Thursday 08 June 2023 04:49 PM IST : By സ്വന്തം ലേഖകൻ

‘പാതിരാത്രി സ്നേഹം കാണിച്ചു വരുന്നവരോട്, ഇത് നിങ്ങളുടെ ഭാര്യയോട് ആണെങ്കിൽ ദാമ്പത്യം അതിമനോഹരമാകും’; ശല്യക്കാർക്കെതിരെ കുറിപ്പുമായി സീമ വിനീത്

seema-vineeth-post

ജോലി സംബന്ധമായി പങ്കുവച്ച മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് രാത്രികാലങ്ങളിൽ ശല്യം ചെയ്യുന്നവർക്കെതിരെ കുറിപ്പുമായി ട്രാൻസ് വുമണ്‍ സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ശല്യക്കാര്‍ക്കെതിരെ പ്രതികരിച്ചത്. 

സീമ വിനീത് പങ്കുവച്ച കുറിപ്പ് വായിക്കാം;

കുറച്ചു നാളുകളായി ഇവിടെ കുറിക്കണം കുറിക്കണം എന്ന് കരുതിയ വിഷയമാണ്. എന്റെ തൊഴിലുമായി ബന്ധപ്പെട്ട് വളരെ വർഷങ്ങളായി ഞാൻ പോസ്റ്റ്‌ ചെയ്യാറുള്ള എന്റെ വർക്കുകളുടെ കൂടെ ഞാനെന്റെ ഒരു ഫോൺ നമ്പർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അത് എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം, അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല. അതിനൊട്ടു സമയവും ഇല്ല. 

പല സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട്. നമ്മൾ ഏതു സാഹചര്യത്തിൽ ആണ് നില്‍ക്കുന്നത് എന്നുപോലും അറിയില്ലാത്ത മനുഷ്യർ, അതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. നമ്മുടെ മാനസികനില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി സമീപിക്കാറുണ്ട്. എനിക്ക് അത്തരം സംഭാഷണങ്ങളും അത്തരം കോളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ. നിൽക്കുന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ മറുപടി നൽകുക.

സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ. ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും, അവരോട്, അത്തരം സംഭാഷണങ്ങൾ ഭാര്യമാരോട് ആണേൽ നിങ്ങളുടെ ദാമ്പത്യം അതിമനോഹരമാകും. പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞ്. എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളാം, ഇടനിലക്കാരുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊള്ളട്ടെ. 

സോഷ്യൽ മീഡിയയിൽ പല കമന്റുകളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു. നന്ദി നമോവാകം..