Saturday 26 November 2022 04:07 PM IST : By സ്വന്തം ലേഖകൻ

ഇതൊരു വീടാണോ എന്നു സംശയിച്ചിട്ടുണ്ടോ? സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ ചതുരപ്പുറംതോടുള്ള വീടാണിത്...

rakesh1

ഇത് വീടാണോ? അതോ ഹോട്ടലോ ഓഫിസോ മറ്റോ ആണോ? ആർക്കും തോന്നാവുന്ന ഈ സംശയത്തിനുള്ള ഉത്തരത്തിൽ നിന്നു തന്നെ തുടങ്ങാം.

‘‘ഇത് വീടുതന്നെയാണ്. പക്ഷേ, ഇതുവരെ കണ്ടുശീലിച്ച രീതിയിലുള്ള വീടല്ല എന്നുമാത്രം. സ്ഥിരം ഫോർമാറ്റിൽ നിന്നുള്ള വഴിമാറി നടക്കലാണ് ഇവിടെ കാണുന്നത്.’’

ഈ വീടിന്റെ രീതിയും രീതിശാസ്ത്രവുമെല്ലാം ആർക്കിടെക്ട് രാകേഷ് കാക്കോത്തിന്റെ വാക്കുകളിൽ വ്യക്തമാണ്.

ഇനി ഈ വീട് എങ്ങനെ രൂപപ്പെട്ടു എന്നു കേൾക്കാം.

rakesh2

‘‘കാഞ്ഞങ്ങാടിനടുത്ത് ഒന്നര ഏക്കർ സ്ഥലമുണ്ട്. അവിടെ തീർത്തും വ്യത്യസ്തമായ ഒരു വീടു വേണം. ഈ ആവശ്യവുമായാണ് വീട്ടുകാരായ ഹാരിസ് സൈനുദ്ദീനും മുസൈമയും സമീപിച്ചത്. ഇത്തരത്തിൽ ഒരു വീടാണോ അവർ പ്രതീക്ഷിച്ചത് എന്നതിന് കൃത്യമായ ഉത്തരം പറയാനാകില്ല. കാരണം, അവർ മുൻപൊരിക്കലും ഇങ്ങനെയൊരു വീട് കണ്ടിട്ടില്ല. അതുതന്നെയാണ് ഈ വീടിന്റെ പ്രത്യേകത,’’ രാകേഷ് കാക്കോത്ത് പറയുന്നു.

ഒന്നരയേക്കറിനു നടുവിൽ പാതി സുതാര്യമായ ഒരു സമചതുരപ്പെട്ടി. 31 മീറ്റർ വീതം നീളവും വീതിയും, 7.2 മീറ്റർ പൊക്കവുമുള്ള ഈ പുറന്തോടിനുളളിൽ മറ്റൊരു ചതുരപ്പെട്ടി. അതാണ് ഇവിടത്തെ കാഴ്ചകളുടെ രത്നച്ചുരുക്കം.

Rakesh3

ഉള്ളിലെ ചതുരപ്പെട്ടിയാണ് വീട്. അതിന്റെ പുറന്തോടാണ് ചുറ്റുമുള്ള ചതുരപ്പെട്ടി. കോൺക്രീറ്റ് പില്ലറും ബീമും ഉപയോഗിച്ചാണ് 13500 ചതുരശ്രയടിയോളം വിസ്തൃതിയുള്ള പുറംതോട് അഥവാ ‘ഔട്ടർ സ്കിൻ’ നിർമിച്ചിട്ടുള്ളത്. സുതാര്യതയ്ക്കും സ്വകാര്യതയ്ക്കുമായി ഇതിൽ അങ്ങിങ്ങായി ഗ്ലാസും ജാളി വർക്ക് ചെയ്ത സ്റ്റീൽ പാളികളും പിടിപ്പിച്ചു.

