Tuesday 17 November 2020 05:12 PM IST

ഏഴര ലക്ഷത്തിന്റെ വീട്; ജോയ് ഹൗസ് കോവിഡ് അനന്തര ലോകത്തിന് മാതൃക. പ്ലാൻ കാണാം...

Sreedevi

Sr. Subeditor, Vanitha veedu

1

എല്ലാവരുടെയും സ്വപ്നമാണ് വീട്. എന്നാൽ ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ പലരുടെയും സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കും. കാഞ്ഞങ്ങാടുള്ള ജോയ് എൽവിസിന്റെയും സിന്ധു ഷെറിന്റെയും ജോയ് ഹൗസും അത്തരമൊരു സ്വപ്നമായി അവശേഷിച്ചേനേ. കാഞ്ഞങ്ങാടുള്ള എ–ലൈൻ ആർക്കിടെക്ചർ ഫേമിലെ ആർക്കിടെക്റ്റ്മാരായ ആനന്ദിന്റെയും സച്ചിൻ രാജിന്റെയും ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ.  

2

നിർമാണച്ചെലവ് വെറും 7.5 ലക്ഷം മാത്രം–   അതാണ് ജോയ് ഹൗസിന്റെ പ്രധാന പ്രത്യേകത. വീട് എന്ന സാമ്പ്രദായിക സങ്കല്പങ്ങളെ ഇവിടെ ആർക്കിടെറ്റുമാർ വെല്ലുവിളിച്ചിരിക്കുന്നു. 30 സെൻറിൽ 675 ചതുരശ്ര അടിയാണ് വീട്.  

നാല് ചുവരുകൾക്കുള്ളിൽ എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയാണ് ഇവിടെ. നാല് പുറം  ചുമരുകൾ മാത്രമുള്ള ഈ വീടിന്റെ അകത്തളം പൂർണ്ണമായി തുറന്ന രീതിയിലാണ്. ആകെയുള്ള കിടപ്പുമുറിയോടു ചേർന്ന ബാത്റൂമിനും ഡ്രസിങ് റൂമിനും മാത്രമാണ് ഭിത്തികൾ ഉള്ളത്.

വീടിനകത്തെ സ്പേസിനെ ആവശ്യകതയനുസരിച്ച്  മൂന്ന് ബ്ലോക്കുകൾ ആക്കിത്തിരിച്ചിരിക്കുന്നു. ബെഡ് റൂമും ടോയിലറ്റും ഡ്രസ്സിങ് റൂമും അടങ്ങുന്നതാണ് ഒന്നാമത്തെ ബ്ലോക്ക്. ലിവിങ്ങും ഡൈനിങ്ങും അടങ്ങുന്നതാണ് രണ്ടാമത്തെ ബ്ലോക്ക്. അടുക്കളയും വർക്ക് ഏരിയയും അടങ്ങുന്നത് മൂന്നാമത്തെ ബ്ലോക്കും.  ഭിത്തികൾക്കു പകരം കാറ്റും വെളിച്ചവും വേണ്ടുവോളം തരുന്ന ഗ്രീൻ കോർട്‌യാർഡുകളാണ് ഓരോ ബ്ലോക്കിനെയും വേർതിരിക്കുന്നത്.

4

ഒരേ ഇടത്തിന് വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ ഉപയോഗം നൽകുകയാണ് ഇവിടെ ചെയ്തത്. ജോയി ഹൗസിലെ ലിവിങ്ങും ഡൈനിങ്ങും ഒന്നു തന്നെയാണ്. ഇവിടത്തെ സോഫ ഒരു മൾട്ടിപർപ്പസ് ഫർണിച്ചർ ആണ്. വേണമെങ്കിൽ ഒരു ബെഡ് ആക്കി മാറാനും ഇതിനു സാധിക്കും. സോഫയും ഡൈനിങ് ടേബിളും എല്ലാം കൂടി ചെറിയ സ്പേസിൽ എങ്ങനെ ഒതുക്കും എന്നും സംശയമുണ്ടാകും. ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും പറ്റുന്ന വിധത്തിലുള്ള ഡൈനിങ്ങ് ടേബിൾ ആയതുകൊണ്ടാണ് ഈ ലിവിങ് കം ഡൈനിങ്ങിൽ ഫർണിച്ചറിന്റെ തിങ്ങൽ അനുഭവപ്പെടാത്തത്. 

