Wednesday 02 June 2021 04:59 PM IST : By സ്വന്തം ലേഖകൻ

ഈ സ്വർഗം സൃഷ്ടിച്ചത് വീട്ടുകാർ തനിയെ... 700 ചതുരശ്രയടി വീടിന് ചെലവായത് 3,85,000 രൂപ മാത്രം

nilambur 1

മുറ്റം മുഴുവൻ പൂക്കൾ. ഉള്ളിൽ നിറയെ പുഞ്ചിരി...   നിലമ്പൂർ പൂക്കോട്ടുംപാടത്തെ ഈ കുഞ്ഞു വീടൊരു സ്വർഗമാണ്.   തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യരാണ് ഇതിന്റെ അവകാശികൾ. ആരും പതറിപ്പോകുന്നൊരു  പ്രതിസന്ധി മറികടന്നാണ് അവരീ സ്വർഗം പടുത്തുയർത്തിയത്.ആ കഥയിങ്ങനെ...

സൗദിയിലായിരുന്നു വീട്ടുകാരൻ ഷുഹൈബ് പൂവത്തിന് ജോലി. കഴിഞ്ഞ മാർച്ചിൽ ആദ്യ ലോക്ഡൗണിനു തൊട്ടുമുൻപ് അവധിക്കു നാട്ടിലെത്തിയ ഷുഹൈബിന് തിരികെപ്പോകാനായില്ല. 18 വർഷത്തെ അധ്വാനം കൊണ്ട് 25 സെൻ്റ് വാങ്ങി  പുതിയ വീടിൻ്റെ പണി തുടങ്ങിയ വേളയിലാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. മൂവായിരം സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടിൻ്റെ അടിത്തറ പൂർത്തിയാക്കി ഭിത്തി കെട്ടാനുള്ള കല്ലും മണലുമെല്ലാം ഇറക്കിയിരുന്നു. വരുമാനം നിലച്ചതോടെ പണി നിർത്തിവച്ചു. താമസിച്ചുകൊണ്ടിരുന്ന വീടിൻ്റെ വാടക, മൂന്ന് മക്കളുടെ വിദ്യാഭ്യാസച്ചെലവ്, വീട്ടുകാര്യങ്ങൾ... ഇങ്ങനെ അധികകാലം പിടിച്ചു നിൽക്കാനാകില്ല എന്ന് ഷുഹൈബിന് ബോധ്യമായി. ബാങ്ക് ലോൺ എടുത്ത് വീട് പൂർത്തിയാക്കാം എന്നു  ചിന്തിച്ചെങ്കിലും ജോലിയുടെ കാര്യത്തിലെ അനിശ്ചിതത്വം കാരണം വേണ്ടെന്നു വച്ചു. നല്ല തുകയായിരുന്നു വാടക നൽകിയിരുന്നത്. ഇത് ഒഴിവാക്കാനായാൽ കുറച്ചാെരാശ്വാസം കിട്ടും. സ്വന്തം സ്ഥലത്ത് ചെറിയൊരു വീട് പണിത് തൽക്കാലം അവിടേക്ക് താമസം മാറ്റാം എന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. 

nilambur 2

ട്രസ്സ് റൂഫും ജിപ്സം ബോർഡിൻ്റെ ചുമരുകളും നൽകി കഴിയുന്നത്ര ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കാനായിരുന്നു പദ്ധതി. ഇനിയാണ് കഥയുടെ രണ്ടാം ഭാഗം. സ്റ്റീൽ തൂണുകളും ട്രസ്സും നിർമിക്കുന്നതിനായി നാല് കൂട്ടരുടെ കയ്യിൽ നിന്ന് കൊട്ടേഷൻ വാങ്ങി. തുക കൂടുതലാണെന്നറിഞ്ഞിട്ടും ഒരു കൂട്ടരെ ജോലി ഏൽപ്പിച്ചു. രണ്ട് ദിവസം പണിക്കു വരും പിന്നെ ഒരാഴ്ച വരില്ല. ഓരോ ദിവസവും നിർണായകം എന്ന മനോനിലയിലാണ് വീട്ടുകാർ. ഇങ്ങനെ പോയാൽ ഉടനെയെങ്ങും വീടു പൂർത്തിയാകില്ല എന്ന് ബോധ്യമായതോടെ ബാക്കി പണികൾ തനിയെ ചെയ്യാൻ ഷുഹൈബ് തീരുമാനിച്ചു. ഇലക്ട്രിക്കൽ എൻജിനീയറായ ഷുഹൈബ് സിവിൽ സൂപ്പർവൈസറായാണ് സൗദിയിൽ ജോലി ചെയ്തിരുന്നത്. അത്യാവശ്യം പണികളൊക്കെ അറിയാം. ഒട്ടുമിക്ക ടൂൾസും കയ്യിലുണ്ട്. 

