Thursday 12 November 2020 03:31 PM IST

‘ഒരു ഡിസൈനിൽ ഒരേയൊരു ഡ്രസ്സ്’; മറ്റാർക്കുമില്ലാത്ത വസ്ത്രം കൊതിക്കുന്നവർക്കായി ബനാന സ്‌റ്റോറിലെ നാന, വിജയകഥ

Lakshmi Premkumar

Sub Editor

THA03070 ഫോട്ടോ: സരിൻ രാംദാസ്

‘ഒരു ഡിസൈനിൽ ഒരേയൊരു ഡ്രസ്സ്’, കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലും വന്നാലും പരമാവധി മൂന്ന് പീസ് കൂടി ചെയ്തു കൊടുക്കും. അതോടെ ആ ഡിസൈനിന്റെ വാൾഡ്രോബ് ലോക് ചെയ്യും. കോഴിക്കോടെ ബനാന സ്‌റ്റോർ പേര് കൊണ്ടു മാത്രമല്ല പ്രവൃത്തിയിലും ഒരുപടി മുന്നിലാണ്.

ഒളിച്ചിരിക്കുന്ന പേര്

‘‘നാന മുഹമ്മദ് എന്നാണ് ഫുൾ നെയിം. പേര് അതുപോലെ സിഗ്‌നേച്ചർ ആക്കണ്ട എന്ന് വിചാരിച്ചു. ബനാന എന്നാകുമ്പോൾ എല്ലാവർക്കും ഇഷ്ടവുമാണ്. അതിനുള്ളിൽ ഞാന്‍ ഒളിച്ചിരിക്കുന്നുമുണ്ട്. ഇപ്പോൾ ഈ പേരു കൊണ്ടു തന്നെ മിക്കവരും ശ്രദ്ധിക്കുന്നുമുണ്ട്.

ബൈ പ്രഫഷൻ ഞാനൊരു സൈക്യാട്രി കൗൺസലറാണ്. വിവാഹശേഷം ദുബായിൽ താമസമായി. എന്റേത് വലിയ കുടുംബണ്. എല്ലാ ആറുമാസം കൂടുമ്പോഴും ഒരു വിവാഹം കുടുംബത്തിലുണ്ടാകും. ദുബായിലാണെങ്കിൽ നമുക്ക് മനസിന് ചേരുന്ന ഡ്രസ്സുകൾ ലഭിക്കുന്നുമില്ല. അങ്ങനെയാണ് സ്വന്തം ഡിസൈൻ എന്ന ഐഡിയയിലേക്ക് എത്തിയത്.

പണ്ടു തൊട്ടേ മമ്മ ഫാഷൻ രംഗത്ത് സജീവമാണ്. നിരവധി എക്സിബിഷൻ നടത്താറുണ്ട്. അതെന്നെ നല്ല പോലെ സ്വാധീനിച്ചിട്ടുണ്ട്. ആ ധൈര്യത്തിലാണ് ഞാൻ ഡിസൈൻ ചെയ്തു തുടങ്ങിയത്. ചെയ്ത ഡ്രസ്സുകളെല്ലാം മിക്ക വിവാഹങ്ങളിലും ഹിറ്റായി. കസിൻസ് ചെയ്തു കൊടുക്കാമോ എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെ ഫ്രണ്ട്സിന്റേയും സഹോദരങ്ങളുടേയും ആവശ്യം കൂടി വന്നപ്പോൾ ഞാൻ 2013 ൽ ഓൺലൈൻ ഷോപ്പ് തുടങ്ങി. മൂന്ന് വർഷത്തിന് ശേഷം 2016 മെയിൽ എന്റെ നാടായ കോഴിക്കോട്  ബനാനാ സ്‌റ്റോർ തുടങ്ങി. അബ്ദുൾ ഖാദർ എന്നൊരു പാർട്നർ കൂടിയുണ്ട് എനിക്കൊപ്പം. കോഴിക്കോട് രണ്ടു തരം കസ്റ്റമേഴ്സുണ്ട്. നിറങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നവരും, മിനിമൽ നിറങ്ങളിൽ ഏറ്റവും പുതിയത് അന്വേഷിച്ച് എത്തുന്നവരും.

വാങ്ങുന്നവരുടെ മനസ്സറിഞ്ഞ്

ഞങ്ങളും കൂടുതൽ ശ്രദ്ധിക്കുന്നത് മിനിമൽ ഫാഷൻ ട്രെൻഡ് കൊണ്ടു വരാനാണ്. കൂടുതലും ഇൻഡോ വെസ്റ്റേൺ സ്റ്റൈലാണ്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ഡ്രസ്സുകളും എക്സ്ക്ലൂസിവായി ചെയ്യുന്നുണ്ട്.  ബുട്ടീക്കിനൊപ്പം തന്നെയാണ് ടെയിലറിങ് യൂണിറ്റ്. മെറ്റീരിയൽ  നേരിട്ട് പോയിട്ടാണ് തിരഞ്ഞെടുക്കുന്നത്. സീറോ വേസ്റ്റാണ് ഞങ്ങൾ  മുന്നോട്ട് വെക്കുന്ന മറ്റൊരു ആശയം. ഒരു ഉടുപ്പ് തയ്ച ശേഷം  ബാക്കി വരുന്ന തുണി ക്രോപ് ടോപ്പായും, ബാഗായും, ഇപ്പോൾ മാസ്കായും ഡിസൈൻ ചെയ്യും.

എനിക്ക് രണ്ട് ആൺ മക്കളാണ്. കുടുംബം തരുന്ന സപ്പോർട്ടാണ് എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ. രാവിലെ ഇറങ്ങിയാൽ ചിലപ്പോൾ രാത്രിയാകും തിരികെയെത്താൻ. മക്കൾക്ക് അതൊരു പ്രശ്നമേയല്ല. അവർ ആകെയൊരു കണ്ടീഷൻ മാത്രമേ വച്ചിട്ടുള്ളൂ. ഞായറാഴ്ച അമ്മ അവരുടെ ഒപ്പം തന്നെ വേണം.’’