Saturday 27 May 2023 12:51 PM IST

ഒന്നല്ല, രണ്ടല്ല ഇത് ബിഗ്ബോസ് താരത്തിന്റെ മൂന്നാം വീട്; സിനിമ മാത്രമല്ല വീടുപ്രേമവും റോൺസണ് പാരമ്പര്യം

Sreedevi

Sr. Subeditor, Vanitha veedu

ron1

വെറും പാരമ്പര്യം അല്ല, അച്ഛനപ്പൂപ്പൻമാരിൽ നിന്ന് ഓരോ അണുവിലേക്കും പകർന്നുകിട്ടിയ സമ്മാനം. അതാണ് റോൺസൻ വിൻസെന്റിന് കലയോടും വീടുകളോടുമുള്ള ഇഷ്ടം. റോൺസന്റെയും ഭാര്യ ഡോ. നീരജയുടെയും വീടിനോടുള്ള ഭ്രമം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതമാണ്. നിറങ്ങളോടും അകത്തളക്രമീകരണത്തോടും വളരെ വ്യത്യസ്തമായ സമീപനമാണ് റോൺസൻ-നീരജ ദമ്പതിമാരുടേത്.

മലയാള സിനിമാ ചരിത്രത്തിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ, ഭാർഗവീനിലയം പോലുള്ള ക്ലാസിക്കുകളുടെ സംവിധായകനായ എ. വിൻസെന്റ് മാസ്റ്ററുടെ അനുജൻ റോണി വിൻസെന്റിന്റെ മകന് കലയോടും വാസ്തുവിദ്യയോടും താൽപര്യമുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ‘‘ കോഴിക്കോടാണ് ഞങ്ങളുടെ തറവാട്. ഒരു ആർക്കിടെക്ചറൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ഹോബിയായിരുന്നു വീടു നിർമാണം. ഒരു സ്ഥലം വാങ്ങി ഇഷ്ടമുള്ള രീതിയിൽ വീട് വയ്ക്കും. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അതു വിറ്റ്, പുതിയൊരു സ്ഥലം വാങ്ങി മറ്റൊരു വീടുവച്ച് അങ്ങോട്ടു മാറും. ഇങ്ങനെ ഏഴ് വീടുകളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. പ്രായമായപ്പോഴാണ് അച്ഛൻ ഒരിടത്ത് സ്ഥിരതാമസമായത്.

ron3

വീടുകളോടുള്ള അച്ഛന്റെ അഭിനിവേശമാണ് എനിക്കു കിട്ടിയത്. ഒരു വ്യത്യാസം മാത്രം. ഞാൻ വീടുകൾ പണിതിടും; വിൽക്കാറില്ല. ഇതുവരെ രണ്ട് വീടുകൾ പൂർത്തിയാക്കി. മൂന്നാമത്തേതിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു,’’ റോൺസൻ സ്വന്തം വീടനുഭവങ്ങളിലേക്ക് കടന്നു. വീട് വയ്ക്കലിൽ അച്ഛനെ തോൽപ്പിക്കുമോ എന്നു ചോദിച്ചാൽ, ഇക്കാര്യത്തിൽ ‘കോംപറ്റീഷൻ’ ഇല്ല എന്ന് റോൺസൻ പറയും. റോൺസൻ പണിയുന്ന വീടുകളുടെയെല്ലാം പ്ലാൻ വരയ്ക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അച്ഛൻ തന്നെയാണ്.

‘‘ ആദ്യം മോഡൽ, പിന്നീട് ഫാഷൻ ഡിസൈനർ തുടർന്ന് ഇന്റീരിയർ ഡിസൈനർ... ഡിസൈനിങ് എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യകാലത്ത് പലർക്കും ഇന്റീരിയർ ചെയ്തുകൊടുത്ത അനുഭവസമ്പത്തുമുണ്ട്.

ron4

കോവിഡ് ലോക്ഡൗൺ വന്നപ്പോൾ ആണ് വീട് പണിയുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ആ രണ്ടര വർഷം കൊണ്ട് രണ്ട് വീടുകൾ നിർമിച്ചു.

ഷൂട്ടിങ് സെറ്റുകൾ മിക്കതും വെള്ള നിറത്തിലായിരിക്കും. അത്തരം സെറ്റുകളിൽ നിന്ന് കിട്ടുന്ന ഊർജം, അതൊന്ന് വേറെത്തന്നെയാണ്. അതാണ് അടിമുടി വെള്ള നിറമുള്ള വീടിന്റെ പ്രചോദനം. ചോറ്റാനിക്കരയിലാണ് ഈ വീട് പണിതത്. തറ മുതൽ ഫർണിച്ചർ വരെ ഓരോ ഘടകവും വെള്ള നിറത്തിലുള്ളത് സംഘടിപ്പിക്കാൻ നന്നായി വിയർക്കേണ്ടിവന്നു. കൊച്ചിയിൽ വീടിനു വേണ്ട എല്ലാം കിട്ടുമെന്ന് അറിയുമായിരുന്നെങ്കിലും എവിടെപ്പോയി തപ്പണം എന്ന ധാരണയില്ലായിരുന്നു. ഒടുവിൽ വീടുപണി കഴിഞ്ഞപ്പോഴേക്കും ഞാൻ കൊച്ചിയെ നന്നായി പഠിച്ചു.

ron2

രണ്ട് കിടപ്പുമുറികളോടു കൂടിയ, 1200 ചതുരശ്രയടിയുള്ള വീടാണിത്. നിർമാണച്ചെലവും കുറവാണ്. രണ്ട് പേർക്ക് താമസിക്കാൻ ചെറിയ വീട് മതി. ഫർണിച്ചറിനോ ജനൽ- വാതിലുകൾക്കോ തടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു. തടി നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല എന്നു തോന്നിയിട്ടുണ്ട്. റെഡിമെയ്ഡ് മെറ്റൽ ജനലുകളും വാതിലുകളും എളുപ്പത്തിൽ സ്ഥാപിക്കുകയും ചെയ്യാം. ഫർണിച്ചർ എല്ലാം ഡിസൈൻ കൊടുത്തു ചെയ്യിച്ചതാണ്.