9570 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. പുറന്തോടിനുള്ളിലെ ബാക്കി 4000 ചതുരശ്രയടിയോളം സ്ഥലം ലാൻഡ്സ്കേപ്പിനായി നീക്കിവച്ചിരിക്കുന്നു. വീടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മാത്രമേ പുറന്തോടിനു മുകളിൽ ഗ്ലാസ് ഇട്ടിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ വെയിലും മഴയുമൊക്കെ നേരിട്ടെത്തും. തണലിനും തണുപ്പിനുമായി ചെറിയ മരങ്ങളും ചെടികളുമൊക്കെ പിടിപ്പിച്ച് മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത രീതിയിലാണ് ഇവിടം. ‘കൺട്രോൾഡ് ലാൻഡ്സ്കേപ്’ എന്നാണ് ആർക്കിടെക്ട് ഈ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ നടപ്പാതകളും ഇരിപ്പിടങ്ങളുമൊക്കെ ക്രമീകരിച്ചിട്ടുമുണ്ട്. പുറന്തോടിനു ചുറ്റുമുള്ള ഭാഗം തോന്നുംപോലെ പുല്ലും മരങ്ങളുമൊക്കെ വളരാനായി വിട്ടുനൽകിയിരിക്കുകയാണ്. വീടുപണി തുടങ്ങുന്ന സമയത്ത് വരണ്ടുണങ്ങിയ സ്ഥലമായിരുന്നു ഇവിടം. കുറച്ചുകാലം കഴിയുമ്പോൾ ‘അൺകൺട്രോൾഡ് ലാൻഡ്സ്കേപ് ഏരിയ’ ചെറിയൊരു കാടായി മാറി വീടിനു ‘തണൽക്കുട’ ചൂടുമെന്നാണ് പ്രതീക്ഷ.

Rakesh4

വെയിലിനെയും മഴയെയും പ്രതിരോധിക്കാൻ കാലങ്ങളായി അനുവർത്തിച്ചു പോന്ന ആശയങ്ങളുടെ വേറിട്ട അവതരണമാണ് ഇവിടെ കാണാൻ കഴിയുക എന്ന് ആർക്കിടെക്ട് പറയുന്നു:

‘‘ ഭിത്തിയിൽ നേരിട്ടു വെയിൽ അടിക്കാതിരിക്കാൻ ഇറക്കി നൽകിയിരുന്ന ചരിഞ്ഞ മേൽക്കൂര നേരെ മുകളിലേക്കുള്ള ചുമരായി വീടിനു ചുറ്റും ഇടം പിടിച്ചു. വരാന്തയുടെ സ്ഥാനം കൺട്രോൾഡ് ലാൻഡ്സ്കേപ് ഏരിയ ഏറ്റെടുത്തു.’’

പച്ചപ്പും വെയിലും മഴയുമെല്ലാം ആസ്വദിക്കാവുന്ന തരത്തിലാണ് വീടിന്റെ ഡിസൈൻ. ലാൻഡ്സ്കേപ്പിലേക്ക് തുറക്കുന്ന ‘ഓപ്പൻ പ്ലാൻ’ പിന്തുടരുമ്പോഴും സ്വകാര്യത വേണ്ടയിടങ്ങളിൽ അതുണ്ട്. സെമി പ്രൈവറ്റ് സോൺ, ഗെസ്റ്റ് സോൺ, ഫാമിലി ആൻഡ് ബെഡ്റൂം സോൺ എന്നിങ്ങനെ കൃത്യമായി നിർവചിച്ചാണ് മുറികളുടെ വിന്യാസം. ലാൻഡ്സ്കേപ് ഏരിയ ഇത്തരം ഓരോ ഇടങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്നു. ഡബിൾഹൈറ്റിലുള്ള നടുമുറ്റവും ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുന്നു.

മരങ്ങളും ചെടികളും വളരുന്നതനുസരിച്ച് പുതിയ രൂപഭാവങ്ങളിലേക്കുള്ള പ്രയാണത്തിലാണ് വീട്. അതുകാരണം പുതിയ വീട്ടിൽ താമസം തുടങ്ങി ഒരാണ്ടാകുമ്പോഴും വീട്ടുകാരുടെ കൗതുകം കുറയുന്നില്ല. 

ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ

Area: 9570 sqft

Owner: ഹാരിസ് സൈനുദ്ദീൻ

Location: കാഞ്ഞങ്ങാട്, കാസർകോട്

Design: സ്റ്റുഡിയോ ഏസിസ്, കൊച്ചി

Mail Id: studioacisarchitects@gmail.com