Tuesday 25 October 2022 03:09 PM IST

നഗരമധ്യത്തിലെ വീടുകൾക്ക് നല്ല മാതൃക; സ്വകാര്യത നഷ്ടപ്പെടുത്താത്ത ഡിസൈനിന് അവാർഡിൻ തിളക്കം

Sunitha Nair

Sr. Subeditor, Vanitha veedu

roy1

െഎെഎഎ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്ട്സ്) സ്റ്റേറ്റ് അവാർഡ്സ് 2021 ലെ ഗോൾഡ് ലീഫിനർഹമായി എന്നു പറയുമ്പോൾ തന്നെ അറിയാമല്ലോ ഈ വീട് ചില്ലറക്കാരനല്ലെന്ന്. ഇപിജെ ബിസിനസ് ഗ്രൂപ്പ് ഉടമ സാജു ജോസഫിന്റെയും ഷിന്റയുടെയും വീടായ ഇപിജെ റസിഡൻസിന്റെ കൂറ്റൻ ഗേറ്റ് കടന്ന് അകത്തേക്കു കയറിയാൽ അമ്പരന്നു പോകും. മറ്റേതോ രാജ്യത്ത് എത്തിയ പ്രതീതി. വേറിട്ട വാസ്തുകലയും അതിനു പശ്ചാത്തലമൊരുക്കുന്ന ആകാശക്കാഴ്ചയും.

കൊച്ചി എളമക്കരയിൽ 15 സെന്റിൽ രൂപകൽപന ചെയ്ത ഈ വീടിന്റെ മുഴുവൻ ക്രെഡിറ്റും വീട്ടുകാർ നൽകുന്നത് ആർക്കിടെക്ട് റോയ് ആന്റണിക്കാണ്. തൊട്ടടുത്ത് വാണിജ്യ സ്ഥാപനങ്ങളായതിനാൽ സ്വകാര്യത വേണമെന്ന ആവശ്യമേ വീട്ടുകാർക്കുണ്ടായിരുന്നുള്ളൂ. 11 മീറ്റർ നീളവും 54.50 മീറ്റർ വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള പ്ലോട്ടില്‍ ആകാശത്തേക്കു തുറക്കുന്ന വിശാലമായ നടുമുറ്റവും ഉൾപ്പെടുത്തിയതാണ് ആർക്കിടെക്ടിന്റെ ‘ബ്രില്യൻസ്’.

roy3

പ്രധാന ഗേറ്റ് കടന്നാൽ വലതുവശത്തായി ‘ഗരാഷ്’ (garage) കാണാം. അതിന്റെ വശങ്ങളിലൂടെയുള്ള പടികൾ കയറിയാൽ ഗരാഷിനു മുകളിലെ ടെറസിലെത്താം. അവിടെ ഇൻÐബിൽറ്റ് ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്. വെള്ളമിറങ്ങാനുള്ള സൗകര്യത്തിനായി മുറ്റം ഭാഗികമായി മാത്രമേ പേവിങ് ചെയ്തിട്ടുള്ളൂ. ബാക്കി ഭാഗത്ത് ചരൽ വിരിച്ചതിനാൽ മഴവെള്ളം താഴ്ന്നിറങ്ങും.

ചുറ്റുമതിലിന് സിമന്റ് ടെക്സ്ചർ ഫിനിഷാണ്. ഇഷ്ടിക പുറത്തു കാണത്തക്ക വിധമാണ് എലിവേഷനും കാർപോർച്ചും മുകളിലെ പാർട്ടി സ്പേസുമെല്ലാം. ഇവയെല്ലാം വീടിന് റസ്റ്റിക് ഫീൽ നൽകുന്നു.