സീലിങ്ങിൽ നിന്ന് തൂങ്ങിനിൽക്കുന്ന ലോഹനൂൽ ഡൈനിങ് ടേബിളിന്റെ നാല് വശത്തും കാണാം. ഉപയോഗം കഴിഞ്ഞാൽ  മേശയെ മുകളിലേക്ക് ഉയർത്തി വയ്ക്കാനുള്ള സൗകര്യത്തിനാണിത്. ഏതൊരാൾക്കും നിഷ്പ്രയാസം ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന വിഞ്ച് സിസ്റ്റം ഉപയോഗിച്ചാണ് ഇതു നിയന്ത്രിക്കുന്നത്. കസേരകൾ മേശയുടെ മുകളിൽ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.  

3

മിക്ക സമയത്തും വീട്ടിൽ ഉണ്ടാകുന്നത് ജോയിയും സിന്ധുവും മാത്രമാണ്. അത് കൊണ്ടുതന്നെ ഓരോ റൂമുകളായി തിരിക്കേണ്ട ഭിത്തികൾ കൊണ്ട് ആവശ്യകത ഇവിടെ ഇല്ല എന്ന് ആർക്കിടെക്ടുമാർ കണ്ടെത്തി. കിടപ്പുമുറിക്കുപോലും പ്രത്യേകം ഭിത്തി വേണ്ട എന്ന, സാധാരണക്കാരുടെ നെറ്റി ചുളിയുന്ന തീരുമാനത്തിനു പിന്നിൽ ഇതാണ് കാരണം. എസിപി പാനൽ വച്ചാണ് അടുക്കളയിലെ കബോർഡുകൾ നിർമിച്ചത്. വർക്ക് ഏരിയയ്ക്കും ബാത്റൂമിനും ഏഴ് അടിയേ ഉയരമുള്ളൂ. സിമന്റ് ഫ്ലോറിങ് ആണ്. ജനൽ–വാതിലുകൾ എല്ലാം മെറ്റൽ കൊണ്ടുണ്ടാക്കിയവയാണ്.

Untitled-1

കാഞ്ഞങ്ങാട് ഭാഗത്ത് ഏറ്റവുമധികം കിട്ടുന്ന ചെങ്കല്ലാണ് പ്രധാന നിർമാണസാമഗ്രി.  ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്തില്ല. അകത്ത് പ്ലാസ്റ്റർ  ചെയ്തെങ്കിലും പെയിന്റടിക്കാതെ, അതേപടി നിലനിർത്തി. മേൽക്കൂര ജിഐ പൈപ്പ് ഫ്രെയിമിൽ മാംഗ്ലൂർ ടൈൽസ് വിരിച്ചു. സാധാരണത്തേക്കാൽ ഭൂമിയിലേക്ക് മുട്ടുന്ന നിലത്തുമുട്ടുന്ന മേൽക്കൂരയുടെ മുൻഭാഗം പോർച്ച് ആയി ഉപയോഗിക്കാം.  ഈ വീടിന് സിറ്റ്ഔട്ട് ഇല്ല. നേരിട്ട് വീട്ടിലേക്ക് കയറുകയാണ് ചെയ്യുന്നത്. റൂഫ് താഴേക്ക് മുട്ടുന്ന സ്ഥലത്ത് വേണമെങ്കിൽ ഇരിക്കാൻ ചെറിയൊരു സ്പേസ് ഉണ്ട്.