ശരിക്കും പറഞ്ഞാൽ, ഞാൻ ഒരു ‘വീട് വ്യക്തി’യല്ല എന്നു തന്നെ പറയേണ്ടിവരും. ഇടങ്ങൾ എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. നൃത്തമാണ് എന്റെ പ്രണയം.
അതുകൊണ്ടാവാം, കുടപ്പനക്കുന്നിൽ വീട് വയ്ക്കാമെന്ന തീരുമാനമുണ്ടായപ്പോഴും ആർക്കിടെക്ട് ഡോ. മനോജ് കിനിയോട് സംസാരിക്കുമ്പോഴും ഒരു ‘െപർഫോമിങ് സ്പേസ്’ ആയിരുന്നു മനസ്സിൽ. എന്റെ ഭർത്താവ് അനിൽ കുമാറും അങ്ങനെത്തന്നെ ആവശ്യപ്പെട്ടു എന്നത് മനോഹരമായ യാദൃഛികതയായിരുന്നു. ഒരുപക്ഷേ, നമ്മുടെ അഭിനിവേശങ്ങൾക്ക് പ്രകൃതി പോലും കുട പിടിക്കുന്നതാവാം. ഡാൻസ് സ്കൂളിന്റെ ഭാഗം പോലെയാണ് വീട് രൂപകൽപന ചെയ്തതും.
പല തട്ടുകളായാണ് വീട്. ഗേറ്റ് കടന്ന് താഴേക്കുള്ള വഴി നാട്യഗൃഹത്തിലേക്കു നയിക്കും. നൃത്തം അഭ്യസിക്കാനും ആസ്വദിക്കാനും വിശാലമായ ഒരു ഹാൾ, അതാണെന്റെ നാട്യഗൃഹം. 1000 ചതുരശ്രയടിയോളം വരും. 50 പേർക്ക് ഒരുമിച്ച് പരിപാടി കാണാം; നാല് പേർക്ക് ഒരുമിച്ച് വേദിയിൽ പരിപാടി അവതിരിപ്പിക്കാനാവും. നൃത്തത്തെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയൊരുക്കാൻ പറ്റിയ ഇടം. അതിനോടു ചേർന്നാണ് എഴുത്തുപുരയായ ലൈബ്രറി. എന്റെ പ്രിയമാന ഇടം.
ഇടങ്ങൾ വിശാലമായിരിക്കണം എന്നു മാത്രമാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. പ്രകൃതിയിലേക്ക് തുറന്ന്, സാധനങ്ങൾ കുത്തിനിറക്കാതെ ഉള്ള ഇടങ്ങൾ. എന്റെ ഭർത്താവും അതേ ചിന്താഗതിക്കാരനായതിനാലാവാം ഞങ്ങൾ ഇൗ വീടിനകത്ത് ഫർണിച്ചറും മറ്റും കുത്തിനിറച്ചില്ല.
പല തട്ടുകളായിരുന്ന പ്ലോട്ടിനെ ഉപദ്രവിക്കാതെയാണ് വീടു പണിതത്. അതുകൊണ്ട് മൂന്നു നിലയുണ്ടെന്നു തോന്നും കണ്ടാൽ.
എന്റെ ആഗ്രഹപ്രകാരം ഏതു മുറിയിൽ നിന്നു നോക്കിയാലും പച്ചപ്പ് കാണാം. മുളങ്കൂട്ടങ്ങൾ അതിരിടുന്ന വഴിയാണ് നാട്യഗൃഹത്തിലേക്ക്. ബാക്കിയുള്ള മുറ്റം പഴയ തൊടികളെപ്പോലെ ആയിരിക്കണം എന്നാണ് എനിക്കാഗ്രഹം. അതുകൊണ്ട് ഗാർഡനർ പറഞ്ഞ ഉരുളൻകല്ലുകളൊന്നും ഞാൻ സമ്മതിച്ചില്ല. പകരം നാടൻ ചെടികളാണ് ഇവിടെയുള്ളത്.
അതുപോലെ മണ്ണ് കാണണമെന്നതാണ് താൽപര്യമെന്നതിനാൽ മുറ്റം അങ്ങിനെത്തന്നെ നിലനിർത്തി. അധികം മരങ്ങളൊന്നും ഇല്ലാതിരുന്ന പ്ലോട്ടിൽ നിന്നിരുന്ന ജാതിയെ നോവിക്കാതെ വിട്ടു. വീട് വളരുന്നതു കണ്ട് ഒരു സാക്ഷിയെപ്പോലെ ജാതിമരം വീട്ടുമുറ്റത്ത് നിൽക്കുന്നു. ബാക്കിയുള്ളിടത്ത് മിയാവാക്കി വനം വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ആകാശത്തേക്കു വളർന്നുകൊണ്ടിരിക്കുന്നു...
താമസിച്ച ഒാരോ വീടും എന്നു പറയുന്നത് അവ തരുന്ന ഒാർമകളാണ്. 10 ാം ക്ലാസ്സ് വരെ താമസിച്ച വാടക വീടിനു മുൻവശത്തെ ഒാടയെക്കുറിച്ചു പോലും ഒാർമകളുണ്ട്. അന്നൊക്കെ കളിയായിരുന്നു പ്രധാനം. വീടുകൾക്കിടയിലെ മതിലുകൾ പോലും അപ്രസക്തമായിരുന്ന കാലം...
പിന്നീട്, അച്ഛനുമമ്മയും സ്വന്തമായി പണിത വീട്ടിൽ വച്ചാണ് എന്റെ ജീവിതത്തിന്റെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. എന്റെ മകൾ ലാവണ്യയുടെ വളർച്ചയുടെ ഘട്ടങ്ങൾ കൂടുതലും അവിടെയായിരുന്നു എന്നതാണ് അവിടത്തെ സുന്ദരമായ ഒാർമ.
വീട് ഒരു മ്യൂസിയം ആവരുതെന്നാണ് ആഗ്രഹം. നമ്മുടെ ഉൗർജം വീടിനു കൊടുക്കുമ്പോൾ അതേ ഉൗർജം വീട് നമുക്കും തിരിച്ചുതരും. ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് ആഡംബരം എന്റെ രീതിയല്ല. അതുമാത്രമല്ല, അധികം എന്നത് എന്നെ വെപ്രാളപ്പെടുത്തും. ഒന്നും അധികമായി വേണ്ട എനിക്ക്.
വീടിന്റെ വലുപ്പമോ ആർഭാടമോ എന്നെ അഭിരമിപ്പിക്കാറില്ല. ഇടങ്ങളെ സ്വന്തമാക്കാതിരിക്കാനാണ് എനിക്കിഷ്ടം. കാരണം, ഇടങ്ങളോട് കൂടുതൽ അടുത്താൽ, ഇടങ്ങളില്ലെങ്കിൽ നമുക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടും.
ഇൗ സമയത്ത് നമ്മൾ ഇവിടെയായിരിക്കണമെന്ന് ഏതോ ഒരു ശക്തി നിശ്ചയിച്ചിട്ടുണ്ട്. ആ ഇടത്തെ, കഴിയുന്നതും പോസിറ്റീവ് ആക്കാൻ നോക്കുക. അത്രയേയുള്ളൂ....
ചിത്രങ്ങൾ: ഹരികൃഷ്ണൻ