Wednesday 17 June 2020 04:13 PM IST

കേരളീയ വാസ്തുവിദ്യയുടെ പുതിയ പതിപ്പ്; പ്രകൃതിയെ നോവിക്കാതെ ഈ വീട്

Sreedevi

Sr. Subeditor, Vanitha veedu

kerala-home

പരമ്പരാഗതകേരളീയ ശൈലിയിലുള്ള വീടുകളുടെ നൂതന വാസ്തുവിദ്യാഭാഷയിലുള്ള ആവിഷ്കാരം എന്നു വിശേഷിപ്പിക്കാം ആർക്കിടെക്ട് ജയദേവ് തൃശൂർ ആളൂർ ഉള്ള ജയ്സനുവേണ്ടി ഡിസൈൻ ചെയ്ത വീടിനെ. ട്രോപ്പിക്കൽ കാലാവസ്ഥയോട് യോജിക്കുന്ന വിധത്തിൽ നിർമാണസാമഗ്രികൾ, ചെടികൾ, ഡിസൈൻ എന്നിവയെല്ലാം കൂട്ടിയിണക്കിയത് ഈ പ്രോജക്ടിനെ ശ്രദ്ധേയമാക്കുന്നു.

kerala-home-4
kerala-home-7

മരങ്ങൾ നിറഞ്ഞ തൊടിയും പച്ചപ്പുള്ള മുറ്റവും ട്രോപ്പിക്കൽ കാലാവസ്ഥയോടു ചേരുന്ന ചെടികൾ നിറഞ്ഞ കിടപ്പുമുറികളോടു ചേർന്ന കോർട് യാർഡുകളും നടുമുറ്റവും തമ്മിലുള്ള വിനിമയമാണ് ഈ വീടിന്റെ ആത്മാവ്. വീടിനുള്ളിൽ സമശീതോഷ്ണാവസ്ഥ സൃഷ്ടിക്കുന്നതിൽ ഈ പച്ചപ്പിനുള്ള സ്ഥാനം ചെറുതല്ല.

kerala-home-3
kerala-home-6

നടുമുറ്റത്തിനു ചുറ്റും മുറികൾ ക്രമീകരിക്കുന്ന പരമ്പരാഗതശൈലി തന്നെയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. കാർപോർച്ചിൽനിന്ന് പൂമുഖത്തേക്ക് ഒരു ചെറിയ പാതയാണ്. ഈ പാതയോടു ചേർന്ന് ഒരു കോർട്‌‍യാർഡ് കൊടുത്തിരിക്കുന്നു. പുറത്തെ തീക്ഷണമായ കാലാവസ്ഥയെ അകത്തെ ശാന്തമായ അന്തരീക്ഷവുമായി മെരുക്കിയെടുക്കലാണ് ഈ കോർട്‌യാർഡുകളുടെ ഉദ്യമം.

kerala-home-2

ഒളിഞ്ഞും തെളിഞ്ഞും മുറികളിലേക്കു കയറിവന്ന് അകത്തളത്തിനു ജീവൻ നൽകുന്ന സൂര്യപ്രകാശത്തെക്കുറിച്ചാണ് ആർക്കിടെക്ട് കൂടൂതൽ ആവേശത്തോടെ സംസാരിക്കുന്നത്. പ്രകാശത്തിന്റെ സഞ്ചാരപഥമനുസരിച്ചാണ് മുറികളുടെ ക്രമീകരണം. ഓരോ മുറിയുടെയും ഉപയോഗവും കൂടുതൽ ഉപയോഗിക്കുന്ന സമയവും കണക്കാക്കി ആവശ്യമായ പ്രകാശം മൃദുവായി ലഭിക്കുന്ന, രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

kerala-home-8

സിറ്റ്ഔട്ടിൽ നിന്ന് ഫോയർ വഴിയാണ് മറ്റ് ഇടങ്ങളിലേക്കുള്ള പ്രവേശനം. ലിവിങ് ഏരിയകൾ നടുമുറ്റത്തേക്കു തുറക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പാഷ്യോയിലേക്കുള്ള വാതിലിലൂടെ പടിഞ്ഞാറൻ സൂര്യനാണ് ഡൈനിങ്ങിലേക്കു കുതിക്കുന്നത്. ഞാത്തലുകളും താഴ്ന്ന മേൽക്കൂര ഇതിനു തടയിടാൻ സഹായിക്കുന്നു. ഓപൺ ശൈലിയിൽ ക്രമീകരിച്ച അടുക്കളയും വെറ്റ് കിച്ചനും കിടക്കോട്ട് അഭിമുഖമാണ്.

kerala-home-1

പ്രധാന കിടപ്പുമുറിയോടു ചേർന്ന് ഒരു കോർട്‌യാർഡ് ഉണ്ട്. സുഖനിദ്രക്ക് അനുയോജ്യമായ രീതിയിൽ ഇരുളിനും കൂടി പ്രാധാന്യമുള്ള രീതിയിലാണ് കിടപ്പുമുറികളുടെ വിന്യാസവും ജനലുകളുടെ ക്രമീകരണവും. മുകളിലെ കിടപ്പുമുറികളോടു ചേർന്ന വരാന്ത പടിഞ്ഞാറൻ സൂര്യനിൽനിന്ന് മുറികളെ സംരക്ഷിക്കുന്നു. ടെറാക്കോട്ട ടൈൽ വിരിച്ച മേൽക്കൂരയും ചാരനിറമുള്ള ഫ്ലോർ ടൈലും വെളുത്ത ഭിത്തികളുമുള്ള ലളിതഘടനയാണ് വീടിന്. കാലപ്പളക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ തേക്കിൻ പലകകളും നിറം മങ്ങിത്തുടങ്ങിയ ഓടും വീടിന്റെ സ്വാഭാവിക സൗന്ദര്യത്തിനു മാറ്റ്കൂട്ടുന്നു.