Thursday 06 October 2022 12:21 PM IST

30 ലക്ഷത്തിന് 2350 സ്ക്വയർഫീറ്റ് വീട്; വിലക്കയറ്റത്തിനോടു യുദ്ധം ചെയ്ത് കൃഷ്ണകുമാറും കുടുംബവും

Sreedevi

Sr. Subeditor, Vanitha veedu

kk1

പ്രകൃതിയുടെ താളത്തിനോ നിറച്ചാർത്തുകൾക്കോ വീട് അല്പംപോലും ഭംഗമുണ്ടാക്കരുത്. നിർമാണത്തിൽ പരമ്പരാഗത വീടുകളുടെ രൂപഭാവങ്ങളും സാങ്കേതികതയും കഴിവതും പ്രയോജനപ്പെടുത്തണം. പ്ലോട്ടിലെ മരങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ടാവണം വീടിനു സ്ഥാനം കണ്ടെത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ തൽപരരായ കൃഷ്ണകുമാർ അയ്യരുടെയും കീർത്തനയുടെയും വീടു സങ്കൽപങ്ങൾ പ്രകൃതിയെയും പക്ഷികളെയും ചെറുപ്രാണികളെയുമൊക്കെ ചുറ്റിപ്പറ്റിയുള്ളതാണ്. സ്ട്രക്ചറൽ എൻജിനീയർ കൂടിയായ കീർത്തനയും ബന്ധുക്കളും എൻജിനീയർമാരുമായ സച്ചിൻ ശങ്കറും രാഹുലും ചേർന്ന മൂവർസംഘത്തിന്റെ ഗവേഷണങ്ങളുടെയും അലച്ചിലുകളുടെയും ഫലമാണ് തൃശൂർ അത്താണിയിലുള്ള പരമ്പരാഗത ശൈലിയിലുള്ള ഈ വീട്.

kk2

നാലുകെട്ട് തന്നെയായിരുന്നു കൃഷ്ണകുമാറിന്റെയും കീർത്തനയുടെയും സ്വപ്നം. നടുമുറ്റവും പൂമുഖവുമുള്ള 1500 ചതുരശ്രയടിക്കു താഴെ നിൽക്കുന്ന ഇരുനില വീട് എന്ന ആഗ്രഹമാണ് കൃഷ്ണകുമാറും കീർത്തനയും ഡിസൈൻ ടീമുമായി പങ്കുവച്ചത്. പ്ലാൻ വരച്ചു തുടങ്ങിയതോടെ മുന്നിലേക്കു നീണ്ട പൂമുഖവും ചുറ്റുവരാന്തയുമെല്ലാമായി വീട് വികസിച്ചു. 2350 ചതുരശ്രയടിയായി പ്ലാൻ പൂർത്തിയായപ്പോഴത്തെ വിസ്തീർണം.

താഴെ രണ്ടും മുകളിൽ ഒന്നും എന്ന രീതിയിൽ കിടപ്പുമുറികൾ വിന്യസിച്ചു. പൂമുഖത്തിനു ചുറ്റുമുള്ള വരാന്തയാണ് വീടിന്റെ ഏറ്റവും പ്രധാന ആകർഷണം. മുകളിലും ബാൽക്കണിയുണ്ട്. അധികച്ചെലവാണെന്ന് തോന്നിയിരുന്നെങ്കിലും നിർമാണം കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന ഇടങ്ങൾ ഈ തുറന്ന വരാന്തകളാണ്.

ഒരുക്കങ്ങൾ ഒരേസമയം

kk4

പ്ലാൻ തയാറാക്കുന്ന സമയത്തു തന്നെ നിർമാണസാമഗ്രികൾ ശേഖരിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു.

ചെങ്കല്ല് കൊണ്ടുള്ള ഭിത്തികൾ ട്രെഡീഷനൽ കേരള വീടുകൾ ആഗ്രഹിക്കുന്ന ആരുടെയും സ്വപ്നമായിരിക്കും. അതിനുവേണ്ടി ശ്രമിച്ചെങ്കിലും കല്ല് കിട്ടാനുള്ള പ്രയാസവും കയ്യിൽ നിൽക്കാത്ത ചെലവും പിന്നോട്ടു വലിച്ചു.

ഇന്റർലോക്ക് മൺകട്ടകൾ കൊണ്ടു ഭിത്തികൾ നിർമിച്ചാൽ സിമന്റിന്റെ ഉപയോഗവും ചെലവും കുറയ്ക്കാം. ചെറിയ അളവിൽ സിമന്റ് ചേർക്കുന്നുണ്ടെങ്കിലും പ്രകൃതിദ്രോഹിയല്ല ഇത്തരം കട്ടകൾ. ഗുണമേന്മയുള്ള ഇന്റർലോക്കിങ് കട്ടകൾ കിട്ടാൻ മലപ്പുറം വരെ പോകേണ്ടിവന്നു എന്ന് കൃഷ്ണകുമാർ പറയുന്നു. കുറച്ച് ദിവസങ്ങൾ വെള്ളത്തിൽ കുതിർത്ത് പൊട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കട്ടകൾ ഓർഡർ ചെയ്തത്.

തൊഴിൽ വൈദഗ്ധ്യം കുറവ്

kk5

ഇന്റർലോക്ക് മൺകട്ടകൾ കേരളത്തിൽ സുപരിചിതമാണെങ്കിലും ഇതുകൊണ്ട് ഭിത്തി കെട്ടാൻ വൈദഗ്ധ്യമുള്ളവർ കുറവാണെന്നാണ് തന്റെ അനുഭവമെന്ന് കൃഷ്ണകുമാർ പറയുന്നു. അതുകൊണ്ടുതന്നെ മറ്റൊരു ഇന്റർലോക്ക് മൺവീടിന്റെ ഭിത്തി കെട്ടുന്നത് കാണിച്ചു നാടൻ പണിക്കാരെ പഠിപ്പിച്ചെടുക്കുകയായിരുന്നു.