കോവി‍ഡ് തീരും മുൻപ് തന്നെ രണ്ടാമത്തെ വീടിന്റെ പണിയും തുടങ്ങി. ആദ്യത്തേത് വെള്ള നിറമുള്ള വീടല്ലേ? അടുത്തത് കുറച്ച് കളർഫുൾ ആക്കാം എന്നു തീരുമാനിച്ചു. നീലയും പച്ചയുമാണ് കിഴക്കമ്പലത്ത് നിർമിച്ച, രണ്ടാമത്തെ വീടിന്റെ കളർ തീം. ഏകദേശം 1000 ചതുരശ്രയടിയുള്ള ഈ വീട്ടിൽ ഒറ്റ കിടപ്പുമുറി മാത്രമേയുള്ളൂ. ഇവിടെയും ഇന്റീരിയർ മുഴുവൻ ചെയ്തത് ഞങ്ങൾ തന്നെയാണ്.

നീരജയ്ക്ക് ആർട്‌വർക്ക് ചെയ്യാൻ വളരെ ഇഷ്ടമാണ്. ബ്ലൂ-ഗ്രീൻ വീട്ടിലെ പോട്ടറി പെയിന്റിങ് മുഴുവൻ നീരജ ചെയ്തതാണ്.

സിഎൻസി കട്ടിങ് ചെയ്ത് നിറം നൽകിയതാണ് അകത്തളത്തിലെ അലങ്കാരങ്ങൾ മിക്കതും. നീലയോ പച്ചയോ നിറത്തിൽ കിട്ടാത്ത ചിലതൊക്കെയുണ്ട്, ഉദാഹരണം എസി. പക്ഷേ, ഒന്ന് ഉറപ്പിച്ചാൽ അതിൽപ്പിന്നെ മാറ്റങ്ങൾ ഇല്ല. പെയിന്റ് ചെയ്ത് എസിയെപ്പോലും കളർ തീമിനുള്ളിലാക്കി.

കൂടെ നിന്ന് പണിയിച്ചില്ലെങ്കിൽ പണിക്കാർ തന്നിഷ്ടം കാണിക്കും എന്ന യാഥാർഥ്യവും ഞങ്ങൾ ഇക്കാലയളവിൽ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്, ഞങ്ങളുടെ മനസ്സിൽ വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ് ഉള്ളതുകൊണ്ട്. ടിവി റിയാലിറ്റി ഷോയിൽ പോയപ്പോൾ വീടുപണി പൂർണമായി നിർത്തിവച്ചാണ് പോയത്.

ron5

ഈ രണ്ട് വീടുകളുടെയും പെയിന്റിങ് പോലും ഞങ്ങൾ തനിയെയാണ് ചെയ്തത്. ലോക്ഡൗണിൽ വീട്ടിൽ ബോറടിച്ച് ഇരിക്കുമ്പോൾ അതൊരു വിനോദം കൂടിയായിരുന്നു.

വെള്ള വീട് മെയിന്റനൻസ് എളുപ്പമാണോ എന്ന സംശയം പലരും ചോദിക്കാറുണ്ട്. ഒരു വെള്ള നിറമുള്ള കാർ ആണോ കറുത്ത നിറമുള്ള കാർ ആണോ മെയിന്റയിൻ ചെയ്യാൻ എളുപ്പം എന്ന് ഞാൻ തിരിച്ചു ചോദിക്കും. വെള്ള നിറത്തിനു മേൽ പൊടി വന്നാൽ എളുപ്പത്തിൽ തിരിച്ചറിയില്ല. എന്നാൽ കറുപ്പിലോ ഇരുണ്ട നിറങ്ങളിലോ അങ്ങനെയല്ല. വെള്ളയിൽ പൊടിയല്ല, അഴുക്കു പറ്റിയാലേ വൃത്തികേടായി തോന്നൂ. അങ്ങനെ വൃത്തികേടാക്കാൻ ഞങ്ങളുടെ വീട്ടിൽ ആരുമില്ലതാനും. അതുകൊണ്ട് നിർമിച്ച രണ്ട് വീടുകളിലും ഞങ്ങൾ ഹാപ്പിയാണ്.

വീട്ടുകാരെല്ലാം ഒത്തു കൂടുമ്പോൾ ആവശ്യത്തിന് സൗകര്യങ്ങൾ ഉള്ള മൂന്നാമത്തെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വീടുകൾ, കളർ തീം പിൻതുടർന്ന് നിർമിച്ചതിനാൽ മൂന്നാമത്തെ വീട് അല്പം വ്യത്യസ്തമാക്കാൻ തീരുമാനിച്ചു. ചെസ് ബോർഡ് പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് വീടിന്റെ പുറം കാഴ്ച. ഒട്ടേറെ പുതുമകളുമായാണ് ഈ വീട് പ്ലാൻ ചെയ്തിരിക്കുന്നത്. വീട്ടുകാർക്ക് മാത്രമല്ല വിരുന്നുകാർക്കും കൂടിയുള്ള വീടായിരിക്കും അത്. ’’

റോൺസന്റെ വീട്ടനുഭവങ്ങൾ ഇവിടെ തീരുന്നില്ല, വ്യത്യസ്തമായ മറ്റൊരു വീടുമായി എത്തും വരെ ‘എ ഷോർട് ബ്രേക്ക്’!