Friday 03 November 2023 02:25 PM IST : By സ്വന്തം ലേഖകൻ

‘കണ്ണിൽ എന്തോ നിറവ്യത്യാസം, കൃഷ്ണമണിയ്ക്കു ചുറ്റും ഒരുതരം പാട’: ഉറങ്ങി എഴുന്നേറ്റപ്പോൾ കാഴ്ച പോയി, തളരാതെ പോരാട്ടം

father-kallikkadan

‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട,ദൈവത്തിൽ വിശ്വസിക്കുവിൻ.’ ബൈബിളിൽ ഏറ്റവും ഇഷ്ടമുള്ള ഈ ദൈവവചനം ദുഃഖനാളുകളിൽ ഞാൻ നിരന്തരം ഉരുവിട്ടു കൊണ്ടിരുന്നു. വെളിച്ചം എന്റെ കണ്ണിൽ നിന്നു മാഞ്ഞുപോയ ഏഴു വർഷവും ഈ വചനങ്ങളായിരുന്നു എന്റെ തെളിച്ചം.’’ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ സ്പിരിച്വൽ ഡയറക്ടർ ഫാ.പോൾ കള്ളിക്കാടൻ കണ്ണിൽ വീണ ഇരുൾകാലത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി.

‘‘തൃശൂർ ജില്ലയിൽ അരിമ്പൂരാണ് എന്റെ വീട്. അപ്പച്ച ൻ ആന്റണിയുടെയും അമ്മ റോസിലിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ്. പഠനത്തിലോ കലാകായികരംഗത്തോ മികവു പുലർത്താത്ത ഒരു ശരാശരി വിദ്യാർഥി. പ ത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേർന്നു. പഠനത്തിൽ പിന്നാക്കം പോയതു കൊണ്ട് എന്നെ അവിടുന്ന് പറഞ്ഞുവിടാനിരുന്നതാണ്. തൊട്ടടുത്ത വർഷം തുടങ്ങി ആദ്യ അഞ്ചു റാങ്കുകളിൽ ഞാൻ ഉൾപ്പെട്ടു.

ഇരുട്ട് മെല്ലെ കടന്നു വന്നു

ദൈവശാസ്ത്ര പഠനം മണ്ണുത്തിക്കടുത്ത് മുളയം മേരിമാതാ മേജർ സെമിനാരിയിലായിരുന്നു. രണ്ടാം വർഷത്തിന്റെ അവസാന അവധിക്കാലം വീട്ടിൽ ചെലവഴിച്ചു സന്തോഷത്തോടെ തിരിച്ചു സെമിനാരിയിലെത്തി.

2012 മേയ്മാസം മുപ്പതാം തീയതി. പുലർച്ചെ കിടക്കയിൽ നിന്നു എഴുന്നേറ്റ് നടക്കാൻ നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്, ഇടതുകണ്ണിൽ കാഴ്ചകളൊന്നും തങ്ങുന്നില്ല. കണ്ണ് തുറന്നിരിക്കുകയാണോ അടച്ചിരിക്കുകയാണോ എന്നെനിക്കു സംശയമായി. വലംകണ്ണിലൂടെ കണ്ണാടിയിൽ നോക്കി. ഇടതുകണ്ണ് തുറന്നു തന്നെയാണ് ഇരിക്കുന്നത്.പക്ഷേ, ഇരുട്ടു മാത്രം.

ആദ്യം ആരോടും പറഞ്ഞില്ല. വലതു കണ്ണിന്റെ കാഴ്ചയുടെ വെളിച്ചത്തിൽ പതിവു പോലെ ക്ലാസ്സിലേക്കു പോ യി. രണ്ടു ദിവസം കഴിയുമ്പോൾ കാഴ്ച തിരിച്ചുവരുമെന്നായിരുന്നു അപ്പോഴത്തെ ധാരണ.

പിറ്റേന്നു കൂട്ടുകാരനോടു പറഞ്ഞു. ‘ഇടതു കണ്ണിനു എന്തോ പ്രയാസമുള്ളതു പോലെ.’ അവൻ വിശദമായി നോക്കി ‘എന്തോ നിറവ്യത്യാസമുണ്ട്. കൃഷ്ണമണിയ്ക്കു ചുറ്റും ഒരുതരം പാട മൂടിയിരിക്കുന്നു’. ഞങ്ങൾ ഡോക്ടറെ കാണാൻ പോയി. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞത് കണ്ണീരിനുമപ്പുറം കനമുള്ള വാക്കുകളാണ്. ‘ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു.’

