ഗിമ്മിക്കുകളൊന്നുമില്ലാതെ നല്ല ആഢ്യത്വമുള്ളൊരു വീടു വേണം. അലങ്കാരങ്ങൾക്കല്ല, സുഖകരമായി താമസിക്കാനുള്ള സൗകര്യങ്ങൾക്കായിരിക്കണം മുൻഗണന. നേരെചൊവ്വേ തന്നെ തങ്ങളുടെ ആവശ്യം പറഞ്ഞാണ് തൃശൂർ വടക്കേക്കാട്ടെ ഫീബീഷ് അബൂബക്കറും ആബിദയും ആർക്കിടെക്ട് ടീമിനെ സമീപിച്ചത്. കാണാനുള്ള സൗകര്യങ്ങളെക്കാൾ സ്ഥലസൗകര്യമുള്ള മുറികളും കാറ്റും വെളിച്ചവും കടക്കുന്ന അന്തരീക്ഷവുമാണ് അവർക്ക് വേണ്ടതെന്ന് ആർക്കിടെക്ട് ബ്രിജേഷ് ഉണ്ണിയും പൂജ ബ്രിജേഷും പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. ക്ലാസിക്കൽ - മോഡേൺ ശൈലികളുടെ പകിട്ടും വിശാലമായ അകത്തളങ്ങളുമുള്ള, 2940 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീട് പിറവിയെടുക്കുന്നതങ്ങനെയാണ്.

ക്ലാസിക്കൽ ശൈലിയിലെ ചരിഞ്ഞ മേൽക്കൂരയും മോഡേൺ ശൈലിയിലെ നേർരേഖകളും ഒത്തുചേരുന്നതിലെ പൊരുത്തമാണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. മുറ്റത്തിന് ആവശ്യത്തിനു സ്ഥലം ഒഴിച്ചിട്ടതിനാൽ വീടിന് കൂടുതൽ ഭംഗി തോന്നിക്കുന്നു. കൽപ്പാളികൾ വിരിച്ചും പുല്ല് പിടിപ്പിച്ചും മനോഹരമാക്കിയ മുറ്റം വീടിന്റെ ഗ്രേ-വൈറ്റ് നിറക്കൂട്ടിന് നന്നായി ഇണങ്ങുന്നു.

വരാന്ത, ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറി, അടുക്കള, വർക് ഏരിയ, സെർവന്റ്സ് റൂം എന്നിവയാണ് താഴത്തെ നിലയിൽ. ഫാമിലി ലിവിങ്, സ്റ്റഡി ഏരിയ, രണ്ട് കിടപ്പുമുറി, ബാൽക്കണി, ഓപ്പൻ ടെറസ് എന്നിവ മുകൾ നിലയിലുണ്ട്.

ഡൈനിങ് സ്പേസിലാണ് സ്റ്റെയർ. ഇതിന് നേരെ എതിർവശത്ത് ‘പാഷ്യോ’ പോലെയുള്ള വരാന്ത വരുന്നു. ഇവിടെയുള്ള തടിയും ഗ്ലാസ്സും കൊണ്ടുള്ള ഫോൾഡിങ് വാതിൽ തുറന്നാൽ വരാന്തയും വീടിന്റെ ഭാഗമാകും. പിന്നിലെ മുറ്റത്തെ പച്ചപ്പും പൂക്കളുമെല്ലാം വീട്ടിനുള്ളിലിരുന്നും ആസ്വദിക്കാനുമാകും. പ്രധാനവാതിൽ തുറന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും ഈ വാതിലും പിന്നിലെ പച്ചപ്പും കണ്ണിൽപ്പെടുമെന്നതിനാൽ വീടിന് നല്ല വിശാലത തോന്നിക്കും.

ഗ്രേ-വൈറ്റ് കളർ കോംബിനേഷനിൽ തന്നെയാണ് ഇന്റീരിയറിലെ ചുമരുകളും ഫർണിച്ചറും. ഇതും വീടിന് ‘കൂൾ ലുക്ക്’ നൽകുന്നു.

ആവശ്യത്തിന് വലുപ്പമുള്ള രീതിയിലാണ് മുറികളെല്ലാം. കാറ്റും വെളിച്ചവും കടക്കാൻ യഥാസ്ഥനത്ത് ജനാലകളും വാതിലുകളും നൽകിയിട്ടുള്ളതിനാൽ മുറികൾക്ക് ഉള്ളതിലും വലുപ്പക്കൂടുതൽ തോന്നിക്കുകയും ചെയ്യും.

സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനുള്ള ടെക്നിക്കുകൾ എല്ലാ മുറികളിലും നടപ്പിലാക്കിയിട്ടുമുണ്ട്. ഇരിക്കാൻ സൗകര്യമുള്ള ബേ വിൻഡോകളും ഫാമിലി ലിവിങ്ങിനോട് ചേർന്നുള്ള സ്റ്റഡി ഏരിയയും അടുക്കളയിലെ ഇരിപ്പിടങ്ങളുമെല്ലാം ഇതിനുദാഹരണങ്ങൾ.

രണ്ടാം നിലയ്ക്കു മുകളിൽ ട്രസ്സ് റൂഫ് നൽകി കോൺക്രീറ്റ് ഓട് മേഞ്ഞാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ഇത് വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനൊപ്പം ഇഷ്ടം പോലെ സ്റ്റോറേജ് സ്പേസും നൽകുന്നു. രണ്ടാംനിലയുടെ പിൻഭാഗത്തായി ഓപ്പൻ ടെറസ്സ് നൽകിയിട്ടുള്ളതിനാൽ തുണി ഉണങ്ങാനും സാധനങ്ങൾ ഉണക്കാനും വേറെ സ്ഥലം അന്വേഷിക്കേണ്ട.

സൗകര്യങ്ങളിലാണ് കാര്യം എന്ന നിലപാടിന് ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഫീബീഷും ആബിദയും.
ഉടമ: ഫീബീഷ് അബൂബക്കർ, ആബിദ, കല്ലായിൽ, വടക്കേക്കാട്, തൃശൂർ, വിസ്തീർണം: 2940 സ്ക്വയർഫീറ്റ്, ഡിസൈൻ: ജെയ്ഡ് ആർക്കിടെക്ട്സ്, ആലുക്കാസ് കാസിൽ, സിവിൽ ലെയ്ൻ, തൃശൂർ, ഫോൺ - 85899 34402