ജന്മനാടായ ആലുവയിൽ പെരിയാറിന്റെ തീരത്ത് തന്നെ സ്വപ്നവീട് നിർമിക്കാനായതിന്റെ സന്തോഷത്തിലാണ് റെനിഷ്. സന്തോഷത്തിന് കാരണങ്ങൾ വേറെയുമുണ്ട്. പ്രവാസിയായ റെനിഷിന് വീടു പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും നൂറ് ദിവസം മാത്രം. ജിപ്സം പാനൽ എന്നു വിളിക്കുന്ന ജിഎഫ്ആർജി (Glass Fibre Reinforced Gypsum) പാനൽ ആണ് ഇക്കാര്യത്തിൽ റെനിഷിനെ സഹായിച്ചത്. 12 x 3 മീറ്റർ അളവിലുള്ള ജിഎഫ്ആർജി (Glass Fibre Reinforced Gypsum) പാനലുകൾ കൊണ്ടാണ് വീടിന്റെ ചുമരുകൾ നിർമിച്ചത്. പെട്ടെന്ന് പിടിപ്പിക്കാമെന്നു മാത്രമല്ല, ഇത് വീടിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും. ജിപ്സം പാനലുകൾ കൊണ്ടുള്ള ഭിത്തി തേക്കേണ്ട ആവശ്യവുമില്ല. ചെലവും കുറവ്! 35 ലക്ഷത്തിനാണ് സ്ട്രക്ചർ തീർന്നത്.

ചൂടും ഈർപ്പവുമുള്ള കേരളീയ കാലാവസ്ഥയെ അതിജീവിക്കാൻ വീട്ടിൽ ടെറാക്കോട്ട ജാളികൾ, ഡബിള്‍ ഹൈറ്റ് സീലിങ്, വെർട്ടിക്കൽ ലൂവറുകളുള്ള കോർട്‌യാർഡുകൾ എന്നിവ നൽകി. ഇതുവഴി പ്രകൃതിദത്തമായ വെളിച്ചവും കാറ്റും അകത്തെത്തുന്നു. സ്റ്റെയർകെയ്സിനു മുകളിലെ സ്കൈലൈറ്റും വീടിനുള്ളിൽ നിറയെ വെളിച്ചമെത്തിക്കുന്നു. ഇതോടു ചേർന്ന് കാറ്റിന്റെ ഊർജത്താൽ പ്രവർത്തിക്കുന്ന വെന്റിലേറ്ററും നൽകിയിട്ടുണ്ട്. അതുവഴി ചൂടുവായു മുകളിലേക്കു പോകുന്നു. ഓപനിങ്ങുകളും സുഷിരങ്ങളുമെല്ലാം കിഴക്കു ഭാഗത്താണ് നൽകിയിട്ടുള്ളത്. തൽഫലമായി സൂര്യപ്രകാശം ദിനം മുഴുവൻ വീട്ടിലെത്തുന്നു. പകൽ കൃത്രിമ വെളിച്ചത്തിന്റെയോ എയർകണ്ടീഷനറിന്റെയോ ആവശ്യമില്ല.

ആണ്ടിലൊരിക്കൽ നാട്ടിലെത്തുന്നതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം സ്വീകരിക്കാനുതകുന്ന വീടാകണമെന്ന് റെനിഷിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശാലമായ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ നൽകി. ലിവിങ് സ്പേസിൽ നിന്നിറങ്ങുന്നത് പാഷ്യോയിലേക്കാണ്. ഇതാണ് വീട്ടുകാരുടെ ബാർബിക്യൂ പാർട്ടിയിടം.

ഡൈനിങ് സ്പേസ് തുറക്കുന്നത് ഗ്ലാസ് സീലിങ്ങും വെർട്ടിക്കൽ ലൂവറുകളുമുള്ള സെമി ഓപൻ കോർട്‌യാർഡിലേക്കാണ്. പ്രകൃതിദത്ത വെളിച്ചത്താൽ സമ്പന്നമായ ഇവിടെയാണ് വീട്ടുകാർ പ്രഭാതങ്ങളുടെ പ്രശാന്തി അനുഭവിച്ചറിയുന്നത്. വൈകുന്നേരങ്ങളിലെ ചായ സമയത്തെ രസങ്ങളും ഇവിടെത്തന്നെ!

ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് നൽകാൻ ഡിസൈനിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വെള്ള നിറത്തിനൊപ്പം ടെറാക്കോട്ട, സിമന്റ് ഫിനിഷുകളും കൂടി ചേരുമ്പോൾ ഇന്റീരിയറിന്റെ ഭംഗി ഇരട്ടിക്കുന്നു. ടെറാക്കോട്ടയുടെ വാം ടോണും ചാര നിറത്തിന്റെ കൂൾ ടോണും ചേരുന്ന സുന്ദരകാഴ്ച! കാലാവസ്ഥയ്ക്കനുസൃതമായി കന്റെംപ്രറി-മിനിമലിസ്റ്റിക് ശൈലിയിൽ ഒരുക്കിയ വീട് കാഴ്ചക്കാരുടെയും ഇഷ്ടം നേടുന്നു.

Project Facts: Area - 3000 സ്ക്വയർഫീറ്റ് Owner- റെനിഷ് & ഷീജ പൂവത്തുംപറമ്പിൽ Location- ആലുവ Design- ഡിസൈൻലൂം ആർക്കിടെക്ട്സ് designloomstudio@gmail.com
ചിത്രങ്ങൾ: റണ്ണിങ് സ്റ്റുഡിയോസ്