Saturday 02 January 2021 05:27 PM IST

ഈ വീടിന്റെ ഇന്റീരിയറിന് നിറം നൽകുന്നത് പെയിന്റല്ല! കാണാം ലാക്വേ‍ഡ് ഗ്ലാസിന്റെ സൗന്ദര്യം

Sunitha Nair

Sr. Subeditor, Vanitha veedu

maneesha new cover

തൃശൂർ വലപ്പാടുള്ള ഈ 3000 ചതുരശ്രയടി വീടിന്റെ എക്സ്റ്റീരിയർ ക്ലാസിക് തീമിലാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ വീടിനുള്ളിലേക്ക് കയറുമ്പോൾ ട്രെഡീഷനൽ, കന്റെംപ്രറി ശൈലിയിലുള്ള ഇന്റീരിയറാണ് സ്വാഗതം ചെയ്യുക. മിനിമലിസ്റ്റിക്, മാറ്റ് ഫിനിഷ് ഇന്റീരിയർ വേണമെന്നതായിരുന്നു വീട്ടുകാരൻ ദിനേശ് മൂത്താൻപറമ്പിലിന്റെ ആവശ്യം.

maneesha1

വൈറ്റ്, വുഡൻ കോംബിനേഷനിലുള്ള വീടിന് പലയിടങ്ങളിലും നിറം നൽകാൻ ഉപയോഗിച്ചത് ലാക്വേഡ് ഗ്ലാസാണ്. ടിവി യൂണിറ്റ്, കിടപ്പുമുറികൾ എന്നിവിടങ്ങളിലെല്ലാം നിറങ്ങളുടെ സാന്നിധ്യമുണ്ട്. താഴെ രണ്ട്, മുകളിൽ രണ്ട് എന്നിങ്ങനെ നാല് കിടപ്പുമുറികളാണ്. കിടപ്പുമുറികളുടെ ഓരോ ചുമരിൽ മഞ്ഞ, പർപ്പിൾ തുടങ്ങി ഓരോ നിറം നൽകി വ്യത്യസ്തമാക്കി. നിറങ്ങൾ അധികമാക്കിയിട്ടില്ല ഒരിടത്തും. പൊതുവെയുള്ള മിനിമലിസ്റ്റിക് നയം നിറങ്ങളുടെ കാര്യത്തിലും പിന്തുടർന്നു.

maneesha4

വീടിന് അഴകേകുന്നത് രണ്ട് കോർട്‌യാർഡുകളാണ്. സ്റ്റെയർകെയ്സിനു താഴെ അറബിക് സീറ്റിങ് (താഴ്ന്ന സീറ്റിങ്) രീതിയിൽ ഒരുക്കിയ കോർട്‌യാർഡും വീടിനു പുറത്തുള്ളതും. അടുക്കളയ്ക്കും കിടപ്പുമുറികൾക്കും ഇടയിലായി വരുന്ന ഈ എക്സ്റ്റീരിയർ കോർട്‌യാർഡിന്റെ കാഴ്ച വീടിനുള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ണിലേക്ക് ഓടിയെത്തുന്ന രീതിയിലാണ് ആർക്കിടെക്ടുമാരായ അനൂപ് ചന്ദ്രനും മനീഷയും ഡിസൈൻ ചെയ്തിരിക്കുന്നത്. ആന്റിക് ഭംഗി വിളിച്ചോതുന്ന ചെറിയ ബെഞ്ച്, കോഫീ ടേബിൾ എന്നിവയാണ് എക്സ്റ്റീരിയർ കോർട്‌യാർഡിന് ചന്തമേകുന്നത്.

maneesha5

ഇന്റീരിയർ വർക്കുകളെല്ലാം ചെയ്തിരിക്കുന്നത് പ്ലൈ വിത് വെനീറിലാണ്. ജനലുകൾക്കും വാതിലുകൾക്കും തടി ഉപയോഗിച്ചു. വു‍ഡൻ ഫിനിഷിനോടുള്ള ദിനേശിന്റെ ഇഷ്ടം ഇന്റീരിയറിൽ പ്രകടമാണ്. സ്റ്റെയർകെയ്സ് ആണ് വീടിന്റെ ഹൈലൈറ്റ്. സ്റ്റെയറിനോടു ചേർന്ന ചുമര് ക്ലാഡ് ചെയ്തിരിക്കുന്നത് കോർക്ക് കൊണ്ടാണ്. ഗ്ലാസിനോടുള്ള ദിനേശിന്റെ താൽപര്യക്കുറവ് മനസ്സിലാക്കി, ജിെഎ സ്ക്വയർ ട്യൂബും എസ്എസ് റോഡും ഉപയോഗിച്ചാണ് ആർക്കിടെക്ടുമാർ സ്റ്റെയറിന്റെ റെയ്‌ലിങ് തയാറാക്കിയത്.

maneesha 2

ഡബിൾഹൈറ്റിലുള്ള ലിവിങ് റൂമിൽ ഡയമണ്ട് ആകൃതിയിലുള്ള സ്കൈലൈറ്റ് നൽകിയിട്ടുണ്ട്. മാറ്റ് ഫിനിഷിലുള്ള ഇംപോർട്ടഡ് വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും. ഫർണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്തു. വാതിലുകൾക്ക് സുരക്ഷയ്ക്കായി റോളിങ് ഷട്ടർ നൽകിയിട്ടുണ്ട്. ഷട്ടറിലേക്കുള്ള കാഴ്ച മറയ്ക്കാനായി ചിലയിടങ്ങളിൽ പാനലിങ് ചെയ്തിട്ടുണ്ട്.

maneesha3

വീടിനോടു ചേർന്ന് കാർപോർച്ച് പ്രത്യേകമായി ഒരുക്കി. ജിെഎ പൈപ്പ്, ഗ്ലാസ്, വുഡൻ ഫിനിഷ് അലുമിനിയം കോംപസിറ്റ് പാനൽ എന്നിവ കൊണ്ടാണ് പോർച്ച് നിർമിച്ചത്. ടെക്സ്ചർ പെയിന്റും വുഡൻ പാനലിങ്ങുമാണ് എക്സ്റ്റീരിയറിന് അഴകേകുന്നത്.

maneesha6

കടപ്പാട്: ആർക്കിട്ക്ട് അനൂപ് ചന്ദ്രൻ & മനീഷ

അമാക് ആർക്കിടെക്ട്സ്

തൃപ്രയാർ

99950 00222

Tags:
  • Vanitha Veedu