Wednesday 17 March 2021 12:32 PM IST

ചുരുളുകളായി ആകാശത്തേക്കുയരുന്ന ഇഷ്ടിക ഭിത്തി വെറും ഭംഗിക്കുള്ളതല്ല, അതിശയങ്ങൾ നിറച്ച് അകത്തളവും

Sunitha Nair

Sr. Subeditor, Vanitha veedu

haripad 1

പുഴയൊരു കോട്ടയെ ഓർമിപ്പിക്കുന്ന എക്സ്റ്റീരിയറാണ് നങ്ങ്യാർകുളങ്ങരയിലെ ഗീവർഗീസ് തോമസിന്റെ വീടിന്. പൂന്തോട്ടത്തിൽ ആരംഭിച്ച്, ചാരനിറമുള്ള ഷിംഗിൾസ് വിരിച്ച മേൽക്കൂരയ്ക്കിടയിലൂടെ ടെറസ്സിൽ പോയിമറയുന്ന ഇഷ്ടിക ഭിത്തി! എക്സ്റ്റീരിയറിന് ഇങ്ങനെ ഒരു ഡിസൈൻ നൽകിയതിന് ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ആർക്കിടെക്ട് ഷാജി വേമ്പനാടൻ പറയുന്നു.

haripad 3

പൂർണമായി വാസ്തുവനുസരിച്ചാണ് ഡിസൈൻ. അതുകൊണ്ടുതന്നെ പ്ലോട്ടിന്റെ പ്രത്യേകതകൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്ലോട്ടിലെ തെക്കോട്ട് അഭിമുഖമായ കാവാണ് ഡിസൈനിനെ സ്വാധീനിച്ച ഒരു ഘടകം. ആകാശത്തേക്ക് ഉയരുന്ന ചുരുളുകൾ പോലെയാണ് ( Skyward Winding Wall) ഈ ഇഷ്ടിക ഭിത്തിയുടെ രൂപകൽപന. പല ഡിസൈനുകളും വരച്ചുനോക്കിയ ശേഷമാണ് ഇതിലേക്ക് എത്തിച്ചേർന്നതെന്ന് ഷാജി പറയുന്നു.റോഡിൽനിന്ന് നോക്കുമ്പോൾ ഭിത്തിയുടെ വലതുവശത്തു കാണുന്ന ഭാഗങ്ങൾ പൊതുവായി ഉപയോഗിക്കുന്നതും (public space) ഇടതുവശത്തെ ഭാഗങ്ങൾ കുടുംബാംഗങ്ങൾ മാത്രം ഉപയോഗിക്കുന്നതു (private space) മായ രീതിയിൽ വിഭജിച്ചു. ഗാർഡന്റെ വലതുഭാഗം പുറത്തുനിന്നു വരുന്നവർക്ക് സിറ്റ്ഔട്ടിലേക്കു കയറാനും ഇടതുവശം വീട്ടുകാർക്ക് പൂന്തോട്ടം ആസ്വദിക്കാനുമാണ്. സിറ്റ്ഔട്ടിനും കാർപോർച്ചിനും ഇടയിലെ സ്ഥലത്ത് കോൺക്രീറ്റ് ഉരുളിയിൽ മീൻകുളം ക്രമീകരിച്ചു. കമാനാകൃതിയിലുള്ള തൂണുകളാണ് പോർച്ചിനും മീൻകുളത്തിനും ഇടയിൽ. മുറ്റത്തുനിന്നു തുടങ്ങുന്ന ഇഷ്ടിക ഭിത്തി സിറ്റ്ഔട്ടിനെ പകുത്തുകൊണ്ടാണ് മുകളിലേക്കു പോകുന്നത്.