nilambur 3

പതിനാലുകാരൻ മകൻ മിഷ് ഹൽ കൂടി സഹായത്തിനെത്തിയതോടെ പടേന്ന് ട്രസ്സ് വർക്ക് പൂർത്തിയായി. ഇതാേടെ ഇരുവർക്കും ആവേശമായി. അടിത്തറകെട്ടലും അതിനുള്ളിൽ മണ്ണ് നിറയ്ക്കലും ഇരുവരും തനിയെ ചെയ്തു. അതോടെ ആത്മവിശ്വാസവും ഇരട്ടിയായി. മുഴുവൻ പണികളും ഒറ്റയ്ക്കു ചെയ്യാം എന്ന് ഇരുവരും തീരുമാനിച്ചു. ഭിത്തി കെട്ടൽ, ഫോൾസ് സീലിങ് എന്നിവയെല്ലാം ശരവേഗത്തിൽ കഴിഞ്ഞു. ഇലക്ട്രിക്കൽ എൻജിനീയർ ആയതിനാൽ വയറിങ്ങിൻ്റെ കാര്യത്തിലും ആരുടെയും സഹായം വേണ്ടി വന്നില്ല. പ്ലമിങ് ജോലികളും തനിയെ ചെയ്തു. സ്റ്റീൽ തൂണുകളിൽ ട്രസ്സ് റൂഫും ഷീറ്റും വരുന്നതാണ് വീടിൻ്റെ അടിസ്ഥാന ഘടന. തൂണുകളോട് ചേർത്ത് പുറംഭിത്തി മാത്രം കട്ടകെട്ടി നിർമിച്ചു. ജിപ്സം ബോർഡ് കൊണ്ടാണ് ഉള്ളിലെ ഭിത്തികളും ഫോൾസ് സിലിങ്ങും. വാതിലും ജനലുമെല്ലാം പഴയ തടി ഉരുപ്പടികൾ വിൽക്കുന്നിടത്തു നിന്ന് വാങ്ങി.

nilambur 4

ടൈൽ വിരിക്കുന്ന ജോലി പണിക്കാരെ ഏൽപ്പിച്ചതാണ്. ആദ്യ ദിവസം രണ്ട് ചാക്ക് സിമൻ്റ് കുഴച്ച് പണി തുടങ്ങി കുറച്ചു കഴിഞ്ഞ് അവർ കാപ്പി കുടിക്കാൻ പുറത്തു പോയി. മഴ ചാറി ഷർട്ട് നനഞ്ഞു എന്ന കാരണത്താൽ അന്നത്തെ പണി അവസാനിപ്പിക്കുകയും ചെയ്തു. സിമൻ്റ് വേസ്റ്റ് ആകുന്നതിലെ വിഷമം കാരണം ഒരു അലുമിനിയം സ്ക്വയർ ട്യൂബ് മുഴക്കോലാക്കി ഷുഹൈബും മിഷ് ഹലും കൂടി ടൈലുമങ്ങ് വിരിച്ചു.ചുമരിന് പുട്ടിയിട്ട് പെയിൻ്റടിക്കൽ അടുക്കളയിലെ കബോർഡ് വർക്ക് എന്നുവേണ്ട സിസിടിവി വയ്ക്കുന്ന ജോലി വരെ ഇരുവരും കൂടി ചെയ്തതോടെ വീട് കുട്ടപ്പനായി. അഞ്ച് മാസം കൊണ്ട് പണി പൂർത്തിയാകുകയും ചെയ്തു.

nilambur 5

എഴുന്നൂറ് സ്ക്വയർ ഫീറ്റാണ് വീടിൻ്റെ വിസ്തീർണം.സിറ്റ്ഔട്ട്, ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറി എന്നീ സൗകര്യങ്ങളുണ്ട്. എയർ കണ്ടീഷൻ ചെയ്തതാണ് രണ്ട് കിടപ്പുമുറികളും. എല്ലാത്തിനും കൂടി ചെലവായത് 3,85,000 രൂപ മാത്രം. പണി നടക്കുന്ന സമയത്തു തന്നെ വീട്ടുകാരി നിഷയുംപെൺമക്കളായ   നിമയും മിൻഹയും ചേർന്ന്വീ ടിനു ചുറ്റും മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചതിനാൽ പച്ചപ്പിനു നടുവിലാണ് വീട്. അതുകൊണ്ടുതന്നെ   'ട്രീ ടോപ്പ്' എന്നാണു പേരിട്ടിരിക്കുന്നത്. ധാരാളം ആളുകൾ വീടു കാണാനെത്തുന്നുണ്ട്. ഇതുപോലെ ഒന്ന് നിർമിച്ച് നൽകണം എന്നാണ് പലരുടേയും ആവശ്യം.

nilambur 6

ആളുകൾ ആശ്ചര്യത്തോടെ നോക്കുന്നുണ്ടെങ്കിലുംഇത് വലിയ സംഭവം അല്ലെന്നാണ് ഷുഹൈബിൻ്റെ അഭിപ്രായം. 'മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്ന ജോലി സ്വന്തം വീടിനായി ചെയ്തു. ചില കാര്യങ്ങൾ പഠിച്ച് ചെയ്യേണ്ടി വന്നു. അത്രയേയുള്ളു'. ഷുഹൈബ് പറയുന്നു. ലോകം പഴയതു പോലെയായി വീണ്ടും ജോലിയിൽ കയറുമ്പോൾ വീടിൻ്റെ നിർത്തിവച്ച പണികൾ പുനരാരംഭിക്കാം എന്നാണ് ഷുഹൈബിൻ്റെയും കുടുംബത്തിൻ്റെയും പ്രതീക്ഷ. അപ്പാേഴും ഈ വീട് നിലനിർത്തും. ഒരു കാലത്തിൻ്റെ ഓർമയ്ക്കായി.

Tags:
  • Vanitha Veedu