Thursday 23 November 2023 02:35 PM IST : By സ്വന്തം ലേഖകൻ

‘എന്താ നിന്റെ അച്ഛൻ കൂടെയില്ലാത്തേ?’: എന്റെ കുഞ്ഞിനോട് അവർ ചോദിക്കും... വിവാഹമോചിതയ്ക്ക് സമൂഹം നൽകുന്ന പരിഗണന: ലൈല പറയുന്നു

brave-stry

ഒറ്റയ്ക്ക് ആയതിനാൽ വാടകയ്ക്കു താമസിക്കാൻ വീടു ലഭിക്കുന്നില്ലെന്ന പരാതിയുമായി ഹിന്ദി ടെലിവിഷൻ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുൻ ഭാര്യയുമായ ചാരു അസോപ എത്തിയത് അടുത്തിടെയാണ്. സമൂഹമാധ്യമത്തിൽ വളരെ വിഷമത്തോടെ കരഞ്ഞുകൊണ്ട് പങ്കിട്ട വിഡിയോയിലും കുറിപ്പിലുമാണ് ചാരു തന്റെ പ്രതിസന്ധി വിവരിച്ചത്. ആൺതുണയില്ലാതെ പെണ്ണിനു ജീവിക്കാൻ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്നാണ് ചാരു കുറിപ്പിലൂടെ ചോദിക്കുന്നത്.

ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ വേദനകളും പോരാട്ടവും വനിത, വാനക്കാർക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും മുൻവിധികളും അവഗണിച്ച് മക്കളെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന അമ്മമാരുടെ കഥ വനിത 2021ലാണ് പ്രസിദ്ധീകരിച്ചത്. ചാരു അസോപയ്ക്കു പിന്നിൽ പിന്തുണയുമായി സോഷ്യൽ മീഡിയ എത്തുമ്പോള്‍ ലൈല എന്ന സിംഗിൾ മദറിന്റെ നിലനിൽപിന്റേയും അവർ ജീവിതം തിരിച്ചു പിടിച്ചതിന്റേയും കഥ വനിത പങ്കുവയ്ക്കുകയാണ്.
––––

കുടുംബം എന്നു പറഞ്ഞാൽ മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ ക്ലാസുകളിലെ പുസ്തകങ്ങളില്‍ കണ്ട് മനസ്സി ല്‍ പതിഞ്ഞ ചിത്രം. അമ്മ, അച്ഛൻ, അ മ്മൂമ്മ, അപ്പൂപ്പൻ, അനിയത്തി, അനിയന്‍... തുടങ്ങി ഒരുപാടു പേരുണ്ട് അവിെട.

കാലം ഇത്ര മാറിയിട്ടും അമ്മയും കുട്ടിയും മാത്രം സന്തോഷത്തോെട ജീവിച്ചാല്‍ അതു കുടുംബമാണെന്നു പറയാന്‍ മടിയാണ് പലർക്കും. അച്ഛനും കുട്ടിയും േചര്‍ന്നു താമസിക്കുന്നതും ആണും പെണ്ണും മാത്രം കൂട്ടായി ജീവിക്കുന്നതും ട്രാൻസ് വ്യക്തികളുെട കൂട്ടായ്മയും ഒക്കെ ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബ’ങ്ങള്‍ തന്നെയെന്ന് ഒരിടത്തും പരാമർശിക്കുന്നില്ല. മാറ്റങ്ങൾ ഉൾക്കൊണ്ട് നിർവചിക്കാൻ കഴിയാത്തി ടത്തു നിന്നു തന്നെ നമ്മൾക്കു ‘സിംഗിൾ മദേഴ്സി’നെ കുറിച്ചു സംസാരിച്ചു തുടങ്ങാം.

