കോഴിക്കോട് ജില്ലയിലെ പുലിക്കയം എന്ന സ്ഥലത്താണ് ജോസ്മോന്റെ പുതിയ വീട്. ഒറ്റനോട്ടത്തിൽ ലക്ഷ്വറി വീട്. എന്നാൽ 2750 ചതുരശ്രയടിയേയുള്ളൂ ഈ വീടിന്. രണ്ട് ഭാഗമായാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്നതാണ് വീടിന് വലുപ്പം തോന്നാൽ പ്രധാന കാരണം.
2400 ചതുരശ്രയടിയുള്ള ഒറ്റനില വീടിൽ നിന്നു വേറിട്ടാണ് 350 ചതുരശ്രയടിയുള്ള പോർച്ചും ഔട്ട്ഹൗസും.
പ്ലോട്ടിന്റെ പ്രത്യേകതകളും മുറികളുടെ ക്രമീകരണത്തിലെ സൂക്ഷ്മതയും വീടിന്റെ ഈ വമ്പൻ കാഴ്ചയ്ക്കു മറ്റൊരു കാരണമാണ്. റോഡ് നിരപ്പിലായിരുന്നില്ല പ്ലോട്ടിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ പൊക്കിയെടുത്ത് കല്ല് കെട്ടി വേണമായിരുന്നു പ്ലോട്ട് ഒരുക്കാൻ.
റോഡിൽ നിന്ന് 20 മീറ്ററെങ്കിലും പിറകിലേക്ക് ഇറക്കിവേണം വീട് വയ്ക്കാൻ എന്നത് വീട്ടുകാരുടെ ആഗ്രഹവുമായിരുന്നു. മാത്രമല്ല, പ്രധാനമുറികളെല്ലാം വീടിനു മുൻവശത്തുതന്നെ വരണമെന്നും വീട്ടുകാർക്കുണ്ടായിരുന്നു. കോമൺ ഏരിയകളെല്ലാം വീടിന്റെ മുൻവശത്തും നാല് കിടപ്പുമുറികൾ വീടിന്റെ പിൻഭാഗത്തും വരുന്ന വിധത്തിലാണ് ഡിസൈൻ.
ട്രഡീഷലൽ ശൈലിയും കന്റെംപ്രറി ശൈലിയും കൂടിച്ചേർന്ന ഫ്യൂഷൻ ആണ് വീട്ടുകാർ ആഗ്രഹിച്ചതെന്ന് ഡിസൈനറായ താരാരാജ് ബാബു പറയുന്നു. ബോക്സ് ആകൃതിയുള്ള മേൽക്കൂരയും ചരിഞ്ഞ മേൽക്കൂരയും ഈ വീട്ടിൽ കാണാം. അൽപം ചൂടുള്ള പ്രദേശമായതിനാൽ ചൂടുകുറയ്ക്കാൻ മേൽക്കൂര വാർത്ത് ട്രെസ് ചെയ്യുകയായിരുന്നു.
ട്രസ് ചെയ്യാത്ത എല്ലാ ഭാഗത്തും ഡബിൾ ഹൈറ്റിൽ ഭിത്തികൾ നിർമിച്ചിട്ടുമുണ്ട്. അകത്തളത്തിലെ ചൂടായ വായുവിനെ പുറത്തുകളയാൻ വിടവുകളും ക്രോസ് വെന്റിലേഷനും നന്നായി ക്രമീകരിച്ചിട്ടുണ്ട് ഈ വീട്ടിൽ.
ഡിസൈനർ: താരാരാജ് ബാബു, കാസിൽബ്രെയിൻസ്, കോഴിക്കോട്