Monday 19 September 2022 12:09 PM IST : By സ്വന്തം ലേഖകൻ

ചിത്രരചനയിൽ വിസ്മയക്കാഴ്ചയൊരുക്കി ഇരട്ടകളായ വേദജയും മേദജയും; ചിത്രപ്രദർശനം കാണാനെത്തി രാജ്യാന്തര സഞ്ചാരികൾ

palakkad-koottanad-painting-exhibition.jpg.image.845.440

ചിത്രരചനയിൽ വിസ്മയക്കാഴ്ചയൊരുക്കി ഇരട്ടസഹോദരിമാരായ വേദജയും മേദജയും നടത്തിയ ചിത്രപ്രദർശനം ശ്രദ്ധേയമായി. തൃശൂർ ലളിതകലാ അക്കാദമിയിൽ നടത്തിയ പ്രദർശനം കാണുന്നതിനു  രാജ്യാന്തര സഞ്ചാരികൾ അടക്കം നൂറുകണക്കിന് ആളുകൾ എത്തി.   13 മുതൽ 16 വരെ നടന്ന ചിത്ര പ്രദർശനമാണ് ചിത്രകല ആസ്വാദകരുടെ മനം കവർന്നത്. നാഗലശ്ശേരി പെരുമ്പള്ളി മനയിൽ ഭാഗവതാചാര്യൻ ഗണേശൻ നമ്പൂതിരിയുടെയും സ്മിതയുടെയും ഇരട്ടക്കുട്ടികൾ ആണ് ഇവർ. 

ചെറുപ്പം മുതൽ തന്നെ ചിത്രം വരയിൽ താൽപര്യം കാണിക്കുന്നത് കണ്ടാണ് അച്ഛനും അമ്മയും കുട്ടികളുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഈയിടെ അന്തരിച്ച ആർട്ടിസ്റ്റ് ഗണപതിയാണ് ആദ്യ ഗുരു. പിന്നീട് പലരുടെയും കീഴിൽ ചിത്രകല അഭ്യസിച്ചു. ഇതിനുമുൻപ് തൃശൂർ ലളിതകല അക്കാദമിയിലും കോഴിക്കോട് ലളിതകലാ അക്കാദമിയിലും അടക്കം ഒട്ടേറെ സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. 

കോവിഡ് അവധിക്കാലം ചിത്രകലയിൽ കൂടുതൽ സജീവമായി. സ്കൂളിൽ നിന്നു ചിത്രകലാ രംഗത്ത് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി പരിപാടിയിൽ പങ്കെടുക്കുന്നതിനും ഈ ഇരട്ടകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. വട്ടേനാട് ജിവിഎച്ച്എസ്എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.