വിവാഹബന്ധം വേർപിരിഞ്ഞ് കുഞ്ഞിന്റെ ചുമതല സ്വയം ഏറ്റെടുത്ത് ജീവിക്കുന്ന നാല് അമ്മമാര്‍. ‘നിങ്ങ ൾ പൂർണരല്ല’, ‘നിങ്ങൾക്ക് യഥാർഥ സന്തോഷമുണ്ടാ കില്ല, നിങ്ങൾ കുഞ്ഞിന്റെ ജീവിതം കൂടി ഓർക്കണം’ തുടങ്ങിയ ആവലാതികൾ നേരിട്ടും അല്ലാതെയും കേ ൾക്കേണ്ടി വരുന്ന അമ്മമാരുടെ പ്രതിനിധകളാണിവർ.

വരച്ചിട്ട കളത്തിനുള്ളിൽ ജീവിക്കുന്നവരെ മാത്രം സ്നേഹിക്കുന്ന സമൂഹത്തോട് പടവെട്ടി, സ്വന്തം കാര്യം നോക്കി തന്റേടത്തോടെ ജീവിക്കുന്ന അവർ ഇനി ബാക്കി പറയട്ടെ...

ഒറ്റയ്ക്കാണെന്ന് കരുതേണ്ട, ഒരുമിച്ച് തുഴയാം–ലൈല

വിവാഹമോചനം നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സിംഗിൾ മദറായി ഈ നാട്ടിൽ ജീവിക്കുക എന്നത്. സിംഗിൾ പേരന്റാണെന്ന് എല്ലായിടത്തും പറയുന്ന ആളാണ് ഞാൻ. അതൊരു മോശം കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മാത്രമല്ല ഞാൻ ഒതുങ്ങി പരുങ്ങി ജീവിച്ചാൽ അത് എന്റെ മകനെയും ബാധിക്കും. അമ്മ എന്തോ മോശം കാര്യം ചെയ്തു എന്നവനും തോന്നരുത്. ഒത്തുപോകാൻ പറ്റാത്ത ഇടത്തു നിന്ന് മാറുന്നത് തെറ്റാണെന്ന് അവൻ പഠിക്കരുതെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഡിവോഴ്സിന്റെ പേരിൽ മകന് അവന്റെ ജീവിതത്തിലെ ഒരു സന്തോഷവും മാറ്റി വയ്ക്കേണ്ടി വരരുതെന്നും നിർബന്ധമുണ്ട്.

എല്ലാ രേഖകളിലും ഭർത്താവിന്റെ/ അച്ഛന്റെ ഒപ്പ് വേ ണം. എന്തിന്, അധികാരികൾക്ക് പരാതി കൊടുക്കാൻ പോയാൽ പോലും ‘ഭർത്താവില്ലാത്ത പെണ്ണല്ലേ ഇതൊക്കെ ഇ ങ്ങനെ തന്നേയാകൂ’ എന്നൊരു മുൻവിധിയോടു കൂടിയുള്ള ചോദ്യങ്ങളും നോട്ടങ്ങളുമാണ് ആദ്യം.

എനിക്ക് ജോലിയും വരുമാനവുമുണ്ട്. അതില്ലാതെ ബ ന്ധം ഒഴിഞ്ഞ് കുഞ്ഞുമായി തനിച്ചു ജീവിക്കേണ്ടി വരുന്നവരുെട ദുരിതങ്ങള്‍ വളരെ വലുതാണ്. സര്‍ക്കാരിന്‍റ ഭാഗത്തു നിന്ന് സ്വയരക്ഷയ്ക്കുള്ള സഹായമോ സാമ്പത്തിക സഹായമോ ഒന്നും കിട്ടാറുമില്ല.

സിംഗിൾ പേരന്റ്സിന് സർക്കാർ സഹായവും പരിഗണനയും നൽകണം എന്നു പറഞ്ഞ് ഞാൻ കുറച്ച് അധികാരികളെ സമീപിച്ചിരുന്നു. അതിനു കിട്ടിയ മറുപടികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന തരത്തിലേ ആയിരുന്നില്ല. വിധവകൾക്ക് കിട്ടുന്ന പരിഗണന പോലും വിവാഹമോചിതയ്ക്ക് കിട്ടാറില്ല. ‘നിന്നെ അടിച്ചില്ലല്ലോ? കൊന്നില്ലല്ലോ?’ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.

