന്ധിതൻ/നിർബന്ധിതയാകും