സഭാധികാരികളെയും എന്റെ വീട്ടുകാരെയും വിവരമറിയിച്ചു. വിദഗ്ദ ചികിത്സയ്ക്കായി മധുരയിലുള്ള അരവിന്ദ് ആശുപത്രിയിലേക്കാണ് പോയത്. പരിശോധനകൾക്കു ശേഷം കണ്ണിനുള്ളിലെ നീർക്കെട്ടു മാറി കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടർമാർ ഉറപ്പു തന്നു. ഞാനും അപ്പച്ചനും സന്തോഷത്തോടെ തിരിച്ചു പോന്നു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിശോധനയ്ക്കു ചെന്നപ്പോൾ ‘കുറച്ചു മരുന്നുകൾ കഴിക്കണം’ എന്നു നിർദേശിച്ചു. കാഴ്ച തിരിച്ചു കിട്ടാൻ ഏതു മരുന്നും കഴിക്കാൻ ഞാൻ തയാറായിരുന്നു. അവർ എന്നെ തിരുത്തി. ‘കാഴ്ച തിരികെ കിട്ടാനല്ല,അടുത്ത കണ്ണിന്റെ കാഴ്ച പോകാതിരിക്കാനാണ് മരുന്നു കഴിക്കുന്നത്.’ ആകുലമായ മനസ്സോടെയായിരുന്നു സെമിനാരിയിലേക്കു മടങ്ങിയത്. എവിടേക്കാണ് എന്റെ ജീവിതം വഴി മാറി പോകുന്നത്?

അനുവാദം പോലും ചോദിക്കാതെ

ഏറെ നോട്ടുകൾ എഴുതിയെടുക്കാനാകാതെയും മറ്റും ബുദ്ധിമുട്ടി. എന്റെ കണ്ണുകൾ കൂടുതൽ പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുകയാണെന്നു സഭാധികാരിക ൾ മനസ്സിലാക്കി. ഒരു പരീക്ഷ കൂടി കഴിഞ്ഞാൽ ഡീക്കൻപട്ടം കിട്ടും. അ തു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ പുരോഹിതനാകും.അതിനാൽ എന്റെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്ന് അവർ ആലോചിച്ചു. ‘കാഴ്ചയ്ക്കു പ്രശ്നമുണ്ടെങ്കിൽ പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പരീക്ഷയുടെ മാർക്കു വന്നതിനുശേഷം തീരുമാനെമടുക്കാം.’

ദൈവത്തോട് ഒരിക്കലും പരാതി പറഞ്ഞില്ല. അവനറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്നു എനിക്ക് ഉറപ്പായിരുന്നു. കണ്ണിന് അധികം ആയാസം കൊടുക്കാൻ സാധിക്കാത്തതുകൊണ്ടു കൂടുതൽ സമയം പഠിക്കാനൊന്നും സാധിച്ചിരുന്നില്ല. എങ്കിലും, പരീക്ഷാഫലം വന്നപ്പോൾ, അതുവരെ അഞ്ചു റാങ്കിനുള്ളിൽ ഒതുങ്ങിയിരുന്ന ഞാൻ രണ്ടാം റാങ്കുകാരനായി. ഡീക്കൻ പട്ടത്തിന് അർഹനായി. പള്ളിയിൽ പോയി പ്രാർഥിക്കാനിരുന്നപ്പോൾ ദൈവത്തോടു ഞാൻ പറഞ്ഞു.

‘രണ്ടു കണ്ണുള്ളപ്പോൾ ഇത്രയും മാർക്കു കിട്ടിയിട്ടില്ല. പിന്നെങ്ങനെയാണ് ഈ ഒറ്റക്കണ്ണന് ഇത്രയും മാർക്ക് കിട്ടുന്നത്. എനിക്കറിയാം ഇതാരുടെ മാർക്കാണെന്ന്.’ ഞാൻ അൾത്താരയിൽ കൈവച്ചു പറഞ്ഞു. ‘അഭിനന്ദനങ്ങൾ’

ആ വർഷത്തെ ഞങ്ങളുടെ തീസിസ് ബെൽജിയം യൂണിവേഴ്സിറ്റിയിലേക്കാണ് അയച്ചുകൊടുത്തത്. ദൈവം വീണ്ടുമൊരു അദ്ഭുതം ഒളിപ്പിച്ചു വച്ചിരുന്നു. പതിനാറു പേരിൽ നിന്നു എന്നെ മാത്രം ഉപരിപഠനത്തിനു യൂണിവേഴ്സിറ്റി ശുപാർശ ചെയ്തു.

father-paul-story

2014 ജനുവരി ഒന്നിനായിരുന്നു എന്റെ പട്ടം നിശ്ചയിച്ചിരുന്നത്‌. ഒറ്റക്കണ്ണുമായി ഞാൻ എല്ലാകാര്യങ്ങളും സ്വയം ചെയ്യാൻ തുടങ്ങി. പുരോഹിതനാകുമ്പോൾ ധരിക്കാനുള്ള ളോഹയും കാര്യങ്ങളുമെല്ലാം വാങ്ങി വച്ചു.