ഞാനും ആറു വയസുള്ള മകൻ ആദവും സന്തോഷമായി ജീവിക്കുന്നതു കാണുമ്പോള്‍ അതിലൊരു കുറവ് ക ണ്ടെത്താനാണ് ആളുകളുെട ശ്രമം. ഞാന്‍ അഭിഭാഷകയാണ്. ദുബായിലായിരുന്നു ജോലി. പിന്നീടു കൊച്ചിയിലേക്കു വന്നു. ഭർത്താവ് കുട്ടിയുടെ സംരക്ഷണത്തിനുള്ള പണം തരുന്നുണ്ട്. വല്ലപ്പോഴും കുട്ടിയെ കാണുന്നുമുണ്ട്. ഭർത്താവല്ല എന്നേയുള്ളൂ, അച്ഛനല്ലാതാകുന്നില്ലല്ലോ.

കഥാപുസ്തകങ്ങളിലൂെട പഠനം

ഞങ്ങൾ പിരിഞ്ഞത് മോന്റെ കുറ്റം കൊണ്ടേയല്ല, ഞങ്ങൾ തമ്മിലുള്ള പ്രശ്നം കൊണ്ടാണെന്ന് ആദമിന് പറഞ്ഞു കൊടുത്തിരുന്നു. അതിന് സഹായിച്ചത് കഥാപുസ്തകങ്ങളാണ്. വിവാഹമോചിതരായ മാതാപിതാക്കളെയും കുട്ടികളെയും പറ്റി സംസാരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ അവനു വായിക്കാന്‍ െകാടുത്തു.

‘ഞാന്‍ തനിച്ചല്ല, എന്നെ പോലെ ധാരാളം കുട്ടികളുണ്ടെ’ന്ന് അവന് അതിലൂടെ മനസ്സിലായി. കളിക്കാൻ പോകുന്നിടത്തു കുട്ടികൾ ‘എന്താ നിന്റെ അച്ഛൻ കൂടെയില്ലാത്തേ?’ എന്ന് ചോദിക്കുമായിരുന്നു. ആദ്യമൊക്കെ അത് അവനെ ബുദ്ധിമുട്ടിച്ചു. ഇപ്പോ അവൻ പറയും, ‘അച്ഛന്‍ വേറെയാണു താമസിക്കുന്നത്’. മുതിർന്നവരേക്കാൾ കുട്ടികൾ കരുതലോടെ പെരുമാറും.

സമൂഹം ‘പെർഫക്റ്റ്’ എന്ന് വിളിക്കുന്ന അച്ഛനും അ മ്മയും ഒക്കെയുള്ള വീട്ടിലും ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ട്. അവിടെയും കുറ്റകൃത്യങ്ങൾ നടക്കുന്നു, അവർക്കും വിഷാദരോഗമുണ്ട്... അപ്പോൾ ആരൊക്കെ ഒപ്പമുണ്ട് എന്നതല്ല പ്രധാനം. എന്ത് ന്യായം പറഞ്ഞാലും വിഷലിപ്തമായ ബന്ധത്തിൽ പെട്ട് കുട്ടികൾ അതിന്റെ ദൂഷ്യവശം അനുഭവിക്കുന്നതിലും നല്ലതാണ് പിരിയുന്നത്. അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ടു വളരുന്ന കുഞ്ഞുങ്ങളെ അത്തരം സാഹചര്യത്തിൽ തന്നെ വളർത്തണം എന്ന് പറയുന്നതാണ് മോശം. അല്ലാതെ അതിൽ നിന്ന് ഇറങ്ങി വരുന്നതല്ല. സമാധാനാന്തരീക്ഷത്തിൽ സന്തോഷമായി വ ളരാനുള്ള അവകാശം കുഞ്ഞിനും നിഷേധിക്കരുതല്ലോ.