Thursday 20 May 2021 03:10 PM IST

റിസോര്‍ട്ട് പോലെ സുന്ദരം, മെഡിറ്ററേനിയൻ ശൈലി, പച്ചപ്പ് നിറച്ച് അകത്തളം, ഹൃദയം കീഴടക്കുന്ന വീട്

Sreedevi

Sr. Subeditor, Vanitha veedu

alwin 1

വിദേശത്ത് ജീവിക്കുന്ന വീട്ടുകാർ തിരക്കിൽ നിന്ന് ആശ്വാസം തേടി നാട്ടിൽ എത്തുമ്പോൾ താമസിക്കാൻ റിസോർട്ട് പോലെ ഒരു വീട് വേണം. ഈ ആവശ്യവുമാമാണ് കുവൈത്തിൽ ബിസ്സിനസ്സുകാരനായ ഗ്രൂമി സാമുവേൽ ആർക്കിടെക്ട് ആൽവിൻ സണ്ണിയെ സമീപിച്ചത്. ചെങ്ങന്നൂരിലെ 4200 ചതുരശ്രയടിയുള്ള ഈ വീട് ആൽവിന് എപ്പോഴും സ്പെഷ്യൽ ആണ്. വെറുതെ ഒരു വീട് എന്നല്ലാതെ വീട്ടുകാരുടെ ഇഷ്ടങ്ങളും പ്രകൃതിയുടെ പ്രത്യേകതകളും സമന്വയിപ്പിച്ച് തയാറാക്കിയതാണ് പ്ലാൻ. 

alwin 2

മെഡിറ്ററേനിയൻ ശൈലിയിലുള്ള വീട് വീട്ടുകാരുടെ താൽപര്യമായിരുന്നു. സാൻഡ് സ്റ്റോൺ ക്ലാഡിങ്ങും മൂന്ന് തട്ടായുള്ള റൂഫിങ്ങും എക്സ്റ്റീരിയറിന് മെഡിറ്ററേനിയൻ ശൈലി നൽകാൻ സഹായിക്കുന്നു. 33 സെന്റിൽ വീട് നിൽക്കുന്ന ഇടം ഒഴികെ എല്ലായിടത്തും പച്ചപ്പാണ്. വീടിനു മുന്നിലെ ലാൻഡ്സ്കേപ്പിൽ ഒരു ഗസീബോയും ഇരിപ്പിടങ്ങളുമൊക്കെ തയാറാക്കിയത് വിദേശികളായ അതിഥികളെ കൂടി കണക്കിലെടുത്താണ്. വീടിനകത്തേക്ക് കയറിയാൽ ഓരോ മുക്കിലും മൂലയിലും പച്ചപ്പിന്റെ സാന്നിധ്യം കാണാം.

alwin 3

ഗ്രൗണ്ട് ഫ്ലോർ ഫോർമൽ ഏരിയയായും ഫസ്റ്റ് ഫ്ലോർ പ്രൈവറ്റ് ഏരിയയായുമാണ് ക്രമീകരിച്ചത്. താഴെയുള്ള മുറികളിലെല്ലാം  സ്വകാര്യത വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഒരു സെന്റർ കോർട് യാർഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, ഗോവണി, താഴെയുള്ള കിടപ്പുമുറി ഇതെല്ലാം പരസ്പരം കാണാത്ത വിധത്തിൽ കോർട് യാർഡിന്റെ ചുറ്റുമുള്ള വരാന്തയിലേക്ക് തുറക്കുന്നു. ലളിതമായ, എന്നാൽ ശാന്തമായ അന്തരീക്ഷം ഒരുക്കുന്ന പ്രാർത്ഥന മുറിയും ഇവിടെ സജ്ജീകരിച്ചു. കോർട് യാർഡും ഗോവണിയും മുകളിൽ സൺലിറ്റ് ചെയ്ത് പകൽ മുഴുവൻ സൂര്യപ്രകാശം അകത്തെത്തിക്കുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറ് എത്തുന്നതുവരെ, സൂര്യൻ സഞ്ചരിക്കതനുസരിച്ച് പ്രത്യേക പാറ്റേണിൽ പ്രകാശം വീടിനുള്ളിൽ പതിക്കുന്ന രീതിയിൽ ആണ് ഗോവണിയുടെ മുകളിലുള്ള സൺലിറ്റ് ക്രമീകരിച്ചത്.മുകളിലുള്ള ഫാമിലി ലിവിങ് ഒരു റീഡിങ് ഏരിയ കൂടിയാണ്. എഴുതാനും വായിക്കാനും താൽപര്യമുള്ള വീട്ടുകാരിക്ക് സ്വൈര്യമായി ചെലവഴിക്കാനുള്ള ഇടം കൂടിയാണത്.

alwin 4

 നാല് കിടപ്പുമുറികൾ ആണ്. മാസ്റ്റർ ബെഡ് റൂമിന്റെ ഭാഗമായി ഒരു കോർട് യാർഡും ക്രമീകരിച്ചിരിക്കുന്നു. പെർഫറേറ്റഡ് സ്റ്റീൽ ജാളിയാൽ മറച്ച ഈ കോർട് യാർഡ് പുറത്തു നിന്നോ മറ്റു മുറികളിൽ നിന്നോ ദൃശ്യമല്ല. ഇവിടത്തെ പച്ചപ്പ് ശബ്ദത്തെപോലും ഇൻസുലേറ്റ് ചെയ്ത് ഇവിടം ഒരു ബിസിനസ് കോൺഫറൻസ് റൂം ആക്കി.മൂന്ന് തട്ടായി റൂഫ് ഒരുക്കിയതിനാൽ നിഴൽ എപ്പോഴും  കിടപ്പ് മുറികൾക്കു മേൽ വീണു കിടക്കും. സൂര്യപ്രകാശം നേരിട്ട് അടിക്കാത്തത് മുകളിലുള്ള മുറികളിലെ ചൂട് കുറച്ചു. മികച്ച രീതിയിൽ ക്രോസ് വെന്റിലേഷൻ ഒരുക്കാൻ ആർക്കിടെക്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ മുറികളും ഏതെങ്കിലും വിധത്തിൽ പുറത്തെ ലാൻഡ്സ്കേപ്പിലേക്കോ കോർട് യാർഡിലേക്കോ തുറന്ന് കാറ്റും വെളിച്ചവും യഥേഷ്ടം അകത്തളത്തിൽ നിറയ്ക്കുന്നു. 

alwin 5

കടപ്പാട്: ആൽവിൻ സണ്ണി, ആർക്കിടെക്ട്

ഫോൺ : 79077 21550

Tags:
  • Vanitha Veedu