Saturday 04 November 2023 11:52 AM IST : By സ്വന്തം ലേഖകൻ

ഇരുട്ടു കൊണ്ട് തോൽപിക്കാനാവില്ല ശ്രീക്കുട്ടനെ; പഠനത്തിലും കലയിലും കഴിവു തെളിയിച്ച വിദ്യാർഥി

sreekuttan-kerala-varma-college-family-cover മുണ്ടൂർ നാമ്പുള്ളിപ്പുരയിലെ വീട്ടിൽ ജ്യേഷ്‌ഠൻ എസ്. സുനന്ദ്, അമ്മ സുപ്രിയ, അച്ഛൻ കെ.എ.ശിവദാസ്, എന്നിവർക്കൊപ്പം എസ്. ശ്രീക്കുട്ടൻ. ചിത്രം കടപ്പാട്: മനോരമ

ഒരു തോൽവി കൊണ്ട് ഇരുട്ടിലാകുന്ന കുട്ടിയല്ല എസ്.ശ്രീക്കുട്ടൻ. വിധി ഇരുട്ടു നിറച്ച കണ്ണുകളുമായി ശ്രീക്കുട്ടൻ പിന്നിട്ട വഴികൾ ആ ജീവിത കഥ പറയും. മുണ്ടൂർ നാമ്പുള്ളിപ്പുര കൊളമ്പുള്ളി വീട്ടിൽ കെ. എ. ശിവദാസിന്റയും സുപ്രിയുടേയും മകൻ തൃശൂർ കേരളവർമ കോളജിലെ ചെയർമാന്ഡ സ്ഥാനാർഥി ആയതു വരെയുള്ള യാത്ര വിധി നൽകിയ ഇരുട്ടിനെ തോൽപിച്ചായിരുന്നു. അച്ഛനും അമ്മയും ഇപ്പോൾ എൻജിനീയറിങ് വിദ്യാർഥിയായ സഹോദരൻ സുനന്ദും ശ്രീക്കുട്ടന് എപ്പോഴും ഒപ്പമുണ്ട്. പഠനത്തിലും കലയിലും ഒരുപോലെ തിളങ്ങുന്ന ശ്രീക്കുട്ടൻ എസ്‌എസ്‌എൽസിക്കും പ്ലസ്ടുവിനും സമ്പൂർണ എ പ്ലസ് നേടിയാണ് കോളജിലേക്ക് എത്തിയത്.

കാഴ്ച പരിമിതി ഉള്ളതിനാൽ സ്ക്രൈബ് വഴിയാണു പരീക്ഷ എഴുതിയത്. പക്ഷേ, അകക്കണ്ണിലെ വെളിച്ചത്തിനു തിളക്കമേറെയായിരുന്നു. തനിക്കു വേണ്ടി പരീക്ഷ എഴുതുന്ന വിദ്യാർഥിയോട് ഓരോ ചോദ്യത്തിനുമുള്ള ഉത്തരം കൃത്യമായി ശ്രീക്കുട്ടൻ പറഞ്ഞു നൽകിയിരുന്നതായി അധ്യാപകനായ പ്രമോദ് ചന്ദ്രൻ ഓർക്കുന്നു.

സ്കൂൾ തലം മുതൽ കവിതാലാപനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ സമ്മാനം വാരിക്കൂട്ടി. ഡോ.സജിനിയുടെ കീഴിൽ സംഗീതം പഠിക്കുന്നു. ഇതിനിടെ ടിവി ചാനലിലും പരിപാടി അവതരിപ്പിച്ചു. കഴിഞ്ഞ എ സോൺ, ഇന്റർ സോൺ മത്സരങ്ങളിൽ സമ്മാനം നേടി. കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ നന്നായി കൈകാര്യം ചെയ്യും. ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയായ ശ്രീക്കുട്ടനു ചെറുപ്പം മുതൽ കൃത്യമായ രാഷ്ട്രീയ വീക്ഷണം ഉണ്ട്.

തൃശൂർ കേരളവർമ കോളജിലെ ചെയർമാൻ സ്ഥാനം റീകൗണ്ടിങ്ങിലൂടെ നഷ്ടമായ എസ്. ശ്രീക്കുട്ടൻ തിരഞ്ഞെടുപ്പു ബഹളങ്ങളെല്ലാം കഴിഞ്ഞ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തി. തൃശൂരിൽ പഠിക്കാൻ വിടുമ്പോൾ അച്ഛനും അമ്മയ്ക്കും ഭയം ഉണ്ടായിരുന്നു. ഹോസ്റ്റലിലായിരുന്നു താമസം. അവധി കിട്ടുമ്പോൾ അച്ഛനായിരുന്നു ശ്രീക്കുട്ടനെ നാട്ടിലേക്കു കൊണ്ടുവന്നിരുന്നതും തിരിച്ചുകൊണ്ടുപോയതും. എന്നാൽ, ഇപ്പോൾ തനിയെ ബസിൽ കയറി വരും. തന്നെ സഹായിക്കാൻ സുഹൃത്തുക്കളുടെ ഒരായിരം കൈകളുണ്ടെന്നു ശ്രീക്കുട്ടൻ പറയുന്നു. കാഴ്ചയായി ഒട്ടേറെ സുഹൃത്തുക്കളുള്ളതാണു ശ്രീക്കുട്ടന്റെ കരുത്ത്.