ജാളികളും വുഡൻ സ്ക്രീനും കൊണ്ടു മറച്ച വിശാലമായൊരു കോർട്‌യാർഡിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. കോർട്‌യാർഡ് വീടിനകത്തോ പുറത്തോ എന്നു പറയാനാവാത്ത രീതിയിലാണ് നിർമാണം. നേരത്തെ ഫ്ലാറ്റിലായിരുന്നു താമസമെന്നതിനാൽ വീടിന്റെ അതിരുകൾക്കുള്ളിൽ സ്വകാര്യത ഉറപ്പാക്കിയ ‘ഓപ്പൻ ഗ്രീൻ സ്പേസ്’ വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നഗരത്തിരക്കുകളിൽ നിന്ന് ഒളിക്കാൻ ഒരിടം. വീടിനെ ചുറ്റുപാടുകളിലെ ബഹളങ്ങളിൽ നിന്നെല്ലാം മറച്ചുപിടിക്കുന്ന ബഫർ സോൺ കൂടിയാണ് ഈ കോർട്‌‌യാർഡ്.

roy2

കോർട്‌യാർഡിന്റെ ഭാഗമായി ഒരുക്കിയ ജലാശയമാണ് മറ്റൊരു ഹൈലൈറ്റ്. കോർട്‌യാർഡ് നിറയെ ആർക്കിടെക്ട് നേരിട്ട് തിരഞ്ഞെടുത്ത ട്രോപ്പിക്കൽ ചെടികളാണ്. ഒത്ത നടുക്കായി ചെമ്പകവും നൽകി. വീട്ടിലെ സൂക്ഷ്മാംശങ്ങളിൽ വരെ ആർക്കിടെക്ടിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 5.2 മീറ്റർ നീളവും 2.25 മീറ്റർ വീതിയുമുള്ള ഡബിൾഹൈറ്റ് സ്വിങ് ഡോറുകളാണ് ജലാശയം, അതിനു ചുറ്റുമുള്ള ഇടനാഴി, ലിവിങ് ഏരിയ എന്നിവയെ കൂട്ടിയിണക്കുന്നത്.

ഡബിൾഹൈറ്റിലുള്ള ലിവിങ് ഏരിയയ്ക്കു പിന്നിലാണ് ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ എന്നിവ ക്രമീകരിച്ചത്. പിൻമുറ്റത്ത് ചുറ്റുമതിൽ അതിരിടുന്ന മറ്റൊരു കോർട്‌യാർഡുമുണ്ട്.

തടികൊണ്ടുള്ള സ്റ്റെയർകെയ്സ് കയറി മുകളിലെത്തിയാൽ അവിടെ രണ്ട് കിടപ്പുമുറികളും സ്റ്റഡി ഏരിയയുമുണ്ട്. കിടപ്പുമുറികൾക്ക് ആവശ്യത്തിലധികം വലുപ്പം വേണ്ട എന്നതും മൂന്ന് കിടപ്പുമുറികൾ മതിയെന്നതും സാജുവിന്റെ തീരുമാനമായിരുന്നു. പകരം പൊതുഇടങ്ങൾ വിശാലമാകണമെന്നതായിരുന്നു സാജുവിന്റെ ആഗ്രഹം.

roy4

മുകളിലെ കിടപ്പുമുറികളിൽ നിന്ന് മുന്നിലെ കോർട്‌യാർഡും ഇടനാഴിയും പൂളുമെല്ലാം കാണാം. മാത്രമല്ല, പിന്നിലെ ബാൽക്കണിയിൽ നിന്ന് പിറകുവശത്തെ കോർട്‌യാർഡും ആസ്വദിക്കാം. ബാൽക്കണിയിൽ നിന്ന് നൽകിയ, മുകളിലേക്കുള്ള ഗോവണി ചെന്നെത്തുന്നത് വിശാലമായ പാർട്ടി സ്പേസിലേക്കാണ്. ഓപ്പൻ ടെറസ് ട്രസ്സ് വർക് ചെയ്ത് പാർട്ടി സ്പേസ് ആക്കി മാറ്റി. ഇവിടെ ഗ്രില്ലിട്ടത് സുരക്ഷ ഉറപ്പാക്കിയതിനൊപ്പം കാറ്റും വെളിച്ചവും എത്തിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.

സ്വച്ഛ സുന്ദരമായ ഒരു അനുഭൂതിയാണ് ഈ വീട് പ്രദാനം ചെയ്യുന്നത്. അതിലേക്കു നയിക്കുന്ന അടരുകളാണ് ഇവിടത്തെ ഓരോ വാസ്തുകലാ ഇടപെടലുകളും.

ചിത്രങ്ങൾ: ഹരികൃഷ്ണൻ