Friday 14 April 2023 02:41 PM IST : By ശ്യാമ

‘ചെടികൾ വിൽക്കുക, വാങ്ങുക എന്നതിനപ്പുറം ആർട് ഹബ് കൂടിയാവണം എന്ന് കരുതി’; രാധികയുടെ സ്വന്തം പ്ലാന്റൂറാസ്

radhikkkkk889

ചെറുപ്പം മുതലേ ചെടികളോട് ഇഷ്ടമുണ്ട്. ഗൾഫിൽ പഠിച്ചതു കൊണ്ട് ഒരിത്തിരി പച്ചപ്പ് കാണുന്നതു പോലും ഗൃഹാതുരത തന്നിരുന്നു. ആ ഇഷ്ടം മനസ്സിൽ നിന്നു മായാത്തതിന്റെ തെളിവു കൂടിയാണു  2022 മാ ർച്ചിൽ തുടങ്ങിയ പ്ലാന്റൂറാസ് ആയി തളിർക്കുന്നത്.’’ രാധിക ഒയ്യാരത്ത് പറയുന്നു.

‘‘പഠന ശേഷം ബഹുരാഷ്ട്രസ്ഥാപനത്തിൽ ജോലി. തിരുവനന്തപുരം വഞ്ചിയൂരാണു നാടെങ്കിലും ജോലിക്കായി കൊച്ചിയിലേക്കു മാറിയപ്പോൾ തൊട്ടു ചെറിയൊരു ചെടിക്കടയും ഒപ്പം നടത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ കാരണം വീട്ടിലിരുന്നുള്ള ജോലിയും സമ്മർദവും കൂടുന്നത്. സ്വന്തമായിട്ട് എന്തെങ്കിലും തുടങ്ങണം  എന്ന ആഗ്രഹത്തിനു കൊറോണ ആക്കം കൂട്ടി. രണ്ടു സുഹൃത്തുക്കളുടെ സഹായവും കൂട്ടി ചേർത്ത് പ്ലാന്റൂറാസിനു തുടക്കം കുറിച്ചു. കോണ്‍സെപ്റ്റ് സ്പെയ്സുകൾ ഒരുക്കുന്ന ഷിന്റോയും ഈ സ്ഥലത്തിന്റെ ഉടമ സനീഷും ആണ് വ്യവസായ പങ്കാളികൾ. കാക്കനാട് വെണ്ണലയിലാണു 28 സെന്റുള്ള സ്ഥലം. സ്വപ്നം പോലൊരിടമാക്കി അതിനെ ഞങ്ങൾ മാറ്റിയെടുത്തു. പ്ലാന്റൂറാസ്– എന്ന പേര് ഷിന്റോയുടെ വകയാണ്. അവതാർ സിനിമയിലെ പാണ്ഡോറ പോലൊരു ലോകം.

ബഹളത്തിനിടയിലെ ശാന്തത

metal-art

വീടിന്റെ അകത്തളവും പുറവും മനോഹരമാക്കാനുള്ളതെല്ലാം കിട്ടുന്നിടമാണിത്. ചെടികൾ, ലോഹ നിർമിതികൾ (ഇഷ്ടം പറഞ്ഞാൽ അതിനനുസരിച്ച് ഓരോ വീടിനും അലങ്കാരം ചെയ്തു കൊടുക്കും), കരകൗശല വസ്തുക്കൾ, ലാന്റ് സ്കേപ്പിങ് – ഇരിപ്പിടം, കുളം, ബുദ്ധ പ്രതിമ തുടങ്ങിയവ ചെയ്തെടുക്കാം. ചെടികൾ വിൽക്കുക വാങ്ങുക എന്നതിനപ്പുറം ആർട് ഹബ് കൂടിയാവണം എന്ന് കരുതിയാണു സ്ഥലം ഒരുക്കിയത്.

പല ശിൽപശാലകളും കവിയരങ്ങുകളും ചടങ്ങുകളും ഷൂട്ടുകളും നടക്കാറുണ്ട്. ഒപ്പം വർക്ക് ഹബ് ആയും ഇവിടം മാറുന്നു. ഒരു സ്ത്രീ അമരത്തു നിൽക്കുന്നതു കാണുമ്പോൾ പലർക്കും സംശയമാണ്. പക്ഷേ, സംശയിച്ചവർ പോലും ജോലി തീർത്തു കൊടുക്കുമ്പോൾ അത്രയേറെ അഭിനന്ദിക്കാറുമുണ്ട്. കേരളത്തിലുടനീളവും ബെംഗളൂരുവിലും മൈസൂരും വർക്ക് ചെയ്തുകൊടുത്തിട്ടുണ്ട്.

കോഴിക്കോടും തിരുവനന്തപുരത്തും  ശാഖ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ബാൽക്കണി മേക്കോവർ ആണു പുതിയ പരീക്ഷണം. ഉള്ള  ചെറിയ സ്ഥലത്തു പോലും ചെടികളുടെ തണുപ്പ് നുകരാം.

inside-2