haripad 2

3250 ചതുരശ്രയടിയാണ് വീട്. രണ്ട് നിലകളിലായി ബാത്റൂം അറ്റാച്ച്ഡ് ആയ നാല് കിടപ്പുമുറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രകൃതിയോടിണങ്ങിയതും റസ്റ്റിക് ഫിനിഷ് ഉള്ളതുമായ സാധനങ്ങളാണ് വീടിനു പുറത്തെന്നതുപോലെ ഇന്റീരിയറിലും ഉപയോഗിച്ചിരിക്കുന്നത്. പ്രധാനവാതിൽ കടന്നാൽ അകത്തും ഒരു ഭിത്തി തേക്കാതെ, ടെറാക്കോട്ട നിറം നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഈ ഭിത്തിയുടെ തുടർച്ചയെന്നോണമാണ് ഗോവണിയുടെ റെയ‌്ലിങ് നിർമിച്ചത്.പ്രൈവറ്റ്/പബ്ലിക് സ്പേസുകൾ ഇഷ്ടിക ഭിത്തിയുടെ ഇരുവശങ്ങളിലും എന്ന ആശയം വീടിന് അകത്തും പിൻതുടർന്നിട്ടുണ്ട്. പുറത്തുള്ളതുപോലെതന്നെ ഭിത്തിയുടെ വലതുവശത്ത് സ്വീകരണമുറി, കോർട്‌യാർഡ് തുടങ്ങിയ പബ്ലിക് സ്പേസും ഇടതുവശത്ത് കുടുംബാംഗങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫാമിലി സ്പേസുമാണ്. പ്രധാനവാതിൽ തുറന്ന് സ്വീകരണമുറിയിലേക്കു കയറുന്ന ആരുടെയും ശ്രദ്ധ കവരുക കോർട്‌യാർഡ് ആണ്. പ്രകാശം വഴിഞ്ഞൊഴുകുന്ന, വൃത്താകൃതിയുള്ള സൺലിറ്റ് കോർട്‌യാർഡ് അകത്തളത്തിന്റെ ഊർജസ്രോതസ്സാണ്. ഈ കോർട്‌യാർഡിന്റെ മൂന്ന് വശങ്ങളിലാണ് സ്വീകരണമുറി, ഊണുമുറി, കിടപ്പുമുറി എന്നിവ ക്രമീകരിച്ചിരിക്കുന്നത്. വാസ്തുവിലെ ഒരു കോൺ ആണ് ആ കോർട്‌യാർഡ് എന്നു പ്ലാൻ ശ്രദ്ധിച്ചാൽ അറിയാം. തെക്കുകിഴക്ക് കോണിൽനിന്ന് തുടങ്ങി ബ്രഹ്മസ്ഥാനം മറികടന്ന് അടുക്കളയുടെ ഭാഗത്തേക്കു പോകുന്ന വളവിന്റെ ഉള്ളിലെ ഭാഗമായാണ് കോർട്‌യാർഡ് ആക്കിയത്.

haripad 4

അതേരീതിയിൽതന്നെ ഒരു വെറ്റ് വൈൻഡിങ് വോൾ ആയി ടെറസിൽ സൺഷേഡും കൊടുത്തിട്ടുണ്ട്. വാസ്തുവിന്റെ അടിസ്ഥാന തത്വങ്ങളാണ് ഈ കോർട്‌യാർഡിന്റെ ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയനുസരിച്ച് വടക്കുനിന്നാണ് വേനൽക്കാലത്ത് ഏറ്റവും ശക്തിയായി വെയിൽ അടിക്കുന്നത്. അതിനെ പ്രതിരോധിക്കുന്ന രീതിയിലാണ് കോർട്‌യാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മെറ്റൽ പൈപ്പ് കൊണ്ട് ഗ്രിൽ ഇട്ട് മുകളിൽ ഗ്ലാസിട്ട സൺലിറ്റ് അകത്തളം പ്രകാശം മാത്രമേ കൊണ്ടുവരുന്നുള്ളൂ.ചൂടും കനത്ത വെയിലും പടിക്കുപുറത്താണ്. കോർട്‌യാർഡിന്റെ തൂണുകളെ തമ്മിൽ ബന്ധിച്ച ഷേഡും താഴ്ന്നാണ് കിടക്കുന്നത്. കോർട്‌യാർഡിന്റെ മുകളിലെ ഭിത്തിക്കും ഗ്ലാസിനുമിടയിൽ വിടവ് ഇട്ട് ചൂടുവായുവിനു പുറത്തുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മുറികളിൽ ക്രോസ് വെന്റിലേഷൻ കൊടുത്തും ചൂട് കുറയ്ക്കാൻ ശ്രമിച്ചു. പല ഭിത്തികളിലും വേലിക്കല്ല് ഉപയോഗിച്ച് എയർഹോളുകൾ നിർമിച്ചിട്ടുണ്ട്. കേരളത്തിലെ പഴയ തറവാടുകളിലെ തടികൊണ്ടുള്ള ഓപൻ ഏരിയകളായിരുന്നു ഇത് ഡിസൈൻ ചെയ്യുമ്പോൾ ആർക്കിടെക്ടിന്റെ മനസ്സിൽ.