2013 ഡിസംബർ പതിനാല് ശനിയാഴ്ച. രാത്രി ബൈബിൾ വായിച്ച ശേഷമാണ് ഞാൻ കിടന്നുറങ്ങിയത്. പിറ്റേന്നു നേരം പുലർന്നപ്പോൾ ഒരു തുള്ളി വെളിച്ചം പോലും എന്റെ മുന്നിലില്ല. അനുവാദം പോലും ചോദിക്കാതെ വലത്തേ കണ്ണിന്റെ കാഴ്ചശക്തിയും യാത്ര പറഞ്ഞെന്ന് മനസ്സിലായി. അഡ്മിറ്റ് ആയെങ്കിലും എത്ര ശ്രമിച്ചിട്ടും ‘എന്റെ പട്ടം ഇനി എങ്ങനെ നടക്കും’ എന്നൊരു ആധിയെ പുറത്തെറിയാൻ സാധിച്ചില്ല. മുട്ടുകുത്തി നിലവിളിയോടെ പ്രാ ർഥിച്ചു. ‘പതിനൊന്നു വർഷക്കാലം പുരോഹിതനാകാൻ ആഗ്രഹിച്ചു കാത്തിരുന്നിട്ട്, പാതിവഴിയിൽ ഉപേക്ഷിക്കാനാണോ നീ എന്നെ കൂടെ വിളിച്ചത്!’

കയ്യെത്തും ദൂരത്ത് സ്വപ്നം തെന്നി പോകുന്നവന്റെ വേദനയായിരുന്നു അത്. ഒരിക്കലെങ്കിലും കണ്ണിൽ വെട്ടം വീണിരുന്നെങ്കിൽ... അൾത്താരയിൽ കുർബ്ബാന അർപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

പ്രകാശം പരക്കുന്നു

കൂട്ടുകാരുടെയെല്ലാം പൗരോഹിത്യം കഴിഞ്ഞപ്പോഴും എ ന്റെ കാര്യത്തിൽ തീരുമാനമായില്ല. ഒരു ദിവസം ബിഷപ് ഹൗസിലേക്കു വിളിപ്പിച്ചു. നീണ്ടുനിന്ന പ്രാർഥനയ്ക്കു ശേ ഷം മെത്രാൻ എന്നോടു പറഞ്ഞു. ‘വേഗം പുരോഹിതനാകാൻ ഒരുങ്ങൂ.’ ഞാൻ കണ്ണീർവാർത്തു.

വായിക്കാൻ കഴിയാത്തതുകൊണ്ട് ഒരു മണിക്കൂർ ദൈ ർഘ്യമുള്ള കുർബ്ബാനയിലെ എല്ലാ പ്രാർഥനകളും ബൈബിൾ ഭാഗവും അകക്കണ്ണിലാണ് വായിച്ചെടുത്തത്. പൗരോഹിത്യം കഴിഞ്ഞ് ഒരു ഇടവകയിൽ മൂന്നരമാസം സേവനം അനുഷ്ഠിച്ചെങ്കിലും തുടരാൻ കഴിയാത്തവണ്ണം ഇരുപത്തിയെട്ടാം വയസ്സിൽ ഞാൻ രോഗിയായി തീർന്നു. വിശ്രമ ജീവിതം നയിക്കുന്ന അച്ചൻമാരുടെ കൂടെയായി പിന്നീടുള്ള നാളുകൾ.

ബെയ്ഷ്യസ് ഡിസീസ് (Behcet’s Disease) എന്ന ഒരു ഓ ട്ടോ ഇമ്മ്യൂൺ ഡിസോർഡറാണ് എന്നെ ബാധിച്ചിരുന്നത്. പ്രതിരോധശേഷി ക്രമാതീതമായി കൂടുകയും അതു രക്തപ്രവാഹമുള്ള ഭാഗങ്ങളെ ബാധിക്കുകയും ചെയ്യുന്നു. കണ്ണിന്റെ വെള്ളയിലാണ് മരുന്നു കുത്തിവയ്ക്കുക.ശക്തിയുള്ള മരുന്നുകൾ എന്റെ ശരീരത്തിന്റെ മെറ്റബോളിസം തകർക്കാൻ തുടങ്ങി. ഒരിക്കൽ മരുന്നുകളോടു പ്രതി കരിക്കാതെ മരണവാതിൽക്കലേക്കു ചെന്നെത്തി.

മെല്ലെ മെല്ലെ അദ്ഭുതങ്ങൾ കടന്നു വരികയായിരുന്നു.ഇപ്പോൾ അസുഖം ഭേദമുണ്ട്. അഞ്ചു വർഷം മുൻപ്, വലതു കണ്ണിന്റെ കാഴ്ചശക്തി 80 ശതമാനം തിരിച്ചു കിട്ടി. ത നിയെ കാറോടിക്കാനും സ്വയം കാര്യങ്ങൾ ചെയ്യാനും കഴിയുന്നു. ഇപ്പോൾ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലി ൽ രോഗികൾക്കു കൗൺസലിങ് കൊടുക്കാനും സർജറികൾക്കു തയാറെടുക്കുന്ന രോഗികൾക്ക് മാനസികമായി ക രുത്തു പകരാനും കഴിയുന്നു.

ഇരുട്ടിൽ വീണ നാളുകളിലും എന്റെ ഹൃദയത്തിന്റെ ജാലകത്തിൽ ഞാനൊരു വിളക്ക് തൂക്കിയിട്ടിരുന്നു.’’ അച്ചന്റെ ചിരി നട്ടുച്ചയിലും പ്രകാശം പരത്തുന്നതായിരുന്നു.

ടെൻസി ജെയ്ക്കബ്

ഫോട്ടോ: സരുൺ മാത്യു