കട്ടകൾ പ്ലാസ്റ്റർ ചെയ്യാതെ വിടാനായിരുന്നു വീട്ടുകാർക്ക് താൽപര്യം. തേക്കുമ്പോഴും വാർക്കുമ്പോഴുമെല്ലാം വളരെയധികം ശ്രദ്ധയോടെ വേണം സിമന്റ് കൈകാര്യം ചെയ്യാൻ. സിമന്റ് സ്ലറിയോ കോൺക്രീറ്റോ കട്ടകളുടെ മുകളിൽ വീണാൽ ഭംഗി പോകും. പക്ഷേ, പണിക്കാരുടെ കയ്യിൽ നിന്ന് അത്തരമൊരു ശ്രദ്ധ പലപ്പോഴും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റർ ചെയ്തില്ലെങ്കിലും ടെറാക്കോട്ട നിറമുള്ള പെയിന്റ് കട്ടകളുടെ മുകളിൽ അടിക്കേണ്ടിവന്നു.

നടക്കാതെ പോയ സിമന്റ് ഫിനിഷ്

kk3

സീലിങ് സിമന്റ് ഫിനിഷിൽ നിലനിർത്തുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് സച്ചിൻ പറയുന്നു. അതിനുവേണ്ടി മെറ്റിൽ ഷീറ്റ് പ്രത്യേകം പറഞ്ഞ് വാടകയ്ക്ക് എടുപ്പിച്ചതുമാണ്. പക്ഷേ, ജാക്കി വച്ചത് ഒരു സ്ഥലത്ത് അല്പം താഴ്ന്നുപോയതിനാൽ പെട്ടെന്ന് കണ്ണിൽപ്പെടില്ലെങ്കിലും ചെറിയ നിരപ്പുവ്യത്യാസമുണ്ടായി. സിമന്റ് ഫിനിഷുള്ള സീലിങ് എന്ന സ്വപ്നം ഫലിച്ചില്ല.

തറവാട് പൊളിച്ചപ്പോൾ കിട്ടിയ തടിയൊന്നും കളഞ്ഞില്ല. വൻചിതൽ കുറെയെല്ലാം തിന്നു തീർത്തിരുന്നെങ്കിലും ജനലുകൾക്കുള്ളതു കിട്ടി. വാതിലുകൾ റെഡിമെയ്ഡ് ആണ്.

ഓക്സൈഡും ടെറാക്കോട്ട ടൈലും നിലമൊരുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഓക്സൈഡിന്റെ നീല പോലുള്ള പുതിയ നിറങ്ങൾ പരീക്ഷിച്ചെങ്കിലും തൃപ്തിയായില്ല. ചുവപ്പും കറുപ്പും തന്നെയാണ് ഭംഗി എന്നായിരുന്നു അവസാനത്തെ തീരുമാനം. പൂജാമുറിയിൽ മാത്രം നീല ഓക്സൈഡ് നിലനിർത്തി. കോർട്‌യാർഡിലെയും വരാന്തയിലെയും ബാൽക്കണിയിലെയും ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ ഓക്സൈഡ് പൂശിയവയാണ്. പൂമുഖത്തും വരാന്തയിലും തൃശൂരിൽ നിന്നു തന്നെ വാങ്ങിയ തറയോടു പാകി.

കോവിഡ് ലോക്ക്‌‍ഡൗൺ പണിയുടെ വേഗതയെ ബാധിച്ചിരുന്നു. കോവിഡിനു ശേഷമുള്ള, സാധനങ്ങളുടെ വിലക്കയറ്റവും നേരിട്ടു കണ്ടറിഞ്ഞു. മേൽക്കൂരയിൽ മെറ്റൽ ഫ്രെയിമിലാണ് ഓടിട്ടത്. കോവിഡിനുശേഷം മെറ്റൽ പൈപ്പിന് ഏകദേശം 60 ശതമാനത്തോളം വില കൂടി. പഴയൊരു കെട്ടിടം പൊളിച്ചിടത്തു നിന്നു വാങ്ങിയ ഇരട്ടപ്പാത്തി ഓട് പുനരുപയോഗിച്ചു.

വശങ്ങളിൽ കുറച്ചു സ്ഥലത്തുമാത്രമാണെങ്കിലും മുറ്റത്ത് ടൈൽ വിരിക്കേണ്ടിവന്നതിന്റെ നിരാശയുണ്ട് കൃഷ്ണകുമാറിന്. പക്ഷേ, മുൻവശത്തെയും പിറകിലെയും മുറ്റം മഴവെള്ളം താഴാനും മരങ്ങൾക്കു വളരാനും തയാറായി നിൽക്കുന്നു. ചുറ്റും മരങ്ങൾ തഴച്ചു വളരുമ്പോൾ പച്ചപ്പിനു കനം വയ്ക്കും, ചുവന്ന നിറമുള്ള ഈ വീടിന് തിളക്കം കൂടും.

Area: 2350 sqft

Owner: കൃഷ്ണകുമാർ കെ. അയ്യർ & കീർത്തന

Location: അത്താണി, തൃശൂർ

Design: ഹാബിറ്റാറ്റ് കൺസ്ട്രക്‌ഷൻസ്, എടപ്പാൾ

Email: designshabitat2017@gmail.com, mangalathsachin@gmail.com