haripad 5

വിദേശത്തുനിന്നെത്തിച്ച പ്ലാസ്റ്റിക് ഇലകളുള്ള ചെടിയാണ് തൽക്കാലം കോർട്‌യാർഡിനെ അലങ്കരിക്കുന്നതെങ്കിലും അനുയോജ്യമായൊരു ചെടി ലഭിച്ചാൽ അതിനായിരിക്കും മുൻഗണനയെന്ന് വീട്ടുകാരി ജെസ്സി പറയുന്നു. ലൈറ്റ് കോർട്‌യാർഡുകൾ വേറെയുമുണ്ട് ഈ വീട്ടിൽ. പ്രധാന വാതിൽ കടന്ന് സ്വീകരണമുറിയുടെ ഇടതുവശത്താണ് പ്രാർഥനായിടം. സിമന്റ് കൊണ്ടുള്ള യേശുവിന്റെ റിലീഫിലേക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇവിടെയുമുണ്ട് ഒരു സൺലിറ്റ് കോർട്‌യാർഡ്. ഡൈനിങ്ങിനോടു ചേർന്നുള്ള കോർടിനു മുകളിലും പ്രകാശത്തിനു പാഞ്ഞെത്താൻ വഴികളുണ്ട്.‘സ്കൈവേർഡ്’ എന്ന ആശയത്തോടു ചേർന്നു നിൽക്കുന്ന രീതിയിൽ പ്രത്യേകം നിർമിച്ച ഫർണിച്ചർ ആണ് എല്ലായിടത്തും. സ്വീകരണമുറിയിലെ അർധവൃത്താകൃതിയിലുള്ള സോഫ, അകത്തളത്തിന്റെ മറ്റു ഘടകങ്ങളുമായി യോജിച്ചുനിൽക്കുന്നു. നിലത്തു വിരിച്ച ചാരനിറമുള്ള ഗ്രാനൈറ്റിനോടു കോൺട്രാസ്റ്റ് ആണ് ഈ സോഫ. തടികൊണ്ടുള്ള ഡൈനിങ് ചെയറിന്റെ ബാക്ക്റെസ്റ്റും അർധവൃത്താകൃതിയിൽ ആണ്.

haripad 6

ചെറിയ അടുക്കള ഒരേ സമയം സൗകര്യപ്രദവും സുന്ദരവുമാണ്. രണ്ട് കിടപ്പുമുറികൾ താഴെയും രണ്ടെണ്ണം മുകളിലും ക്രമീകരിച്ചിരിക്കുന്നു. മുകളിൽ കിടപ്പുമുറികൾ കൂടാതെ ലോഞ്ചും യൂട്ടിലിറ്റി റൂമുമുണ്ട്. വൃത്താകൃതിയിലുള്ള നിഷുകളുടെ തുടർച്ച കാണാം ഓരോ ഭിത്തിയിലും. ചതുരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കന്റെംപ്രറി വീടുകൾക്കിടയിൽ വൃത്തത്തിനും വളവുകൾക്കും മുൻതൂക്കം നൽകുന്ന ഈ വീട് വേറിട്ടുതന്നെ നിൽക്കും.

haripad 7ഷാജി വേമ്പനാടൻ വർഗീസ്, സുമി ഷാജി

എസ് സ്ക്വയേർഡ് ആർക്കിടെക്ട്സ്, തിരുവനന്തപുരം

shaji@ssquaredesigns.com

Tags:
  • Vanitha Veedu